This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാച്ചില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാച്ചില്‍

കാച്ചില്‍

ഡയസ്‌കോറിയേസീ കുടുംബത്തില്‍പ്പെട്ട ഒരിനം കിഴങ്ങ്‌. ശാ.നാ.: ഡയസ്‌കോറിയ അലേറ്റ (Diascoria alata). തെക്കു കിഴക്കേ ഏഷ്യയാണ്‌ കാച്ചിലിന്റെ ഉദ്‌ഭവസ്ഥലമെന്നു കരുതപ്പെടുന്നു. മധ്യരേഖാ പ്രദേശങ്ങളിലെല്ലാം ചെറിയ തോതിലെങ്കിലും കാച്ചില്‍ കൃഷി ചെയ്‌തു വരുന്നുണ്ട്‌. ഇന്ത്യയില്‍ ഗംഗാ സമതലത്തില്‍ നിന്ന്‌ അകന്ന പ്രദേശങ്ങളിലാണ്‌ കാച്ചില്‍ കൃഷി കൂടുതലായുള്ളത്‌. ബംഗാള്‍, ബിഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ കൂടുതലായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്‌ട്ര, ഗുജറാത്ത്‌, അസം എന്നിവിടങ്ങളില്‍ കുറഞ്ഞതോതിലും കാച്ചില്‍ കൃഷി ചെയ്‌തുവരുന്നു.

കാച്ചില്‍ വള്ളികള്‍ ഏതെങ്കിലും താങ്ങില്‍ ചുറ്റിപ്പടര്‍ന്നു വളരുന്നു. പ്രദക്ഷിണ (clockwise)മായിട്ടാണ്‌ വള്ളികള്‍ ചുറ്റുന്നത്‌. ചതുരാകൃതിയിലുള്ള വള്ളികള്‍ ഏകദേശം 16 മീ. വരെ നീളം വയ്‌ക്കുന്നു. ഒരു വര്‍ഷത്തെ വളര്‍ച്ചയ്‌ക്കു ശേഷം വള്ളികള്‍ നശിച്ചുപോകും. ഹൃദയാകാരത്തിലുള്ള ലഘുപത്രങ്ങളാണ്‌ ഇവയുടേത്‌. പത്രമുകുളത്തിന്റെ ക്രമാധികമായ വളര്‍ച്ച കാരണം ഇലയിടുക്കുകളില്‍ ചിലപ്പോള്‍ ചെറു കന്ദങ്ങള്‍ (bulbils) ഉണ്ടാകാറുണ്ട്‌. ഇവയാണ്‌ കാച്ചില്‍ക്കായ്‌. വ്യത്യസ്‌ത ചെടികളിലായി ആണ്‍പൂക്കളും പെണ്‍പൂക്കളുമുണ്ടാകുന്നു. പൂവിന്റെ പരിദളപുടം (perianth) രണ്ടു വൃത്തങ്ങളിലായി ക്രമീകരിക്കപ്പെട്ട ഇളം പച്ചനിറത്തിലുള്ള ആറ്‌ ദളങ്ങള്‍ ചേര്‍ന്നതാണ്‌. ദളലഗ്‌നമായ മൂന്നു കേസരങ്ങള്‍ ഉണ്ട്‌. പെണ്‍പൂവിലെ അധോവര്‍ത്തിയായ അണ്ഡാശയത്തിന്‌ മൂന്ന്‌ അറകളും ഓരോ അറയിലും രണ്ട്‌ അണ്ഡങ്ങള്‍ വീതവും ഉണ്ട്‌. മൂന്നു വന്ധ്യകേസരങ്ങള്‍ കാണാം. മൂന്നു ചിറകുകളുള്ള സമ്പുട ഫലമാണ്‌ ഇതിനുള്ളത്‌. വിത്ത്‌ ചെറുതും പരന്നതുമാണ്‌.

ഒരു ഭൂകാണ്ഡമായ കാച്ചില്‍ മണ്ണിനടിയിലാണ്‌ ഉണ്ടാകുന്നത്‌. കിഴങ്ങുകള്‍ക്ക്‌ സാമാന്യം നല്ല വലുപ്പമുണ്ടായിരിക്കും. സാധാരണ ഒരു കാച്ചിലിന്റെ കിഴങ്ങിന്‌ 24 കി.ഗ്രാം തൂക്കമുണ്ടായിരിക്കും; എന്നാല്‍ 40 കി.ഗ്രാം വരെ തൂക്കമുള്ള കിഴങ്ങുകളും ഉണ്ടാകാറുണ്ട്‌. കാച്ചില്‍ക്കിഴങ്ങിന്റെ ഉള്‍ഭാഗത്തിന്‌ നല്ല വെളുപ്പുനിറമോ ക്രീം നിറമോ ആയിരിക്കും. ധാരാളം അന്നജം അടങ്ങിയിരിക്കുന്നു. ഡയസ്‌കോറിയ ബള്‍ബിഫെറ എന്നയിനത്തില്‍ ഉരുളക്കിഴങ്ങിനോളം വലുപ്പമുള്ള നിരവധി വായവകിഴങ്ങുകള്‍ ഉണ്ടാകുന്നു. ഇവയ്‌ക്ക്‌ ഒരു പ്രത്യേക രുചിയാണുള്ളത്‌. ഭൂമിക്കടിയിലുള്ള കിഴങ്ങുകളുടെ എണ്ണം കുറഞ്ഞിരിക്കും.

സമുദ്രനിരപ്പില്‍ നിന്ന്‌ 1,000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ കാച്ചില്‍ കൃഷി ചെയ്യാം. കൃഷി ചെയ്യുന്ന സമയത്ത്‌ 150 സെ.മീ. മഴയെങ്കിലും ഉണ്ടായിരിക്കേണ്ടതാവശ്യമാണ്‌. മഴ കുറവുള്ള പ്രദേശങ്ങളില്‍ നല്ല വിളവുകിട്ടുന്നതിന്‌ വെള്ളം നനച്ചു കൊടുക്കേണ്ടിവരും. വരള്‍ച്ചയും അമിതമായ വെള്ളവും കാച്ചില്‍ കൃഷിക്ക്‌ ഒട്ടും തന്നെ അനുയോജ്യമല്ല. വളക്കൂറുള്ളതും മണല്‍ കലര്‍ന്നതുമായ അയവുള്ള മണ്ണില്‍ കാച്ചില്‍ നന്നായി തഴച്ചുവളരും. അയവുള്ള മണ്ണില്‍ കിഴങ്ങുകള്‍ക്കു സ്വതന്ത്രമായി വലുപ്പം വയ്‌ക്കുവാന്‍ കഴിയുന്നു. വെള്ളംകെട്ടി നില്‌ക്കുന്ന മണ്ണില്‍ നിന്നുണ്ടാകുന്ന വിളവും കിഴങ്ങിന്റെ സ്വാദും മോശമായിരിക്കും.

കാച്ചില്‍ കിഴങ്ങുകളാണ്‌ നടാനുള്ള വിത്തായി ഉപയോഗിക്കുന്നത്‌. ഓരോ കഷണത്തിലും ഒന്നോ രണ്ടോ മുകുളങ്ങള്‍ ഉണ്ടായിരിക്കത്തക്കവിധത്തില്‍ കിഴങ്ങുകള്‍ മുറിച്ച്‌ 5060 സെ.മീ. അകലമുള്ള കുഴികളില്‍ നടുന്നു. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക്‌ കൃഷിചെയ്യാന്‍ 1,500 കി.ഗ്രാം വിത്തുകിഴങ്ങു വേണ്ടിവരും.

മണ്ണു നന്നായി കിളച്ചിളക്കിയതിനു ശേഷമാണ്‌ കാച്ചില്‍ കൃഷി നടത്താറുള്ളത്‌. നടുന്നതിനു മുമ്പ്‌ വിത്തുകിഴങ്ങുകള്‍ ചാണകം കലക്കിയ വെള്ളത്തില്‍ മുക്കി ഉണക്കുന്നു. മണ്ണിലുള്ള ചിതലും മറ്റും കിഴങ്ങിനെ ബാധിക്കാതിരിക്കാനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. വിത്തുകള്‍ ഉണങ്ങിപ്പോകാതിരിക്കാന്‍ കുഴികള്‍ ധാരാളം കരിയിലയിട്ട്‌ നിറയ്‌ക്കുന്നു.

മേയ്‌ജൂണ്‍ മാസങ്ങളിലാണ്‌ സാധാരണയായി കാച്ചില്‍ നടാറുള്ളത്‌. മൂന്നാഴ്‌ചയ്‌ക്കകം കിഴങ്ങുകള്‍ മുളച്ചു തുടങ്ങും. ആറാഴ്‌ച കഴിയുമ്പോള്‍ വള്ളികള്‍ പടരാനായി താങ്ങു കുത്തിക്കൊടുക്കേണ്ടതാണ്‌. ചില സ്ഥലങ്ങളില്‍ വള്ളികള്‍ നിലത്തു പടര്‍ത്തിയും വളര്‍ത്താറുണ്ട്‌. തെങ്ങിന്‍ തോപ്പുകളിലും മറ്റും ഉപവിളയായി കൃഷിചെയ്യുമ്പോള്‍ തെങ്ങുകളിലേക്കോ സമീപമുള്ള വൃക്ഷങ്ങളിലേക്കോ പടര്‍ത്തുന്നു. താങ്ങുകളില്‍ പടര്‍ത്തുമ്പോള്‍ കൂടുതല്‍ വിളവു ലഭിക്കുമെന്ന്‌ കണ്ടിട്ടുണ്ട്‌. ജൈവ വളങ്ങള്‍ക്കു പുറമേ കാച്ചില്‍ കൃഷിക്ക്‌ രാസവളങ്ങളും ഉപയോഗിക്കാം. ഒരു ഹെക്ടറിന്‌ 80 കി.ഗ്രാം നൈട്രജന്‍, 120 കി.ഗ്രാം പൊട്ടാഷ്‌ എന്ന കണക്കിന്‌ രാസവളം ചേര്‍ത്താല്‍ നല്ല വിളവു ലഭിക്കുമെന്ന്‌ തിരുവനന്തപുരത്തുള്ള കേന്ദ്രകിഴങ്ങുഗവേഷണാലയത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ഏകദേശം എട്ടുമാസം പ്രായമാകുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. ഇടയ്‌ക്ക്‌ ചെടികളുടെ ചുവട്ടില്‍ മണ്ണ്‌ കൂട്ടിയിടേണ്ടതുണ്ട്‌. ഇലകള്‍ മഞ്ഞ നിറമായി കൊഴിഞ്ഞു തുടങ്ങുമ്പോഴാണ്‌ വിളവെടുക്കേണ്ടത്‌. ഒരു ഹെക്ടറില്‍ നിന്ന്‌ ഏകദേശം 18 ടണ്‍ കാച്ചില്‍ ലഭിക്കുന്നു. രാസവളങ്ങള്‍ ചേര്‍ക്കുന്നപക്ഷം 33 ടണ്‍ വരെ വിളവു കിട്ടും. കിഴങ്ങുകള്‍ കിളച്ചെടുത്ത്‌ വെളിച്ചം അധികം കടക്കാത്ത മുറിയില്‍ മണല്‍ വിരിച്ച്‌ സൂക്ഷിക്കുന്നു.

കാച്ചില്‍ക്കിഴങ്ങില്‍ കാല്‍സിയം ഓക്‌സലേറ്റ്‌ പരലുകളുണ്ട്‌. അതുകൊണ്ടാണ്‌ ഇതിന്റെ മുറിഞ്ഞ ഭാഗം ശരീരത്തില്‍ തട്ടിയാല്‍ ചൊറിച്ചിലുണ്ടാകുന്നത്‌. കാച്ചിലിന്റെ പോഷകമൂല്യം താഴെ കൊടുത്തിരിക്കുന്നു:

	അല്‍ബുമിനോയിഡ്‌	  7.9		15.6%
	കൊഴുപ്പ്‌		  0.59		1.26%
	ധാതുക്കള്‍	          4.23		7.28%
	നാര്‌		          2.19		6.12%
	കാര്‍ബോഹൈഡ്രറ്റ്‌	  71.65		85.3%
 

കാച്ചിലില്‍ നിന്ന്‌ വന്‍തോതില്‍ അന്നജം വേര്‍തിരിച്ചെടുക്കുന്നു. ചിലതരം ലഹരിപാനീയങ്ങള്‍ ഉണ്ടാക്കാനും കാച്ചില്‍ ഉപയോഗിച്ചുവരുന്നുണ്ട്‌. കാച്ചിലില്‍ ജീവകം ബി. ധാരാളമായി ഉണ്ട്‌. പട്ട്‌, കമ്പിളി മുതലായവ കഴുകുവാനുള്ള ചില പദാര്‍ഥങ്ങള്‍ കാച്ചിലില്‍ നിന്ന്‌ ഉത്‌പാദിപ്പിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍