This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാങ്‌ഷി (1654-1722)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാങ്‌ഷി (1654-1722)

Kangxi

കാങ്‌ഷി

ചൈന ഭരിച്ച ചിങ്‌വംശത്തിലെ ചക്രവര്‍ത്തി. ഷുന്‍ചി ചക്രവര്‍ത്തിയുടെ (ഭ.കാ. 164361) മൂന്നാമത്തെ പുത്രനായി 1654 മേയ്‌ 4നു ജനിച്ചു. ബാല്യത്തില്‍ത്തന്നെ മാതാവ്‌ അന്തരിച്ചുപോയതിനാല്‍ പിതാമഹിയുടെ സംരക്ഷണത്തിലാണ്‌, കാങ്‌ഷി വളര്‍ന്നത്‌. മാഞ്ചുഭാഷയും ചൈനീസ്‌ ഭാഷയും സ്വകാര്യാധ്യാപകരില്‍ നിന്നു പഠിച്ചു. പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ കാങ്‌ഷി ആറാമത്തെ വയസ്സില്‍ ചക്രവര്‍ത്തിയായി പ്രഖ്യാപിക്കപ്പെട്ടു (1661 ഫെ. 5). മാഞ്ചുരാജ്യതന്ത്രജ്ഞരായ സോനിന്‍, സുകുസഹ, എബിലുന്‍, ഒബോയ്‌ എന്നിവര്‍ ഇക്കാലത്ത്‌ റീജന്റായി ഭരണം നടത്തി. ഷുന്‍ചിയുടെ നയങ്ങള്‍ക്ക്‌ എതിരായി ഭരണം നടത്തിയിരുന്ന ഒബോയിയും മറ്റും ബുദ്ധമതാനുയായികളെ പുറത്താക്കുകയും ജെസ്യൂട്ട്‌ മിഷനറിമാരില്‍ പലരെയും വധിക്കുകയും ചെയ്‌തു. കേന്ദ്രപ്രവിശ്യാഭരണങ്ങളില്‍ മാഞ്ചുവര്‍ഗക്കാരെ കൂടുതലായി കുടിയിരുത്തി. 1667ല്‍ കാങ്‌ഷി ഭരണത്തലവനായി എങ്കിലും 1669 വരെ ഒബോയ്‌ അധികാരത്തില്‍ തുടര്‍ന്നു. 1669ല്‍ ചക്രവര്‍ത്തി പദം ഏറ്റെടുത്ത കാങ്‌ഷി ഒബോയിയെ കാരാഗൃഹത്തിലടച്ചു. മാത്രമല്ല ചൈനക്കാരും മാഞ്ചു വര്‍ഗക്കാരും തമ്മിലുണ്ടായിരുന്ന സ്‌പര്‍ധ ഇല്ലായ്‌മ ചെയ്യാന്‍വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്‌തു. വാനനിരീക്ഷണസമിതിയുടെ ചുമതല ജെസ്യൂട്ട്‌ മിഷനറിമാരില്‍ നിക്ഷിപ്‌തമാക്കി. മാത്രമല്ല, മതപീഡനങ്ങള്‍ക്ക്‌ വിധേയരായവരോടു സഹിഷ്‌ണുതയോടെ പെരുമാറുകയും ചെയ്‌തു. 1670ല്‍ പുറപ്പെടുവിച്ച ഷെങ്‌യൂ (വിശുദ്ധശാസനങ്ങള്‍) മൂലം കാങ്‌ഷി ചൈനാക്കാരുടെ ഇടയില്‍ സമ്മതനായി. സിവില്‍ സര്‍വിസ്‌ പരീക്ഷയ്‌ക്കു പുറമേ മത്സരപരീക്ഷ (പോഹ്‌സൂ) ഏര്‍പ്പെടുത്തി പണ്ഡിതന്മാരെ ഭരണത്തിലേക്ക്‌ ആകര്‍ഷിക്കുന്ന വ്യവസ്ഥയുണ്ടാക്കി (1679).

1670 മുതല്‍ സാമ്രാജ്യം ഏകീകരിക്കുന്നതില്‍ ചക്രവര്‍ത്തി ശ്രദ്ധാലുവായി. 1644-62 കാലത്ത്‌ മാഞ്ചുസഹായത്തോടെ ചൈനയില്‍ അധികാരം സ്ഥാപിച്ച്‌ സ്വതന്ത്രനായി ഭരിച്ചു തുടങ്ങിയ വുസാന്‍ കുയ്‌ക്ക്‌ 1673ല്‍ മറ്റു പ്രാദേശിക ഭരണാധികാരികളില്‍ നിന്നു നേരിടേണ്ടി വന്ന സംഘര്‍ഷം കാങ്‌ഷി മുതലെടുക്കുകയുണ്ടായി. 1678ല്‍ വുസാന്‍ നിര്യാതനായതോടെ എതിര്‍പ്പില്ലാതെ തന്നെ കാങ്‌ഷിക്ക്‌ ആ പ്രദേശം മുഴുവന്‍ കൈക്കലാക്കാന്‍ കഴിഞ്ഞു.

ചിങ്‌ വംശത്തിന്റെ ഭരണാരംഭത്തില്‍ ചൈനയുടെ തെ. കിഴക്കന്‍ തീരം കടല്‍ക്കൊള്ളക്കാരുടെ ആക്രമണങ്ങള്‍ക്ക്‌ വിധേയമായിരുന്നു. 1660കളില്‍ തയ്‌വാനില്‍ താവളമടിച്ചിരുന്ന അവര്‍ കാങ്‌ഷിയുടെ സൈന്യമുന്നേറ്റത്തെ ചെറുക്കാന്‍ ചൈനീസ്‌ വന്‍കരയിലെത്തിയെങ്കിലും പരാജിതരായി, തയ്‌വാന്‍ ദ്വീപിലേക്കു പിന്‍വാങ്ങി. 1683ല്‍ തയ്‌വാന്‍ കടലിടുക്കില്‍ വച്ചുണ്ടായ നിരവധി യുദ്ധങ്ങള്‍ക്കു ശേഷം ചൈനീസ്‌ സേന വമ്പിച്ച വിജയം കരസ്ഥമാക്കി. 1895ല്‍ സിനോ ജപ്പാന്‍ യുദ്ധത്തില്‍ ചൈന പരാജയപ്പെടുന്നതുവരെ തയ്‌വാന്‍ ചൈനയുടെ കീഴിലായിരുന്നു. വ. മഞ്ചൂറിയയില്‍ ആമൂര്‍ നദിയുടെ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന കൊസ്സാക്കു റഷ്യന്‍ ആക്രമണ ഭീഷണിയെയും കാങ്‌ഷിയുടെ സൈന്യം സമര്‍ഥമായി നേരിട്ടു (1685-86).

സൈബീരിയയിലേക്ക്‌ പലായനം ചെയ്‌ത റഷ്യക്കാര്‍ വീണ്ടും യുദ്ധത്തിനൊരുങ്ങി. 1689ലെ നെര്‍ഷിന്‍സ്‌ക്‌ സന്ധിയുടെ ഫലമായി, ആമൂര്‍ നദിക്ക്‌ തെക്കുള്ള ഭാഗങ്ങള്‍ ചിങ്‌ ഭരണത്തിന്‍ കീഴിലായി. 1727ലെ കിയഖ്‌ത (Kiakhta) സന്ധിയോടെ, മംഗോളിയ മുഴുവന്‍ ചൈനയുടെ കൈവശത്തിലായി. പകരം വ. മംഗോളിയന്‍ അതിര്‍ത്തിയിലൂടെ വാണിജ്യം നടത്താന്‍ റഷ്യക്കാരെയും ചൈനക്കാര്‍ അനുവദിച്ചു. പിന്നീടുള്ള സൈനികശ്രമങ്ങളിലൂടെ ഹാമി വരെ ചൈനയുടെ അതിര്‍ത്തി വികസിപ്പിക്കുകയും 1750കളില്‍ ചൈനീസ്‌ തുര്‍ക്കിസ്‌താന്‍ കീഴടക്കാനുള്ള അടിത്തറ പാകുകയും ചെയ്‌തു.

ഭരണവ്യവസ്ഥ. കാങ്‌ഷി, ഭരണനിര്‍വഹണത്തിലും തന്റെ പ്രാഗല്‌ഭ്യം പ്രകടിപ്പിച്ചിരുന്നു. രാജാവിന്‌ സമര്‍പ്പിച്ചിരുന്ന നിവേദനങ്ങളും മറ്റും ഇദ്ദേഹം നേരിട്ടു പരിശോധിച്ചിരുന്നു എന്നു മാത്രമല്ല അവയിലെ അക്ഷരപ്പിശകുകള്‍ പോലും തിരുത്തുകയും ചെയ്‌തിരുന്നു. യുദ്ധകാലത്തു പോലും തനിക്കു വരുന്ന 300നും 400നും ഇടയ്‌ക്കുള്ള പരാതികള്‍ ഇദ്ദേഹം പരിശോധിച്ചു തീരുമാനങ്ങളെടുത്തിരുന്നതായി പറയപ്പെടുന്നു. ഹ്വാങ്‌ഹോ നദിയിലെ പ്രളയംമൂലം കിയാങ്‌സൂ പ്രദേശത്തുണ്ടാകുന്ന വമ്പിച്ച നാശനഷ്ടങ്ങള്‍ക്കു പരിഹാരം കാണുന്നതിലായിരുന്നു കാങ്‌ഷിയുടെ സത്വരശ്രദ്ധ ആദ്യമായി പതിഞ്ഞത്‌. ഹ്വാങ്‌ഹോ നദിയിലെ ജലം ഗ്രാന്റ്‌ കനാല്‍വഴി, ഹ്വാങ്‌ഹോയ്‌ക്കും യാങ്‌ടീസ്‌ നദിക്കും ഇടയ്‌ക്കുള്ള പ്രദേശത്ത്‌ കൃഷിക്കുപയോഗപ്പെടുത്തുവാനും, വെള്ളപ്പൊക്കം തടയാനും തയ്യാറാക്കിയ പദ്ധതി ആദ്യന്തം കാങ്‌ഷി നേരിട്ടു ശ്രദ്ധിച്ചിരുന്നു. ഇതിനുവേണ്ടി വന്ന യാത്രാച്ചെലവുകള്‍ ഇദ്ദേഹം സ്വന്തം കൈയില്‍ നിന്നായിരുന്നു നിര്‍വഹിച്ചിരുന്നത്‌.

കൊട്ടാരച്ചെലവുകളില്‍പ്പോലും ഇദ്ദേഹം പിശുക്ക്‌ കാണിച്ചിരുന്നു. സാമ്പത്തിക ഭാരമുള്ള യുദ്ധകാലത്തുപോലും കാങ്‌ഷി നികുതി വര്‍ധിപ്പിച്ചില്ല; എന്നു മാത്രമല്ല ചില നികുതിയിളവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തു. വായനയില്‍ ആനന്ദം കണ്ടെത്തിയ ചക്രവര്‍ത്തി അന്നത്തെ ചൈനയിലെ പ്രമുഖദാര്‍ശനികരുമായി ബന്ധപ്പെട്ടു. കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തങ്ങള്‍ക്കുപ്രാധാന്യം കൊടുത്തു തുടങ്ങിയതോടെ ഭൂരിപക്ഷം ജനങ്ങളും ഇദ്ദേഹത്തെ പിന്താങ്ങി. നവീന വൈജ്ഞാനിക വിദ്യാഭ്യാസത്തിലും കാങ്‌ഷി ആകൃഷ്ടനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ യൂവാന്‍ ചീന്‍ ലൈ ഹാന്‍ (1710), കു ചിന്‍ തു ഷൂ ചിചെങ്‌ എന്നീ പ്രശസ്‌തങ്ങളായ വിജ്ഞാനകോശങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്‌.

സാഹിത്യത്തെയും കലയെയും പോഷിപ്പിച്ചിരുന്ന ഒരു ചക്രവര്‍ത്തിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ കാങ്‌ഷി ത്‌സുതീന്‍ (കാങ്‌ഷി നിഘണ്ടു), ചുവാന്‍ താങ്‌ഷി (താങ്‌ വംശത്തിലെ സമ്പൂര്‍ണ പദ്യങ്ങള്‍) എന്നീ സാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി ചിത്രകാരന്മാരെയും ഹസ്‌തലിഖിത വിദഗ്‌ധന്മാരെയും പീക്കിങ്ങിലേക്കു കൊണ്ടുവന്നു. കാങ്‌ഷിയുടെ ഷഷ്‌ടിപൂര്‍ത്തിയുടെ അനുസ്‌മരണാര്‍ഥം വാങ്‌യുവാന്‍ചി 7.5 മീ. നീളമുള്ള പാനല്‍ ചിത്രം തയ്യാറാക്കി. 1722 ഡി. 20നു പീക്കിങ്ങില്‍ വച്ച്‌ കാങ്‌ഷി അന്തരിച്ചു; തുടര്‍ന്നു നാലാമത്തെ പുത്രനായ യിന്‍ചെന്‍ ചക്രവര്‍ത്തിയായി. 18-ാം നൂറ്റാണ്ടില്‍ ചൈനയ്‌ക്ക്‌ സൈനികരാഷ്‌ട്രീയസാമ്പത്തികസാംസ്‌കാരിക തലങ്ങളില്‍ ഉയര്‍ച്ചയുണ്ടായത്‌, കാങ്‌ഷിയുടെ ശ്രമഫലമായിട്ടായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍