This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുപോത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്ടുപോത്ത്‌

Bison

ഇന്ത്യന്‍ കാട്ടുപോത്ത്‌

കാളയോട്‌ അടുത്ത ബന്ധമുള്ളതും ബോവിനേ ഉപകുടുംബത്തില്‍പ്പെടുന്നതുമായ അയവിറക്കു മൃഗങ്ങള്‍. മൂന്ന്‌ പ്രത്യേകയിനം മൃഗങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ കാട്ടുപോത്തിനാണ്‌ അഗ്രിമസ്ഥാനം. കേപ്പ്‌ അഥവാ ആഫ്രിക്കന്‍ കാട്ടുപോത്ത്‌ ദ്വിതീയസ്ഥാനം കൈയടക്കിയിരിക്കുന്നു. യൂറോപ്യന്‍ കാട്ടുപോത്ത്‌, അമേരിക്കന്‍ കാട്ടുപോത്ത്‌ എന്നിവയാണ്‌ മൂന്നാം സ്ഥാനത്ത്‌. ഇവയെ അപേക്ഷിച്ചു വളരെക്കുറച്ചുമാത്രം അറിയപ്പെടുന്ന മറ്റു ചില സ്‌പീഷീസാണ്‌ പടിഞ്ഞാറന്‍ പസിഫിക്കിലെ സെലബീസ്‌, മിന്‍ഡോറോ എന്നീ ദ്വീപുകളില്‍ കഴിയുന്നയിനങ്ങള്‍. ഇവയ്‌ക്കു വലുപ്പം നന്നേ കുറവായിരിക്കും.

കാളയുടെയും കാട്ടുപോത്തിന്റെയും അസ്ഥികൂടങ്ങള്‍ക്കു തമ്മില്‍ ഒരേയൊരു വ്യത്യാസമേയുള്ളൂ; കാളയുടെ 13 ജോടി വാരിയെല്ലുകളുടെ സ്ഥാനത്ത്‌ കാട്ടുപോത്തിന്‌ 14 ജോടി എല്ലുകളുണ്ട്‌.

ഇന്ത്യന്‍ കാട്ടുപോത്ത്‌. ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ്‌ ഇവയുടെ ആവാസരംഗങ്ങള്‍. ഇന്ത്യ, മലയ, ഫിലിപ്പീന്‍സ്‌, ചില ഈസ്റ്റിന്ത്യന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഇവയെ ഇണക്കി വളര്‍ത്താറുണ്ട്‌. ശാ.നാ.: ബ്യൂബാലസ്‌ ബ്യൂബാലിസ്‌ (Bubalus bubalis).

ആഫ്രിക്കന്‍ കാട്ടുപോത്തുകള്‍

തോള്‍ഭാഗത്തു രണ്ട്‌ മീ. ഉയരമുള്ള ഇന്ത്യന്‍ കാട്ടുപോത്തിന്റെ ദേഹത്തിന്‌ മൂന്ന്‌ മീ. നീളമുണ്ട്‌. 0.75 മീ. നീളമുള്ള വാലും ഇതിന്‌ ഉണ്ടായിരിക്കും. വാലിന്റെ അറ്റത്തായി "കുഞ്ചലം' പോലെ ഒരുകെട്ടുമുടിയും കാണാം. 900 കിലോഗ്രാം ആണ്‌ ഭാരം. തലയുടെ മുകളറ്റത്ത്‌, ഏതാണ്ടു നടുക്കുനിന്നുതന്നെ തുടങ്ങുന്ന കൊമ്പുകള്‍ നേരേ മുകളിലേക്കു വളഞ്ഞു, പിന്നിലേക്കു തിരിയുന്നു. ഉദ്ദേശം 1.75 മീ. നീളം വരുന്ന കൊമ്പുകളുടെ ആധാരഭാഗം വളരെ കട്ടിയേറിയതാണ്‌.

പുല്ലുകളും ചെറുധാന്യച്ചെടികളുമാണ്‌ പ്രധാനാഹാരം. വര്‍ഷത്തില്‍ എല്ലാക്കാലത്തും ഇണചേരുന്ന ഈ ഇനത്തിന്റെ ഗര്‍ഭകാലം 10 മാസമാണ്‌. ഒരു പ്രസവത്തില്‍ ഒരു കുട്ടിയേ ഉണ്ടാകാറുള്ളൂ. ഇതിന്റെ പാല്‍ പോഷകസമൃദ്ധമാണ്‌.

ആഫ്രിക്കന്‍ കാട്ടുപോത്ത്‌. സിന്‍സിറസ്‌ ജീനസിലെ ഏകസ്‌പീഷീസായ ഇത്‌ ആഫ്രിക്കന്‍ വന്യമൃഗങ്ങളില്‍വച്ച്‌ ഏറ്റവും അപകടകാരിയായി കരുതപ്പെടുന്നു. ശാ.നാ. സിന്‍സിറസ്‌ കാഫെര്‍ (Syncerus Caffer)തോള്‍ഭാഗത്ത്‌ 1.75 മീ. ഉയരം, 2 മീറ്ററിലേറെ നീളമുള്ള ശരീരം, 1.25 മീ. നീളം വരുന്ന വാല്‍, 1,350 കിലോഗ്രാം തൂക്കം-ഇത്തരത്തില്‍ ഒരു ഭീമാകാരനാണ്‌ ആഫ്രിക്കന്‍ കാട്ടുപോത്ത്‌. പരന്ന്‌, ഭാരമേറിയ തലയില്‍ ഏതാണ്ട്‌ വൃത്താകാരമായ ചെവികളാണുള്ളത്‌. നീണ്ടുകൂര്‍ത്തു പിന്നിലേക്കു വളഞ്ഞുകാണപ്പെടുന്ന കൊമ്പുകള്‍ തമ്മില്‍ പലപ്പോഴും ഒരു മീറ്ററിലേറെ അകലം കാണാം.

അഞ്ഞൂറോ അതില്‍ക്കൂടുതലോ അംഗങ്ങളുള്ള പറ്റങ്ങളായാണ്‌ ഇവ പതിവായി സഞ്ചരിക്കുക. പുല്ലുധാരാളമുള്ള, നനഞ്ഞ ചതുപ്പു പ്രദേശങ്ങളില്‍ രാത്രിയിലാണ്‌ ഇവ മേയാനിറങ്ങുന്നത്‌; പകല്‍സമയം വൃക്ഷത്തണലുകളില്‍ക്കിടന്ന്‌ അയവിറക്കുന്നു.

ജനുവരിയില്‍ ഇണചേരുന്ന ഇതിന്റെ ഗര്‍ഭകാലം 11 മാസമാണ്‌. ഒരു പ്രസവത്തില്‍ ഒരു കുട്ടിയേ ഉണ്ടാകാറുള്ളൂ.

ബൈസണ്‍ ജീനസില്‍പ്പെടുന്ന രണ്ടു സ്‌പീഷീസാണ്‌ യൂറോപ്യന്‍ കാട്ടുപോത്തും (ശാ.നാ. ബൈസണ്‍ ബൊണാസസ്‌ Bison bonasus) അമേരിക്കന്‍ കാട്ടുപോത്തും (ശാ.നാ. ബൈസണ്‍ ബൈസണ്‍-Bison bison). ഇതില്‍ യൂറോപ്യന്‍ ബൈസണ്‍ ഇപ്പോള്‍ ദക്ഷിണ റഷ്യയിലെ അപൂര്‍വം ചില കാടുകളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. അമേരിക്കന്‍ ബൈസണും വംശനാശത്തിന്റെ ഏതാണ്ട്‌ വക്കിലെത്തിയിരിക്കയാണ്‌. യൂറോപ്യന്‍ ബൈസണേക്കാള്‍ അമേരിക്കന്‍ ബൈസണ്‍ അല്‌പം ചെറുതാണെന്നതൊഴിച്ചാല്‍, ഈ രണ്ടിനങ്ങള്‍ക്കും തമ്മില്‍ പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ല. താരതമ്യേന വലുപ്പമേറിയ മുന്‍ഭാഗവും ചെറിയ പിന്‍ഭാഗവും ഉള്ളതിനാല്‍ കാട്ടുപോത്തിനെ മറ്റു കന്നുകാലികളില്‍നിന്നും നിഷ്‌പ്രയാസം തിരിച്ചറിയാം. പെണ്ണിനെക്കാള്‍ വലുപ്പവും ശക്തിയും വളരെ കൂടുതലുള്ളവയാണ്‌ ആണ്‍-കാട്ടുപോത്തുകള്‍.

കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ പിടിച്ചുവളര്‍ത്തുന്ന പക്ഷം കാട്ടുപോത്തിനെ ഇണക്കിയെടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, ഇണങ്ങിക്കഴിഞ്ഞാല്‍പ്പോലും ഇത്‌ ശാന്തസ്വഭാവിയായിരിക്കും എന്നതിന്‌ തെളിവുകളില്ല. കൃഷിക്കും മറ്റും സഹായിക്കുന്ന മൃഗം എന്ന നിലയിലും കാട്ടുപോത്തിനെക്കൊണ്ടു പറയത്തക്ക പ്രയോജനമൊന്നുമില്ലതാനും. വീട്ടില്‍ വളര്‍ത്തുന്ന കാലികളുമായുള്ള ഇതിന്റെ സങ്കരസന്തതികളും ഉപകാരപ്രദമായ പ്രത്യേക ഗുണങ്ങള്‍ എന്തെങ്കിലും പ്രദര്‍ശിപ്പിക്കുന്നതിനും രേഖകളില്ല. നോ. അമേരിക്കന്‍ കാട്ടുപോത്ത്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍