This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്‌സ്‌റ്റണ്‍, വില്യം (1422?-91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാക്‌സ്‌റ്റണ്‍, വില്യം (1422?-91)

വില്യം കാക്‌സ്‌റ്റണ്‍

ഇംഗ്ലീഷ്‌ ഭാഷയില്‍ ആദ്യമായി പുസ്‌തകങ്ങള്‍ അച്ചടിപ്പിച്ച്‌ പ്രസാധനം ചെയ്‌ത ആള്‍. ഒരു വിവര്‍ത്തകനും എഡിറ്ററും എന്ന നിലയിലും ഇദ്ദേഹം ഇംഗ്ലീഷ്‌ സാഹിത്യത്തിനു നല്‌കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്‌. സ്വന്തം കാലഘട്ടത്തിന്റെയും പില്‌ക്കാല തലമുറകളുടെയും സാഹിത്യാഭിരുചിയും വായനാശീലവും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ്‌ ഇദ്ദേഹം വഹിച്ചത്‌.

കെന്റ്‌ എന്ന സ്ഥലത്താണ്‌ കാക്‌സ്‌റ്റണ്‍ ജനിച്ചത്‌. വിദ്യാഭ്യാസാനന്തരം 1438ല്‍ ലണ്ടനിലെത്തി റോബര്‍ട്ട്‌ ലാര്‍ജ്‌ എന്ന ഒരു വ്യാപാരിയുടെ കീഴില്‍ പരിശീലനം നേടി. 1441ല്‍ ലാര്‍ജിന്റെ മരണശേഷം കാക്‌സ്‌റ്റണ്‍ ബ്രൂഗെസില്‍ (ബെല്‍ജിയം) സ്വന്തമായ വ്യാപാരത്തിലേര്‍പ്പെട്ടു. ബ്രിട്ടീഷ്‌ വ്യാപാരി സംഘത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക്‌ ഉയരാന്‍ കഴിഞ്ഞ കാക്‌സ്‌റ്റണ്‍ ഇംഗ്ലണ്ടിലെ രാജാവിന്റെ പ്രതിപുരുഷനായും അല്‌പകാലം പ്രവര്‍ത്തിച്ചു.

50-ാം വയസ്സില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു വിരമിച്ച കാക്‌സ്‌റ്റണ്‍ ഇംഗ്ലണ്ടിലെ എഡ്വേഡ്‌ കഢന്റെ സഹോദരിയും ബര്‍ഗണ്ടിയിലെ പ്രഭ്വിയുമായ മാര്‍ഗററ്റിന്റെ കീഴില്‍ ഉദ്യോഗം സ്വീകരിച്ചു.

1471ല്‍ കൊളോണ്‍ സന്ദര്‍ശനവേളയിലാണ്‌ ഇദ്ദേഹം ഒരു അച്ചടിയന്ത്രത്തിന്റെ പ്രവര്‍ത്തനം ആദ്യമായി കാണുന്നത്‌. 1474ല്‍ ബ്രൂഗെസില്‍ തിരിച്ചെത്തിയ ഇദ്ദേഹം മുദ്രണരംഗത്തു പ്രവേശിച്ചു. കൊളാര്‍ഡ്‌ മാന്‍ഷന്റെ സഹകരണത്തോടെ ദ്‌ റക്ക്വേ ഒഫ്‌ ദ്‌ ഹിസ്റ്ററീസ്‌ ഒഫ്‌ ട്രായ്‌ (The Recuyell of the Histories of Troy) എന്ന പുസ്‌തകം കാക്‌സ്‌റ്റണ്‍ ആദ്യമായി മുദ്രണം ചെയ്‌തു. ഇംഗ്ലീഷ്‌ ഭാഷയില്‍ മുദ്രിതമായ ആദ്യഗ്രന്ഥവും ഇതുതന്നെയാണ്‌. ഫ്രഞ്ചില്‍ നിന്ന്‌ കാക്‌സ്‌റ്റണ്‍ തന്നെയാണ്‌ ഈ കൃതി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തത്‌. ഈ വിവര്‍ത്തനത്തിന്‌ ഇദ്ദേഹത്തിന്‌ മാര്‍ഗററ്റിന്റെ പ്രാത്‌സാഹനം ലഭിച്ചിരുന്നു. 1475ല്‍ കാക്‌സ്‌റ്റണ്‍ വീണ്ടും ലണ്ടനിലെത്തി. വെസ്റ്റ്‌ മിനിസ്റ്റര്‍ ആബിക്കു സമീപം ഒരു വാടകക്കെട്ടിടത്തില്‍ ഒരു അച്ചുകൂടം തുടങ്ങി. 15 വര്‍ഷക്കാലം അവിടെ കഴിഞ്ഞു. ഇതിനിടയ്‌ക്ക്‌ ധാരാളം പുസ്‌തകങ്ങള്‍ ഇദ്ദേഹം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. അവയില്‍ മൂന്നില്‍ ഒരു ഭാഗം ഇദ്ദേഹം തന്നെ വിവര്‍ത്തനം ചെയ്‌തവയാണ്‌; പ്രമകഥകളായിരുന്നു കൂടുതലും.

ഒരു നല്ല എഡിറ്ററും സംശോധകനുമായിരുന്ന കാക്‌സ്‌റ്റണ്‍ സുന്ദരമായ ഒരു ശൈലിയുടെ ഉടമസ്ഥന്‍ കൂടിയായിരുന്നു. ദ്‌ ഡിക്‌റ്റേസ്‌ ആന്‍ഡ്‌ സേയിങ്‌സ്‌ ഒഫ്‌ ഫിലോസഫേഴ്‌സ്‌ (The Dictes and Sayings of Philosophers, 1447)എന്ന പുസ്‌തകം ഇദ്ദേഹത്തിന്റെ സരസമായ ശൈലിയുടെ നിദര്‍ശനമാണ്‌. ഇംഗ്ലണ്ടില്‍ അച്ചടിക്കപ്പെട്ട ആദ്യഗ്രന്ഥം എന്ന പ്രാധാന്യവും ഈ പുസ്‌തകത്തിനുണ്ട്‌. ഇദ്ദേഹത്തിന്റെ മറ്റു പ്രസിദ്ധീകരണങ്ങളാണ്‌ ദ ഗോള്‍ഡന്‍ ലെജന്‍ഡ്‌, ദ നോബിള്‍ ഹിസ്റ്ററീസ്‌ ഒഫ്‌ കിങ്‌ ആര്‍ഥര്‍ ആന്‍ഡ്‌ ഒഫ്‌ സെര്‍ട്ടന്‍ ഒഫ്‌ ഹിസ്‌ നൈറ്റ്‌സ്‌, ചാസറിന്റെ കാന്റര്‍ബറി ടെയില്‍സ്‌ (രണ്ടു പതിപ്പുകള്‍) എന്നിവ. സെന്റ്‌ ജറോമിന്റെ ലൈവ്‌സ്‌ ഒഫ്‌ ദ ഫാദേഴ്‌സ്‌ (Lives of the Fathers)എന്ന ഗ്രന്ഥമാണ്‌ ഏറ്റവും ഒടുവില്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്‌തത്‌.

അതു മുദ്രണം ചെയ്യാന്‍ കഴിയും മുമ്പ്‌ 1491ല്‍ കാക്‌സ്‌റ്റണ്‍ ലണ്ടനില്‍ വച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍