This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ഞങ്ങാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഞ്ഞങ്ങാട്‌

ഹോസ്‌ദുര്‍ഗ്‌ കോട്ട

കാസര്‍കോട്‌ ജില്ലയിലെ ഹോസ്‌ദുര്‍ഗ്‌ താലൂക്കിന്റെ ആസ്ഥാനം. കാസര്‍കോടിന്‌ 33 കി.മീ. തെക്ക്‌ മാറി സ്ഥിതിചെയ്യുന്നു. കാഞ്ഞങ്ങാട്‌ മുനിസിപ്പാലിറ്റി, കാസര്‍കോട്‌ റവന്യൂ ഡിവിഷന്‍, വികസന ബ്ലോക്ക്‌ എന്നിവയുടെയും ആസ്ഥാനമാണ്‌ ഈ പട്ടണം. മുനിസിപ്പാലിറ്റിയുടെ ജനസംഖ്യ: 65, 503 (2001). കോലത്തിരിയുടെ പ്രതിനിധിയായി ഇവിടെ വാണിരുന്ന കാഞ്ഞന്‍ എന്നൊരു ഇടപ്രഭു നിര്‍മിച്ച കോട്ടയുടെ പേരില്‍ നിന്നാണ്‌ "കാഞ്ഞങ്ങാട്‌' എന്ന സ്ഥലനാമം നിഷ്‌പന്നമായതെന്നു കരുതപ്പെടുന്നു.

നിത്യാനന്ദ ആശ്രമം-കാഞ്ഞങ്ങാട്‌

കേരളത്തെ 64 ഗ്രാമങ്ങളുള്‍പ്പെട്ട നാലു കഴകങ്ങളായി വിഭജിച്ചിരുന്നതില്‍ പയ്യന്നൂര്‍ കഴകത്തില്‍ പ്പെട്ട 32 തുളുഗ്രാമങ്ങളിലൊന്നായിരുന്നു കാഞ്ഞങ്ങാട്‌. വിജയനഗര സാമ്രാജ്യത്തിന്റെ പ്രഭവകാലത്ത്‌ കാഞ്ഞങ്ങാട്‌ വിജയനഗരത്തിന്റെ ഭാഗമായി; പിന്നീട്‌ കോലത്തുനാടിന്റെയും. 18-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ ഇക്കേരിനായ്‌ക്കന്മാര്‍ ഇവിടം പിടിച്ചെടുത്തു. സോമശേഖരനായ്‌ക്കന്‍ 1731-ല്‍ ഹോസ്‌ദുര്‍ഗ്‌ കോട്ട (പുത്തന്‍കോട്ട) നിര്‍മിച്ചു. 1763-ല്‍ ഹൈദരാലി ഈ പ്രദേശം പിടിച്ചടക്കി തെക്കന്‍ കാനറാ ജില്ലയില്‍ ലയിപ്പിച്ചു. 1792-ല്‍ ടിപ്പുവിന്റെ പരാജയത്തെത്തുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായി. മൈസൂരിന്റെ ഭാഗമായിരുന്ന ഈ സ്ഥലം സംസ്ഥാനപുനഃസംഘടനയെ (1956)ത്തുടര്‍ന്ന്‌ കേരളത്തില്‍ ലയിച്ചു. പടിഞ്ഞാറു കടലോരപ്രദേശം മുതല്‍ കിഴക്കു മലമ്പ്രദേശം വരെ വ്യാപിച്ചിരിക്കുന്ന കാഞ്ഞങ്ങാട്‌ പൊതുവേ ഫലഭൂയിഷ്‌ഠമാണ്‌. കടല്‍ ത്തീരത്ത്‌ സമൃദ്ധമായ തെങ്ങിന്‍തോട്ടങ്ങള്‍ കാണാം. മലഞ്ചരിവുവരെ നെല്‌പാടങ്ങളും തേന്മാവ്‌, പ്ലാവ്‌, കമുക്‌, കശുമാവ്‌ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറഞ്ഞ ഭൂഭാഗങ്ങളാണ്‌ കാണപ്പെടുന്നത്‌. കേരളത്തില്‍ പുകയിലകൃഷി നടക്കുന്ന ഏകസ്ഥലം കാഞ്ഞങ്ങാടാണ്‌. ഒരു പുകയില ഗവേഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്‌. കുരുമുളക്‌, അടയ്‌ക്ക, കശുവണ്ടി, പുകയില, മരച്ചീനി മുതലായ കാര്‍ഷികോത്‌പന്നങ്ങളുടെ ഒരു വിപണനകേന്ദ്രമെന്ന നിലയിലും കാഞ്ഞങ്ങാടിന്‌ പ്രാധാന്യമുണ്ട്‌. കയര്‍, കൈത്തറി, ബീഡി എന്നീ വ്യവസായങ്ങളും ഇവിടെയുണ്ട്‌. ഇന്ത്യയിലെ ഇതര ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന റെയില്‍ വേയും മംഗലാപുരം, കൂര്‍ഗ്‌ എന്നീ വ്യവസായകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന റോഡുകളും കാഞ്ഞങ്ങാടിന്റെ വാണിജ്യബന്ധങ്ങളില്‍ പ്രധാനമായ പങ്കു വഹിക്കുന്നു.

ചരിത്രപ്രസിദ്ധമായ ഹോസ്‌ദുര്‍ഗ്‌ കോട്ടയ്‌ക്കുള്ളില്‍ അഗാധവും സുദീര്‍ഘവുമായ ഗുഹാമാര്‍ഗങ്ങള്‍ ഉണ്ട്‌. നിത്യാനന്ദസ്വാമി തപോനിഷ്‌ഠനായി ആദ്യകാല ജീവിതം നയിച്ചത്‌ ഈ ഗുഹകളിലായിരുന്നു. സ്വാമിയുടെ മഹാസമാധിക്കുശേഷം ശിഷ്യന്മാര്‍ പണിയിച്ചതാണ്‌ കോട്ടയ്‌ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന നിത്യാനന്ദക്ഷേത്രം. ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ ശില്‌പമാതൃകയിലാണ്‌ ഇതിന്റെ ഗോപുരാഗ്രം നിര്‍മിച്ചിട്ടുള്ളത്‌. പട്ടണത്തിന്‌ അല്‌പം കിഴക്കുമാറി കര്‍ണാടക ദേശീയനായ സ്വാമി രാമദാസ്‌ സ്ഥാപിച്ച "ആനന്ദാശ്രമം' സ്ഥിതിചെയ്യുന്നു. 1970-ല്‍ ഇവിടെ "നെഹ്‌റു മെമ്മോറിയല്‍ കോളജ്‌' സ്ഥാപിക്കപ്പെട്ടു. സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കാണ്‌ മറ്റൊരു പ്രധാന വിദ്യാഭ്യാസസ്ഥാപനം. താലൂക്കാസ്ഥാനം എന്ന നിലയില്‍ മുന്‍സിഫ്‌ കോടതി, സബ്‌ മജിസ്‌ട്രറ്റുകോടതി, സെയില്‍ സ്‌ ടാക്‌സ്‌ ഓഫീസ്‌, സബ്‌ ജയില്‍ , സബ്‌ രജിസ്റ്റ്രാര്‍ കച്ചേരി, എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ തുടങ്ങി അനേകം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജന്മദേശമായ ഈ സ്ഥലത്ത്‌ അദ്ദേഹത്തിന്റെ ഒരു സ്‌മാരകമന്ദിരവും സ്ഥാപിച്ചിട്ടുണ്ട്‌.

(എന്‍.കെ. ദാമോദരന്‍; വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍