This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഠ്‌മാണ്ഡു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഠ്‌മാണ്ഡു

Kathmandu

നേപ്പാള്‍ പാര്‍ലമെന്റ്‌ മന്ദിരം-കാഠ്‌മാണ്ഡു

നേപ്പാളിന്റെ തലസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക-സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലും ഈ നഗരത്തിനു പ്രാധാന്യമുണ്ട്‌. ഗംഗാനദിയുടെ പോഷകഘടകങ്ങളായ ബാഗ്മതി, വിഷ്‌ണുമതി എന്നീ നദികളുടെ സംഗമസ്ഥാനത്തിനു സമീപം, ചെറിയൊരു സമതലത്തില്‍, ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിക്കു സു. 100 കി.മീ. വടക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു. എവറസ്റ്റ്‌ കൊടുമുടിയില്‍നിന്ന്‌ 165 കി.മീ. മാത്രം പടിഞ്ഞാറായി സമുദ്രനിരപ്പില്‍നിന്ന്‌ 1,324 മീ. ഉയരത്തിലായാണ്‌ നഗരത്തിന്റെ സ്ഥിതി. 8-ാം ശതകത്തില്‍ സ്ഥാപിതമായതും മുന്‍കാലങ്ങളില്‍ മഞ്‌ജു പട്ടണം (Manju Patan) എന്നറിയപ്പെട്ടിരുന്നതുമായ നഗരത്തിന്റെ പുതിയ നാമം കാഠ്‌ (മരം) മന്ദിര്‍ (മന്ദിരം) എന്നീ പദങ്ങള്‍ ചേര്‍ന്നാണ്‌ നിഷ്‌പന്നമായിട്ടുള്ളത്‌. കാഠ്‌മണ്ഡു, കാന്തിപുര്‍ എന്നീ നാമഭേദങ്ങള്‍ കൂടിയുള്ള നഗരം 1768 വരെ നീവാര്‍ രാജാക്കന്മാരുടെയും തുടര്‍ന്ന്‌ ഗൂര്‍ഖകളുടെയും ഷാ കുടുംബത്തിന്റെയും ആസ്ഥാനമായിരുന്നു. ജനസംഖ്യ: 6,71,846 (2001).

ഡര്‍ബാര്‍ സ്‌ക്വയര്‍

എ.ഡി. 723-ല്‍ നീവാര്‍ കുടുംബാംഗമായ രാജാഗുണ കാമദേവ കാന്തിപുര്‍ എന്ന പേരില്‍ സ്ഥാപിച്ച നഗരത്തില്‍ 1596-ല്‍ രാജലച്‌മിന (ലക്ഷ്‌മണ) സിങ്‌ ഒരൊറ്റ മരത്തില്‍നിന്നു സംസ്‌കരിച്ചെടുത്ത തടിഉരുപ്പടികള്‍ കൊണ്ട്‌, പൂര്‍ണമായും മരപ്പലകകള്‍ ഉപയോഗിച്ച്‌ ഒരു ദേവാലയം പണിയിച്ചു. ബുദ്ധസന്ന്യാസിമാരുടെ സങ്കേതമായിരുന്ന ഈ മന്ദിരം നഗരമധ്യത്തില്‍ ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നു. 16-ാം ശ.-വരെ കാന്തിപുര്‍ എന്നറിയപ്പെട്ടിരുന്ന നഗരത്തിന്‌ ഈ മന്ദിരമാണ്‌ കാഠ്‌മാണ്ഡു എന്നു പേര്‍ നേടിക്കൊടുത്തത്‌. നീവാര്‍ കുടുംബക്കാരുടെ ഒരു സ്വതന്ത്രരാജധാനിയായിരുന്ന കാഠ്‌മാണ്ഡു നഗരം 1768-ല്‍ ഗൂര്‍ഖകള്‍ പിടിച്ചടക്കുകയും നേപ്പാളിന്റെ ആസ്ഥാനമാക്കുകയും ചെയ്‌തു. നിമ്‌നോന്നതത്വംമൂലം സമീപകാലം വരെ നടപ്പാതകളിലൂടെ മാത്രം പുറംലോകവുമായി ബന്ധപ്പെട്ടിരുന്ന നഗരം ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ അഭൂതപൂര്‍വമായ പുരോഗതി നേടുകയുണ്ടായി. നഗരത്തിന്റെ ആദ്യകാലപുരോഗതിയില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുള്ളതു നീവാര്‍ കുടുംബക്കാരാണ്‌.

ബൗദ്ധനാഥ സ്‌തൂപം

നിരവധി ഹൈന്ദവ-ബൗദ്ധ ആരാധനാലയങ്ങള്‍ കാഠ്‌മാണ്ഡുവിലുണ്ട്‌. ഹനുമാന്‍ ധോക്ക (Hanuman Dhoka), ജഗന്നാഥ്‌-മജുദേവല്‍ (Jagannath& Maju Deval) ക്ഷേത്രങ്ങള്‍, കുമാരി ദേവിയുടെ കൊട്ടാരം, കസ്‌തമണ്ഡപ്‌ (Kasthamandap) തുടങ്ങിയവ ഇവയില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. നഗരത്തിലെ രണ്ടു പ്രധാന വീഥികള്‍ കാഠ്‌മാണ്ഡുവിന്റെ പഴയതും പുതിയതുമായ മുഖങ്ങളെ പ്രതിഫലിപ്പിക്കുന്നു. കടഞ്ഞ തടികള്‍കൊണ്ടുള്ള ജനാലകളും വാതിലുകളും ഉള്ള, ഇഷ്‌ടികയാല്‍ നിര്‍മിതമായ ഇരുനില മന്ദിരങ്ങള്‍ക്കിടയ്‌ക്കാണ്‌ ഇടുങ്ങിയ പഴയ വീഥി. 1833, 1934 എന്നീ വര്‍ഷങ്ങളിലുണ്ടായ ഭൂകമ്പങ്ങളുടെ ഫലമായി തകര്‍ന്നടിഞ്ഞ പഴയവയുടെ സ്ഥാനത്തു പടുത്തുയര്‍ത്തിയ ആധുനിക മന്ദിരങ്ങളാണ്‌ വിശാലമായ പുതിയ വീഥിയുടെ ഇരുവശത്തുമുള്ളത്‌. മല്ലവംശരാജാക്കന്മാര്‍ നിര്‍മിച്ച ദേവാലയങ്ങളും ദര്‍ബാര്‍ മന്ദിരങ്ങളും കാഠ്‌മാണ്ഡുവിന്റെ വാസ്‌തുവിദ്യാപൈത്യകത്തിന്റെ ഉത്തമ നിദര്‍ശനങ്ങളാണ്‌. നഗരത്തിന്റെ പൂര്‍വഭാഗത്തുള്ള മൈതാന(Parade ground)ത്തിനും നഗരകേന്ദ്രത്തിനുമിടയ്‌ക്കായി ഒരു വീക്ഷണഗോപുരമുണ്ട്‌. നഗരത്തിലെ ദര്‍ബാര്‍ മന്ദിരങ്ങളില്‍ ഏറ്റവും മനോജ്ഞമായ സിങ്‌ഹാ ദര്‍ബാറിലാണ്‌ സെക്രട്ടേറിയറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. നഗരത്തിന്‌ അഞ്ച്‌ കി.മീ. വടക്കു കിഴക്കാണ്‌ തിബത്തിലെ ലക്ഷക്കണക്കിന്‌ ബുദ്ധസന്ന്യാസിമാരുടെ തീര്‍ഥാടന കേന്ദ്രമായ ബോധ്‌നാഥ്‌.

പശുപതിനാഥ്‌ ക്ഷേത്രസമുച്ചയം

നഗരവാസികളില്‍ അധികപങ്കും പ്രാന്തപ്രദേശങ്ങളിലെ കൃഷിയിടങ്ങളെ ആശ്രയിച്ചു ജീവിച്ചുപോരുന്നു. കസ്‌തൂരിയുടെ കച്ചവടത്തില്‍ പ്രസിദ്ധിപെറ്റ നഗരം പ്രാക്കാലം മുതല്‌ക്കേ മധ്യേഷ്യയിലെ ഒരു പ്രമുഖ വിപണനകേന്ദ്രമായിരുന്നു. ശിവരാത്രിയാണ്‌ നഗരത്തിലെ ഏറ്റവും വലിയ മഹോത്സവം; മഹേന്ദ്രദേവ വിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടുള്ള മഹേന്ദ്രയാത്ര, കുമാരീദേവിയുടെ പ്രതിനിധിയെന്നോണം ഒരു പെണ്‍കുട്ടിയെ നയിച്ചുകൊണ്ടുള്ള ഇന്ദ്രയാത്ര, പശുവിനെ ആദരിച്ചുകൊണ്ടുള്ള ഗായ്‌ യാത്ര എന്നിവയാണ്‌ മറ്റ്‌ ഉത്സവങ്ങള്‍. നഗരത്തില്‍ വടം (Ropeway) ഉപയോഗിച്ചുള്ള ഗതാഗത സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയിലെ സീമാന്തറെയില്‍ ജങ്‌ഷനായ റാക്‌സൗല്‍ പട്ടണവുമായി കാഠ്‌മാണ്ഡുവിനെ റോഡുമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു; ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച 211 കി.മീ. നീളമുള്ള ഈ രാജവീഥിക്കു ത്രിഭുവന്‍ രാജ്‌പഥ്‌ എന്നാണ്‌ പേര്‌. മറ്റൊരു പുതിയ റോഡ്‌ തിബത്തിലെ സീമാന്ത പ്രദേശമായ "കൊഡാരി'യിലേക്കുള്ളതാണ്‌. മഹേന്ദ്രരാജ്‌ പഥിന്‌ 1050 കി.മീ. നീളമുണ്ട്‌.

കാഠ്‌മാണ്ഡു വിമാനത്താവളം

കാഠ്‌മാണ്ഡുവിലെ (ത്രിഭുവന്‍) അന്താരാഷ്‌ട്ര വിമാനത്താവളം നേപ്പാളിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌. നേപ്പാളിലെ ഏറ്റവും വലിയ വിമാന സര്‍വീസായ നേപ്പാള്‍ എയര്‍ലൈന്‍സിന്‌ പുറമേ, നെക്കോണ്‍ എയര്‍വേസ്‌, എവറസ്റ്റ്‌ എയര്‍, ഗൂര്‍ഖ എയര്‍ലൈന്‍സ്‌, ലുംബിനി എയര്‍ലൈന്‍സ്‌ എന്നിവയും ഇവിടെനിന്ന്‌ സര്‍വീസ്‌ നടത്തുന്നു. ഇതിനുപുറമേ ഇന്ത്യന്‍ എയര്‍ ലൈന്‍സ്‌ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അന്താരാഷ്‌ട്ര വിമാനക്കമ്പനികള്‍ കാഠ്‌മാണ്ഡുവിലേക്ക്‌ പതിവായി സര്‍വീസ്‌ നടത്തുന്നുണ്ട്‌.

നേപ്പാളിലെ ആദ്യത്തെ സര്‍വകലാശാലയായ ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി (1959) കാഠ്‌മാണ്ഡുവിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍