This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുകോഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്ടുകോഴി

Grey jungle fowl

കാട്ടുകോഴി

നാട്ടുകോഴിയോടു സാദൃശ്യമുള്ളതും കാടുകളില്‍ മാത്രം കഴിയാനിഷ്‌ടപ്പെടുന്നതുമായ ഒരിനം കോഴി. ശാ.നാ: ഗാലസ്‌ സോനറാറ്റി (Gallus sonneratii). സമതലപ്രദേശത്തും മലയടിവാരത്തും ഉള്ള കാടുകളില്‍ ഇതു സുലഭമാണ്‌. ഇണക്കിവളര്‍ത്തുന്ന കോഴിയോളം മാത്രം വലുപ്പമുള്ള കാട്ടുകോഴികളില്‍ പൂവന്‌ തലയില്‍ ചുവന്ന "പൂവും' അരിവാള്‍ പോലെ നീണ്ടുവളഞ്ഞ വാലുമുണ്ട്‌. ചാരനിറമുള്ള വരകളാല്‍ ആവൃതമായ ശരീരവും തിളങ്ങുന്ന കറുപ്പുനിറമുള്ള വാലും ഇതിന്റെ പ്രത്യേകതയാണ്‌. പിടയുടെ പുറം തവിട്ടുനിറമായിരിക്കും; അടിഭാഗം വെള്ളയും. ഇവിടെ നിറയെ കറുപ്പുവരകള്‍ കാണാം. ചിറകുകളുടെ നിറം കറുപ്പാണ്‌. നീണ്ടു നേരിയ കറുത്ത തൂവലുകള്‍ അരപ്പട്ടയിലും കാണാം. കാട്ടുപൂവന്‍കോഴിയുടെ വാല്‍ കാഴ്‌ചയില്‍ നാട്ടുപൂവന്റേതുപോലെയാണെങ്കിലും, നാട്ടുപൂവന്റേതിനോളം പൊന്തി വളഞ്ഞു നില്‍ക്കുകയില്ല. ഇതില്‍ നാട്ടുകോഴിയുടേതിനോളം തൂവലുകള്‍ ഉള്ളതായും തോന്നുകയില്ല. ഒറ്റയ്‌ക്കും ഇണകളായും ചെറുകൂട്ടങ്ങളായുമാണ്‌ ഈ പക്ഷി കാട്ടില്‍ ഇരതേടി നടക്കുന്നത്‌. കേരളത്തില്‍ 1,350 മീ. വരെ ഉയരമുള്ള മലയടിവാരത്തെ കാടുകളാണ്‌ കാട്ടുകോഴിയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. എന്നാല്‍ മലകളില്‍നിന്നു വിദൂരമായ കാട്ടുപ്രദേശങ്ങളിലും ഇതിനെ കണ്ടെത്താം. ഉപേക്ഷിക്കപ്പെട്ട റബ്ബര്‍ തോട്ടങ്ങളിലും മറ്റും ഇവ സാധാരണമാണ്‌.

കേരളത്തിനു പുറത്തു കന്യാകുമാരി മുതല്‍ മൗണ്ട്‌ അബു വരെയുള്ള മിക്കവാറും എല്ലാ കാടുകളിലും കാട്ടുകോഴി ജീവിക്കുന്നുണ്ട്‌. ശ്രീലങ്കയില്‍ ഇതിനെ കാണാന്‍ കഴിഞ്ഞിട്ടില്ല.

രാവിലെയും വൈകുന്നേരവുമാണ്‌ കാട്ടുകോഴി ഇരതേടാനിറങ്ങുന്നത്‌. താവളത്തില്‍നിന്ന്‌ അപൂര്‍വമായി മാത്രം അകലെ പോകുന്ന ഈ പക്ഷി സ്വതേ ലജ്ജാലുവും ഭീരുവുമാണ്‌. എന്നാല്‍ ഉപദ്രവമുണ്ടാകുന്നില്ലെങ്കില്‍, വളരെപ്പെട്ടെന്ന്‌ ഇവയ്‌ക്കു മനുഷ്യനോടുള്ള ഭയം ഇല്ലാതാകുന്നു. കന്നുപൂട്ടുന്ന ഒരു പയ്യന്റെ പിന്നാലെ നടന്ന്‌ ഇരതേടിയിരുന്ന രണ്ടു കാട്ടുകോഴികളെക്കുറിച്ചു ഡോ. സാലിം അലി പ്രസ്‌താവിച്ചിട്ടുണ്ട്‌.

ധാന്യങ്ങള്‍, ചെറുതണ്ടുകള്‍, ഇലകള്‍, കിഴങ്ങുകള്‍, പഴങ്ങള്‍, വിത്തുകള്‍, ചിതല്‍, മണ്ണിര, മറ്റു കീടങ്ങള്‍ തുടങ്ങി നാട്ടുകോഴികള്‍ ഭക്ഷിക്കുന്ന എല്ലാം കാട്ടുകോഴിക്കും പഥ്യംതന്നെ. ഇത്‌ ഇരതേടുന്ന രീതിയും നാട്ടുകോഴിയില്‍നിന്നു വ്യത്യസ്‌തമല്ല. വണ്ടിപ്പാതകളിലും പുല്‍പ്പരപ്പുകളിലും മറ്റും വീണു വരണ്ടുകിടക്കുന്ന ചാണകം ചിനക്കിയും മറിച്ചും പുഴുക്കളെയും ചെറുപാറ്റകളെയും സമ്പാദിക്കുന്നതു കാട്ടുകോഴിക്കു പ്രിയങ്കരമായ ഒരു ജോലിയാണ്‌.

നന്നായി പറക്കാന്‍ കഴിവുള്ള പക്ഷിയാണ്‌ കാട്ടുകോഴി. മുളങ്കൂട്ടങ്ങളിലും കാട്ടുവൃക്ഷങ്ങളിലും ഇത്‌ രാത്രി കഴിച്ചുകൂട്ടുന്നു. അതിരാവിലെയും സന്ധ്യയ്‌ക്കും ഇതിന്റെ മുഴങ്ങുന്ന ശബ്‌ദത്തിലുള്ള കൂവല്‍ കാടുകളില്‍ പ്രതിധ്വനിക്കുന്നതു കേള്‍ക്കാം. ഫെബ്രുവരി മുതല്‍ ജൂലായ്‌ വരെയാണ്‌ സന്താനോത്‌പാദനകാലം. വല്ല പൊന്തയ്‌ക്കും താഴെയായി തോണ്ടിയെടുത്ത പരന്ന കുഴിയില്‍, ചുള്ളികള്‍, ഉണക്കിലകള്‍, പുല്ല്‌ എന്നിവ വിതറി കൂടുണ്ടാക്കുന്നു. ആകൃതിയിലും വലുപ്പത്തിലും നാട്ടുകോഴിയുടെ മുട്ടയോട്‌ സാദൃശ്യമുള്ള അഞ്ചോ ആറോ മുട്ട കൂട്ടില്‍ കാണും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍