This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ഞിരങ്ങാട്ട്‌ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഞ്ഞിരങ്ങാട്ട്‌ ക്ഷേത്രം

പ്രാചീന കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നായ പെരുംചെല്ലൂരിലെ ഒരു ശിവക്ഷേത്രം. തളിപ്പറമ്പില്‍ നിന്ന്‌ 46 കി.മീ. കിഴക്ക്‌ സ്ഥിതിചെയ്യുന്നു. ചെല്ലൂര്‍നാഥോദയം ചമ്പു, കേരളമാഹാത്മ്യം എന്നീ കൃതികളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌; "കാരസ്‌കരാരണ്യ'മെന്നാണ്‌ ഇവയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്‌. വലിയൊരു കാഞ്ഞിരമരം ക്ഷേത്രത്തിന്റെ മുന്‍വശത്തു കാണാം.

ശതസോമനെന്ന കേരളരാജാവ്‌ പെരുംചെല്ലൂരില്‍ ബിംബപ്രതിഷ്‌ഠ ചെയ്‌തശേഷം, അന്തര്‍ജനങ്ങള്‍ക്കു ശിവഭജനം ചെയ്യുവാന്‍ കാഞ്ഞിരങ്ങാട്ടുകൂടി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. ധാതാവ്‌, മിത്രന്‍, ആര്യമാവ്‌, രുദ്രന്‍, വരുണന്‍, സൂര്യന്‍, ഭഗന്‍, വിവസ്വാന്‍, പൂഷാവ്‌, സവിതാവ്‌, ത്വഷ്‌ടാവ്‌, വിഷ്‌ണു എന്നീ ദ്വാദശാദിത്യന്മാരിലൊരാള്‍ ത്വഗ്രാഗശമനത്തിനുവേണ്ടി പൂജനടത്തിയ ശിവലിംഗമാണ്‌ പിന്നീട്‌ ശതസോമന്‍ പ്രതിഷ്‌ഠിച്ചതെന്നും അദ്ദേഹം പ്രസ്‌തുത ക്ഷേത്രം കാശ്യപഗോത്രക്കാര്‍ക്കായി ദാനം ചെയ്‌തുവെന്നുമാണ്‌ ഐതിഹ്യം.

വൈദ്യനാഥനായ ശിവനാണ്‌ "കാഞ്ഞിരങ്ങാട്ടപ്പന്‍'. രോഗശമനാര്‍ഥം ഇവിടെ ക്ഷീരധാര കഴിപ്പിക്കാറുണ്ട്‌. ധനുമാസത്തിലെ തിരുവാതിരനാളില്‍ പെരുംചെല്ലൂര്‍ക്ഷേത്രത്തില്‍ നിന്ന്‌ രാജരാജേശ്വര വിഗ്രഹം ഇവിടേക്ക്‌ എഴുന്നള്ളിക്കാറുണ്ട്‌.

ചെല്ലൂര്‍നാഥോദയ കര്‍ത്താവായ നീലകണ്‌ഠകവി കൊച്ചിരാജാവായ വീരകേരളവര്‍മ(ഭ.കാ. എ.ഡി. 8-ാം ശ.)യുടെ ആശ്രിതനായിരുന്നുവെന്നതില്‍ നിന്ന്‌ ഈ ക്ഷേത്രം നിര്‍മിച്ചത്‌ ഏതാണ്ടിക്കാലത്താണെന്നൂഹിക്കാം.

ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു വിവരിക്കുന്ന കാഞ്ഞിരങ്ങാട്ടഞ്ചടി, കാരസ്‌കരേശ്വരാഷ്‌ടകം തുടങ്ങിയ മലയാള-സംസ്‌കൃത ഭക്തികൃതികള്‍ ശ്രദ്ധേയങ്ങളാണ്‌.

(എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍