This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ചീപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കാഞ്ചീപുരം

തമിഴ്‌നാട്ടിലെ ഒരു ജില്ലയും ആസ്ഥാനനഗരവും. പാലാറിന്റെ ഉത്തരതീരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം ദക്ഷിണേന്ത്യയിലെ ഒരു പ്രാചീന സാംസ്‌കാരിക കേന്ദ്രമാണ്‌. ജില്ലയുടെ വിസ്‌തീര്‍ണം: 4307 ച.കി.മീ.; ജനസംഖ്യ: 28,77,468 (2001). "പട്ട്‌നഗരം', "ആയിരം ക്ഷേത്രങ്ങളുടെ നഗരം' എന്നീ പേരുകളിലും അറിയപ്പെടുന്ന കാഞ്ചീപുരം. വൈഷ്‌ണവ-ശൈവ-ജൈന മതാനുയായികള്‍ ഒരുപോലെ പ്രാമുഖ്യം കല്‌പിക്കുന്ന പുണ്യസ്ഥാനമാണ്‌. കാമാക്ഷീക്ഷേത്രം, അഷ്‌ടാദശവിഷ്‌ണുക്ഷേത്രങ്ങള്‍, അഷ്‌ടോത്തരശത ശിവക്ഷേത്രങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യംകൊണ്ട്‌ പ്രസിദ്ധി നേടിയതാണ്‌ ഈ പ്രാചീന നഗരം. ഭാരതത്തിലെ സപ്‌തമഹാക്ഷേത്ര സങ്കേതങ്ങളില്‍ ദക്ഷിണേന്ത്യയിലുള്ള ഒരേ ഒരെണ്ണം എന്ന പ്രശസ്‌തിയും കാഞ്ചീപുരത്തിനുണ്ട്‌. ചെന്നൈ-ബാംഗ്ലൂര്‍ ദേശീയപാതയില്‍ (റെയില്‍പ്പാതയിലും) ചെന്നൈക്ക്‌ 69 കി.മീ. പടിഞ്ഞാറ്‌-തെക്കുപടിഞ്ഞാറായാണ്‌ ഈ പട്ടണം സ്ഥിതിചെയ്യുന്നത്‌. ചിന്ന-കാഞ്ചീപുരമെന്നും പെരിയ കാഞ്ചീപുരമെന്നും സാമാന്യമായി വിഭജിക്കപ്പെട്ടിട്ടുള്ള ഈ പട്ടണത്തെ മതവിശ്വാസികള്‍ വിഷ്‌ണുകാഞ്ചി, ശിവകാഞ്ചി, ജൈനകാഞ്ചി എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. കാഞ്ചീപുരം ചേല, കാഞ്ചീപുരം സാരി തുടങ്ങിയ ലോക പ്രശസ്‌തങ്ങളായ പട്ടുവസ്‌ത്രങ്ങളുടെ നിര്‍മാണത്തിനുപുറമേ വ്യാവസായിക മേഖലകളിലും ഈ പട്ടണം പുരോഗതിയാര്‍ജിച്ചിട്ടുണ്ട്‌.

നാമോത്‌പത്തി

കാമാക്ഷി(യമ്മന്‍) കോവില്‍

ഭാഗവതപുരാണത്തില്‍ സത്യവ്രത ക്ഷേത്രമെന്നും ചില പൗരാണിക തമിഴ്‌ കാവ്യങ്ങളില്‍ കച്ചിമാ നഗരമെന്നും മറ്റു ചില പ്രാചീന തമിഴ്‌കൃതികളില്‍ "കച്ചി', എന്നും ഈ പട്ടണത്തെ പരാമര്‍ശിച്ചിട്ടുണ്ട്‌. "മുക്തിതരും നഗരേഴില്‍ മുഖ്യമാം കച്ചി', "ദേശമെല്ലാം പുകഴ്‌ന്താടും കച്ചി' എന്നീ പാടലുകള്‍ പ്രസിദ്ധങ്ങളാണ്‌. പ്രാചീനകാലത്ത്‌ ഈ പട്ടണത്തിലൂടെ "വേഗവതി' എന്നൊരു നദിയൊഴുകിയിരുന്നുവെന്നും നദിക്കരയില്‍ ധാരാളം പൂവരശ്‌ ഉണ്ടായിരുന്നുവെന്നും പുരാണഗ്രന്ഥങ്ങളില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. പൂവരശിന്റെ തമിഴ്‌ സംജ്ഞയായ കാഞ്ചിയില്‍നിന്നാണ്‌ കാഞ്ചി എന്ന പട്ടണനാമമുണ്ടായതെന്ന്‌ ഒരു അഭിപ്രായമുണ്ട്‌. സ്‌ത്രീകള്‍ ധരിക്കുന്ന ഒഡ്യാണത്തിന്‌ തമിഴില്‍ കാഞ്ചി എന്നാണ്‌ പേര്‌; ദേവിയുടെ ഒഡ്യാണംപോലെ വിളങ്ങിയിരുന്നതുമൂലമാണ്‌ പട്ടണത്തിന്‌ ഈ പേരുണ്ടായതെന്നു മറ്റൊരു അഭിപ്രായവും നിലവിലുണ്ട്‌. പ്രാക്കാലത്തു കാഞ്ചനമയമായി വിളങ്ങിയതിനാലാണ്‌ ഇവിടം "കാഞ്ചനപുരം' എന്നറിയപ്പെട്ടത്‌ എന്നും അതു കാലക്രമേണ കാഞ്ചീപുരമായി ലോപിച്ചതാണെന്നുമുള്ള ഒരു വാദഗതി ചില ചരിത്രകാരന്മാര്‍ ഉന്നയിക്കുന്നു. പല്ലവന്മാരെ പരാജയപ്പെടുത്തി അധികാരം വീണ്ടെടുത്ത ചോഴ (ചോള) രാജവംശത്തിന്റെ (എ.ഡി. 9-13 ശ.) തലസ്ഥാനമായിരുന്ന ഈ പട്ടണം "ജയംകൊണ്ടചോഴമണ്ഡലം' എന്ന്‌ പ്രസിദ്ധി നേടി. "കച്ചിപ്പേട്‌' എന്ന പേരിലും കാഞ്ചീപുരം പരാമൃഷ്‌ടമായിട്ടുണ്ട്‌.

ചരിത്രം

മഹാഭാരതത്തിലെ ഉദ്യോഗപര്‍വത്തില്‍ (161) കാഞ്ചീപുരത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. ചോഴമണ്ഡലത്തില്‍ ലയിക്കുന്നതിനുമുന്‍പ്‌ തൊണ്ടമണ്ഡലം എന്നൊരു ചെറുരാജ്യത്തിന്റെ രാജധാനിയായിരുന്നു കാഞ്ചി. പെരുമ്പാണാറ്റുപ്പടൈ എന്ന സംഘകാലകൃതിയില്‍ തൊണ്ടമണ്ഡല രാജാക്കന്മാരില്‍ പ്രധാനിയായ ഇളന്തിരയന്‍, കാഞ്ചി ആസ്ഥാനമാക്കി വാണിരുന്നതിനെപ്പറ്റി വര്‍ണിക്കുന്നുണ്ട്‌. പതഞ്‌ജലിയുടെ മഹാഭാഷ്യത്തിലും കാഞ്ചിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. കാഞ്ചീപുരം പശ്ചാത്തലമാക്കിയാണ്‌ മണിമേഖല വിരചിതമായിട്ടുള്ളതെന്നു പറയപ്പെടുന്നു. ആദ്യകാലത്ത്‌ ജൈനമതത്തിനു പുറമേ ബുദ്ധമതവും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു.

കാഞ്ചീപുരം പട്ടുസാരി നിര്‍മാണം

ഒന്നാം ആദിത്യചോഴനാണ്‌ തൊണ്ടമണ്ഡലത്തില്‍നിന്ന്‌ കാഞ്ചിയെ വേര്‍തിരിച്ചു ചോഴമണ്ഡലത്തോടു ചേര്‍ത്തത്‌. പില്‌ക്കാലത്ത്‌ കാഞ്ചി ചോഴനാടിന്റെ രാജധാനിയായിത്തീര്‍ന്നു. എ.ഡി. മൂന്നാം ശതകത്തോടെ ചോഴരെ പല്ലവന്മാര്‍ നിഷ്‌പ്രഭരാക്കി. പരാന്തകചോഴന്‍ ഒന്നാമനെ പരാജയപ്പെടുത്തിയാണ്‌ പല്ലവന്മാര്‍ കാഞ്ചി കീഴടക്കിയതും കാഞ്ചിക്കു പല്ലവരാജസ്ഥാനപദവി നല്‌കിയതും. പല്ലവരുടെ കാലത്ത്‌ കാഞ്ചി "കാഞ്ചനപുര'മായിത്തീര്‍ന്നു. കാഞ്ചിയുടെ കാന്തികണ്ടു പല്ലവന്മാരെ ആക്രമിച്ചവരില്‍ പ്രമുഖന്മാരാണ്‌ പുലികേശി II, വിക്രമാദിത്യന്‍ I-ഉം, II-ഉം, കീര്‍ത്തി വര്‍മന്‍, രാഷ്‌ട്രകൂട രാജാവായ നന്ദിവര്‍മന്‍ തുടങ്ങിയവര്‍.

സിംഹവിഷ്‌ണു, മഹേന്ദ്രവര്‍മ പല്ലവന്‍ I, സിംഹവര്‍മ പല്ലവന്‍ II തുടങ്ങിയ പല്ലവരാജാക്കന്മാര്‍ കാഞ്ചിക്കുകീര്‍ത്തി നേടിക്കൊടുത്തു. സിംഹവിഷ്‌ണു ഹിന്ദുമതാനുയായി ആയിരുന്നെങ്കിലും പുത്രനായ സിംഹവര്‍മ പല്ലവന്‍ കുറച്ചുകാലം ജൈനമത വിശ്വാസിയാവുകയും പില്‌ക്കാലത്ത്‌ നാലു ശൈവമത ഗുരുക്കന്മാരില്‍ ഒരാളായ അപ്പര്‍സ്വാമികളുടെ ആത്മീയപ്രഭാവത്തില്‍ ആകൃഷ്‌ടനായി ശൈവമതം സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു.

മഹേന്ദ്രവര്‍മ പല്ലവന്‍ II (ഭ.കാ. 600-625) ആണ്‌ കാഞ്ചിയിലെ ശിലാക്ഷേത്ര നിര്‍മിതിക്കു നേതൃത്വം നല്‌കിയത്‌. ഇദ്ദേഹത്തിന്റെയും മറ്റു പല്ലവരാജാക്കന്മാരുടെയും കലാപോഷണോത്സുകതയുടെ ഉത്തമനിദര്‍ശനങ്ങളായി കാഞ്ചീക്ഷേത്രങ്ങള്‍ പരിലസിക്കുന്നു. ഇന്ത്യ സന്ദര്‍ശിച്ച ഹ്യുയാങ്‌സാങ്‌ (640) "കിഞ്ചിപുലോ' എന്ന പേരിലുള്ള ഒരു മഹാനഗരിയായി കാഞ്ചിയെ വര്‍ണിച്ചിട്ടുണ്ട്‌. സു. 11 കി.മീ. ചുറ്റളവില്‍ കോട്ട കെട്ടി സംരക്ഷിക്കപ്പെട്ടിരുന്ന ഈ നഗരത്തില്‍ ധാരാളം ഹൈന്ദവക്ഷേത്രങ്ങളും ബൗദ്ധവിഹാരങ്ങളും അശോകസ്‌തൂപങ്ങളും ഉണ്ടായിരുന്നുവെന്ന്‌ ഇദ്ദേഹം വിവരിക്കുന്നു. പല്ലവരെ പരാജയപ്പെടുത്തി അധികാരം വീണ്ടെടുത്ത (9-ാം ശ.) ചന്ദ്രചോഴന്‍ കാഞ്ചിയെ വീണ്ടും ചോഴമണ്ഡലത്തില്‍ ലയിപ്പിച്ചു. തുടര്‍ന്നുള്ള നാലു ശതകങ്ങള്‍ കാഞ്ചിയുടെ സാംസ്‌കാരിക പുരോഗതിയുടെ സുവര്‍ണദശയായിരുന്നു. കാഞ്ചിയെ ഒരു ക്ഷേത്രസങ്കേതമാക്കുന്നതില്‍ വലുതായ പങ്ക്‌ വഹിച്ചവരാണ്‌ രാജേന്ദ്ര ചോഴന്‍ I-ഉം കുലോത്തുംഗചോഴന്‍ I-ഉം. 13-ാം ശതകത്തില്‍ ഹോയ്‌സാല നരസിംഹന്‍ കാഞ്ചി തന്റെ അധീനതയിലാക്കി. മാലിക്‌ കാഫൂര്‍ (1310), ഭാമിനി ദളപതി, മുഹമ്മദ്‌ ഗവാന്‍, കപിലേശ്വര ഗജപതി തുടങ്ങിയവര്‍ കാഞ്ചി ആക്രമിച്ച്‌ ചോഴപാണ്ഡ്യ നിര്‍മിതികളായ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. 1336-ല്‍ കാഞ്ചി വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഹൈന്ദവസംസ്‌കാരത്തിന്റെ വിശ്രുതകേന്ദ്രമെന്ന നിലയ്‌ക്കുള്ള കാഞ്ചിയുടെ പുരോഗതിയില്‍ വിജയനഗര രാജാക്കന്മാരുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്‌. കൃഷ്‌ണദേവരായരുടെ (ഭ.കാ. 1509-30) കാലത്താണ്‌ ഇവിടത്തെ ഏറ്റവും വലിയ ഏകാംബരേശ്വരക്ഷേത്രം നവീകരിക്കപ്പെട്ടതും വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള വരദരാജ സ്വാമി വൈഷ്‌ണവക്ഷേത്രം നിര്‍മിക്കപ്പെട്ടതും. 1565 വരെ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാഞ്ചീപുരം ഇക്കാലത്ത്‌ വളരെയേറെ വികാസിച്ചു.

1646-ല്‍ മുസ്‌ലിം ആധിപത്യത്തിലായ കാഞ്ചി 1677-ല്‍ മഹാരാഷ്‌ട്രരുടെയും ഗോല്‍ക്കൊണ്ടയുടെയും, തുടര്‍ന്ന്‌ അറംഗസേബിന്റെയും കൈവശമായി. പിന്നീട്‌ അല്‌പകാലം കര്‍ണാട്ടിക്‌ നവാബുമാരും ഇവിടം ഭരിച്ചിരുന്നു. വേണാട്ടരചനായിരുന്ന സംഗ്രാമധീര രവിവര്‍മയും കാഞ്ചീപുരം കീഴടക്കുകയുണ്ടായി. ഇതിന്റെ സ്‌മരണയ്‌ക്കായി തിരുവനന്തപുരത്ത്‌ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച്‌ "കാഞ്ചീപുരം കൊണ്ടാന്‍ തിരുമഠം' എന്നൊരു മഠം പണികഴിപ്പിക്കുകയും "കാഞ്ചി കൊണ്ടാന്‍ പൂജ'യെന്ന പേരില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ നിത്യപൂജ ഏര്‍പ്പെടുത്തുകയും ചെയ്‌തു. 1752-ല്‍ റോബര്‍ട്ട്‌ ക്ലൈവ്‌ കാഞ്ചിയെ ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ലയിപ്പിച്ചു. പോണ്ടിച്ചേരി കേന്ദ്രമാക്കിയിരുന്ന ഫ്രഞ്ചുസൈന്യം 1757-ല്‍ രണ്ടു പ്രാവശ്യം സമീപപ്രദേശമായ കാഞ്ചി ആക്രമിക്കുകയും ക്ഷേത്രങ്ങള്‍ക്കും മറ്റും നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തു. 1768-ലും 80-ലും ഹൈദരാലിയും കാഞ്ചിക്ഷേത്രങ്ങള്‍ക്കു നാശനഷ്‌ടങ്ങളുണ്ടാക്കി. ബ്രിട്ടീഷ്‌ ഇന്ത്യയില്‍, മദ്രാസ്‌ പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്ന കാഞ്ചി സ്വാതന്ത്യ്രാനന്തരം തമിഴ്‌നാടിന്റെ ഭാഗമായിത്തീര്‍ന്നു. ഇന്ന്‌ കാഞ്ചീപുരം തമിഴ്‌നാട്ടിലെ ഒരു പ്രധാന തീര്‍ഥാടന, കാര്‍ഷിക, ഗതാഗത കേന്ദ്രമാണ്‌.

വരദരാജപ്പെരുമാള്‍ ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

ഏകാംബരേശ്വര ക്ഷേത്രം

ഭാരതത്തിലെ സപ്‌തമഹാക്ഷേത്രങ്ങളായ അയോധ്യ, മായ (ഗയ), മഥുര, കാശി, കാഞ്ചി, അവന്തിക, ദ്വാരവതി (ദ്വാരക) എന്നിവയില്‍ കാഞ്ചിക്ക്‌ പ്രഥമസ്ഥാനമുണ്ടായിരുന്നുവെന്ന്‌ "നഗരേഷുകാഞ്ചീ' തുടങ്ങിയുള്ള പ്രസ്‌താവങ്ങള്‍ വ്യക്തമാക്കുന്നു. സപ്‌തമഹാക്ഷേത്രങ്ങളില്‍ മൂന്നെണ്ണം ശൈവങ്ങളും മൂന്നെണ്ണം വൈഷ്‌ണവങ്ങളുമാണ്‌. എന്നാല്‍ കാഞ്ചീപുരത്തു മാത്രം വിഷ്‌ണുവിനും ശിവനും പ്രത്യേകം ക്ഷേത്രങ്ങളുണ്ട്‌ എന്നത്‌ ഒരു സവിശേഷതയാണ്‌.

വൈഷ്‌ണവര്‍ ഭക്തിപുരസ്സരം ദിവസേന മൂന്നു പ്രാവശ്യം സ്‌മരിക്കണമെന്നു രാമാനുജന്‍ വിധിച്ചിട്ടുള്ള മൂന്നു ദിവ്യസ്ഥാനങ്ങളാണ്‌ ശ്രീരംഗം, തിരുപ്പതി, കാഞ്ചീപുരം (പെരുമാള്‍ കോവില്‍) എന്നിവ. പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി ശിവലിംഗങ്ങള്‍ പ്രതിഷ്‌ഠിച്ചിട്ടുള്ള പൃഥിശൈവ-പഞ്ചമഹാക്ഷേത്രങ്ങളില്‍ ഒന്നാണ്‌ മൃത്‌ലിംഗ ക്ഷേത്രമായ ഏകാംബരേശ്വരക്ഷേത്രം (ഏകാമ്രശ്വരക്ഷേത്രം). ശ്രീശങ്കരന്‍ കൈലാസത്തുനിന്നു കൊണ്ടുവന്ന പഞ്ചമഹാലിംഗങ്ങളില്‍ ഒന്നാണ്‌ ഇവിടത്തെ യോഗലിംഗം എന്ന്‌ വിശ്വസിക്കപ്പെടുന്നു.

ദേവീഭാഗവതത്തില്‍ പ്രകീര്‍ത്തിക്കുന്ന അറുപത്തിനാലു ശക്തിപീഠങ്ങളില്‍ ഒന്ന്‌ കാഞ്ചിയിലെ അന്നപൂര്‍ണീപീഠമാണ്‌. തന്ത്രഗ്രന്ഥമായ ചിന്താമണിയില്‍ പറയുന്ന പഞ്ചഭൂതപീഠങ്ങളില്‍ ആകാശിപീഠം അഥവാ കാമക്കോട്ടം (കാമാക്ഷിക്ഷേത്രം), രുദ്രക്കോട്ടം (ഏകാംബരേശ്വരക്ഷേത്രം), പുണ്യക്കോട്ടം (വരദരാജപ്പെരുമാള്‍ ക്ഷേത്രം), കുമാരക്കോട്ടം (സുബ്രഹ്മണ്യക്ഷേത്രം) എന്നിങ്ങനെയുള്ള നാലു കോട്ടങ്ങളും മൂര്‍ത്തികള്‍ക്ക്‌ നാലിനും വെണ്ണേറെ സ്ഥാനങ്ങളും ഇവിടെയുണ്ട്‌.

ശ്രീബുദ്ധന്‍ പര്യടനത്തിനിടയില്‍ കാഞ്ചിയിലും എത്തിയിരുന്നുവെന്നു പറയപ്പെടുന്നു. ആന്ധ്ര, മഹാരാഷ്‌ട്ര, നാളന്ദ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ ബുദ്ധമതം പ്രചരിപ്പിച്ച ദിങ്‌നാഗനും കാന്റണില്‍ (ചൈന) എത്തിയെന്നു വിശ്വസിക്കപ്പെടുന്ന ബോധിധര്‍മനും നാളന്ദയിലെ ആചാര്യനും ബുദ്ധമതാചാര്യനെന്ന നിലയില്‍ ചൈനയിലും ജപ്പാനിലും പ്രശസ്‌തി നേടിയ വ്യക്തിയുമായ ധര്‍മപാലനും ചന്ദ്രഗുപ്‌തമൗര്യന്റെ മന്ത്രിയും അര്‍ഥശാസ്‌ത്ര കര്‍ത്താവുമായ ചാണക്യ(കൗടല്യ)നും കാഞ്ചിയിലാണ്‌ ജനിച്ചതെന്നു കരുതപ്പെടുന്നു.

തിരുപ്പരുത്തിക്കുന്‌റം എന്ന സ്ഥലത്തിന്‌ ജൈന കാഞ്ചി എന്നു പേരുണ്ടായതില്‍നിന്ന്‌ കാഞ്ചിയില്‍ ജൈനമതത്തിന്‌ കാര്യമായ പ്രചാരം സിദ്ധിച്ചിരുന്നു എന്ന്‌ കരുതേണ്ടിയിരിക്കുന്നു. കാഞ്ചീപുരം റെയില്‍വേസ്റ്റേഷനില്‍നിന്ന്‌ സു. മൂന്ന്‌ കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ജൈനകാഞ്ചിയില്‍ ചോഴരാജ കാലത്തു (10-11 ശ.) നിര്‍മിക്കപ്പെട്ട ജൈനക്ഷേത്രത്തില്‍ അനവധി ശിലാലിഖിതങ്ങളുണ്ട്‌.

ക്ഷേത്രങ്ങള്‍

കൈലാസനാഥ ക്ഷേത്രം

കാഞ്ചീപുരത്തുള്ള വിഷ്‌ണുക്ഷേത്രങ്ങളില്‍ വരദരാജപ്പെരുമാള്‍, യഥോക്തികാരിപ്പെരുമാള്‍, വിളക്കൊളിപ്പെരുമാള്‍ (വരദരാജ സ്വാമി വൈഷ്‌ണവക്ഷേത്രം), അഷ്‌ടഭുജപ്പെരുമാള്‍, വൈകുണ്‌ഠ പെരുമാള്‍, ഉലകളന്ത പെരുമാള്‍ എന്നിവയും ശിവക്ഷേത്രങ്ങളില്‍ ഏകാംബരേശ്വരം, കൈലാസനാഥം, കുമരക്കോട്ടം, സത്യവ്രതേശ്വരം തുടങ്ങിയവയുമാണ്‌ പ്രധാനപ്പെട്ടവ. കാഞ്ചിയിലെ കാമകോടിപീഠം ഏറ്റവും പ്രധാനപ്പെട്ട അഞ്ച്‌ ശ്രീശങ്കരപീഠങ്ങളില്‍ ഒന്നാണ്‌. ജ്യോതിര്‍മഠം (ബദരി), ഗോവര്‍ധന പീഠം (ജഗന്നാഥപുരി), ശാരദാപീഠം (ശൃംഗേരി), ശാരദാപീഠം (ദ്വാരക) എന്നിവയാണ്‌ മറ്റു ശ്രീശങ്കര പീഠങ്ങള്‍.

കാമാക്ഷികോവില്‍

ശൈവവൈഷ്‌ണവ ക്ഷേത്രങ്ങളെക്കാള്‍ പ്രാധാന്യമുള്ളതാണ്‌ കാമാക്ഷി(യമ്മന്‍)കോവില്‍. ഭക്തകോടികള്‍ക്ക്‌ പ്രിയങ്കരിയായ ശ്രീ പാര്‍വതിയാണ്‌ കാഞ്ചിയിലെ കാമാക്ഷി. കാശിയില്‍ വിശാലാക്ഷി വിശ്വനാഥനോടൊപ്പവും മധുരയില്‍ മീനാക്ഷി സുന്ദരേശ്വരസമേതയായുമായാണ്‌ സ്ഥിതിചെയ്യുന്നത്‌; എന്നാല്‍ കാമാക്ഷി ക്ഷേത്രത്തില്‍ പാര്‍വതി ഒറ്റയ്‌ക്കേയുള്ളൂ.

പഞ്ചഭൂതശക്തി പീഠങ്ങളിലൊന്നായ ആകാശ-ശക്തി-പീഠമാണ്‌ കാഞ്ചി. ഇവിടെ പിലാകാശം (ബിലാകാശം), ശ്രീചക്രം, മൂലകാമാക്ഷി, തപകാമാക്ഷി, ബങ്കാരു കാമാക്ഷി എന്നിങ്ങനെ അഞ്ച്‌ കാമാക്ഷിമാരുണ്ട്‌; ബങ്കാരു കാമാക്ഷി സ്വര്‍ണനിര്‍മിതമായ ഉത്സവവിഗ്രഹമാണ്‌. ആദിശങ്കരന്‍ പ്രതിഷ്‌ഠിച്ചതെന്നു കരുതപ്പെടുന്ന ശ്രീചക്രത്തിനാണ്‌ പൂജയും അര്‍ച്ചനയും മറ്റും നടത്തപ്പെടുന്നത്‌. മുസ്‌ലിം ആക്രമണകാലത്ത്‌ ഉടയാര്‍ പാളയത്തേക്കു മാറ്റിയ ബങ്കാരു കാമാക്ഷിവിഗ്രഹത്തെ തഞ്ചാവൂര്‍ രാജാവ്‌ പിന്നീട്‌ ഈ പട്ടണമധ്യത്തില്‍ ഒരു ക്ഷേത്രം പണിയിച്ചു പ്രതിഷ്‌ഠിക്കുകയുണ്ടായി. സ്വരൂപലക്ഷ്‌മി, അരൂപലക്ഷ്‌മി, അന്നപൂര്‍ണി, ധര്‍മശാസ്‌താവ്‌ തുടങ്ങിയവര്‍ കാമാക്ഷിയുടെ സവിധത്തിലുണ്ട്‌. ആദിശങ്കരാചാര്യസ്വാമികളെ ആദ്യമായി പ്രതിഷ്‌ഠിച്ചതും ഇവിടെയാണ്‌.

കാഞ്ചി-ശിവക്ഷേത്രങ്ങളിലൊന്നിലും ദേവീപ്രതിഷ്‌ഠയില്ല. കാഞ്ചിയിലെ സകല ക്ഷേത്രങ്ങളുടെയും പ്രധാന കവാടം പട്ടണമധ്യത്ത്‌ ഉപവിഷ്‌ഠയായിരിക്കുന്ന സര്‍വശക്തയും സര്‍വംഹരയുമായ കാമാക്ഷിക്ക്‌ അഭിമുഖമായാണ്‌ പണിയിച്ചിരിക്കുന്നത്‌. ഇവിടത്തെ എല്ലാ ക്ഷേത്രങ്ങളിലും നിന്നുള്ള എഴുന്നള്ളിപ്പുകള്‍ കാമാക്ഷിയെ പ്രദക്ഷിണം വച്ചാണ്‌ പോകുന്നത്‌. ബലരാമനും അഗസ്‌ത്യമുനിയും കാമാക്ഷിയെക്കണ്ടു വണങ്ങിയതായി ഭാഗവതത്തിലും ലളിതോപാഖ്യാനത്തിലും സൂചനകളുണ്ട്‌. സൗന്ദര്യലഹരിയില്‍ ശങ്കരാചാര്യരും ചിലപ്പതികാരത്തില്‍ ഇളങ്കോ അടികളും കാമാക്ഷിയെ സ്‌തുതിച്ചു പാടുന്നുണ്ട്‌.

ചിത്രഗുപ്‌തക്ഷേത്രം

ശൈവ-വൈഷ്‌ണവ ക്ഷേത്ര വിഭാഗങ്ങളില്‍പ്പെടാത്ത ഒരു ഹൈന്ദവക്ഷേത്രമാണിത്‌. വൈകുണ്‌ഠനാഥക്ഷേത്രങ്ങള്‍ക്കും കൈലസനാഥക്ഷേത്രങ്ങള്‍ക്കും ഇടയ്‌ക്ക്‌ സ്ഥിതിചെയ്യുന്ന ചിത്രഗുപ്‌തക്ഷേത്രം യമന്റെ മന്ത്രിയായ ചിത്രഗുപ്‌തനെ പ്രതിഷ്‌ഠിച്ചിട്ടുള്ള ഒരപൂര്‍വ ക്ഷേത്രമാണ്‌. ഇതിന്റെ ശില്‌പി ചോഴമണ്ഡലത്തില്‍ ജീവിച്ചിരുന്ന തുലാഭാരമണ്ഡപം കനകരായര്‍ ആണെന്നാണ്‌ വിശ്വാസം. മേടമാസത്തിലെ പൗര്‍ണമി നാളില്‍ ഇവിടെ വിശേഷാല്‍ പൂജകളും തിരുക്കല്യാണമഹോത്സവവും നടത്തപ്പെടുന്നു.

ശിവക്ഷേത്രങ്ങള്‍

കാഞ്ചീപുരത്തൊട്ടാകെ 108 ശിവക്ഷേത്രങ്ങളുണ്ട്‌. കാഞ്ചിയിലെ അതിപ്രാചീനമായ ശിവക്ഷേത്രങ്ങളിലൊന്നാണ്‌ ഏകാംബരേശ്വര(ഏകാമ്രശ്വര)ക്ഷേത്രം. പല്ലവ-വിജയനഗര രാജാക്കന്മാരുടെ കാലത്തു നവീകരിക്കപ്പെട്ടതാണ്‌ ഈ ക്ഷേത്രം. പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള പഞ്ചമഹാക്ഷേത്രങ്ങളില്‍ (ജംബുകേശ്വരം, ചിദംബരം, കാളഹസ്‌തി, തിരുവണ്ണാമല, ഏകാംബരേശ്വരം) മണ്ണുകൊണ്ടുള്ള ശിവലിംഗ പ്രതിഷ്‌ഠ ഇവിടെ മാത്രമാണുള്ളത്‌; തന്മൂലം ഇവിടെ അഭിഷേകം നടത്താറില്ല. കൃഷ്‌ണദേവരായരുടെകാലത്ത്‌ നിര്‍മിക്കപ്പെട്ട ക്ഷേത്രഗോപുരത്തിന്‌ 57 മീ. ഉയരമുണ്ട്‌. കാഞ്ചിയിലെ ഏറ്റവും ഉയരംകൂടിയ ക്ഷേത്രഗോപുരവും ഇതുതന്നെയാണ്‌. വിജയനഗരസാമ്രാജ്യകാലത്തെ നിര്‍മിതികളായ കരികാല ചോഴന്‍, ദഹനമൂര്‍ത്തി എന്നിവരുടെ രൂപങ്ങള്‍; ആയിരംകാല്‍ മണ്ഡപം; നൂറ്റുകാല്‍ മണ്ഡപം തുടങ്ങിയവ ഈ ക്ഷേത്രത്തെ ശില്‌പകലാസുഭഗമാക്കുന്നു.

ക്ഷേത്രവളപ്പിനുള്ളിലെ നാലു ശാഖകളുള്ള മാവിന്റെ ഓരോ ശാഖയില്‍നിന്നും ലഭിക്കുന്ന മാമ്പഴങ്ങള്‍ വ്യത്യസ്‌ത രുചിയുള്ളവയാണെന്ന്‌ പറയപ്പെടുന്നു. ശിവലിംഗം മാറോടണച്ചു പിടിച്ചിരിക്കുന്ന പാര്‍വതിയുടെ ഒരപൂര്‍വ വിഗ്രഹം ഈ മാവിന്‍ചുവട്ടിലുണ്ട്‌. ഒന്നില്‍ 1,008 ശിവലിംഗങ്ങളും മറ്റൊന്നില്‍ 108 ശിവലിംഗങ്ങളും കൊത്തിയിട്ടുള്ള രണ്ട്‌ ഒറ്റക്കല്‍ ശില്‌പങ്ങളും ഇവിടെക്കാണാം.

ദാക്ഷിണാത്യക്ഷേത്ര നിര്‍മാണകലയുടെ ഉത്തമനിദര്‍ശനമാണ്‌, എല്ലോറയിലെ കൈലാസക്ഷേത്രത്തെ അനുസ്‌മരിപ്പിക്കുന്ന കൈലാസനാഥക്ഷേത്രം. ഈ ക്ഷേത്രത്തിലെ അര്‍ധനാരീശ്വരരൂപം അനുപമമാണ്‌. നരസിംഹന്‍ II എന്ന രാജസിംഹപല്ലവന്‍ പണിയിച്ചതായതുകൊണ്ട്‌ (670) ഈ ക്ഷേത്രം "രാജസിംഹേശ്വരം' എന്നപേരിലും അറിയപ്പെടുന്നു. ഗര്‍ഭഗൃഹത്തിലും മറ്റുമുള്ള സ്‌തൂപികകള്‍, വലുപ്പം കുറഞ്ഞ അര്‍ധകുംഭങ്ങള്‍, സൂച്യഗ്രഗോപുരങ്ങള്‍ മുതലായവ ക്ഷേത്രത്തിന്‌ ഒരു സങ്കീര്‍ണ പ്രകൃതി നേടിക്കൊടുക്കുന്നുണ്ട്‌. മഹേന്ദ്രവര്‍മ പല്ലവന്‍ പണിയിച്ച "മഹേേന്ദ്രശ്വരം' എന്നൊരു ചെറിയ ശിവാലയവും ഇവിടെയുണ്ട്‌.

കാമക്കോട്ടത്തിനു പടിഞ്ഞാറാണ്‌ കുമരക്കോട്ടം (സുബ്രഹ്മണ്യക്ഷേത്രം) സ്ഥിതിചെയ്യുന്നത്‌. പ്രണവത്തിന്റെ പൊരുളറിയാത്ത ബ്രഹ്മാവിനെ കാരാഗൃഹത്തിലടച്ച ബാലമുരുകന്‍, അദ്ദേഹത്തെ മോചിപ്പിക്കാനുള്ള പരമശിവന്റെ ശാസനം ലംഘിച്ചതിനു പ്രായശ്ചിത്തമായി കൈലാസനാഥനെ തപസ്സുചെയ്‌ത സ്ഥലത്താണ്‌ ഈ ക്ഷേത്രം പണിതിട്ടുള്ളതെന്നു വിശ്വസിക്കപ്പെടുന്നു. സ്‌കന്ദപുരാണ കര്‍ത്താവായ കച്ചിയപ്പ ശിവാചാര്യര്‍ കുമരക്കോട്ടത്തെ പൂജാരിയായിരുന്നു.

വിഷ്‌ണുക്ഷേത്രങ്ങള്‍

കാഞ്ചിയില്‍ പതിനെട്ട്‌ വിഷ്‌ണുക്ഷേത്രങ്ങളുണ്ട്‌. ഇവ പൊതുവേ പെരുമാള്‍ ക്ഷേത്രങ്ങളെന്നാണറിയപ്പെടുന്നത്‌. വലുപ്പത്തില്‍ കാഞ്ചിയിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനം വഹിക്കുന്ന വരദരാജപ്പെരുമാള്‍ക്ഷേത്രം ഹസ്‌തഗിരി (ആനമല) എന്നൊരു ചെറുകുന്നിന്റെ നെറുകയില്‍ സ്ഥിതിചെയ്യുന്നു. സാധാരണ വിഷ്‌ണുക്ഷേത്രങ്ങളിലേതിനു വിപരീതമായി പശ്ചിമാസ്യമായിട്ടാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ. ഈ ക്ഷേത്രത്തിനുള്ളിലെ സു. 360 മീ. നീളവും 240 മീ. വീതിയുമുള്ള നൂറ്റുകാല്‍ മണ്ഡപം കലാവൈശിഷ്‌ട്യം നിറഞ്ഞതാണ്‌. ക്ഷേത്രത്തിലെ രണ്ട്‌ ഉത്തുംഗ ഗോപുരങ്ങള്‍ വെങ്കിടന്‍ I, വെങ്കിടപതി രാജ II എന്നീ വിജയനഗര രാജാക്കന്മാരാണ്‌ പണിയിച്ചത്‌ (16-17 ശ.). ക്ഷേത്രത്തില്‍ ഈ മണ്ഡപം നിര്‍മിച്ചതും വിമാനത്തിനു തങ്കം പൂശിച്ചതും സംസ്‌കൃത-തമിഴ്‌ ശിലാലിഖിതങ്ങള്‍ ക്ഷേത്രത്തില്‍ കൊത്തിച്ചതും രാജഗുരുവും ക്ഷേത്രത്തിലെ ശ്രീകാര്യക്കാരുമായിരുന്ന ശ്രീകോടി കന്യകാദാനം ലക്ഷ്‌മീകുമാര താതാദേശികന്‍ ആണ്‌. രാമാനുജരുടെ വിശിഷ്‌ടാദ്വൈതസിദ്ധാന്തത്തിന്റെ അന്തസ്സത്ത ഈ ലിഖിതങ്ങളില്‍ പ്രകടമായിക്കാണാം.

ഇവിടെ അനന്തതീര്‍ഥം, പൊല്‍ത്താമര, ബ്രഹ്മതീര്‍ഥം എന്നിങ്ങനെ മൂന്നു തീര്‍ഥങ്ങളുമുണ്ട്‌. ഹൈദരാബാദ്‌ നൈസാമിന്റെ നിര്‍ദേശാനുസരണം നടയ്‌ക്കുവച്ച മകരകണ്‌ഠിമാല, ക്ലൈവ്‌ പ്രഭു നടയ്‌ക്കുവച്ച നവരത്‌ന മകരകണ്‌ഠിമാല, ബ്രിട്ടീഷുകാര്‍ നടയ്‌ക്കു വച്ച സ്വര്‍ണാഭരണങ്ങള്‍, പ്രദക്ഷിണവീഥിയിലെ സ്വര്‍ണത്തിലുള്ള പല്ലിയുടെ രൂപം (ബങ്കാരു പല്ലി) എന്നിവ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. വൈശാഖമാസത്തിലെ ബ്രഹ്മോത്സവമാണ്‌ ഇവിടത്തെ പ്രധാന ആഘോഷം.

പരമേശ്വരവര്‍മ പല്ലവന്റെ ഓര്‍മയ്‌ക്കായി നിര്‍മിക്കപ്പെട്ട പ്രസിദ്ധമായ വൈകുണ്‌ഠപ്പെരുമാള്‍ ക്ഷേത്രത്തില്‍ പല്ലവവാഴ്‌ചക്കാലത്തെ പല സംഭവങ്ങളും കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്‌.

കാമാക്ഷികോവില്‍

ശൈവവൈഷ്‌ണവ ക്ഷേത്രങ്ങളെക്കാള്‍ പ്രാധാന്യമുള്ളതാണ്‌ കാമാക്ഷി(യമ്മന്‍)കോവില്‍. ഭക്തകോടികള്‍ക്ക്‌ പ്രിയങ്കരിയായ ശ്രീ പാര്‍വതിയാണ്‌ കാഞ്ചിയിലെ കാമാക്ഷി. കാശിയില്‍ വിശാലാക്ഷി വിശ്വനാഥനോടൊപ്പവും മധുരയില്‍ മീനാക്ഷി സുന്ദരേശ്വരസമേതയായുമായാണ്‌ സ്ഥിതിചെയ്യുന്നത്‌; എന്നാല്‍ കാമാക്ഷി ക്ഷേത്രത്തില്‍ പാര്‍വതി ഒറ്റയ്‌ക്കേയുള്ളൂ. പഞ്ചഭൂതശക്തി പീഠങ്ങളിലൊന്നായ ആകാശ-ശക്തി-പീഠമാണ്‌ കാഞ്ചി. ഇവിടെ പിലാകാശം (ബിലാകാശം), ശ്രീചക്രം, മൂലകാമാക്ഷി, തപകാമാക്ഷി, ബങ്കാരു കാമാക്ഷി എന്നിങ്ങനെ അഞ്ച്‌ കാമാക്ഷിമാരുണ്ട്‌; ബങ്കാരു കാമാക്ഷി സ്വര്‍ണനിര്‍മിതമായ ഉത്സവവിഗ്രഹമാണ്‌. ആദിശങ്കരന്‍ പ്രതിഷ്‌ഠിച്ചതെന്നു കരുതപ്പെടുന്ന ശ്രീചക്രത്തിനാണ്‌ പൂജയും അര്‍ച്ചനയും മറ്റും നടത്തപ്പെടുന്നത്‌. മുസ്‌ലിം ആക്രമണകാലത്ത്‌ ഉടയാര്‍ പാളയത്തേക്കു മാറ്റിയ ബങ്കാരു കാമാക്ഷിവിഗ്രഹത്തെ തഞ്ചാവൂര്‍ രാജാവ്‌ പിന്നീട്‌ ഈ പട്ടണമധ്യത്തില്‍ ഒരു ക്ഷേത്രം പണിയിച്ചു പ്രതിഷ്‌ഠിക്കുകയുണ്ടായി. സ്വരൂപലക്ഷ്‌മി, അരൂപലക്ഷ്‌മി, അന്നപൂര്‍ണി, ധര്‍മശാസ്‌താവ്‌ തുടങ്ങിയവര്‍ കാമാക്ഷിയുടെ സവിധത്തിലുണ്ട്‌. ആദിശങ്കരാചാര്യസ്വാമികളെ ആദ്യമായി പ്രതിഷ്‌ഠിച്ചതും ഇവിടെയാണ്‌.

കാഞ്ചി-ശിവക്ഷേത്രങ്ങളിലൊന്നിലും ദേവീപ്രതിഷ്‌ഠയില്ല. കാഞ്ചിയിലെ സകല ക്ഷേത്രങ്ങളുടെയും പ്രധാന കവാടം പട്ടണമധ്യത്ത്‌ ഉപവിഷ്‌ഠയായിരിക്കുന്ന സര്‍വശക്തയും സര്‍വംഹരയുമായ കാമാക്ഷിക്ക്‌ അഭിമുഖമായാണ്‌ പണിയിച്ചിരിക്കുന്നത്‌. ഇവിടത്തെ എല്ലാ ക്ഷേത്രങ്ങളിലും നിന്നുള്ള എഴുന്നള്ളിപ്പുകള്‍ കാമാക്ഷിയെ പ്രദക്ഷിണം വച്ചാണ്‌ പോകുന്നത്‌. ബലരാമനും അഗസ്‌ത്യമുനിയും കാമാക്ഷിയെക്കണ്ടു വണങ്ങിയതായി ഭാഗവതത്തിലും ലളിതോപാഖ്യാനത്തിലും സൂചനകളുണ്ട്‌. സൗന്ദര്യലഹരിയില്‍ ശങ്കരാചാര്യരും ചിലപ്പതികാരത്തില്‍ ഇളങ്കോ അടികളും കാമാക്ഷിയെ സ്‌തുതിച്ചു പാടുന്നുണ്ട്‌.

ചിത്രഗുപ്‌തക്ഷേത്രം

ശൈവ-വൈഷ്‌ണവ ക്ഷേത്ര വിഭാഗങ്ങളില്‍പ്പെടാത്ത ഒരു ഹൈന്ദവക്ഷേത്രമാണിത്‌. വൈകുണ്‌ഠനാഥക്ഷേത്രങ്ങള്‍ക്കും കൈലസനാഥക്ഷേത്രങ്ങള്‍ക്കും ഇടയ്‌ക്ക്‌ സ്ഥിതിചെയ്യുന്ന ചിത്രഗുപ്‌തക്ഷേത്രം യമന്റെ മന്ത്രിയായ ചിത്രഗുപ്‌തനെ പ്രതിഷ്‌ഠിച്ചിട്ടുള്ള ഒരപൂര്‍വ ക്ഷേത്രമാണ്‌. ഇതിന്റെ ശില്‌പി ചോഴമണ്ഡലത്തില്‍ ജീവിച്ചിരുന്ന തുലാഭാരമണ്ഡപം കനകരായര്‍ ആണെന്നാണ്‌ വിശ്വാസം. മേടമാസത്തിലെ പൗര്‍ണമി നാളില്‍ ഇവിടെ വിശേഷാല്‍ പൂജകളും തിരുക്കല്യാണമഹോത്സവവും നടത്തപ്പെടുന്നു.

ശിവക്ഷേത്രങ്ങള്‍

കാഞ്ചീപുരത്തൊട്ടാകെ 108 ശിവക്ഷേത്രങ്ങളുണ്ട്‌. കാഞ്ചിയിലെ അതിപ്രാചീനമായ ശിവക്ഷേത്രങ്ങളിലൊന്നാണ്‌ ഏകാംബരേശ്വര(ഏകാമ്രശ്വര)ക്ഷേത്രം. പല്ലവ-വിജയനഗര രാജാക്കന്മാരുടെ കാലത്തു നവീകരിക്കപ്പെട്ടതാണ്‌ ഈ ക്ഷേത്രം. പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള പഞ്ചമഹാക്ഷേത്രങ്ങളില്‍ (ജംബുകേശ്വരം, ചിദംബരം, കാളഹസ്‌തി, തിരുവണ്ണാമല, ഏകാംബരേശ്വരം) മണ്ണുകൊണ്ടുള്ള ശിവലിംഗ പ്രതിഷ്‌ഠ ഇവിടെ മാത്രമാണുള്ളത്‌; തന്മൂലം ഇവിടെ അഭിഷേകം നടത്താറില്ല. കൃഷ്‌ണദേവരായരുടെകാലത്ത്‌ നിര്‍മിക്കപ്പെട്ട ക്ഷേത്രഗോപുരത്തിന്‌ 57 മീ. ഉയരമുണ്ട്‌. കാഞ്ചിയിലെ ഏറ്റവും ഉയരംകൂടിയ ക്ഷേത്രഗോപുരവും ഇതുതന്നെയാണ്‌. വിജയനഗരസാമ്രാജ്യകാലത്തെ നിര്‍മിതികളായ കരികാല ചോഴന്‍, ദഹനമൂര്‍ത്തി എന്നിവരുടെ രൂപങ്ങള്‍; ആയിരംകാല്‍ മണ്ഡപം; നൂറ്റുകാല്‍ മണ്ഡപം തുടങ്ങിയവ ഈ ക്ഷേത്രത്തെ ശില്‌പകലാസുഭഗമാക്കുന്നു.

ക്ഷേത്രവളപ്പിനുള്ളിലെ നാലു ശാഖകളുള്ള മാവിന്റെ ഓരോ ശാഖയില്‍നിന്നും ലഭിക്കുന്ന മാമ്പഴങ്ങള്‍ വ്യത്യസ്‌ത രുചിയുള്ളവയാണെന്ന്‌ പറയപ്പെടുന്നു. ശിവലിംഗം മാറോടണച്ചു പിടിച്ചിരിക്കുന്ന പാര്‍വതിയുടെ ഒരപൂര്‍വ വിഗ്രഹം ഈ മാവിന്‍ചുവട്ടിലുണ്ട്‌. ഒന്നില്‍ 1,008 ശിവലിംഗങ്ങളും മറ്റൊന്നില്‍ 108 ശിവലിംഗങ്ങളും കൊത്തിയിട്ടുള്ള രണ്ട്‌ ഒറ്റക്കല്‍ ശില്‌പങ്ങളും ഇവിടെക്കാണാം. ദാക്ഷിണാത്യക്ഷേത്ര നിര്‍മാണകലയുടെ ഉത്തമനിദര്‍ശനമാണ്‌, എല്ലോറയിലെ കൈലാസക്ഷേത്രത്തെ അനുസ്‌മരിപ്പിക്കുന്ന കൈലാസനാഥക്ഷേത്രം. ഈ ക്ഷേത്രത്തിലെ അര്‍ധനാരീശ്വരരൂപം അനുപമമാണ്‌. നരസിംഹന്‍ II എന്ന രാജസിംഹപല്ലവന്‍ പണിയിച്ചതായതുകൊണ്ട്‌ (670) ഈ ക്ഷേത്രം "രാജസിംഹേശ്വരം' എന്നപേരിലും അറിയപ്പെടുന്നു. ഗര്‍ഭഗൃഹത്തിലും മറ്റുമുള്ള സ്‌തൂപികകള്‍, വലുപ്പം കുറഞ്ഞ അര്‍ധകുംഭങ്ങള്‍, സൂച്യഗ്രഗോപുരങ്ങള്‍ മുതലായവ ക്ഷേത്രത്തിന്‌ ഒരു സങ്കീര്‍ണ പ്രകൃതി നേടിക്കൊടുക്കുന്നുണ്ട്‌. മഹേന്ദ്രവര്‍മ പല്ലവന്‍ പണിയിച്ച "മഹേേന്ദ്രശ്വരം' എന്നൊരു ചെറിയ ശിവാലയവും ഇവിടെയുണ്ട്‌.

കാമക്കോട്ടത്തിനു പടിഞ്ഞാറാണ്‌ കുമരക്കോട്ടം (സുബ്രഹ്മണ്യക്ഷേത്രം) സ്ഥിതിചെയ്യുന്നത്‌. പ്രണവത്തിന്റെ പൊരുളറിയാത്ത ബ്രഹ്മാവിനെ കാരാഗൃഹത്തിലടച്ച ബാലമുരുകന്‍, അദ്ദേഹത്തെ മോചിപ്പിക്കാനുള്ള പരമശിവന്റെ ശാസനം ലംഘിച്ചതിനു പ്രായശ്ചിത്തമായി കൈലാസനാഥനെ തപസ്സുചെയ്‌ത സ്ഥലത്താണ്‌ ഈ ക്ഷേത്രം പണിതിട്ടുള്ളതെന്നു വിശ്വസിക്കപ്പെടുന്നു. സ്‌കന്ദപുരാണ കര്‍ത്താവായ കച്ചിയപ്പ ശിവാചാര്യര്‍ കുമരക്കോട്ടത്തെ പൂജാരിയായിരുന്നു.

വിഷ്‌ണുക്ഷേത്രങ്ങള്‍

കാഞ്ചിയില്‍ പതിനെട്ട്‌ വിഷ്‌ണുക്ഷേത്രങ്ങളുണ്ട്‌. ഇവ പൊതുവേ പെരുമാള്‍ ക്ഷേത്രങ്ങളെന്നാണറിയപ്പെടുന്നത്‌. വലുപ്പത്തില്‍ കാഞ്ചിയിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനം വഹിക്കുന്ന വരദരാജപ്പെരുമാള്‍ക്ഷേത്രം ഹസ്‌തഗിരി (ആനമല) എന്നൊരു ചെറുകുന്നിന്റെ നെറുകയില്‍ സ്ഥിതിചെയ്യുന്നു. സാധാരണ വിഷ്‌ണുക്ഷേത്രങ്ങളിലേതിനു വിപരീതമായി പശ്ചിമാസ്യമായിട്ടാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ. ഈ ക്ഷേത്രത്തിനുള്ളിലെ സു. 360 മീ. നീളവും 240 മീ. വീതിയുമുള്ള നൂറ്റുകാല്‍ മണ്ഡപം കലാവൈശിഷ്‌ട്യം നിറഞ്ഞതാണ്‌. ക്ഷേത്രത്തിലെ രണ്ട്‌ ഉത്തുംഗ ഗോപുരങ്ങള്‍ വെങ്കിടന്‍ I, വെങ്കിടപതി രാജ II എന്നീ വിജയനഗര രാജാക്കന്മാരാണ്‌ പണിയിച്ചത്‌ (16-17 ശ.). ക്ഷേത്രത്തില്‍ ഈ മണ്ഡപം നിര്‍മിച്ചതും വിമാനത്തിനു തങ്കം പൂശിച്ചതും സംസ്‌കൃത-തമിഴ്‌ ശിലാലിഖിതങ്ങള്‍ ക്ഷേത്രത്തില്‍ കൊത്തിച്ചതും രാജഗുരുവും ക്ഷേത്രത്തിലെ ശ്രീകാര്യക്കാരുമായിരുന്ന ശ്രീകോടി കന്യകാദാനം ലക്ഷ്‌മീകുമാര താതാദേശികന്‍ ആണ്‌. രാമാനുജരുടെ വിശിഷ്‌ടാദ്വൈതസിദ്ധാന്തത്തിന്റെ അന്തസ്സത്ത ഈ ലിഖിതങ്ങളില്‍ പ്രകടമായിക്കാണാം.

ഇവിടെ അനന്തതീര്‍ഥം, പൊല്‍ത്താമര, ബ്രഹ്മതീര്‍ഥം എന്നിങ്ങനെ മൂന്നു തീര്‍ഥങ്ങളുമുണ്ട്‌. ഹൈദരാബാദ്‌ നൈസാമിന്റെ നിര്‍ദേശാനുസരണം നടയ്‌ക്കുവച്ച മകരകണ്‌ഠിമാല, ക്ലൈവ്‌ പ്രഭു നടയ്‌ക്കുവച്ച നവരത്‌ന മകരകണ്‌ഠിമാല, ബ്രിട്ടീഷുകാര്‍ നടയ്‌ക്കു വച്ച സ്വര്‍ണാഭരണങ്ങള്‍, പ്രദക്ഷിണവീഥിയിലെ സ്വര്‍ണത്തിലുള്ള പല്ലിയുടെ രൂപം (ബങ്കാരു പല്ലി) എന്നിവ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. വൈശാഖമാസത്തിലെ ബ്രഹ്മോത്സവമാണ്‌ ഇവിടത്തെ പ്രധാന ആഘോഷം.

പരമേശ്വരവര്‍മ പല്ലവന്റെ ഓര്‍മയ്‌ക്കായി നിര്‍മിക്കപ്പെട്ട പ്രസിദ്ധമായ വൈകുണ്‌ഠപ്പെരുമാള്‍ ക്ഷേത്രത്തില്‍ പല്ലവവാഴ്‌ചക്കാലത്തെ പല സംഭവങ്ങളും കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്‌.

കാഞ്ചീപുരം പട്ട്‌ കൈത്തറി വ്യവസായം

കാഞ്ചീപുരം പട്ട്‌ കൈത്തറിവ്യവസായം നഗരത്തിന്റെ സമ്പദ്‌ഘടനയെ നിര്‍ണായകമായി സ്വാധീനിക്കുന്നു. 400-ഓളം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇവിടെ വാസമുറപ്പിച്ച ഏതാനും കുടുംബങ്ങളാരംഭിച്ച ഈ പരമ്പരാഗത വ്യവസായത്തെ ആശ്രയിക്കുന്ന 5000-ത്തിലേറെ കുടുംബങ്ങള്‍ ഇന്നുണ്ട്‌. 2010-ല്‍ കാഞ്ചീപുരം സാരികള്‍ക്ക്‌ ഭൂപ്രദേശസൂചകപദവി (Geographical Index) ലഭിച്ചു. കൂടാതെ, വ്യാജനിര്‍മാണം തടയുന്ന സെക്യൂരിറ്റി പ്രാട്ടോകോള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഉത്‌പന്നമാണ്‌ കാഞ്ചീപുരം സാരികള്‍. ഇതനുസരിച്ച്‌ വ്യാജനിര്‍മിതി നടത്തുന്നവര്‍ക്ക്‌ ജയില്‍ശിക്ഷയും പിഴയും ചുമത്താവുന്നതാണ്‌.

സ്വാതന്ത്ര്യ ലബ്‌ധിക്കു മുമ്പുള്ള കാഞ്ചീപുരം നെയ്‌ത്തുകാരുടെ ജീവിതത്തെ ആസ്‌പദമാക്കി മലയാളിയായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത "കാഞ്ചീവരം' എന്ന തമിഴ്‌ ചലച്ചിത്രത്തിന്‌ 2008-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍