This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുപയർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്ടുപയർ

Wild pea

ലെഗൂമിനോസി സസ്യകുടുംബത്തിലെ പാപ്പിലിയോണേസീ ഉപകുടുംബത്തില്‍പ്പെടുന്ന ഒരു വള്ളിച്ചെടി. കാക്കച്ചെറുപയര്‍, മുദ്‌ഗപര്‍ണി, സഹശിംബി, മാര്‍ജാരഗന്ധിക എന്നീ പേരുകളുമുണ്ട്‌. ശാ. നാ.: വിഗ്നാ അഡിനാന്‍ത (Vigna adenantha), ഫാസിയോളസ്‌ അഡിനാന്തസ്‌ (Phaseolus adenanthus).

ഇന്ത്യയിലെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ മിക്കഭാഗങ്ങളിലും ഈ സസ്യം കാണപ്പെടുന്നു. 30-60 സെ. മീ. നീളമുള്ള കാണ്ഡത്തോടുകൂടി പടര്‍ന്നു പന്തലിച്ചു വളരുന്ന ഇതിന്റെ സസ്യശരീരമാകമാനം വെള്ളനിറമുള്ള മൃദുലോമങ്ങളുണ്ട്‌. പ്രധാന കാണ്ഡത്തില്‍നിന്നു നിരവധി ശാഖകള്‍ വളര്‍ന്നു പടരുന്നു. കാട്ടുപയറിന്റെ ചുവടിനോടടുത്ത ഭാഗത്തുനിന്നു പുറപ്പെടുന്ന ശാഖകളില്‍ അവിടവിടെ കാണപ്പെടുന്ന നിരവധി അസ്ഥാനമൂലങ്ങളില്‍ നല്ല വലുപ്പത്തിലുള്ള മുഴകള്‍ (root nodules) ഉണ്ട്‌. പിച്ഛാകാരത്തില്‍ മൂന്നായി വിഭജിക്കപ്പെട്ട ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണം ചെറുതും ത്രികോണാകൃതിയിലുള്ളതുമാണ്‌. പര്‍ണകങ്ങള്‍ക്ക്‌ 5-10 സെ.മീ. നീളവും 2.5-4 സെ.മീ. വീതിയുമുണ്ട്‌. ഇലയുടെ അടിഭാഗത്ത്‌ സിരാപടലം വ്യക്തമായി കാണാം. നവംബര്‍-ജനുവരി വരെയാണ്‌ പുഷ്‌പകാലം. അസീമാക്ഷപുഷ്‌പമഞ്‌ജരിയില്‍ നീലനിറമുള്ള നിരവധി ചെറിയ പുഷ്‌പങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. പുഷ്‌പവൃന്തത്തിനു 3 മി.മീ. നീളമേയുള്ളൂ. വേഗം കൊഴിഞ്ഞുപോകുന്ന സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ട്‌. ഘണ്ടാകാരത്തിലുള്ള (campanulate) വിദളപുടം അഞ്ചുവിദളങ്ങള്‍ ചേര്‍ന്നതാണ്. ഒരു പതാകദളം (standard petal), രണ്ടു പക്ഷദളങ്ങള്‍ (wings), രണ്ടു കീല്‍ (keel) ദളങ്ങള്‍ എന്നിവ ചേര്‍ന്നതാണ്‌ ദളപുടം. 10 കേസരങ്ങള്‍ ചേര്‍ന്ന ദ്വിസന്ധി കേസരങ്ങള്‍ (diadelphous stamens) ആണ്‌ ഇതിന്റേത്‌. ഒറ്റ അണ്ഡപര്‍ണമേയുള്ളൂ. അണ്ഡാശയത്തിനുള്ളില്‍ നിരവധി ബീജാണ്ഡങ്ങളുണ്ട്‌. ഫലം 7.5-13 സെ.മീ. നീളമുള്ള ശിംബം (pod) ആണ്‌. ഉള്ളില്‍ 6-12 വിത്തുകള്‍ ഉണ്ടായിരിക്കും.

കാട്ടുപയര്‍ സമൂലം ഔഷധമായി ഉപയോഗിക്കുന്നു. നേത്രരോഗങ്ങള്‍, ദഹനക്കേട്‌, അര്‍ശസ്സ്‌, അതിസാരം, ചുമ, വാതം, പനി, ചുട്ടുനീറല്‍ എന്നിവയുടെ ചികിത്സയ്‌ക്കു കാട്ടുപയര്‍ ഫലപ്രദമാകുന്നു. ഇത്‌ കൃമിനാശകവും വാജീകരണശക്തിയുള്ളതുമാണ്‌. മുറിവുകളില്‍ നിന്നുള്ള രക്തസ്രാവം തടയുന്നതിന്‌ ഇത്‌ ഉപയോഗിക്കാം. കാട്ടുപയറിന്‌ ചെറുപയറിന്റെ ഗുണവിശേഷങ്ങളാണുള്ളതെന്ന്‌ സുശ്രുതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സാധാരണയായി കാട്ടുപയറും കാട്ടുഴുന്നും ഒരുമിച്ചാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്‌. ഇവ രണ്ടും ചേര്‍ത്ത്‌ തയ്യാറാക്കുന്നതാണ്‌ ബലക്ഷയത്തിനും വാതപിത്തങ്ങള്‍ക്കുമുള്ള "വിദാര്യാദിഘൃതം' .

	""മുദ്‌ഗപര്‍ണീ ഹിമാ രൂക്ഷാതിക്താ സ്വാദീച ശുക്രലാ
	ചക്ഷുഷ്യാക്ഷയ ശോഫഘ്‌നി ഗ്രാഹിണീ ജ്വര ദാഹനുത്‌
	ദോഷത്രയ ഹരീ ലഘ്വീ ഗ്രഹണ്യര്‍ ശോതി സാരജിത്‌''
 

എന്ന്‌ ഭാവപ്രകാശത്തിലും ""മുദ്‌ഗപര്‍ണീ ഹിമാസ്വാദുര്‍വാതരക്ത വിനാശിനീ പിത്തദാഹജ്വരാല്‍ ഹന്തി കൃമിഘ്‌നി കഫശുക്രനുത്‌ എന്ന്‌ ധന്വന്തരി നിഘണ്ടുവിലും കാട്ടുപയറിന്റെ ഗുണങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്‌. നോ. കാട്ടുഴുന്ന്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍