This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഡ്‌മസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഡ്‌മസ്‌

Cadmus

കാഡ്‌മസും സര്‍പ്പവും: 4-ാം ശതകത്തിനുമുമ്പ്‌ രചിച്ച കളിമണ്‍ ചിത്രം തീബ്‌സിനടുത്തുള്ള പരിശുദ്ധ ഉറവ കാത്തുസൂക്ഷിച്ചിരുന്ന സര്‍പ്പത്തെ കാഡ്‌മസ്‌ കൊല്ലുന്നു.

റോമന്‍ കവിയായ ഓവിഡിന്റെ മെറ്റമോര്‍ഫോസിസ്‌ ("രൂപപരിണാമങ്ങള്‍') എന്ന ഇതിഹാസ കാവ്യത്തിലുള്ള ഒരു ഉപാഖ്യാനത്തിലെ നായകന്‍. ഇദ്ദേഹം ഫിനീഷ്യയിലെ രാജാവായ അജനോറിന്റെ പുത്രനായിരുന്നു. കാഡ്‌മസ്സിന്റെ സഹോദരിയായ യൂറോപായെ സ്യൂസ്‌ ദേവന്‍ ഒരു കാളയുടെ രൂപം ധരിച്ചുവന്ന്‌ അപഹരിച്ചുകൊണ്ടുപോയി. അച്ഛന്റെ നിര്‍ദേശപ്രകാരം സഹോദരിയെ അന്വേഷിച്ചിറങ്ങിയ കാഡ്‌മസ്‌ അവളെ കണ്ടെത്താന്‍ കഴിയാതെ ഡെല്‍ഫിയില്‍ എത്തി അവിടത്തെ പ്രവാചകമൂര്‍ത്തി(ഓറക്കിള്‍)യുടെ സഹായം അഭ്യര്‍ഥിച്ചു. കാഡ്‌മസ്‌ ഒരു പശുവിനെ കണ്ടുമുട്ടുമെന്നും അതിന്റെ പിന്നാലെ പോയി അതു കിടക്കുന്ന സ്ഥലത്തു ഒരു പട്ടണം നിര്‍മിക്കണമെന്നും പ്രവാചകമൂര്‍ത്തി അറിയിച്ചു. ഇതനുസരിച്ചു പശുവിനെ അനുധാവനം ചെയ്‌തു ബൊയീഷ്യയിലെത്തി. അവിടെ ഇദ്ദേഹം സ്ഥാപിച്ച നഗരമാണ്‌ തീബ്‌സ്‌. പശുവിനെ ബലികഴിക്കാന്‍ വെള്ളം കൊണ്ടുവരുന്നതിന്‌ ഇദ്ദേഹം തന്റെ അനുചരന്മാരെ ഒരു അരുവിയിലേക്ക്‌ അയച്ചു. ഒരു രാക്ഷസന്‍ അവരെ കൊന്നുവെന്നറിഞ്ഞ കാഡ്‌മസ്‌ സ്ഥലത്തെത്തി രാക്ഷസനെ നിഗ്രഹിക്കുകയും അഥീനാദേവിയുടെ നിര്‍ദേശപ്രകാരം അവന്റെ പല്ലുകള്‍ അവിടെ മണ്ണില്‍ കുഴിച്ചിടുകയും ചെയ്‌തു. അവ പൊട്ടിമുളച്ച്‌ കുറേ ഭീകര ജീവികളായി പുറത്തുവന്നു. കാഡ്‌മസ്‌ അവരുടെ നേര്‍ക്ക്‌ ഒരു കല്ലെറിയുകയും ഉടന്‍തന്നെ അവര്‍ തമ്മില്‍ത്തല്ലി, അഞ്ചുപേരൊഴികെ, എല്ലാവരും ചത്തൊടുങ്ങുകയും ചെയ്‌തു. ഇവരുടെ സഹായത്തോടുകൂടി ഇദ്ദേഹം കാഡ്‌മിയം എന്ന പേരില്‍ തീബ്‌സില്‍ പണിഞ്ഞ ഗോപുരമാണ്‌ ആ പട്ടണത്തിന്റെ മൂലശിലയായിത്തീര്‍ന്നത്‌. ഇതിനുശേഷം താന്‍ നടത്തിയ രക്തച്ചൊരിച്ചിലിനു പ്രായശ്ചിത്തമായി കാഡ്‌മസ്‌ എട്ടുകൊല്ലം തപോവൃത്തിയില്‍ മുഴുകി. ഇതിന്റെ അവസാനത്തില്‍ ഏറിസ്സിന്റെയും അഫ്രാഡൈറ്റിന്റെയും പുത്രിയായ ഹാര്‍മോണിയയെ ദേവന്മാര്‍ ഇദ്ദേഹത്തിനു പത്‌നിയായി സമ്മാനിച്ചു. ഇവരുടെ വിവാഹത്തില്‍ എല്ലാ ദേവീദേവന്മാരും സന്നിഹിതരായി പല പാരിതോഷികങ്ങളും നല്‌കിയതായി ഓവിഡ്‌ വര്‍ണിക്കുന്നു. ഈ ദമ്പതികളുടെ സന്താനങ്ങളാണ്‌ പോളിഡോറസ്‌ എന്ന പുത്രനും ഇനോ, ഔതൊനൊ, അഗെവ്‌, സെമലെ എന്നീ പുത്രിമാരും. ഒടുവില്‍ വാനപ്രസ്ഥം സ്വീകരിച്ചു കാഡ്‌മസ്സും ഹാര്‍മോണിയയും ഇല്ലീരിയത്തിലേക്കു പോവുകയും അവിടെവച്ച്‌ ഇവര്‍ സര്‍പ്പങ്ങളായി രൂപാന്തരപ്പെടുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം. ഗ്രീസില്‍ ആദ്യമായി ലിപിമാല ഉപയോഗിച്ചുതുടങ്ങിയത്‌ ഇദ്ദേഹമാണെന്നു ഗ്രീക്കുകാര്‍ വിശ്വസിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍