This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ചനസീത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഞ്ചനസീത

സി.എന്‍. ശ്രീകണ്‌ഠന്‍നായര്‍

ഭവഭൂതിയുടെ ഉത്തരരാമചരിതപ്രാക്തമായ കഥാംശത്തെ ഇതിവൃത്തമാക്കി സി.എന്‍. ശ്രീകണ്‌ഠന്‍നായര്‍ രചിച്ച (1961) മലയാള നാടകം.

സീതാപരിത്യാഗത്തിനു ശേഷം പന്ത്രണ്ടു വര്‍ഷം പിന്നിട്ട അയോധ്യയില്‍ ആരംഭിച്ച്‌ നൈമിശാരണ്യത്തിലെ അശ്വമേധയാഗഭൂമിയില്‍ അവസാനിക്കുന്ന നാടകത്തിന്റെ ഇതിവൃത്തം നാല്‌ അങ്കങ്ങളിലായി നിബന്ധിച്ചിരിക്കുന്നു.

ദിഗ്വിജയം കഴിഞ്ഞ, അയോധ്യാധിപതിയായ രാമന്‍ ആര്യോചിതമായ അശ്വമേധയാഗം നടത്തണമെന്ന കുലഗുരു വസിഷ്‌ഠന്റെ നിര്‍ദേശം സ്വീകരിക്കുന്നു. എന്നാല്‍ അധ്വരശാലയില്‍ രാജാവ്‌ പത്‌നീസമേതനായിരിക്കണമെന്നാണ്‌ യാഗവിധി. പക്ഷേ, രാമപത്‌നി പന്ത്രണ്ടു വര്‍ഷം മുമ്പേ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. പുനര്‍വിവാഹം കഴിക്കാന്‍ കുലഗുരു ഉപദേശിച്ചുവെങ്കിലും രാമന്‍ അതിന്‌ കൂട്ടാക്കുന്നില്ല. അധ്വരശാലയില്‍ രാമന്റെ വാമഭാഗത്ത്‌ സീതയുടെ കാഞ്ചനവിഗ്രഹം പ്രതിഷ്‌ഠിച്ച്‌ യാഗം നടത്താന്‍ തീരുമാനിക്കുന്നു.

സീതാനിര്‍വാസത്തില്‍ പ്രതിഷേധിച്ച്‌ പന്ത്രണ്ടു വര്‍ഷം മുമ്പ്‌ അയോധ്യ ഉപേക്ഷിച്ചു പോയ ഭരതന്‍ രാമന്റെ ക്ഷണപ്രകാരം യാഗത്തില്‍ പങ്കുകൊള്ളാനെത്തുന്നു. ധര്‍മദാരങ്ങളെ കാട്ടിലെറിഞ്ഞ രാജനീതിയുടെ കാര്‍ക്കശ്യത്തിനെതിരായി മനുഷ്യധര്‍മത്തിന്റെ വാളോങ്ങുന്ന ഭരതനും, "സ്‌നേഹത്തിന്റെ വിരാമത്തില്‍ ആരംഭിക്കുന്ന രാജധര്‍മ'ത്തിന്റെ തടവുകാരനായ രാമനും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ രണ്ടാമങ്കത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌.

അഴിച്ചുവിട്ട യാഗാശ്വത്തെ വാല്‌മീകിയുടെ തപോവനത്തില്‍വച്ച്‌ ലവകുശന്മാര്‍ ബന്ധിക്കുന്നു. വാല്‌മീകിയുടെയും സീതയുടെയും ഉപദേശപ്രകാരം കുതിരയെ മോചിപ്പിക്കുന്നു.

അശ്വമേധയാഗം കാണാന്‍ വാല്‌മീകിയോടൊപ്പം സീതയും ലവകുശന്മാരും നൈമിശാരണ്യത്തിലെത്തുന്നു. ലവകുശന്മാരുടെ രാമകഥാലാപനം അവരെ രാജധാനിയിലെത്തിക്കുന്നു. ലവകുശന്മാര്‍ തന്റെ പുത്രന്‌മാരാണെന്നു രാമന്‍ തിരിച്ചറിയുന്നു. സീതയെ സ്വീകരിക്കാന്‍ വാല്‌മീകി നടത്തുന്ന അഭ്യര്‍ഥന രാമന്‍ സ്വീകരിക്കുന്നു. പക്ഷേ, സീത അകളങ്കിതയാണെന്ന്‌ അവള്‍ സത്യം ചെയ്യണം. അപമാനഭാരം സഹിക്കാനാവാതെ സീത അപ്രത്യക്ഷയാകുന്നു.

പുരാണസഹജമായ അതിഭൗതികത കൊണ്ട്‌ നിറം കെടുത്താതെ, തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ രാമായണ കഥാപാത്രങ്ങളെ ആധുനിക ബോധത്തിനനുരോധമാം വണ്ണം പുനരവതരിപ്പിക്കുന്നതില്‍ നാടകകൃത്ത്‌ വിജയിച്ചിട്ടുണ്ട്‌. ഇതിലെ രാമനും സീതയും ഭരതനും ഊര്‍മിളയും ഹനുമാനും വസിഷ്‌ഠനും സാധാരണ മനുഷ്യരാണ്‌; സാര്‍വജനീനവും സാര്‍വകാലികവുമായ മനുഷ്യവികാരങ്ങളാണവരുടേത്‌; മനുഷ്യകഥാനുഗായിയായ കവിയുടെ മാനസ സന്താനങ്ങള്‍. അതുകൊണ്ടാണ്‌ "കാഞ്ചനസീതയുടെ ഇതിവൃത്തം പഴയതോ പുതിയതോ അല്ലെന്ന്‌ ഞാന്‍ വിചാരിക്കുന്നു' എന്ന്‌ നാടകകൃത്ത്‌ മുഖക്കുറിപ്പില്‍ പറയുന്നത്‌. "സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഒരുവക ബന്ധനത്തില്‍പ്പെട്ടുപോയ മനുഷ്യന്റെ കഥയാണിത്‌'. ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും നടുവിലൂടെ അവിരാമമായി കറങ്ങി നീങ്ങുന്ന ജീവിതരഥചക്രത്തിന്റെ അക്ഷകീലമാണ്‌ രാമന്‍. രാജാവാണ്‌ രാമന്‍. പ്രജാഹിതമാണ്‌ രാജധര്‍മം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ ഒരുങ്ങിയേ മതിയാവു. അതേസമയം രാമന്‍ മനുഷ്യനാണ്‌; കരയാനും ചിരിക്കാനും കഴിയുന്ന മനുഷ്യന്‍. രാമന്‍ എന്ന അക്ഷകീലത്തില്‍ ബന്ധിച്ചിരിക്കുന്ന ആരക്കാലുകളാണ്‌ മറ്റു കഥാപാത്രങ്ങള്‍. ബന്ധനത്തില്‍ അവരെല്ലാം പ്രതിഷേധിക്കുന്നു. അതില്‍ നിന്ന്‌ ഊരിത്തെറിച്ചു പോകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പ്രതിഷേധപൂര്‍വം വീണ്ടും ബന്ധനത്തില്‍ അമര്‍ന്നുപോവുകയും ചെയ്യുന്നു.

നായകനായ രാമന്‍ തന്നെയാണ്‌ നാടകത്തിലെ മുഖ്യ കഥാപാത്രം. നാടകാരംഭം തന്നെ രാമന്റെ സ്വഭാവ ചിത്രീകരണം ഭംഗ്യന്തരേണ അനാവരണം ചെയ്‌തുകൊണ്ടുള്ളതാണ്‌. നിഷാദത്വത്തിന്റെ മുഖത്തുനോക്കി "അരുത്‌' എന്നാജ്ഞാപിച്ച ആദികവിയുടെ ശോകജന്യമായ ശ്ലോകത്തിന്റെ ആലാപനം പശ്ചാത്തലത്തില്‍ ഉയര്‍ന്നമരുന്നതോടെയാണ്‌ യവനിക ഉയരുന്നത്‌. ക്രൗഞ്ചമിഥുനത്തിലൊന്നിനെ കൂരമ്പെയ്‌തു കൊന്ന കാട്ടാളന്റെ നിഷ്‌ഠുരത്വം ഘനീഭവിച്ച രൂപമാണ്‌ രാജകിരീടം ചൂടി അയോധ്യയുടെ സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്നതെന്ന്‌ അഭിവ്യഞ്‌ജിപ്പിക്കുകയാണ്‌ ശ്ലോകാലാപനത്തിലൂടെ നാടകകൃത്ത്‌ ചെയ്യുന്നത്‌. പിന്നീട്‌ ശൂദ്രതാപസനായ ശംബൂകന്റെ വിധവയെക്കൊണ്ട്‌ രാമന്റെ മുഖത്തടിച്ചപോലെ പറയിപ്പിക്കുന്നുണ്ട്‌; "യദ്‌ ക്രൗഞ്ച മിഥുനാദേകം അവധി' എന്ന്‌ മഹാകവി പാടിയത്‌ അങ്ങയെക്കുറിച്ചാണ്‌. അങ്ങാണ്‌ നിഷാദന്‍.

ഇണപ്പക്ഷിയെ ആയാലും ആര്‍ധാംഗിനിയെ ആയാലും ജീവിക്കാന്‍ അനുവദിക്കാത്തത്‌ എന്തിന്റെ പേരിലായാലും നീതിയല്ല; ധര്‍മല്ല. പ്രകൃതിനിയമത്തിന്റെ നിഷ്‌ഠുരമായ ലംഘനമാണ്‌. കാട്ടാളന്‍ കണയെയ്‌തു കൊന്ന പക്ഷിയും രാമന്‍ കാട്ടിലെറിഞ്ഞ സീതയും പ്രകൃതിനിയമം ലംഘിക്കപ്പെട്ടതിന്റെ പ്രതീകങ്ങളാണ്‌; മാത്രമല്ല പ്രകൃതി തന്നെയാണ്‌. ഈ സത്യം നാടകാന്ത്യത്തില്‍ വാല്‌മീകി ഇങ്ങനെ വിളംബരം ചെയ്യുന്നു. "സീത നശിക്കുന്നില്ല.... സീത പ്രകൃതിയാണ്‌'.

കാഞ്ചനസീതയ്‌ക്കു കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.

പ്രകൃതിയും പുരുഷനും തമ്മിലുള്ള അഭേദാവസ്ഥയെ മുഖ്യഭാവമായി സ്വീകരിച്ചുകൊണ്ടാണ്‌ കാഞ്ചനസീതയുടെ കഥ അരവിന്ദന്‍ അതേ പേരില്‍ ചലച്ചിത്രമായി പുനരാവിഷ്‌കരിച്ചിട്ടുള്ളത്‌. ഈ ചിത്രത്തിന്റെ സംവിധായകനായ അരവിന്ദന്‌ 1977ലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍