This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്കാലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാക്കാലന്‍

കേരളത്തിലെ ഒരു നാടോടി വര്‍ഗം. ഇവര്‍ക്ക്‌ തെക്കന്‍ തിരുവിതാംകൂറിലെ കാക്കക്കുറവന്മാരുമായി സാമ്യമുണ്ട്‌. കുറവ വര്‍ഗത്തില്‍പ്പെട്ട ഒരു ജാതിയായ കാക്കാലന്മാരുടെ ഉത്‌പത്തിയെക്കുറിച്ചു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്‌. ഭിക്ഷാടനത്തിനിറങ്ങിയ ശ്രീപരമേശ്വരന്‍ ഒരു ബ്രാഹ്മണത്തെരുവില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടത്തെ നിവാസികള്‍ അദ്ദേഹത്തെ ആട്ടിപ്പായിച്ചുവത്ര. കോപിഷ്‌ഠനായ ശിവന്‍ ഉടന്‍തന്നെ ആ പ്രദേശത്തെ ഭസ്‌മീകരിച്ചു. പശ്ചാത്താപവിവശരായ ബ്രാഹ്മണര്‍ ശാപമോക്ഷം യാചിച്ചുവെന്നും അലഞ്ഞുതിരിഞ്ഞു നടന്ന്‌ ഉപജീവനം നടത്തിക്കൊള്ളാന്‍ അവരെ ശ്രീപരമേശ്വരന്‍ അനുവദിച്ചുവെന്നും അങ്ങനെ ശാപഗ്രസ്‌തരായിത്തീര്‍ന്ന ബ്രാഹ്മണരുടെ പിന്‍ഗാമികളാണ്‌ ഈ കാക്കാലന്മാരെന്നുമാണ്‌ ഐതിഹ്യം. കാക്കാലന്മാരില്‍ ബഹുഭൂരിപക്ഷത്തിനും സ്ഥിരമായ താമസസ്ഥലമില്ല.

കാക്കാലന്മാരില്‍ കവിടിയന്‍, മണിപ്പറയന്‍, മേലൂട്ടന്‍, ചട്ടപ്പറയന്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളുണ്ട്‌. കവിടിയന്മാരില്‍ത്തന്നെ കൊല്ലക്കവിടിയന്‍, മലയാളക്കവിടിയന്‍, പാണ്ടിക്കവിടിയന്‍ എന്നിങ്ങനെ മൂന്നു ഉപവിഭാഗങ്ങളുണ്ട്‌; കൊല്ലക്കവിടിയന്‍ മധ്യതിരുവിതാംകൂറില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി വന്നവരാണ്‌ പാണ്ടിക്കവിടിയര്‍. പാമ്പുകളെയും കുരങ്ങുകളെയും മെരുക്കി കളിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട്‌ അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ്‌ കാക്കാലന്മാര്‍ ഉപജീവനം കഴിച്ചുവരുന്നത്‌. കൈനോട്ടം, പക്ഷിശാസ്‌ത്രം, ഗൗളിശാസ്‌ത്രം എന്നിവയ്‌ക്കു പുറമേ പച്ചകുത്ത്‌, കാതുകുത്ത്‌, പല്ലുരാകല്‍, കുട നന്നാക്കല്‍, കൈത്തയ്യല്‍ എന്നീ തൊഴിലുകളിലും കാക്കാലന്മാര്‍ക്ക്‌ പ്രാവീണ്യമുണ്ട്‌. സുബ്രഹ്മണ്യന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ്‌ ഇവര്‍ക്ക്‌ കൈനോക്കി ഫലം പ്രവചിക്കുവാന്‍ സാധിക്കുന്നത്‌ എന്ന്‌ ഇവര്‍ അവകാശപ്പെടുന്നു. ഫലം പ്രവചിക്കുന്നതില്‍ സ്‌ത്രീകള്‍ക്കാണ്‌ കൂടുതല്‍ വൈദഗ്‌ധ്യം.

ചെറിയ തോതില്‍ ചികിത്സയും മന്ത്രവാദവും ഇവര്‍ നടത്താറുണ്ട്‌. ഉദയസൂര്യനാണ്‌ ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി. എല്ലാ ഞായറാഴ്‌ചയും സൂര്യദേവന്‌ ഇവര്‍ ചോറ്റു നിവേദ്യം അര്‍പ്പിക്കാറുണ്ട്‌. ഹൈന്ദവക്ഷേത്രങ്ങളില്‍ നിന്നും അല്‌പം അകലെ മാറി നിന്ന്‌ ഇവര്‍ ദൈവങ്ങളെ ആരാധിക്കുന്നു. ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും ഇവരുടെ ഇടയില്‍ സാധാരണയാണ്‌. പെണ്‍കുട്ടികള്‍ ഋതുമതികളാകുമ്പോള്‍ ഒരാഴ്‌ചയോളം നീണ്ടുനില്‌ക്കുന്ന ആഘോഷപരിപാടികള്‍ നടത്താറുണ്ട്‌. ശവശരീരം മറവു ചെയ്യുകയാണു പതിവ്‌. ദായക്രമം മക്കത്തായമാണ്‌. കേരളത്തിന്റെ വടക്കന്‍ ദിക്കുകളില്‍ സ്‌ത്രീകളെ "കുറത്തി' എന്നും തെക്കന്‍ ദിക്കുകളില്‍ "കാക്കാലത്തി', "കാക്കാത്തി', "കാക്കാലിച്ചി', "കാക്കാരത്തി', "കാക്കാരിശ്ശി' എന്നും വിളിക്കുന്നു. തമിഴും മലയാളവും കലര്‍ന്ന ഒരു സങ്കരഭാഷയാണ്‌ ഇവര്‍ സംസാരിക്കുന്നത്‌.

ഞാണിന്മേല്‍ക്കളി, കരണംമറിച്ചില്‍, റോപ്‌ വാക്കിങ്‌, ബാര്‍ പ്ലേ എന്നീ അഭ്യാസങ്ങളില്‍ പുരാതനകാലം മുതല്‌ക്കേ കാക്കാലന്മാര്‍ വിദഗ്‌ധരായിരുന്നു. ഇക്കൂട്ടരുടെ അഭ്യാസരീതി കേരളത്തിലെ സര്‍ക്കസ്‌ കലയെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്നു പറയാം.

കാക്കാലന്മാരുടെ നാടോടി നാടകമാണ്‌ കാക്കാരിശ്ശി കളി. "കാക്കാലന്‍ തൂറീട്ടു കുരങ്ങിനെ തല്ലുക' എന്ന പഴഞ്ചൊല്ലും "കാക്കാലന്‍ തൊട്ട പാമ്പിനെപ്പോലെ', "കാക്കാലന്റെ കൈയിലെ കുരങ്ങിനെപ്പോലെ' എന്നീ ശൈലികളും മലയാളത്തില്‍ പ്രചാരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍