This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ഞിരപ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഞ്ഞിരപ്പുഴ

കാഞ്ഞിരപ്പുഴ ഡാം

പാലക്കാട്‌ ജില്ലയിലെ കരിമ്പുഴയുടെ ഒരു പോഷകനദി. കരിമല, അട്ടപ്പാടി രണ്ടാംബ്ലോക്ക്‌, റിസര്‍വ്‌ വനം എന്നിവിടങ്ങളില്‍നിന്ന്‌ ഉറവെടുക്കുന്ന രണ്ടുകാട്ടാറുകള്‍ചേര്‍ന്നതാണ്‌ കാഞ്ഞിരപ്പുഴ. മണ്ണാര്‍ക്കാട്‌ താലൂക്കിലെ ചില പ്രദേശങ്ങളില്‍ ഇത്‌ ചൂര്യോട്‌ പുഴ എന്ന പേരിലുമറിയപ്പെടുന്നു.

കാഞ്ഞിരപ്പുഴപദ്ധതി. കേരളത്തിലെ വന്‍കിട ജലസേചന പദ്ധതികളില്‍ ഒന്നാണ്‌ ഇത്‌. മണ്ണാര്‍ക്കാട്‌, ഒറ്റപ്പാലം എന്നീ താലൂക്കുകളില്‍ ജലസേചനം നടത്താനുദ്ദേശിച്ചാണ്‌ മണ്ണാര്‍ക്കാട്‌ താലൂക്കിലെ പൊറ്റശ്ശേരി പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴയ്‌ക്കു കുറുകെ അണക്കെട്ടു നിര്‍മിച്ചിരിക്കുന്നത്‌. കുതിരവട്ടത്ത്‌ പ്രഭാകരന്‍ തമ്പാന്‍ നിര്‍മിച്ച, ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു ചെറിയ അണക്കെട്ട്‌ ഇവിടെ ഉണ്ട്‌. 2,127.60 മീ. നീളമുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ 231.60 മീ. കരിങ്കല്‍ക്കെട്ടും 1,896.0 മീ. മണ്ണണയുമാണ്‌. 512 ഹെക്‌ടര്‍ വിസ്‌തൃതിയുള്ള ജലസംഭരണിയില്‍ 90 ച.കി.മീ. വരുന്ന ആവാഹക്ഷേത്രത്തില്‍നിന്നെത്തുന്ന 6 കോടി ഘ.മീ. ജലം സംഭരിക്കാവുന്നതാണ്‌.

ഒറ്റപ്പാലം, മണ്ണാര്‍ക്കാട്‌ താലൂക്കുകളില്‍ 8,100 ഹെക്‌ടര്‍ പ്രദേശത്ത്‌ ജലസേചനം നടത്താന്‍ പര്യാപ്‌തമായ ഇടതു കനാലിന്‌ 56.5 കി.മീ. ദൈര്‍ഘ്യമുണ്ട്‌. ഇതില്‍ 2 ജല വിതരണത്തോടുകളുണ്ട്‌. 9.36 കി.മീ. ദൈര്‍ഘ്യവും 5 ജലവിതരണത്തോടുകളുമുള്ള വലതുകനാല്‍ മണ്ണാര്‍ക്കാട്‌ താലൂക്കില്‍ 1,260 ഹെക്‌ടറിലും ജലസേചന സൗകര്യം ലഭ്യമാക്കുന്നു.

പാലക്കാട്‌ ജില്ലയിലെ 21,853 ഹെക്‌ടര്‍ സ്ഥലത്ത്‌ ജലസേചന സൗകര്യം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‌ 1999-ലെ പുതുക്കിയ അടങ്കലനുസരിച്ച്‌ 140 കോടിരൂപ നീക്കിവച്ചിട്ടുണ്ട്‌. 2004 മാര്‍ച്ച്‌ വരെ 16,348 ഹെക്‌ടര്‍ ഭൂമിയില്‍ ജലസേചന സൗകര്യം എത്തിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍