This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാങ്ക്‌റെജ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാങ്ക്‌റെജ്‌

സാമാന്യം ക്ഷീരോത്‌പാദനശേഷിയുള്ള പശുക്കളും, പണിക്കു പറ്റിയ കാളകളുമടങ്ങുന്ന "സാമാന്യോപയുക്ത വര്‍ഗം' കന്നുകാലികളില്‍പ്പെട്ട ഒരു ജീനസ്‌. ഭാരതത്തിലെ കന്നുകളില്‍ ഏറ്റവും ഭാരം കൂടിയ കന്നുകാലികളുടെ ജീനസും ഇതു തന്നെ. നല്ല തലയെടുപ്പുള്ള ഈ ഇനത്തിന്റെ നെറ്റി വിസ്‌താരമുള്ളതും നടുഭാഗം തെല്ലു കുഴിഞ്ഞതുമാണ്‌. ഉയര്‍ന്ന നെറ്റിയുള്ളത്‌ മോശപ്പെട്ട ഇനമായി കണക്കാക്കപ്പെടുന്നു. കണ്ണിനു ചുറ്റും കറുപ്പു നിറമുണ്ടായിരിക്കുക വിശേഷലക്ഷണമായി കരുതപ്പെടുന്നു; കുറഞ്ഞ പക്ഷം കണ്ണിനു മുകളില്‍ കറുത്ത ഒരു വരയെങ്കിലും ഉണ്ടായിരിക്കുന്നത്‌ ഉത്തമമാണ്‌. ചെവികള്‍ താഴെ നെഞ്ചിന്റെ ഭാഗത്ത്‌ തമ്മില്‍ തൊടാവുന്നത്ര നീണ്ടതായിരിക്കും; ചെവിയുടെ ഉള്‍ഭാഗം ചുവന്നതോ തവിട്ടുനിറമുള്ളതോ ആകുന്നു. ആദ്യം വശത്തേക്കും പിന്നെ മുകളിലേക്കും വളരുന്ന കൊമ്പുകള്‍ക്ക്‌ അര്‍ധചന്ദ്രാകൃതിയാണുള്ളത്‌. സാമാന്യത്തിലേറെ വലുപ്പമുള്ള പൂഞ്ഞ്‌ പലപ്പോഴും ചാഞ്ഞിരിക്കും. ഇടത്തോട്ടു ചാഞ്ഞിരിക്കുന്ന പൂഞ്ഞു മാത്രമേ ഒരു വിശേഷ ലക്ഷണമായി കരുതപ്പെടുന്നുള്ളു. കറുത്ത കുളമ്പ്‌ ഈ ജീനസിന്റെ പ്രത്യേകതയാകുന്നു. പൊതുവേ സമൃദ്ധമായ താട, തൂങ്ങിക്കിടക്കുന്ന പിധാന ഭാഗം, അത്ര നീണ്ടതല്ലാത്ത വാല്‍, കറുത്ത വാല്‍രോമങ്ങള്‍ എന്നിവ വര്‍ഗശുദ്ധിയുടെ ലക്ഷണങ്ങളാണ്‌. വെട്ടിത്തിളങ്ങുന്ന വെള്ളനിറം കലര്‍ന്ന ചാരനിറമാണ്‌ ഇവയുടെ ശരിയായ നിറം. കടുത്ത ചാരനിറവും ഇരുണ്ട നിറവും അപൂര്‍വമല്ല. പശുക്കള്‍ക്ക്‌ ഉദ്ദേശം 150 സെ.മീ. നീളവും 180 സെ.മീ. വണ്ണവും 130 സെ.മീ. പൊക്കവും 425 കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും; കാളകളിലാകട്ടെ, ഉദ്ദേശം 155 സെ.മീ. നീളം, 190 സെ.മീ. വണ്ണം, 140 സെ.മീ. പൊക്കം, 585 കി.ഗ്രാം ഭാരം എന്നിപ്രകാരമാണ്‌ ശരീരത്തിന്റെ അളവുകള്‍.

പശുക്കള്‍ ശരാശരിക്കു മുകളില്‍ ക്ഷീരോത്‌പാദനശേഷിയുള്ളവയാണ്‌. ശ.ശ. ഉത്‌പാദനം 1,575 കി.ഗ്രാം പാല്‍ ആകുന്നു. കാളകള്‍ പണിക്കു പറ്റിയവയാണ്‌.

റാന്‍ ഒഫ്‌ കച്ചിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഈ ജീനസിലെ കന്നുകാലികളെ ആനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഗ്രിക്കള്‍ച്ചര്‍, അഹമ്മദ്‌നഗറിലെ ഗവണ്‍മെന്റ്‌ കാറ്റില്‍ ബ്രീഡിങ്‌ ഫാം, അഹമ്മദാബാദിലെ കാറ്റില്‍ ഫാം എന്നിവിടങ്ങളില്‍ ശാസ്‌ത്രീയമായ രീതിയില്‍ വളര്‍ത്തിവരുന്നു. നോ: കന്നുകാലികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍