This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഡിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഡിസ്‌

Cadiz

കാഡിസ്‌ തുറമുഖപട്ടണം

തെക്കന്‍ സ്‌പെയിനിലെ ഒരു തുറമുഖനഗരവും ഇതേ പേരുള്ള പ്രവിശ്യയുടെ തലസ്ഥാനവും. അത്‌ലാന്തിക്‌ സമുദ്രത്തിലുള്ള കാഡിസ്‌ ഉള്‍ക്കടലില്‍ ജിബ്രാള്‍ട്ടറിനു 97 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടലിലേക്ക്‌ ഏതാണ്ട്‌ 8 കി.മീ. നീണ്ടു കിടക്കുന്ന ഈ ഭൂപ്രദേശം പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ടതാണ്‌. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട്‌ കാലാവസ്ഥ സൗമ്യമായതാണ്‌. ശൈത്യകാലത്ത്‌ ഊഷ്‌മാവ്‌ 0ºC-ല്‍ താഴുന്നില്ല; വേനല്‍ക്കാലത്ത്‌ ഊഷ്‌മാവ്‌ 28.33ºC-ല്‍ കൂടാറുമില്ല. പ്രവിശ്യാ വിസ്‌തീര്‍ണം: 7436; ച.കി.മീ.; ജനസംഖ്യ: 11,16,491 (2001).

സെയ്‌ന്റ്‌ അന്റോണിയോ ചത്വരവും പള്ളിയും

ഉദ്ദേശം 11 കി.മീ. ചുറ്റളവുള്ള കാഡിസ്‌ നഗരത്തെ ഒരു ഭിത്തികൊണ്ട്‌ വലയം ചെയ്‌തു സംരക്ഷിച്ചിരുന്നു. ഇപ്പോള്‍ ഭിത്തി ഏതാണ്ട്‌ പൂര്‍ണമായും നശിച്ച നിലയിലാണ്‌. മൂന്നും അതില്‍ ക്കൂടുതലും നിലകളുള്ളവയാണ്‌ കെട്ടിടങ്ങളില്‍ അധികവും. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഈ നഗരത്തില്‍ വീടുകളെല്ലാം വര്‍ഷംതോറും വെള്ള തേച്ചു മോടിപിടിപ്പിക്കുന്നു. സമുദ്ര തീരത്തിലൂടെ നഗരത്തെ ചുറ്റിപ്പോകുന്നതും പോപ്ലാര്‍ മരങ്ങള്‍ തണല്‍ വിരിച്ചിട്ടുള്ളതുമായ വിഹാരനടപ്പാത നഗരത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഈ ഘടകങ്ങളും സുഖശീതളമായ കാലാവസ്ഥയുമെല്ലാം ചേര്‍ന്നാണ്‌ കാഡിസ്‌ നഗരത്തെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നത്‌. നഗരജനസംഖ്യ: 1,33,363 (2001).

കാഡിസിന്റെ തെക്കേ തീരത്തുള്ള നാവിക-ആയുധ നിര്‍മാണശാലയാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായസ്ഥാപനം. അല്‍ഫോണ്‍സോ ത നിര്‍മിച്ചതും 1956-ല്‍ പുനര്‍നിര്‍മാണം നടത്തിയതുമായ പഴയ ഭദ്രാസനപ്പള്ളി മറ്റൊരു ശ്രദ്ധേയ സ്ഥാപനമാകുന്നു. 1722-ല്‍ പണി ആരംഭിച്ച്‌ 1838-ല്‍ പൂര്‍ത്തിയാക്കിയ പുതിയ ഭദ്രാസനപ്പള്ളി ആന്‍ഡലൂഷന്‍ ബറോക്ക്‌ ശില്‌പവിദ്യയുടെ ഒരുത്തമ ദൃഷ്‌ടാന്തമാണ്‌. ഇതിന്റെ പ്രസിദ്ധമായ ഗുഹാഗൃഹത്തില്‍ (നിലവറ) മാനുവല്‍ ഡി ഫള്ളായുടെ (Manuel de Falla) അവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. വിലപ്പെട്ട കലാശില്‌പങ്ങളുടെ നല്ലൊരു ശേഖരവും ഈ ഭദ്രാസനപ്പള്ളിയിലുണ്ട്‌.

ബി.സി. 1130-ല്‍ ഫിനിഷ്യര്‍ സ്ഥാപിച്ച കാഡിസ്‌ തുറമുഖം യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖപട്ടണമായി കരുതപ്പെടുന്നു. കാലക്രമത്തില്‍ ഇവിടെ ഫിനിഷ്യരുടെ പ്രമുഖവും ശക്തവുമായ ഒരു അധിവാസകേന്ദ്രമായിത്തീര്‍ന്നു. ബി.സി. 550 നോടടുപ്പിച്ച്‌ പ്രാദേശിക ജനവര്‍ഗം ഫിനിഷ്യര്‍ക്കെതിരായി തിരിഞ്ഞു. തങ്ങളുടെ ആധിപത്യം അപകടത്തിലാകുമെന്നു കണ്ടപ്പോള്‍ ഫിനിഷ്യര്‍ കാര്‍ഥിജിന്റെ സഹായം അഭ്യര്‍ഥിച്ചു. ഫിനിഷ്യരുടെ സഹായത്തിനെത്തിയ കാര്‍ഥിജ്‌ കാഡിസ്‌ സ്വന്തമാക്കുകയാണുണ്ടായത്‌. ബി.സി. 205-ല്‍ റോമാക്കാര്‍ കാഡിസ്‌ കൈവശപ്പെടുത്തി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇവിടം മൂര്‍ വര്‍ഗക്കാരുടെ ശക്തികേന്ദ്രമായിത്തീര്‍ന്നു. എ.ഡി. 1262-ല്‍ കാസ്റ്റീലിയയിലെ രാജാവായ അല്‍ഫോണ്‍സോ X മൂര്‍ വര്‍ഗക്കാരെ കാഡിസില്‍നിന്നു തുരത്തി. ഇവിടെനിന്നായിരുന്നു ക്രിസ്റ്റഫര്‍ കൊളംബസ്‌ 1493-ല്‍ അമേരിക്കയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ആരംഭിച്ചത്‌. ഇതിനുശേഷമുള്ള ഏതാണ്ട്‌ 300 വര്‍ഷക്കാലം അമേരിക്കന്‍ കോളനികളില്‍നിന്നു കാഡിസിലേക്കുണ്ടായ സമ്പത്തിന്റെ നിലയ്‌ക്കാത്ത പ്രവാഹം ഇതിനെ ഒരു സമ്പന്ന നഗരമാക്കിത്തീര്‍ത്തു. 18-ാം ശതകത്തില്‍ കാഡിസിന്റെ സാമ്പത്തിക വരുമാനം ലണ്ടന്റേതിലും അധികമായിരുന്നു. എന്നാല്‍ ഈ കാലഘട്ടം കാഡിസിന്റെ ദുര്‍ദശ കൂടിയായിരുന്നു. കാഡിസ്‌ പലവിധ ആക്രമണങ്ങള്‍ക്കും വിധേയമായി. 1797 ഫെബ്രുവരി മുതല്‍ 1798 ഏപ്രില്‍ വരെ കാഡിസ്‌ തുറമുഖത്തില്‍ ബ്രിട്ടീഷ്‌ പട്ടാളം ഉപരോധം ഏര്‍പ്പെടുത്തി. 1810 ഫെബ്രുവരി മുതല്‍ 1812 ആഗസ്റ്റ്‌ വരെ ഈ നഗരം ഫ്രഞ്ച്‌ സായുധ സൈനികരാല്‍ ചുറ്റപ്പെട്ടിരുന്നു. ഈ കാലഘട്ടത്തില്‍ നെപ്പോളിയന്റെ അധീനതയില്‍ ഉള്‍പ്പെടാതിരുന്ന എല്ലാ സ്‌പാനിഷ്‌ പ്രദേശത്തിന്റെയും തലസ്ഥാനമായിരുന്നു ഇവിടം. 1936-39-ലെ സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധകാലഘട്ടത്തില്‍ സ്‌പാനിഷ്‌ മൊറോക്കോയില്‍നിന്നുള്ള പോഷകസേനകള്‍ക്ക്‌ എത്തിച്ചേരുന്നതിനുള്ള ഒരു പ്രധാന കവാടമായി ഈ തുറമുഖം വര്‍ത്തിച്ചു. അന്നത്‌ ദേശീയവാദികളുടെ അധീനതയിലായിരുന്നു. ഇന്ന്‌ സ്‌പെയിനിലെ ഒരു പ്രധാനവാണിജ്യ-വ്യാവസായിക കേന്ദ്രമായി കാഡിസ്‌ നഗരം വികസിച്ചിട്ടുണ്ട്‌. നാവിക-വാണിജ്യാവശ്യങ്ങള്‍ക്കുള്ള നൗകകള്‍ക്കു പുറമേ വസ്‌ത്രം, രാസവസ്‌തുക്കള്‍, പേപ്പര്‍, ഗ്ലാസ്‌, കളിമണ്‍പാത്രങ്ങള്‍, ഉപ്പ്‌ തുടങ്ങിയ ഉത്‌പന്നങ്ങളും ഈ നഗരത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍