This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ച ഐലയ്യ (1952 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഞ്ച ഐലയ്യ (1952 )

കാഞ്ച ഐലയ്യ

ദലിത്‌ ബഹുജന്‍ രാഷ്‌ട്രീയ ചിന്തകനും, സാമൂഹിക പ്രവര്‍ത്തകനും. 1952ല്‍ ആന്ധ്രപ്രദേശിലെ തെലുങ്കാന ഗ്രാമത്തില്‍ കുറുമാ ഗൊലു (OBC-ദലിത്‌) സമുദായത്തില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ചു. ആടു വളര്‍ത്തലായിരുന്നു പരമ്പരാഗതമായി കുടുംബത്തൊഴില്‍. ഗൗതമബുദ്ധന്റെ രാഷ്‌ട്രീയ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്‌ ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ഗവേഷണ ബിരുദം നേടി. ഇപ്പോള്‍ അതേ യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ്‌ വിഭാഗം മേധാവിയായി ജോലി നോക്കുന്നു.

ദലിത്‌ബഹുജന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം "ആള്‍ ഇന്ത്യാ ക്രിസ്‌ത്യന്‍ കൗണ്‍സിലു'മായും, യു.എസ്‌.എ. കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന "ദലിത്‌ ഫ്രീഡം നെറ്റ്‌വര്‍ക്കുമായും ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവരുന്നു. ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല; ദലിത്‌ ബഹുജന്‍ വീക്ഷണത്തില്‍ ഹിന്ദുത്വത്തിനൊരു വിമര്‍ശനം, ഗോഡ്‌ ഏസ്‌ പൊളിറ്റിക്കല്‍ ഫിലോസഫര്‍; ബുദ്ധാസ്‌ ചലഞ്ച്‌ ടു ബ്രാഹ്മണിസം, എ ഹോളോ ഷെല്‍, ദ്‌ സ്റ്റേറ്റ്‌ ആന്‍ഡ്‌ റിപ്രസീവ്‌ കള്‍ച്ചര്‍, മനതത്വം (തെലുഗ്‌), എരുമ ദേശീയത; ആത്മീയ ഫാസിസത്തിനൊരു വിമര്‍ശനം തുടങ്ങിയവ പ്രധാന കൃതികളാണ്‌.

ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല, എരുമ ദേശീയത എന്നീ കൃതികള്‍ ഇന്ത്യയിലുടനീളം സജീവ സംവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. ഇന്ത്യയിലെ ദലിത്‌ ബഹുജന്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ മാനിഫെസ്റ്റോ എന്ന മട്ടിലാണ്‌ ആദ്യകൃതി സ്വീകരിച്ചത്‌. അംബേദ്‌കറുടെയും, ജ്യോതിബാ ഫൂലെയുടെയും ദര്‍ശനങ്ങളില്‍നിന്ന്‌ ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ട്‌, അവയുടെ തുടര്‍ച്ചയും വളര്‍ച്ചയുമെന്നോണം രൂപപ്പെട്ടവയാണ്‌ ഐലയ്യയുടെ കൃതികള്‍.

ഇന്ത്യയിലെ ദലിത്‌ ബഹുജന്‍ ജനസമൂഹത്തിന്‌, ഹിന്ദുബ്രാഹ്മണിസവുമായി പങ്കുവയ്‌ക്കാവുന്ന യാതൊരു പൊതു സാമൂഹിക, സാംസ്‌കാരിക രാഷ്‌ട്രീയ ഘടകങ്ങളും നിലനില്‍ക്കുന്നില്ലെന്ന്‌ ഞാന്‍ എന്തുകൊണ്ട്‌ ഹിന്ദുവല്ലയില്‍ അദ്ദേഹം സ്ഥാപിക്കുന്നു. ശൈശവം, കുടുംബജീവിതം, വിപണി ബന്ധങ്ങള്‍, അധികാര ബന്ധങ്ങള്‍ തുടങ്ങിയവയിലൂടെയാണ്‌ ഈ വ്യത്യാസങ്ങള്‍ ദലിത്‌ ബഹുജനുകള്‍ ആര്‍ജിക്കുന്നത്‌. ഗ്രാമ, നഗരങ്ങളില്‍ രണ്ടു ലോകങ്ങള്‍ നിലനില്‍ക്കുന്നു. ഹൈന്ദവ ചിന്ത ദലിത്‌ വിരുദ്ധമാണ്‌, അതിന്റെ പുരാവൃത്തങ്ങള്‍ ദലിത്‌ ബഹുജന്‍ സാംസ്‌കാരിക ഭൂമികയെ തകര്‍ത്തുകൊണ്ടാണ്‌ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്‌. അക്രാമക ബ്രാഹ്മണിക്‌ ആധിപത്യ സംസ്‌കാരം ദലിത്‌ ബഹുജന്‍ ഉത്‌പാദനഘടനകളെയും, സംസ്‌കാരത്തെയും, ഗുണകരമായ രാഷ്‌ട്രീയ സ്ഥാപനങ്ങളെയും, സമത്വത്തെയും, ആധുനിക പുരോഗതിയെയും ഇല്ലാതാക്കി. ഇത്‌ സ്വതന്ത്രഇന്ത്യയിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ സംസ്‌കാരത്തിന്റെ ദലിത്‌വത്‌കരണം ആവശ്യമാണ്‌. വൈയക്തിക സന്തോഷത്തെക്കാള്‍ ഉത്‌പാദനത്തെ മുന്നോട്ടുവയ്‌ക്കുന്ന, ആഢ്യത്വത്തിന്‌ പകരം, സമുദായത്തിലെ സ്‌നേഹത്തെ പ്രതിഷ്‌ഠിക്കുന്ന, ദലിത്‌ തത്ത്വചിന്തയ്‌ക്കുമാത്രമേ സമത്വാധിഷ്‌ഠിതസമൂഹം സൃഷ്‌ടിക്കാന്‍ കഴിയൂവെന്ന്‌ അദ്ദേഹം ഈ പുസ്‌തകത്തില്‍ വാദിച്ചുറപ്പിക്കുന്നു.

പശുവിനെ ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായി അവതരിപ്പിക്കുന്ന സമീപനങ്ങള്‍ക്കെതിരെ ബദല്‍ ദേശീയ പ്രതീകമായി "എരുമയെ' മുന്നോട്ടുവെക്കുകയാണ്‌ എരുമ ദേശീയതയില്‍. ഇന്ത്യയുടെ പാലുല്‌പന്ന സമ്പദ്‌ഘടനയില്‍ നാലില്‍ മൂന്നും സംഭാവന ചെയ്യുന്നത്‌ എരുമകളാണ്‌. ഗ്രാമീണ ജനങ്ങള്‍ തങ്ങളുടെ കുടുംബാംഗമായാണ്‌ ഇവയെ പരിഗണിക്കുന്നത്‌ എന്നിട്ടും എന്തുകൊണ്ട്‌ എരുമ ദേശീയതയുടെ പ്രതീകമായില്ല? എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു. എരുമയെ പുറംതള്ളി പശുവിനെ ദേശീയ ചിഹ്നമായി അവരോധിച്ചതിന്‌ പിന്നില്‍ ബ്രാഹ്മണിക്‌ ഗൂഢാലോചനയുണ്ട്‌, എരുമ കറുത്തതാണ്‌, സവര്‍ണ ഹിന്ദുക്കള്‍ക്ക്‌ വൃത്തികെട്ട ജന്തുവും എരുമ ദലിതന്റെ പ്രതീകമാണ്‌ അതുകൊണ്ടുതന്നെയാണ്‌ അത്‌ അദൃശ്യമാക്കപ്പെട്ടത്‌. ഇതിനെതിരെ ബദല്‍ ദേശീയ ചിഹ്നമായി എരുമയെ സ്ഥാപിച്ചുകൊണ്ട്‌ ഹിന്ദുദേശീയതയെ ചെറുക്കണമെന്ന്‌ അദ്ദേഹം വാദിക്കുന്നു.

അക്കാദമിക്‌ മേഖലയിലുള്ള ആളായിരിക്കെത്തന്നെ അക്കാദമിക്‌ "ഘടന'കള്‍ക്ക്‌ പുറത്ത്‌ കടന്നാണ്‌ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഉള്ളടക്കത്തിലെ വസ്‌തുതകളും, വൈകാരികമായ രചനാരീതിയും അക്കാദമിക്‌ പണ്‌ഡിതരില്‍നിന്ന്‌ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്‌.

ദലിതുകളുടെ ഉദ്‌ഭവത്തെക്കുറിച്ചുള്ള വാദങ്ങള്‍ കപട ചരിത്ര വീക്ഷണമാണെന്നും, ഈ ചരിത്രരചനാരീതി അതിവാദപരവും, ദുര്‍ബലവുമാണെന്നും റോമിലാഥാപ്പാര്‍ അഭിപ്രായപ്പെടുന്നു. ഗോപാല്‍ ഗുരുവിനെപ്പോലുള്ള ദലിത്‌ രാഷ്‌ട്രീയ ചിന്തകരും അദ്ദേഹത്തിന്റെ സമീപനങ്ങളെ വിമര്‍ശനപരമായി വിലയിരുത്തുന്നുണ്ട്‌. ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്‌ത്രം പിന്‍തുടരുന്ന നവഹിന്ദുത്വശക്തികളാണ്‌ കടുത്ത വിമര്‍ശനവുമായി രംഗത്തുള്ള മറ്റൊരു വിഭാഗം.

ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ച്‌ ഊര്‍ജസ്വലമായ സംവാദങ്ങളുയര്‍ത്താനും ദലിത്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക്‌ പ്രവര്‍ത്തനോര്‍ജം നല്‍കാനും ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌ എന്നത്‌ നിസ്‌തര്‍ക്കമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍