This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ചനജംഘ (കാഞ്ചന്‍ജംഗ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാഞ്ചനജംഘ (കാഞ്ചന്‍ജംഗ)

കാഞ്ചനജംഘ-ഗാങ്‌ടോക്കിലെ ഗണേഷ്‌ ടോക്‌ വ്യൂപോയിന്റില്‍നിന്നുള്ള ദൃശ്യം

ഹിമാലയനിരകളില്‍ ഇന്ത്യ (സിക്കിം)നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വതം. നേപ്പാളില്‍ കുംഭ്‌കരന്‍ ലുന്‍ഗൂര്‍ (Kumb-hkaran Lungur) എന്ന പേരിലറിയപ്പെടുന്ന ഈ പര്‍വതത്തിന്റെ തിബത്തന്‍ നാമം കാങ്‌ചെന്‍ സോ ങ്‌ഗാ (Kang-chen-dzo-nga) എന്നാണ്‌. സിക്കിമിയ (Sikkimese) ഭാഷയില്‍ ഈ പദത്തിനര്‍ഥം പഞ്ചഹിമഭണ്ഡാരം എന്നാണ്‌. കാഞ്ചനജംഘ, കാഞ്ചന്‍ജംഗ എന്നീ പേരുകളിലാണ്‌ ഇത്‌ ഇന്ത്യയില്‍ അറിയപ്പെടുന്നത്‌. പരസ്‌പരം മുറിച്ചു കടന്നു പോകുന്നതും അത്യുന്നതങ്ങളായ ഗിരിശൃംഗങ്ങളോടുകൂടിയതുമായ രണ്ടു പര്‍വതനിരകളാണ്‌ കാഞ്ചനജംഘ ഉള്‍ക്കൊള്ളുന്നത്‌. ഇരു നിരകളും സന്ധിക്കുന്ന ഭാഗത്തുള്ള കൊടുമുടിക്ക്‌ (കാഞ്ചനജം L- I) ലോകത്തെ ഉയരമേറിയ ഗിരിശൃംഗങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമുണ്ട്‌. പര്‍വതമധ്യത്തു നിന്ന്‌ വ. പടിഞ്ഞാറോട്ടൊഴുകുന്ന ബൃഹത്തായ ഉപത്യകഹിമാനിയും കാഞ്ചനജംഘ എന്നറിയപ്പെടുന്നു. ഡാര്‍ജിലിങ്ങിന്‌ 74 കി.മീ. വടക്ക്‌വ.പടിഞ്ഞാറാണ്‌ കാഞ്ചനജംഘ ക ഗിരിശൃംഗത്തിന്റെ സ്ഥാനം. ഔദ്യോഗികമായി 1955ല്‍ പര്‍വതാരോഹകര്‍ കീഴടക്കിയ ഗിരിശൃംഗം (കാഞ്ചനജം L- I) തങ്ങളുടെ ഒരു അധിഷ്‌ഠാന ദേവതയുടെ ആസ്ഥാനമാണെന്ന്‌ സിക്കിം ജനത വിശ്വസിക്കുന്നു.

അധികചിഹ്നം പോലെ, തെ.വടക്കും കി.പടിഞ്ഞാറുമായി നീണ്ടുകിടക്കുന്ന രണ്ടുനിരകളുടെ സംഗമസ്ഥാനത്തുള്ള ഗിരിശൃംഗമായ കാഞ്ചനജംഘ ക (8,598 മീ. ), എവറസ്റ്റ്‌ (8,842 മീ.), കാരക്കോറം നിരകളിലെ ഗോഡ്‌വിന്‍ ഓസ്റ്റന്‍ (K2) (8,611 മീ.) എന്നിവ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള കൊടുമുടിയാണ്‌. പര്‍വതത്തിലെ മറ്റു മൂന്നു പ്രമുഖ ഗിരിശൃംഗങ്ങളില്‍, ദക്ഷിണ കടക (South ridge)ത്തിലുള്ള കാഞ്ചനജംഘ IIന്‌ 8,342 മീ. ഉയരമുണ്ട്‌. ഭൂവിജ്ഞാനപരമായി പര്‍വതം നയ്‌സ്‌, ഗ്രാനൈറ്റ്‌, ഷിസ്റ്റ്‌ എന്നീയിനം ശിലകളാലാണ്‌ വിരചിതമായിരിക്കുന്നത്‌. ഗിരിശൃംഗങ്ങളാല്‍ ദന്തുരമായിരിക്കുന്ന നിരകളും ചെങ്കുത്തായ വശങ്ങളും ആഞ്ഞു വീശുന്ന ഹിമക്കാറ്റും അന്തമില്ലാതെ നിപതിക്കുന്ന അവലാഞ്ചുകളും തെന്നിമാറുന്ന ഹിമപാളികളും മറ്റും കാഞ്ചനജംഘയെ സാഹസികരില്‍ നിന്നുപോലും വളരെക്കാലം ഒറ്റപ്പെടുത്താന്‍ പര്യാപ്‌തമായിരുന്നു. പര്‍വതമധ്യത്തു നിന്ന്‌ ഉത്തരദിശയില്‍ നീണ്ടുകിടക്കുന്ന ഗിരിനിര നേപ്പാളിനും സിക്കിമിനും ഇടയ്‌ക്കുള്ള രാഷ്‌ട്രീയാതിര്‍ത്തിയും ജലവിഭാജകവുമാണ്‌. ഗിരിനിരകള്‍ക്കിടയിലൂടെ നാലു ദിശകളിലേക്ക്‌ ഒഴുകിയിറങ്ങുന്ന നാലു ഹിമാനികളുണ്ട്‌. തെ. പടിഞ്ഞാറോട്ടൊഴുകുന്ന ഹിമാനി, യാലുങ്‌ (Yalung glacier) എന്നും; തെ.കിഴക്കോട്ടോഴുകുന്നത്‌ താലുങ്‌ (Talung) എന്നും; വ. കിഴക്കോട്ടൊഴുകുന്നത്‌ സെമു (Zemu) എന്നും; വ. പടിഞ്ഞാറോട്ടൊഴുകുന്നത്‌ കാഞ്ചനജംഘ എന്നും അറിയപ്പെടുന്നു.

വിദേശീയരുടെ ആഗമനത്തിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പര്‍വതച്ചരിവുകളും മലമടക്കുകളും തദ്ദേശീയരായ വര്‍ത്തകര്‍ക്കും ആട്ടിടയന്മാര്‍ക്കും സുപരിചിതമായിരുന്നു. 19-ാം ശ.ത്തിന്റെ മധ്യത്തോടെ രിന്‍സിന്‍ നങ്ങ്യാല്‍ എന്ന തദ്ദേശീയ പര്യവേക്ഷകനാണ്‌, ആദ്യമായി കാഞ്ചനജംഘയുടെ മാനചിത്രണം നടത്തിയത്‌. ആദ്യമായി ഇവിടം സന്ദര്‍ശിച്ച യൂറോപ്യന്‍, 1848ല്‍ കാഞ്ചനജംഘയുടെ അടിവാരത്തിലെത്തിയ ജോസഫ്‌ ഹൗക്കര്‍ എന്ന സസ്യശാസ്‌ത്രജ്ഞനാണ്‌. 1899ല്‍ പര്യവേക്ഷകനും പര്‍വതാരോഹകനുമായ ഡഗ്ലസ്‌ ഫ്രഷ്‌ ഫീല്‍ഡ്‌ പര്‍വതം ചുറ്റി നടന്നു കാണുകയും യാലുങ്‌ ഹിമാനി വഴി കൊടുമുടി കയറാനെളുപ്പമാണെന്ന്‌ നിര്‍ദേശിക്കുകയുമുണ്ടായി. 1905ല്‍ ഇതേ വഴിയിലൂടെ ഒരു ആംഗലേയസ്വിസ്‌ സംഘം കാഞ്ചനജംഘ ക കീഴടക്കാന്‍ ഒരു വിഫലശ്രമം നടത്തു കയുണ്ടായി. 1931 വരെ മറ്റു പല മാര്‍ഗങ്ങളിലൂടെയും നടത്തിയ ആരോഹണശ്രമങ്ങളിലൂടെ 7,580 മീ. വരെ എത്തിച്ചേരുന്നതിനേ കഴിഞ്ഞിരുന്നുള്ളൂ. സിക്കിം ജനതയുടെ എതിര്‍പ്പും മുന്‍ആരോഹണ വേളകളിലുണ്ടായ അത്യാഹിതങ്ങളും ഹേതുവായി "അപ്രാപ്യം' എന്നു പര്‍വതാരോഹകര്‍ക്കിടയില്‍ പരക്കെ വിശേഷിപ്പിക്കപ്പെട്ടുപോന്ന ഈ കൊടുമുടി കീഴടക്കാന്‍ 1954 വരെ മറ്റു ശ്രമങ്ങളൊന്നും നടന്നില്ല.

റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റി, ലണ്ടനിലെ ആല്‍പൈന്‍ ക്ലബ്ബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചാള്‍സ്‌ ഇവാന്‍സ്‌ നയിച്ച ബ്രിട്ടീഷ്‌ പര്‍വതാരോഹണസംഘം 1955 വസന്തകാലാവസാനത്തോടെ കാഞ്ചനജംഘ ക കീഴടക്കി. അത്യാധുനിക യന്ത്ര സംവിധാനങ്ങളും പേറി യാലുങ്‌ ഹിമാനിയിലൂടെ കൊടുമുടി കീഴടക്കാന്‍ ഈ സംഘത്തിന്‌ 45 ദിവസത്തോളം വേണ്ടി വന്നു. കൊടിമുടിക്കു സമീപം 7,800 മീ. ഉയരത്തില്‍ സ്ഥാപിച്ച അവസാന തമ്പില്‍ നിന്ന്‌ മേയ്‌ 25നു രാവിലെയാണ്‌ ജോര്‍ജ്‌ ബാന്‍ഡ്‌, ജോ ബ്രൗണ്‍ എന്നീ സാഹസികര്‍ കൊടുമുടിയുടെ നെറുകയിലേക്കു തിരിച്ചത്‌. ഇവര്‍ കൊടുമുടിയുടെ ഉച്ചിയില്‍ നിന്ന്‌ ഏതാനും വാര താഴെവരെ എത്തിയശേഷം കൊടുമുടി ഔദ്യോഗികമായി കീഴടക്കിയ വിവരം ലോകത്തെ അറിയിച്ചിട്ട്‌ അവരോഹണം തുടങ്ങി. വിശുദ്ധമായ കൊടുമുടിയുടെ നെറുകയില്‍ മനുഷ്യപാദസ്‌പര്‍ശം ഏല്‌പിക്കാന്‍ പാടില്ല എന്ന സിക്കിം രാജാവിന്റെയും സിക്കിം ജനതയുടെയും അഭിലാഷത്തെ മാനിച്ചാണ്‌ ഇവര്‍ ഉച്ചിയിലേക്കു കയറാതിരുന്നത്‌. ഇന്നും മനുഷ്യന്റെ പാദമുദ്ര പതിയാത്ത, ഏതെങ്കിലും രാജ്യത്തിന്റെ ദേശീയ പതാക നാട്ടപ്പെടാത്ത, ലോകത്തിലെ ഏക ഗിരിശൃംഗമാണ്‌ കാഞ്ചനജംഘ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍