This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാചം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാചം

Lens

പ്രകാശത്തിന്റെ അപവര്‍ത്തനം (refraction) വഴി ഏതെങ്കിലും ഒരു വസ്‌തുവിന്റെ യഥാര്‍ഥമോ, മിഥ്യയോ ആയ പ്രതിബിംബം ലഭ്യമാക്കുന്നതിനുള്ള സുതാര്യവസ്‌തു. ഉത്തല(convex)മോ, അവതല(concave)മോ ആയ ഗോളീയ തലത്തോടു കൂടിയ ഗ്ലാസ്‌ ആണ്‌ ഏറ്റവും സരളരൂപത്തിലുള്ള കാചം. സൂക്ഷ്‌മ ദര്‍ശിനി, ദൂരദര്‍ശിനി തുടങ്ങിയ സങ്കീര്‍ണോപകരണങ്ങളുടെ അഭിദൃശ്യകവും (objective) നേത്രികയും (eye-piece) കാചങ്ങള്‍ സംയോജിപ്പിച്ചാണ്‌ നിര്‍മിക്കുന്നത്‌. നേത്രത്തിന്റെ പ്രവര്‍ത്തനം അതിലെ ക്രിസ്റ്റലീയ കാചത്തെ ആശ്രയിച്ചിരിക്കുന്നു.

ഉത്തലകാചം, അവതലകാചം B,C അഭികേന്ദ്രം

ചരിത്രം. മനുഷ്യന്‍ കാചത്തിന്റെ ഉപയോഗം കണ്ടെത്തിയത്‌ എപ്പോഴാണെന്ന്‌ കൃത്യമായി പറയുക സാധ്യമല്ല. അകത്ത്‌ ജലം നിറച്ച സ്‌ഫടികഗോളങ്ങളുടെ അപവര്‍ത്തക ഗുണങ്ങളെക്കുറിച്ച്‌ ഗ്രീസിലെയും റോമിലെയും എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു; എ.ഡി. 150ല്‍ ക്ലോഡിയസ്‌ ടോളമി ഇവയുടെ പ്രകാശിക ഗുണധര്‍മങ്ങളെക്കുറിച്ച്‌ വിവരിച്ചിരുന്നു. ഇബ്‌നു അല്‍ ഹൈത്തം (?1038) എന്ന അറേബ്യന്‍ കണ്ണട വ്യാപാരിയുടെ ഓപ്‌റ്റിക്ക ദി സോറസ്‌ എന്ന ഗ്രന്ഥം പല കേന്ദ്രങ്ങളിലും പഠനവിധേയമായി. ഒരു പക്ഷേ, ഈ കൈയെഴുത്തു പ്രതി പകര്‍ത്തുവാന്‍ നിയുക്തരായവരായിരിക്കാം കട്ടികൂടിയ അപവര്‍ത്തക ഗ്ലാസ്സുകളുടെ പ്രായോഗിക ഉപയോഗം ആദ്യമായി മനസ്സിലാക്കിയത്‌.

ഗോളീയ വിപഥനം

കാഴ്‌ച വര്‍ധിപ്പിക്കാന്‍ വൃദ്ധന്മാര്‍ കണ്ണട ഉപയോഗിച്ചിരുന്നതായി മീസ്‌നര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌ (1260-80). 13-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, വെനീസില്‍ മുറാനോ ഗ്ലാസ്സുകൊണ്ടുണ്ടാക്കിയ ഉത്തല കാചം കണ്ണടയ്‌ക്കുവേണ്ടി ഉപയോഗിച്ചിരുന്നതായി ഗിയോര്‍ദാനോ ഡീ റിവാള്‍ട്ടോ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവതല കാചം ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിനുള്ള ആദ്യത്തെ തെളിവു ലഭിച്ചത്‌ 1430-40 കാലത്ത്‌ ക്യൂബയിലെ നിക്കോളസ്സില്‍ നിന്നുമാണ്‌.

13-ാം നൂറ്റാണ്ടില്‍ റോജര്‍ ബേക്കണും 16-ാം നൂറ്റാണ്ടില്‍ റോബര്‍ട്ട്‌ റെക്കാര്‍ഡും വിദൂരവസ്‌തുക്കളെ വീക്ഷിക്കുന്നതിന്‌ കാചസംയോഗങ്ങള്‍ ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ടെങ്കിലും 1608ല്‍ ഹാന്‍സ്‌ ലിപ്പെര്‍ഷെ ആണ്‌ ആദ്യത്തെ ദൂരദര്‍ശിനി സംവിധാനം ചെയ്‌തതെന്ന്‌ രേഖകള്‍ കാണിക്കുന്നു. പിന്നീട്‌ ഗലീലിയോ അത്തരമൊന്ന്‌ സ്വയം നിര്‍മിച്ച്‌ വാനനിരീക്ഷണത്തിന്‌ ഉപയോഗപ്പെടുത്തി (1609).

വക്രത : O. വസ്‌തു I. പ്രതിബിംബം

1667ല്‍ റോബര്‍ട്ട്‌ ഹുക്ക്‌ സൂക്ഷ്‌മദര്‍ശിനിയിലെ അഭിദൃശ്യകം നിര്‍മിക്കുന്നതിനുള്ള ശ്രമം തുടങ്ങി. 1733ല്‍ ചെസ്റ്റര്‍ മൂര്‍ഹാള്‍ ആദ്യത്തെ അവര്‍ണഅഭിദൃശ്യകം (achromatic objective) സംവിധാനം ചെയ്യുകയും അദ്ദേഹത്തിനുവേണ്ടി ലണ്ടനിലെ ജോര്‍ജ്‌ ബാസ്റ്റ്‌ അതു നിര്‍മിക്കുകയും ചെയ്‌തു. 1758ല്‍ ജോണ്‍ ഡോളന്‍സ്‌ അതില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയ ശേഷം മാത്രമാണ്‌ സുപ്രധാനമായ ഈ കണ്ടുപിടിത്തത്തിന്‌ അര്‍ഹമായ സ്ഥാനം ലഭ്യമായത്‌. എന്നാല്‍ ഫ്‌ളിന്റ്‌ ഗ്ലാസുകള്‍ കൊണ്ടുള്ള തളികകള്‍ ഇംഗ്ലണ്ടില്‍ വേണ്ടത്ര ലഭ്യമല്ലാഞ്ഞതിനാല്‍ 18-ാം നൂറ്റാണ്ടിന്‍െറ അവസാനംവരെ അവര്‍ണഅഭിദൃശ്യകം അവിടെ അധികം പ്രചാരത്തിലില്ലായിരുന്നു.

പ്രവര്‍ത്തന തത്ത്വം. പ്രധാനമായി കാചം രണ്ടു തരമുണ്ട്‌: മധ്യഭാഗം താരതമ്യേന കനം കൂടിയ ഉത്തല കാചവും മധ്യഭാഗം കനം കുറഞ്ഞ അവതലകാചവും. ഉത്തലകാചം, അവതലകാചം എന്നിവയ്‌ക്കുതന്നെ ഉപവിഭാഗങ്ങളുമുണ്ട്‌.

മുഖ്യാക്ഷ(principal axis)ത്തിനു സമാന്തരമായി പതിക്കുന്ന കിരണങ്ങള്‍ അപവര്‍ത്തനത്തിനു ശേഷം, ഉത്തല കാചത്തിലാണെങ്കില്‍ മുഖ്യാക്ഷത്തിലെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നതായും അവതല കാചത്തില്‍ മുഖ്യാക്ഷത്തിലെ ഒരു ബിന്ദുവില്‍ നിന്ന്‌ വികേന്ദ്രീകരിക്കുന്നതായും കാണപ്പെടുന്നു. മുഖ്യാക്ഷത്തിലെ ഈ ബിന്ദുവിനെ കാചത്തിന്‍െറ അഭികേന്ദ്രം (focus)എന്നും, അത്തരം കാചങ്ങളെ യഥാക്രമം അഭിസാരി (convergent) കോചം, അപസാരി (divergent) കോചം എന്നും പറയാറുണ്ട്‌. ഒരു കാചത്തില്‍ നിന്നു ലഭ്യമാകുന്ന പ്രതിബിംബം ഒരു സുഷിര ക്യാമറയില്‍ നിന്നുള്ളതിനെക്കാള്‍ സ്‌പഷ്‌ടവും വ്യക്തവുമാണ്‌. എന്നിരുന്നാലും പ്രതിബിംബത്തിന്‌ ഗോളീയ വിപഥനം (spherical aberration), അബിന്ദുകത (astigmatism), വാക്രത (curvature), കോമ, വിരൂപണം, വര്‍ണവിപഥനം (chromatic aberration) എന്നിങ്ങനെ ആറു ന്യൂനതകള്‍ ഉള്ളതായി കാണാം. ന്യൂനതകള്‍ക്കുള്ള കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും താഴെ വിവരിച്ചിരിക്കുന്നു.

ഗോളീയ വിപഥനം. കാചത്തിന്റെ മുഖ്യാക്ഷത്തിനു സമാന്തരമായി പതിക്കുന്ന രശ്‌മികളില്‍ അക്ഷത്തിനു സമീപമായി പതിക്കുന്ന കിരണങ്ങള്‍ അപവര്‍ത്തനത്തിനു ശേഷം F എന്ന ബിന്ദുവിലൂടെയും അകന്നു പതിക്കുന്ന രശ്‌മികള്‍ F1, F2 എന്നീ ബിന്ദുക്കളിലൂടെയും കടന്നുപോകുന്നു. ഇക്കാരണത്താല്‍ ഋജുവും വ്യക്തവും ആയ ഒരു വസ്‌തുവിന്റെ പ്രതിബിംബം അസ്‌പഷ്ടമായി കാണപ്പെടുന്നു. ഈ പ്രതിഭാസത്തെ ഗോളീയ വിപഥനം എന്നു പറയുന്നു. മുഖ്യാക്ഷത്തിനു സമീപമായി പതിക്കുന്ന രശ്‌മികളെ മാത്രം കടത്തി വിടുന്ന പഴുത്‌ (Stop) ഉപയോഗിച്ചോ ഒരേ തരം ഗ്ലാസുകൊണ്ടുനിര്‍മിച്ച രണ്ടു കാചങ്ങളെ സംയോജിപ്പിച്ചോ ഈ ന്യൂനത ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്‌.

ഫ്രനെല്‍ കാചത്തിന്റെ പരിച്ഛേദം

അബിന്ദുകത. കാചത്തിന്റെ അക്ഷത്തില്‍നിന്ന്‌ അകലെയുള്ള ഒരു ബിന്ദുവില്‍ നിന്നുള്ള കിരണങ്ങള്‍ കാചത്തിലൂടെയുള്ള അപവര്‍ത്തനത്തിനു ശേഷം ഒരു പൊതു ബിന്ദുവില്‍ യോജിക്കാന്‍ കഴിയാതെ വരുന്നുവെങ്കില്‍ ആ ന്യൂനതയെ അബിന്ദുകത എന്നാണു പറയുക. ഇവിടെ അപവര്‍ത്തിത കിരണങ്ങള്‍ ഒരു പ്രത്യേക ബിന്ദുവിലൂടെ കടന്നുപോകുന്നതിനുപകരം പലതും അഭികേന്ദ്രീയ രേഖകളി(focal lines)ലൂടെ കടന്നുപോകുന്നു. ഒരുദാഹരണം കൊണ്ട്‌ ഈ ന്യൂനതയെ കൂടുതല്‍ വ്യക്തമാക്കാം. ഉത്തലകാചത്തിലൂടെ ഒരു ഗ്രാഫ്‌ പേപ്പര്‍ പരിശോധിക്കുകയാണെങ്കില്‍, കടലാസിന്റെ തലത്തിനു ലംബമായ അക്ഷത്തിലൂടെ നോക്കുമ്പോള്‍ രണ്ടു സെറ്റ്‌ ക്രാസ്‌ രേഖകളും സ്‌പഷ്ടമായി കാണപ്പെടുന്നു; എന്നാല്‍ ചരിഞ്ഞുള്ള ആപതിത പ്രകാശം സ്വീകരിക്കത്തക്ക വിധത്തില്‍ നോക്കിയാല്‍ കുത്തനെയുള്ള രേഖകളും വിലങ്ങനെയുള്ള രേഖകളും വെവ്വേറെ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതായിട്ടാണ്‌ കാണപ്പെടുന്നത്‌.

ഉത്തല കാചത്തിലെ അബിന്ദുകത അവതല കാചത്തിലുള്ളതിന്‌ നേര്‍ വിപരീതമായതുമൂലം രണ്ടുതരം കാചങ്ങളുടെ ഒരു സംയോജനം ഉപയോഗിച്ച്‌ അബിന്ദുകത കുറയ്‌ക്കാവുന്നതാണ്‌.

വക്രത. ഒരു ഉത്തല കാചത്തിലൂടെ ഒരു പരന്ന വസ്‌തുവിന്റെ പ്രതിബിംബം ലഭ്യമാക്കുമ്പോള്‍ കാചത്തിന്റെ അക്ഷത്തില്‍ നിന്ന്‌ അകന്നുള്ള ബിന്ദുക്കളുടെ പ്രതിബിംബങ്ങള്‍ അക്ഷത്തിലുള്ളവയെക്കാള്‍ അടുത്തു രൂപം കൊള്ളുന്നതുമൂലം പ്രതിബിംബം കാചത്തിനു നേരെ ചരിയുന്നതായി കാണപ്പെടുന്നു. ഈ ന്യൂനതയ്‌ക്ക്‌ വക്രത എന്നാണു പേര്‌. അവതലഉത്തല കാചങ്ങളുടെ സംയോജനം ഉപയോഗിച്ച്‌ ഈ ന്യൂനത പരിഹരിക്കാം.

കോമ. മുഖ്യാക്ഷത്തില്‍ നിന്ന്‌ അകലെ സ്ഥിതിചെയ്യുന്ന ഒരു ബിന്ദുവിന്റെ പ്രതിബിംബം ഒരു കാചത്തിലൂടെ ലഭ്യമാക്കുകയാണെങ്കില്‍ ബിന്ദുരൂപത്തിനു പകരം ധൂമകേതുവിന്റെ ആകൃതിയിലുള്ള ഒന്നാണ്‌ ഉണ്ടാകുന്നത്‌. കാചത്തിന്റെ ഭാഗങ്ങള്‍ ഏകകേന്ദ്രമല്ലാത്തതും വ്യത്യസ്‌ത വ്യാസത്തോടുകൂടിയതുമായ വ്യത്യസ്‌ത വൃത്തങ്ങളുണ്ടാക്കുന്നതുമൂലമാണ്‌ ഇപ്രകാരം സംഭവിക്കുന്നത്‌. വൃത്തങ്ങളെല്ലാം തന്നെ 600 കോണത്തില്‍ വരച്ച രണ്ടു നേര്‍രേഖകള്‍ക്കിടയ്‌ക്ക്‌ വര്‍ത്തിക്കുന്നതായും കാണാം. കൂടുതല്‍ പ്രകാശമുള്ള അഗ്രത്തു നിന്നും പ്രകാശം മറ്റു ഭാഗങ്ങളിലേക്കു കുറഞ്ഞു പോകുന്ന ഈ ന്യൂനതയെ കോമ എന്നു പറയുന്നു. കാചത്തിന്റെ എല്ലാ ഭാഗങ്ങളിലെയും ആംശിക ആവര്‍ധനം (partial magnification) സമാനമാക്കി ഈ ന്യൂനത തടയാവുന്നതാണ്‌. ഇതിലേക്ക്‌ പ്രത്യേകം രൂപപ്പെടുത്തിയ കാചങ്ങളെ അപസ്‌തൃത കാചങ്ങള്‍ (applanate lenses)എന്നു പറയുന്നു.

വിരൂപണം. ഏതെങ്കിലും ഒരു ചതുരത്തിന്റെ പ്രതിബിംബം കാചത്തിലൂടെ രൂപീകൃതമാകുമ്പോള്‍ ചതുരത്തിന്റെ മൂലകള്‍ ഉള്ളിലേക്ക്‌ വലിക്കപ്പെട്ടതായി തോന്നുന്നുവെങ്കില്‍ ആ പ്രതിഭാസത്തെ "ബാരല്‍ വിരൂപണം' എന്നും, മറിച്ച്‌ പ്രതിബിംബത്തിന്റെ മൂലകള്‍ പുറത്തേക്കു വലിക്കപ്പെട്ടതായി കാണുന്ന പക്ഷം ആ ന്യൂനതയെ "പിന്‍ കുഷന്‍ വിരൂപണം' എന്നും പറയുന്നു. ഒരുപോലെയുള്ള രണ്ടു കാചങ്ങള്‍ക്കിടയ്‌ക്കു മധ്യത്തിലായി ഒരു പരിധി (Stop) വച്ച്‌ ഈ ന്യൂനത പരിഹരിക്കാം.

വര്‍ണവിപഥനം. പ്രകാശ സ്രാതസ്സില്‍ നിന്ന്‌ കാചത്തില്‍ പതിക്കുന്ന ധവളപ്രകാശം, അപവര്‍ത്തനത്തിനു ശേഷം, അതില്‍ ഉള്‍ക്കൊണ്ട നിറങ്ങള്‍ക്കനുസരിച്ച്‌ പല വിചലന കോണങ്ങളിലൂടെ ബഹിര്‍ഗമിക്കുന്നതുകൊണ്ട്‌ പ്രതിബിംബം വ്യത്യസ്‌ത നിറങ്ങളോടു കൂടിയതായിത്തീരുന്നു. മാത്രമല്ല പ്രതിബിംബത്തിന്റെ സ്ഥാനവും വര്‍ണങ്ങള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെടുന്നു. ഏറ്റവും അടുത്ത്‌ വയലറ്റും ഏറ്റവും അകലത്ത്‌ ചുവപ്പും സ്ഥാനം പിടിക്കുന്നു. വര്‍ണവിപഥനം എന്നറിയപ്പെടുന്ന ഈ ന്യൂനത ഒഴിവാക്കുവാന്‍ വ്യത്യസ്‌തതരം ഗ്ലാസ്സുകള്‍ കൊണ്ട്‌ (ഉദാ. ഫ്‌ളിന്റ്‌ ഗ്ലാസ്സ്‌, ക്രൗണ്‍ ഗ്ലാസ്സ്‌) നിര്‍മിച്ച രണ്ടു കാചങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്‌തമായ വികീര്‍ണനങ്ങള്‍ (diffractions) പരസ്‌പരം ഇല്ലാതാക്കത്തക്കവിധം അവയെ സംയോജനം ചെയ്യുന്നു. ഇപ്രകാരം സംയോജിപ്പിച്ച കാചങ്ങളെ അവര്‍ണക സംയോജകങ്ങള്‍ എന്നു പറയുന്നു.

കണ്ണടക്കാചം (Spectacle lens). കണ്ണിന്റെ ദൂഷ്യങ്ങളായ വെള്ളെഴുത്ത്‌ അഥവാ അകല ദൃഷ്ടി (long sight), നികട ദൃഷ്ടി (short sight)എന്നിവ പരിഹരിക്കുന്നതിന്‌ കണ്ണട ഉപയോഗിക്കാറുണ്ട്‌. (നോ: കണ്ണടകള്‍) ഈ രണ്ടു ന്യൂനതകളും ഇല്ലാതാക്കുന്നതിനുള്ള ഗോളീയ കാചങ്ങള്‍ സാധാരണയായി അപവര്‍ത്തനാങ്കം 1.523 ആയ ക്രൗണ്‍ ഗ്ലാസ്‌ കൊണ്ടാണ്‌ നിര്‍മിക്കുന്നത്‌.

ഉരച്ചു വക്രത വരുത്തുന്ന ഉപകരണം A. ഉത്തലം B. അവതലം

അപവര്‍ത്തനാങ്കം 1.495 ആയ പ്ലാസ്റ്റിക്കും ഇതിന്‌ ഉപയോഗിക്കാറുണ്ട്‌.

ദ്വയാഭികേന്ദ്രകാചം (Bifocal lens). കാചത്തിന്റെ ഏതെങ്കിലും ഒരു ചെറിയ ഭാഗത്തിന്റെ ശക്തി (power) മുഖ്യഭാഗത്തിന്റേതില്‍ നിന്ന്‌ ഭിന്നമാണെങ്കില്‍ അത്തരം കാചങ്ങളെ ദ്വയാഭികേന്ദ്ര കാചങ്ങള്‍ എന്നു പറയുന്നു. ഇപ്രകാരം സജ്ജമാക്കിയ ഒരു കാചത്തില്‍ അകലെയും അടുത്തുമുള്ള വസ്‌തുക്കളെ കാണുന്നതിനുവേണ്ട സൗകര്യം ഒരേ കാചത്തില്‍ ലഭ്യമാകുന്നു. ഉയര്‍ന്ന അപവര്‍ത്തനാങ്കത്തോടു കൂടിയ ഒരു ഗ്ലാസ്‌പ്ലേറ്റ്‌ മുഖ്യകാചത്തിന്റെ ഒരു ഭാഗത്ത്‌ ഉള്‍ക്കൊള്ളിച്ച്‌ ദ്വയാഭികേന്ദ്രഭാഗത്തിനു വേണ്ട കൂടുതല്‍ ശക്തി ലഭ്യമാക്കാം.

സ്‌പര്‍ശകാചം (Contact lens). ഗ്ലാസ്‌ കൊണ്ടോ, പ്ലാസ്റ്റിക്‌ കൊണ്ടോ നിര്‍മിക്കാവുന്നതും നേരിയ ഷെല്‍ രൂപത്തിലുള്ളതുമായ ഈ കാചങ്ങള്‍ പല വലുപ്പത്തിലുണ്ട്‌; കണ്ണിന്റെ ശ്വേതമണ്ഡല(cornea)ത്തില്‍ കൃത്യമായി നിലകൊള്ളുന്ന ഏറ്റവും നേരിയ മൈക്രാലെന്‍സ്‌ മുതല്‍ ദൃഢപടല(sclera)ത്തിന്റെ ബാഹ്യഭാഗത്ത്‌ ശ്വേതമണ്ഡലത്തിനു തൊട്ടു മുമ്പിലായി വരത്തക്കവിധം കൃത്യമായി പിടിപ്പിക്കാവുന്ന തരത്തിലുള്ള കാചം വരെ ലഭ്യമാണ്‌. കാചം ഇതില്‍ ഏതു തരത്തില്‍പ്പെട്ടതായാലും കണ്ണിന്റെ എല്ലാ ബാഹ്യചലനങ്ങളിലും കാചവും കൂടി ഒന്നിച്ച്‌ ചലിച്ച്‌ അതിന്റെ ശരിയായ സ്ഥാനം ക്രമീകരിക്കുന്നു. സൈദ്ധാന്തികമായി സാധാരണ കണ്ണടകളെക്കാള്‍ സ്‌പര്‍ശകാചത്തിന്‌ കൂടുതല്‍ മേന്മയുണ്ടെങ്കിലും പ്രായോഗികമായുള്ള ചില പ്രശ്‌നങ്ങള്‍ കാരണം ഇവയുടെ ഉപയോഗം പരിമിതമാണ്‌.

ദ്വയാഭികേന്ദ്ര കാചം: A. പണിതീര്‍ത്തഭാഗം

ഫ്രനെല്‍ കാചം (Fresnel lens). ഒരു കാചത്തിന്റെ പ്രതലത്തെ അനേകം ഏക കേന്ദ്രീയ വലയങ്ങളായി ഭാഗിച്ച്‌ ഒരു പരന്ന പ്രതലത്തില്‍ കൃത്യമായി സജ്ജീകരിക്കുകയാണെങ്കില്‍ കാചത്തിന്റെ ഭാരം വളരെ കുറയുമെന്ന്‌ ല്‌ കോംത്‌ ദ്‌ ബൂഫങ്‌ സൂചിപ്പിച്ചു (1748). 1820ല്‍ എ.ജെ. ഫ്രനെല്‍, ലൈറ്റ്‌ ഹൗസ്‌ ലെന്‍സിന്റെ നിര്‍മാണത്തില്‍ ഈ സൂചന ഉപയോഗപ്പെടുത്തി. ഇവിടെ അനുയോജ്യമായ ഗ്ലാസ്‌ പ്ലേറ്റില്‍ നിന്ന്‌ വെട്ടിയെടുത്ത കാചത്തിലെ ഓരോ ഭാഗവും മിനുസപ്പെടുത്തിയശേഷം ഒരു ലോഹപ്രതലത്തില്‍ ക്രമീകരിച്ച്‌ പൂര്‍ണമായ ഒരു ലൈറ്റ്‌ ഹൗസ്‌ ലെന്‍സ്‌ നിര്‍മിക്കപ്പെടുന്നു. ഫ്‌ളഡ്‌ലൈറ്റ്‌, സ്‌പോട്ട്‌ ലൈറ്റ്‌, ട്രാഫിക്‌ സിഗ്‌നല്‍ എന്നിവയിലെല്ലാം ഫ്രനെല്‍ കാചങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. കപ്പലുകളില്‍ കൂടുതല്‍ കാഴ്‌ച ലഭിക്കുന്നതിന്‌ സിലിന്‍ഡറാകൃതിയിലുള്ള കാചങ്ങള്‍ പ്രയോജനപ്പെടുന്നു. 1945നു ശേഷം പ്ലാസ്റ്റിക്കില്‍ വളരെ നേരിയ ഫ്രനെല്‍ കാചങ്ങള്‍ രൂപപ്പെടുത്തുവാന്‍ തുടങ്ങി. ഇപ്രകാരം രൂപപ്പെടുത്തിയെടുത്ത വലയങ്ങളുടെ കനം ഒരു ഇഞ്ചിന്റെ ആയിരത്തിലൊരുഭാഗം മാത്രമായിരിക്കും. ക്യാമറകളിലും പ്രാജക്ടറുകളിലും ഇത്തരം കാചം ഉപയോഗിച്ചു വരുന്നു.

കാചനിര്‍മാണം. ബാറ്റിസ്റ്റാ ഡെലാപോര്‍ത്താ 1589ല്‍ പ്രസിദ്ധീകരിച്ച മഗിയാ നാച്ചുറാലിസ്‌ (Magia Naturalis)എന്ന ഗ്രന്ഥത്തില്‍ കാച നിര്‍മാണ തത്ത്വങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. ഉദ്ദിഷ്ടമായ തരം ഗ്ലാസ്സ്‌ കഷണം ചെത്തി ആകൃതി ശരിയാക്കുകയാണ്‌ ആദ്യത്തെ പടി. പിന്നീട്‌ പ്രതലങ്ങളെ ഉരച്ചു ശരിപ്പെടുത്തുന്നു. ആവശ്യമായ വക്രത വരും വിധം ഉപകരണത്തിന്റെ സഹായത്തോടെയാണ്‌ പ്രതലം ഉരച്ചു ശരിയാക്കുന്നത്‌. എമറി പൗഡര്‍ ഉപയോഗിച്ച്‌ പ്രതലം മിനുസപ്പെടുത്തുകയും മെഴുകും മറ്റും കൊണ്ട്‌ മിനുസം വരുത്തുകയും ചെയ്യുന്നു. എമറിക്കു പകരം അലുമിനിയം ഓക്‌സൈഡ്‌ ഉപയോഗിക്കാറുണ്ട്‌. പോളിഷിങ്ങിനു വേണ്ടി മുമ്പ്‌ ഉപയോഗിച്ചിരുന്നത്‌ ഫെറിക്‌ ഓക്‌സൈഡ്‌ ആയിരുന്നു. ഇന്ന്‌ സീറിയം ഓക്‌സൈഡും സിര്‍കോണിയം ഓക്‌സൈഡുമാണ്‌ പരക്കേ ഉപയോഗിച്ചുവരുന്നത്‌. കാചത്തിന്റെ പ്രകാശികകേന്ദ്രം (optic centre) യാന്ത്രിക സഹായത്തോടെ കൃത്യമായി ഉറപ്പിക്കുന്നു. പോളിഷ്‌ ചെയ്‌ത കാചതലം സാധാരണയായി കുറേയെങ്കിലും ആപതിത പ്രകാശരേഖകളെ പ്രതിഫലിപ്പിക്കുന്നുണ്ട്‌. അതുകൊണ്ട്‌ പലതരം മിത്ഥ്യാപ്രതിബിംബങ്ങള്‍ രൂപപ്പെടുവാനിടയാകുന്നു. 1936 വരെ ഈ ന്യൂനത പരിഹരിക്കാന്‍ ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍വാതാവസ്ഥയില്‍ കാചത്തിന്‌ കാല്‍സിയം ഫ്‌ളൂറൈഡ്‌ പോലുള്ള പദാര്‍ഥങ്ങളുടെ പാട നേരിയ തോതില്‍ ഏല്‌പിച്ചാല്‍ കാചത്തിന്റെ പ്രതിപതനശേഷി സാരമായി കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ 1936ല്‍ ജോണ്‍ സ്റ്റ്രാങ്‌ തെളിയിക്കുകയുണ്ടായി. 1945ഓടുകൂടി മഗ്‌നീഷ്യം ഫ്‌ളൂറൈഡിന്റെ പാട കാചത്തില്‍ ഏല്‌പിച്ച്‌ പ്രതിപതനശേഷി ഒന്നോ രണ്ടോ ശതമാനമായി കുറയ്‌ക്കുന്ന രീതി സാര്‍വത്രികമായിത്തീര്‍ന്നു.

കാചങ്ങളുടെ തലങ്ങള്‍ ഗോളീയമാണെന്നും അവയ്‌ക്ക്‌ ഉദ്ദിഷ്ട വക്രതയുണ്ടെന്നും പ്രകാശിക കേന്ദ്രം ശരിയാണെന്നും മറ്റും പരീക്ഷിച്ചതിനു ശേഷമാണ്‌ സുതാര്യമായി പ്രത്യേക പശ ഉപയോഗിച്ച്‌ കാചങ്ങളെ സംയോജിപ്പിക്കുന്നത്‌. "കാനഡാ ബാള്‍സം' എന്നൊരു പദാര്‍ഥമാണ്‌ ആദ്യകാലങ്ങളില്‍ പശയായി ഉപയോഗിച്ചിരുന്നത്‌. ഇപ്പോള്‍ ബ്യൂടൈല്‍ മീഥാക്രലേറ്റും (butyl methacrylate) മറ്റു പലവിധ പോളിമറുകളും (polymers) ഉപയോഗിച്ചുവരുന്നു. നോ: കണ്ണടകള്‍; പ്രാകാശികം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%9A%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍