This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാങ്‌ഗ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാങ്‌ഗ്ര

ഹിമാചല്‍ പ്രദേശിലെ ഒരു ജില്ലയും അവിടെയുള്ള ഒരു പട്ടണവും. ശരിയായ ഉച്ചാരണം കാങ്‌ഗ്‌ഡ എന്നാണ്‌. ഇതിന്റെ ആംഗല രൂപമാണ്‌ കാങ്‌ഗ്ര. ഡല്‍ഹിക്ക്‌ 400 കി.മീ. വടക്കായി ഹിമാലയസാനുവിലുള്ള കാങ്‌ഗ്ര പട്ടണം പ്രകൃതിരമണീയവും ചരിത്രപ്രസിദ്ധവുമാണ്‌. മുന്‍കാലങ്ങളില്‍ നഗര്‍കോട്ട്‌ എന്ന പേരിലറിയപ്പെട്ടിരുന്ന ഈ പട്ടണം സമുദ്രനിരപ്പില്‍ നിന്ന്‌ 734 മീ. ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്‌. കലാസാംസ്‌കാരിക രംഗങ്ങളില്‍ ഉന്നതമായ സ്ഥാനം നിലനിര്‍ത്തിപ്പോന്ന ഒരു രാജധാനിയുടെ ഭഗ്‌നാവശിഷ്ടങ്ങള്‍ പട്ടണത്തിലങ്ങോളമിങ്ങോളം ഇന്നും കാണാം. 1905ലുണ്ടായ ഭൂകമ്പത്തില്‍ പട്ടണം നിലംപരിശായി; പുനരുദ്ധരിക്കപ്പെട്ടിട്ടുള്ള, ഉത്തരേന്ത്യയിലെ അതിപുരാതനമായ ഒരു ദേവീക്ഷേത്രം ഇവിടെയുണ്ട്‌. കാങ്‌ഗ്രയിലെ മശ്രൂര്‍ ഗുഹാക്ഷേത്രം ജില്ലയുടെ കലാപൈതൃകത്തിന്റെ പ്രതിരൂപമായി ഇന്നും നിലനിന്നു പോരുന്നു. സംസ്ഥാനത്തെ തന്നെ കുളു താഴ്‌വരപോലെ മനോഹരമായ ഒരു സുഖവാസ കേന്ദ്രം കൂടിയാണ്‌ കാങ്‌ഗ്ര താഴ്‌വര. അമൃതസരസ്സില്‍ നിന്ന്‌ പഥാന്‍കോട്ടു വഴി കിഴക്കോട്ടുള്ള റെയില്‍പ്പാത കാങ്‌ഗ്രയിലൂടെ കടന്നുപോകുന്നു. ജില്ലയിലെ കാര്‍ഷിക വാണിജ്യകേന്ദ്രമായ കാങ്‌ഗ്ര പട്ടണം വ്യാവസായികമായും ക്രമവൃദ്ധമായ പുരോഗതി ആര്‍ജിച്ചു വരുന്നു.

കാങ്‌ഗ്ര താഴ്‌വര

പഞ്ചാബിലെ ജലന്ധര്‍ ഡിവിഷനില്‍ പെട്ടിരുന്ന കാങ്‌ഗ്ര ജില്ല വളരെ വിസ്‌തൃതമായിരുന്നു (12,701 ച.കി.മീ.). 1966ലെ പഞ്ചാബ്‌ പുനഃസംഘടനാനിയമപ്രകാരം ഇത്‌ ഹിമാചല്‍ പ്രദേശിനോടു ചേര്‍ക്കപ്പെട്ടു. 1971ല്‍ ഇന്ത്യയിലെ ഒരു ഘടക സംസ്ഥാനമെന്ന പദവി നേടിയ ഹിമാചല്‍പ്രദേശിലെ പത്തു ജില്ലകളിലൊന്നായിരുന്നു കാങ്‌ഗ്ര (8,379 ച.കി.മീ.). 197273ലെ പുനഃസംഘടനയുടെ ഫലമായി സംസ്ഥാനത്ത്‌ രണ്ടു പുതിയ ജില്ലകള്‍ കൂടി രൂപീകൃതമായതോടെ ഈ ജില്ലയുടെ വിസ്‌തൃതി 5739 ച.കി. മീറ്ററായി ചുരുങ്ങി. രജപുത്രരുടെയും മലവര്‍ഗക്കാരുടെയും പിന്തുടര്‍ച്ചക്കാരാണ്‌ ജനങ്ങളിലധികവും.

രാധാകൃഷ്‌ണന്മാര്‍ - കാങ്‌ഗ്ര ചിത്രം (18-ാം ശ.)

കാങ്‌ഗ്ര പട്ടണത്തിനു 15 കി.മീറ്ററോളം വടക്കായുള്ള ധര്‍മശാലയാണ്‌ ജില്ലയുടെ ആസ്ഥാനം. ധവോലധര്‍ കൊടുമുടിയുടെ ശൈലബാഹുവിലുള്ള പ്രകൃതിരമണീയമായൊരു ആരോഗ്യസംരക്ഷണ കേന്ദ്രം കൂടിയാണ്‌ ഈ പട്ടണം. രണ്ടു കോളജുകളും ഒരു സൈനികത്താവളവും ഇവിടെയുണ്ട്‌. ഹിമാലയത്തിന്റെ ബഹിഃപ്രാന്തത്തിലുള്ള സമാന്തരമലനിരകള്‍ക്കിടയ്‌ക്കായി ജില്ലയില്‍ ധാരാളം താഴ്‌വരകളുണ്ട്‌. ജില്ലയിലെ മുഖ്യ നദിയാണ്‌ ബിയാസ്‌ (വ്യാസ). ഗോതമ്പ്‌, ബാര്‍ലി, നെല്ല്‌, പയറുവര്‍ഗങ്ങള്‍, കടുക്‌, തേയില, കരിമ്പ്‌ മുതലായവയാണ്‌ ജില്ലയിലെ മുഖ്യകാര്‍ഷിക വിളകള്‍. വനങ്ങള്‍ വിസ്‌തൃതവും സമൃദ്ധവുമാണ്‌. ഇരുമ്പയിര്‌, ചെമ്പയിര്‌, ആന്റിമണി, കല്ലുപ്പ്‌, ടാല്‍ക്‌, ജിപ്‌സം, ഗന്ധകം, അലബാസ്‌റ്റര്‍, കളിമണ്ണ്‌ തുടങ്ങിയ പ്രകൃതിവിഭവങ്ങളും ജില്ലയിലുണ്ട്‌.

രജപുത്രരുടെ കാലത്തും അതിനുമുമ്പും നഗര്‍കോട്ട്‌ എന്ന പേരിലറിയപ്പെട്ടിരുന്ന കാങ്‌ഗ്ര പട്ടണം എ.ഡി. 1009ല്‍ മുഹമ്മദ്‌ ഗസ്‌നി കൊള്ള ചെയ്‌ത്‌ നശിപ്പിക്കുകയുണ്ടായി; 1360ല്‍ ഫിറോസ്‌ ഷാ തുഗ്ലക്കിന്റെയും കവര്‍ച്ചയ്‌ക്ക്‌ ഇവിടം വിധേയമായി. 14-ാം ശ.ത്തിന്റെ അന്ത്യത്തോടെ രജപുത്രരാജവാഴ്‌ച അവസാനിച്ചു. ജഹാംഗീര്‍ മുഗള്‍ സാമ്രാജ്യത്തോടു ചേര്‍ത്ത ഈ പ്രദേശം 1811ല്‍ രഞ്‌ജിത്‌സിംഗ്‌ കൈയടക്കി. 1848ല്‍ കാങ്‌ഗ്ര ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായി. ജില്ലയുടെ ആസ്ഥാനം 1855ല്‍ കാങ്‌ഗ്രയില്‍ നിന്ന്‌ ധര്‍മശാലയിലേക്കു മാറ്റി. 1905ല്‍ ഈ പ്രദേശം വമ്പിച്ച ഒരു ഭൂകമ്പത്തിനു വിധേയമായി.

അജന്തയിലെയും മറ്റു പൗരാണിക ഹൈന്ദവ ചിത്രശാലകളിലെയും ചുവര്‍ ചിത്രങ്ങളുടെ ലഘുരൂപങ്ങള്‍ നിര്‍മിക്കുന്ന സങ്കേതം രജപുത്രരും, കാങ്‌ഗ്രയിലെയും മറ്റും ചിത്രകാരന്മാരും 16-ാം ശ.ത്തിന്റെ അവസാനത്തോടെ സ്വരൂപിക്കുകയുണ്ടായി. ഹിമാലയസാനുക്കളില്‍ (രജപുത്താന, ബുന്തേല്‍ഖണ്ഡ്‌, പഞ്ചാബ്‌) ഉടലെടുത്ത ഈ രീതിയെ രജപുത്ര ലഘുചിത്രകലയെന്നു വിശേഷിപ്പിച്ചുവരുന്നു. പഞ്ചാബ്‌ മേഖലയില്‍ വികസിച്ച ഇതിന്റെ ഒരു ഉപരീതിയാണ്‌ "പഹാഡി'; സത്‌ലജ്‌ നദിക്കു പടിഞ്ഞാറ്‌ വികസിച്ച പഹാഡിയുടെ ഒരു ശാഖയെ ബസോലി (ജമ്മു) മാതൃകയെന്നും, നദിക്കു കിഴക്ക്‌ വ്യതിരിക്തമായ ഇതരശാഖയെ കാങ്‌ഗ്ര മാതൃകയെന്നും വിശേഷിപ്പിക്കുന്നു. സൂക്ഷ്‌മതയേറിയതും കാവ്യമയവു(lyrical)മാണ്‌ കാങ്‌ഗ്ര ചിത്രകല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍