This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുതിപ്പലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്ടുതിപ്പലി

Frogfruit

കാട്ടുതിപ്പലി

വെര്‍ബിനേസീ (Verbenaceae) സസ്യകുടുംബത്തില്‍പ്പെട്ട, പടര്‍ന്നുവളരുന്ന ഒരു ഓഷധി. ശാ.നാ.: ലിപ്പിയ നോഡിഫ്‌ളോറാ (Lippia nodiflora). ഈര്‍പ്പം തങ്ങിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിലംപറ്റി വളരുന്ന കാട്ടുതിപ്പലി ദക്ഷിണേന്ത്യയിലാണ്‌ സാധാരണ കണ്ടുവരുന്നത്‌. തണ്ടിലും ഇലകളിലും ചെറുലോമങ്ങള്‍ ഉണ്ട്‌. ഇലകള്‍ക്ക്‌ 2.5 സെ.മീ. നീളം വരും. ഇലകളുടെ അഗ്രഭാഗം വീതികൂടിയതും ദന്തുരവുമാണ്‌. വര്‍ഷത്തിലുടനീളം പുഷ്‌പിക്കുന്നു. നീണ്ട പുഷ്‌പമഞ്‌ജരികളില്‍ ചെറിയ പുഷ്‌പങ്ങള്‍ ക്രമീകരിച്ചിരിക്കും. പുഷ്‌പവൃന്തത്തിന്‌ 7.5 സെ.മീ. നീളമുണ്ടായിരിക്കും. ദളപുടത്തിന്‌ വെളുപ്പോ ഇളംചുവപ്പോ നിറമാണ്‌. ഉള്ളില്‍ കല്ലുപോലെ ഉറച്ച ചെറുവിത്തുകള്‍ (pyrenes) ഉള്ള ആമ്രകമാണ്‌ ഫലം. ഉണങ്ങിയ സസ്യത്തില്‍നിന്ന്‌ നോഡിഫ്‌ളോറിന്‍-എ., നോഡിഫ്‌ളോറിന്‍-ബി എന്നീ ഘടകങ്ങളും ലാക്‌ടോസ്‌, മാള്‍ട്ടോസ്‌, ഗ്ലൂക്കോസ്‌ എന്നിവയും വേര്‍തിരിച്ചെടുത്തിട്ടുണ്ട്‌.

ഒരു വസ്‌തുവിനെ അതിന്റെ മൂലഘടകങ്ങളാക്കി വിഘടിപ്പിക്കാന്‍ കഴിവുള്ള (resolvent) ഈ ചെടി മൂത്രവര്‍ധകവും വ്രണരോപണവും ജ്വരഹാരിയും ആണ്‌. ഇലകളും ഇളംതലപ്പും വളരെ കയ്‌പേറിയിതും രൂക്ഷവും ആകുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന വയറുകടി, മൂത്രമടപ്പ്‌ (dysurea), ദഹനക്കേട്‌ എന്നിവയ്‌ക്കു കഷായത്തിന്റെ രൂപത്തില്‍ കൊടുക്കാം. പ്രസവാനന്തരം സ്‌ത്രീകള്‍ക്കു കൊടുക്കാനും ഈ കഷായം ഉപയോഗിക്കുന്നു. ഇത്‌ ജീരകം ചേര്‍ത്ത്‌ നല്‌കിയാല്‍ ഗൊണോറിയയ്‌ക്കു ശമനമുണ്ടാകും. സാധാരണ അര്‍ശസ്സിന്‌ കാട്ടുതിപ്പലിയുടെ ഇല ചേര്‍ത്ത ചട്ട്‌ണി കഴിക്കുന്നതും രക്തസ്രാവത്തോടുകൂടിയ അര്‍ശസിന്‌ ചുട്ടുപഴുത്ത രണ്ടു ചുടുകട്ടകളുടെ ഇടയ്‌ക്കു സസ്യം വച്ച്‌ അമര്‍ത്തി ഇതിന്റെ ആവി ഏല്‌ക്കുന്നതും ഉത്തമമാണ്‌. എറസിപെലസ്‌ എന്ന ത്വഗ്രാഗ ചികിത്സയ്‌ക്കും ഈ സസ്യം കൈക്കൊണ്ട ഔഷധമാകുന്നു. ചിലയിടങ്ങളില്‍ ഇതിന്റെ ഇല പച്ചക്കറിയായും ഉപയോഗിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍