This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്കസസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കാക്കസസ്‌

Caucasus

കരിങ്കടലിനും കാസ്‌പിയന്‍ കടലിനും ഇടയ്‌ക്ക്‌ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം. മാമലകള്‍ നിറഞ്ഞ ഭൂസന്ധിയാണ്‌ ഈ കരയിടുക്ക്‌. കക്കേഷ്യ എന്നു കൂടി വിശേഷിപ്പിക്കപ്പെടുന്ന ഈ മേഖല റഷ്യന്‍ ഭാഷയില്‍ കാഫ്‌കാസ്‌ (Kavkas)എന്നാണറിയപ്പെടുന്നത്‌. കരിങ്കടലിന്റെ തെക്കന്‍ തീരങ്ങളില്‍ ബി.സി. രണ്ടാം സഹസ്രാബ്‌ദത്തില്‍ ജീവിച്ചിരുന്ന ജനതയെ ഹിറ്റൈറ്റ്‌ ഭാഷയില്‍ "കാസ്‌കാസ്‌' (kaz-kaz) എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌; ഇതില്‍ നിന്നാണ്‌ കാക്കസസ്‌ എന്ന പദം നിഷ്‌പാദിച്ചിട്ടുള്ളതെന്ന അഭിപ്രായത്തിനാണ്‌ കൂടുതല്‍ പ്രാബല്യം. ഗ്രീക്ക്‌ സാഹിത്യകാരനായിരുന്ന അക്കിലസ്‌ (ബി.സി. 525-456) രചിച്ച "ബന്ധനസ്ഥനായ പ്രാമിത്യൂസ്‌' (Prom-etheus Bound) എന്ന ശോകാന്തനാടകത്തിലാണ്‌ കാക്കസസ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചുകാണുന്നത്‌.

കാക്കസസ്‌ മേഖലയുടെ കിഴക്കേ ഓരത്തെ കാസ്‌പിയന്‍ തീരം മാധ്യസമുദ്രനിരപ്പിലും താഴ്‌ന്ന വിതാനത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌; മേഖലയുടെ മധ്യഭാഗത്തുള്ള ഏറ്റവും ഉയരമേറിയ ഗിരിശൃംഗത്തിന്‌ (Elbrus) 5,642 മെീ. ഉയരമുണ്ട്‌. ഈ മേഖലയുടെ ഒട്ടുമുക്കാലും വ്യാപിച്ചിട്ടുള്ള ഗിരിനിരകളാണ്‌ കാക്കസസ്‌ പര്‍വതം (Caucasian ranges)എന്നറിയപ്പെടുന്നത്‌. കാക്കസസ്‌ മേഖലയിലെ നരവംശപരമായി വ്യത്യസ്‌തമായ അമ്പതോളം ജനവിഭാഗങ്ങളും (കാക്കേഷ്യന്‍ ജനവര്‍ഗങ്ങള്‍) ഇവര്‍ക്കിടയില്‍ പ്രചാരത്തിലുള്ള അത്രയും തന്നെ തദ്ദേശീയ ഭാഷകളും (കാക്കേഷ്യന്‍ ഭാഷകള്‍) സവിശേഷശ്രദ്ധയര്‍ഹിക്കുന്നു.

കാക്കസസ്‌ മേഖല

കാക്കസസ്‌

കിഴക്ക്‌ കാസ്‌പിയന്‍ കടല്‍, പടിഞ്ഞാറ്‌ കരിങ്കടലും അതിന്റെ പിരിവായ അസോവ്‌ കടലും, വടക്ക്‌ കൂമാമാനിച്‌ നിമ്‌നതടം (Kuma-Manich depression), തെക്ക്‌ റഷ്യ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി പങ്കിടുന്ന രാഷ്‌ട്രീയാതിര്‍ത്തി എന്നിവയാണ്‌ കാക്കസസ്‌ മേഖലയുടെ അഥവാ കാക്കേഷ്യയുടെ പരിധി. കാക്കസസ്‌ മേഖലയ്‌ക്ക്‌ 4,40,000 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. ഗിരിനിരകള്‍, പീഠഭൂമികള്‍, മലയടിവാരങ്ങള്‍, സമതലങ്ങള്‍, ഹിമാനികള്‍, നദികള്‍, തടാകങ്ങള്‍, പുല്‍മേടുകള്‍, ചതുപ്പുകള്‍, കാനനങ്ങള്‍, വരണ്ട സ്റ്റെപ്‌ പ്രദേശങ്ങള്‍ എന്നിവയെല്ലാമുള്ള കാക്കേഷ്യ ഭൂമിശാസ്‌ത്രപരമായി അതീവ സങ്കീര്‍ണമാണ്‌. കാക്കേഷ്യയെ ഉത്തരദക്ഷിണ മേഖലകളായി വേര്‍തിരിച്ചിരിക്കുന്നു. ഇവയ്‌ക്കിടയിലെ വിഭാജകം കാക്കസസ്‌ പര്‍വതത്തിലെ ഗ്ലാവ്‌നൈയ്‌ നിരകളാണ്‌. ഉത്തര കാക്കേഷ്യ റഷ്യ, ജോര്‍ജിയ, അസര്‍ബെയ്‌ജാന്‍ എന്നീ റിപ്പബ്ലിക്കുകളിലും ദക്ഷിണ കാക്കേഷ്യ അര്‍മീനിയ, അസെര്‍ബൈജാന്‍, ജോര്‍ജിയ എന്നീ റിപ്പബ്ലിക്കുകളിലും പെടുന്നു. തദ്ദേശീയ ജനവര്‍ഗങ്ങള്‍ക്കു പുറമേ റഷ്യയില്‍ നിന്നും ഇറാന്‍, തുര്‍ക്കി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരും ഇവിടെ ധാരാളമുണ്ട്‌.

കാക്കസസ്‌ പര്‍വതം

അസോവ്‌ കടലിനും കരിങ്കടലിനും ഇടയ്‌ക്കുള്ള താമന്‍ മുനമ്പില്‍ തുടങ്ങുന്ന വിശാല കാക്കസസ്‌ നിരകള്‍ തെ. കിഴക്കു ദിശയില്‍ 1,450 കി.മീ. നീണ്ടുകിടക്കുന്നു. അപ്‌ഷെറോണ്‍ മുനമ്പില്‍ അപ്രത്യക്ഷമാകുന്ന ഈ നിരകള്‍ കാക്കസസ്‌ കടലിനടിയിലൂടെ വീണ്ടും തെ. കിഴക്കോട്ടു നീളുന്നുണ്ട്‌. കടലിനു കിഴക്ക്‌, ഇറാന്റെ ഉത്തരസീമാന്ത മേഖലയായ കോപെറ്റ്‌ദാഗില്‍ (Kopet Dag) ഇതിന്റെ തുടര്‍ച്ച കാണാവുന്നതാണ്‌. കാക്കസസ്‌ നിരകളെ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ടെങ്കിലും ഭൂവിജ്ഞാനപരമായി ഇതിന്റെ തന്നെ ശാഖകളാണ്‌ പോണ്ടിക്‌ നിരകളുടെ തുടര്‍ച്ചയെന്നോണം തുര്‍ക്കിയുടെ പൂര്‍വോത്തരഭാഗത്തും ഇറാന്റെ ഉത്തരഭാഗങ്ങളിലും കാണപ്പെടുന്നത്‌.

വിശാല കാക്കസസ്‌ നിരകളെ കുറുകെ മൂന്നായി വിഭജിച്ചിരിക്കുന്നു: എല്‍ബ്രസ്‌ ശൃംഗത്തിനു പടിഞ്ഞാറുള്ള ഭാഗം പശ്ചിമം; എല്‍ബ്രസ്‌, കാസ്‌ബക്‌ എന്നീ ശൃംഗങ്ങള്‍ക്ക്‌ ഇടയ്‌ക്കുള്ള ഭാഗം മധ്യം; കാസ്‌ബക്‌ ശൃംഗത്തിനു കിഴക്കുള്ള ഭാഗം പൂര്‍വം. ഏറ്റവും തീവ്രമായ പര്‍വതനം (orogeny) അനുഭവപ്പെട്ടത്‌ മധ്യത്താണ്‌; തന്മൂലം പര്‍വതത്തിന്റെ മറ്റു രണ്ടു ഭാഗങ്ങള്‍ കൂടുതല്‍ വിശാലമാണ്‌. പശ്ചിമപൂര്‍വഭാഗങ്ങളില്‍ പര്‍വതത്തിന്‌ 160 കി.മീ.ല്‍ ഏറെ വീതിയുണ്ട്‌. വിശാല കാക്കസസ്‌ നിരകളുടെ തെക്കു വശങ്ങള്‍ക്ക്‌ വടക്കു വശങ്ങളെക്കാള്‍ ചരിവുമാനം കൂടുതലാണ്‌. ഏറ്റവും ഉയരമേറിയ കൊടുമുടികള്‍ ഉള്‍ക്കൊള്ളുന്ന മധ്യനിരകളാണ്‌ ഗ്ലാവ്‌നൈയും (Glavnyi or Vodorazdel'nyi) ബോകോവോയും (Bokovoi). ഇവിടെയാണ്‌ കാക്കസസിന്റെ നെറുകയായ എല്‍ബ്രസ്‌ കൊടുമുടി. മറ്റ്‌ ഉത്തുംഗ ഗിരിശൃംഗങ്ങള്‍ ഷ്‌ഖാര (Shkhara 5,068 മീ.), ദിഖ്‌റ്റോ (Dikhtau 5,203 മീ.) എന്നിവയാണ്‌.

വിശാല കാക്കസസിലെ മധ്യനിരകള്‍ അവിച്ഛിന്നമായ ഒരു ജലവിഭാജകമാണ്‌. എന്നാലും ഇവിടെ രണ്ടു ചുരങ്ങളുണ്ട്‌: 2,377 മീ. ഉയരത്തിലുള്ള ദാരിയല്‍ ചുരവും 2,700 മീ. ഉയരത്തിലുള്ള മാമിസണ്‍ ചുരവും. ഇവയിലൂടെയാണ്‌ യുദ്ധകാലത്ത്‌ ഗതാഗതം സാധ്യമായിരുന്നത്‌; ഇന്ന്‌ ഇതുവഴി രാഷ്‌ട്രാന്തര നാഷണല്‍ ഹൈവേകള്‍ തീര്‍ത്തിരിക്കുന്നു. പര്‍വതത്തിന്റെ ഏറിയ പങ്കും സമുദ്രനിരപ്പില്‍ നിന്ന്‌ 3,000 മുതല്‍ 3,700 വരെ മീ. ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടത്തെ ജലവിഭാജകനിരകള്‍ ഏഷ്യയ്‌ക്കും യൂറോപ്പിനും ഇടയ്‌ക്കുള്ള അംഗീകൃത സീമ കൂടിയാണ്‌.

ലഘുകാക്കസസ്‌ നിരകള്‍ ഇറാനിയന്‍ പീഠപ്രദേശത്തിന്റെ തുടര്‍ച്ചയാണ്‌. വിശാല കാക്കസസ്‌, ലഘു കാക്കസസ്‌ പര്‍വതങ്ങള്‍ക്കിടയ്‌ക്കാണ്‌ കുതായ്‌സിക്യൂര നിമ്‌നം. ഈ നിമ്‌നമേഖലയെ രണ്ടായി പകുക്കുന്ന സുരാമി നിരകള്‍ രണ്ടു പര്‍വതങ്ങളെയും കൂട്ടിയിണക്കുന്നു.

ഭൂവിജ്ഞാനം

ഭൂവിജ്ഞാനപരമായി ആല്‍പ്‌സ്‌ നിരകളുടെ ഭാഗമാണ്‌ കാക്കസസ്‌ പര്‍വതം. ആല്‍പ്‌സ്‌ നിരകളിലേതായ കാര്‍പ്പേതിയന്‍ പര്‍വതം കരിങ്കടലിനു കീഴിലൂടെ ക്രിമിയയിലേക്കും തുടരുന്നുണ്ട്‌. (നോ: കാര്‍പ്പേതിയന്‍) അവിടെ നിന്ന്‌ കിഴക്കോട്ട്‌ താമന്‍ മുനമ്പു മുതല്‍ കാസ്‌പിയന്‍ കടലിനും കീഴിലൂടെ കോപെറ്റ്‌ ദാഗ്‌ വരെ കാക്കസസ്‌ നിരകളും നീളുന്നു. കാക്കേഷ്യയുടെ മധ്യ, ഉത്തര ഭാഗങ്ങളിലെ പീഠപ്രദേശങ്ങളില്‍ 34.5 കോടി വര്‍ഷം മുമ്പുണ്ടായ വലിതഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്‌; എങ്കിലും ആല്‍പൈന്‍ ഭൂഅഭിനതികളുടെ ശൃംഖലയില്‍പ്പെട്ട ഈ മേഖലയില്‍ 2.5 കോടി വര്‍ഷം മുമ്പാണ്‌ പര്‍വതനം സമാരംഭിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഉത്തര കാക്കേഷ്യയിലെ പ്രതലശിലകള്‍ 6.5 കോടി വര്‍ഷത്തിലധികം പഴക്കമില്ലാത്തവയാണ്‌; ഇവിടെ ഉപരിതലത്തില്‍ കാണപ്പെടുന്ന മണല്‍ക്കല്ലും ചുണ്ണാമ്പുകല്ലും മറ്റും ടെര്‍ഷ്യറി, ക്വാട്ടെര്‍നറി കല്‌പങ്ങളില്‍ രൂപം കൊണ്ടവയാണ്‌.

സു. 2.5 കോടി വര്‍ഷം മുമ്പ്‌ ആല്‍പൈന്‍ ഭൂഅഭിനതിയുടെ സീമാന്തമേഖലയില്‍, രൂപമെടുത്ത ബൃഹത്തായ അപനതികളാണ്‌ വിശാല കാക്കസസ്‌ നിരകള്‍. പര്‍വതനം തുടര്‍ന്നും കൂടുതല്‍ ഭാഗങ്ങളില്‍ സജീവമായിരുന്നു. ഗിരിനിരകളുടെ അകക്കാമ്പില്‍പ്പെടുന്ന നീസ്‌, ഷിസ്‌റ്റ്‌, ഗ്രാനൈറ്റ്‌ തുടങ്ങിയ കഠിനശിലകള്‍ പല ഭാഗങ്ങളിലും അനാവൃതമാണ്‌. കോല്‍ഖിദ അധഃസ്ഥലം കരിങ്കടലിനോടൊപ്പവും ക്യൂരഅരാക്‌സ്‌ അധഃസ്ഥലം കാസ്‌പിയന്‍ കടലിനോടൊപ്പവുമാണ്‌ രൂപം കൊണ്ടത്‌. ലഘുകാക്കസസിന്റെ പശ്ചിമഭാഗങ്ങളും താലിഷ്‌ നിരകളും അഞ്ചു കോടി വര്‍ഷം പ്രായമുള്ള ടെര്‍ഷ്യറി ശിലകളാല്‍ വിരചിതമാണ്‌. സുരാമി നിരകള്‍ ബൃഹത്തായ ഗ്രാനൈറ്റ്‌ പിണ്ഡങ്ങളാണ്‌. ആഗ്‌നേയ പ്രക്രിയകളും ലാവാസ്രവണവും പര്‍വതന കാലത്ത്‌ തികച്ചും സജീവമായിരുന്നു. അന്തര്‍വേധങ്ങളും (intrusions) പങ്കോദ്‌ഗാരവും (mud-volcanoes) ധാതുജലഉറവകളും (mineral water springs) ഇക്കാര്യം വ്യക്തമാക്കുന്ന സജീവ ദൃഷ്ടാന്തങ്ങളാണ്‌. ഈ മേഖലയില്‍ അനുഭവപ്പെടാറുള്ള ഭൂകമ്പനം പര്‍വതനം തികച്ചും കെട്ടടങ്ങിയിട്ടില്ല എന്നു വ്യക്തമാക്കുന്നു. പര്‍വതനത്തോടൊപ്പം പ്രകൃതിസമ്പത്തുകളും കാക്കേഷ്യയില്‍ വന്‍തോതില്‍ അവസ്ഥിതമായിരിക്കുന്നു.

ഹിമാനികളും നദികളും

വിശാല കാക്കസസ്‌ നിരകളിലെ വിസ്‌തൃതമേഖലകള്‍ ഹിമാവൃതങ്ങളാണ്‌. കാക്കസസ്‌ പര്‍വതത്തില്‍ മൊത്തം 2,200 ഹിമാനികളുണ്ട്‌. അവ 1,430 ച.കി.മീ. പ്രദേശത്ത്‌ വ്യാപിച്ചിരിക്കുന്നു. ഹിമാനികളുടെയും ഹിമാവൃതമേഖലയുടെയും 70 ശ.മാ. വടക്കന്‍ ചരിവുകളിലാണ്‌; കിഴക്കന്‍ മേഖലയെക്കാള്‍ മധ്യ, പശ്ചിമമേഖലകളാണ്‌ കൂടുതല്‍ ഹിമാവൃതമായിട്ടുള്ളത്‌. മധ്യഭാഗത്തുള്ള നീളമേറിയ ഹിമാനികളായ ദിഖ്‌സു (Dykhsu), ബൌസംഗി (Besengi) തുടങ്ങിയവയ്‌ക്ക്‌ 15 കി.മീ.ല്‍ അധികം നീളമുണ്ട്‌.

കാക്കസസ്‌ പര്‍വതനിരകള്‍

കാക്കേഷ്യയിലെ പ്രമുഖ നദികളില്‍ ക്യൂരഅരാക്‌സ്‌ സുലക്‌, റ്റെരെക്‌, കൂമ എന്നിവ കാസ്‌പിയന്‍ കടലിലും റിയോണി, ഇംഗുരി എന്നിവ കരിങ്കടലിലും കൂബന്‍ നദി അസോവ്‌ കടലിലും പതിക്കുന്നു. ഹിമാനികളില്‍ നിന്നുറവെടുക്കുന്ന നദികളില്‍ മാമലകളിലെ മഞ്ഞുരുകുന്നതുമൂലം ഉഷ്‌ണകാലത്ത്‌ ആറു മാസത്തോളം ജലൗഘം പോഷിപ്പിക്കപ്പെടുന്നു. വിശാല കാക്കസസ്‌ നിരകളുടെ തെക്കന്‍ ചരിവിലുള്ള നദികളില്‍ വേനല്‍ക്കാലത്ത്‌ ക്ഷിപ്ര പ്രളയവും (summer flash flooding) സാധാരണമാണ്‌. റിയോണി, കൂബന്‍, ക്യൂര, ഇംഗുരി എന്നീ നദികളില്‍ ജലവൈദ്യുതോത്‌പാദനത്തിനും ജലസേചനത്തിനുമായി ധാരാളം അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്‌. ക്യൂര, കൂബന്‍, റിയോണി നദികളുടെ അധോഘട്ടം ദീര്‍ഘദൂരം ജലഗതാഗതത്തിന്‌ അനുയോജ്യമാണ്‌.

കാലാവസ്ഥ

ഉഷ്‌ണമേഖലയ്‌ക്കും ഉപോഷ്‌ണമേഖലയ്‌ക്കും മധ്യേയാണ്‌ കാക്കേഷ്യ സ്ഥിതി ചെയ്യുന്നത്‌. കാലാവസ്ഥാപരമായ വിഭാജകവും ഗ്ലാവ്‌നൈയ്‌ നിരകളാണ്‌. ഭൂമിശാസ്‌ത്രപരമായ സ്ഥാനവും നിമ്‌നോന്നതത്വവും ഹേതുകമായി വൈവിധ്യമാര്‍ന്ന ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയുമാണ്‌ കാക്കേഷ്യയില്‍ അനുഭവപ്പെടുന്നത്‌. വടക്കു നിന്ന്‌ തെക്കോട്ടു ചരിക്കുന്ന ഹിമവായു പിണ്ഡം വിശാല കാക്കസസ്‌ നിരകള്‍ക്കു തെക്കും, വടക്കോട്ടു നീങ്ങുന്ന ഉഷ്‌ണവായു പിണ്ഡം നിരകള്‍ക്കു വടക്കും എത്തിച്ചേരുന്നില്ല. തന്മൂലം ശീതകാലത്ത്‌ ഉത്തരകാക്കേഷ്യയില്‍ കഠിനമായ തണുപ്പനുഭവപ്പെടുന്നു. ഉത്തരകാക്കേഷ്യയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍, കടലുകളുടെ സാന്നിധ്യമുണ്ടെങ്കിലും വേനല്‍ക്കാല താപനില സമീകരിക്കപ്പെടുന്നില്ല.

ദക്ഷിണ കാക്കേഷ്യയുടെ പശ്‌ചിമമേഖലയില്‍ സ്റ്റെപ്‌ മാതൃകയിലുള്ള വന്‍കരകാലാവസ്ഥയും പൂര്‍വഭാഗങ്ങളില്‍ വരണ്ട മരുഭൂകാലാവസ്ഥയും അനുഭവപ്പെടുന്നു. എന്നാല്‍ മധ്യഭാഗങ്ങളില്‍ അന്തരീക്ഷം ആര്‍ദ്രതയേറിയതാണ്‌. വിശാല കാക്കസസ്‌ നിരകളുടെ 2,000 മീ.നുമേല്‍ ഉയരത്തിലുള്ള ഭാഗങ്ങളില്‍ ഉന്നതിക്കനുസരണമായി കാലാവസ്ഥയില്‍ വ്യതിയാനം ഏര്‍പ്പെട്ടു കാണുന്നു. ഹിമരേഖ സു. 3,500 മീ. ഉയരത്തിലുള്ള വിതാനത്തിലാണ്‌. പടിഞ്ഞാറും മധ്യത്തുള്ള ഉയരമേറിയ പര്‍വതച്ചെരുവുകളില്‍ ശരാശരി വാര്‍ഷികഹിമപാതം 2,5004,000 മി.മീ. ആണ്‌.

ജീവജാലം

വൈവിധ്യമാര്‍ന്ന ധാരാളം സ്‌പീഷീസുകളുള്‍ക്കൊള്ളുന്ന കനത്ത ജന്തു സസ്യശേഖരമുള്ള കാക്കേഷ്യയില്‍, ധാരാളം പ്രകൃതി സംരക്ഷണകേന്ദ്രങ്ങളിലൂടെ അവ പരിപാലിക്കപ്പെട്ടു പോരുന്നു. ഉത്തര കാക്കേഷ്യയുടെ മധ്യ, പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ള ചെര്‍നൊസെം മണ്ണില്‍ സ്റ്റെപ്‌ സസ്യജാലം താവളമുറപ്പിച്ചിരിക്കുന്നു. സ്റ്റാവ്‌റോപോള്‍ ഉന്നത മേഖലയില്‍ ഓക്‌, ബീച്‌ തുടങ്ങിയ വൃക്ഷങ്ങള്‍ നിറഞ്ഞ സ്റ്റെപ്‌ വനങ്ങളാണുള്ളത്‌. ഉത്തരകാക്കേഷ്യയുടെ കാസ്‌പിയന്‍തീരം മണല്‍ക്കാടുകളാണ്‌. മണ്ണിന്റെ ഫലപുഷ്ടിയും, ജലസമ്പത്തും, അനുകൂലകാലാവസ്ഥയും മൂലം സംരക്ഷിത മേഖലകള്‍ക്കു പുറത്ത്‌ വന നശീകരണം നടത്തി കൃഷിയിടങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.

എല്‍ബ്രസ്‌ ഗിരിശൃംഗത്തിലെ ഹിമാനി വിടവ്‌ (Glaciers slit)

700 മീ. മുതല്‍ 1,000 മീ. വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ കുറുങ്കാടുകള്‍ക്കാണ്‌ പ്രാമുഖ്യം; കരിങ്കടല്‍ തീരത്തും കോല്‍ഖിദയിലും സമ്മിശ്രവനങ്ങള്‍ നിലനില്‌ക്കുന്നു. കാക്കേഷ്യയിലെ 1,000 മുതല്‍ 1,500 വരെ മീ. ഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഓക്‌, ബീച്‌, ഹോണ്‍, ബീം തുടങ്ങിയ വൃക്ഷങ്ങള്‍ നിറഞ്ഞ കാനനങ്ങള്‍ സംരക്ഷിക്കപ്പെടുന്നു; കൂടുതല്‍ ഉയരങ്ങളില്‍ എം വനങ്ങള്‍ക്കും ഫിര്‍വനങ്ങള്‍ക്കും പൈന്‍ വനങ്ങള്‍ക്കും ഇത്‌ വഴി മാറുന്നു.

2,200 മീ.നു മേലുള്ള പ്രദേശങ്ങള്‍ പുല്‍മേടുകളും 3,500 മീ.നു മേലുള്ളവ ഹിമാവൃതമേഖലകളുമാണ്‌.

തദ്ദേശീയമായ പല അപൂര്‍വ ജന്തുക്കളും കാക്കസസ്‌ മേഖലയെ അധിവസിച്ചുപോരുന്നു. ദാഗസ്‌താനിയന്‍ കാട്ടുപോത്ത്‌ (tur), കറുത്തയിനം കാട്ടുകോഴി (caucasian), വാന്‍കോഴി (ular), നീണ്ടനഖങ്ങളുള്ള കാട്ടെലി (mole-vole) തുടങ്ങിയവ ഇക്കൂട്ടത്തില്‍ പ്പെടുന്നു. ചെറുമാനുകള്‍ (chamois and red deer), കരടി, കാട്ടുപൂച്ച (lynx) തുടങ്ങിയ മൃഗങ്ങളുള്‍ക്കൊള്ളുന്ന ഉത്തരകാക്കേഷ്യന്‍ ജന്തുജാലങ്ങള്‍ക്ക്‌ മധ്യേഷ്യയിലും യൂറോപ്പിലുമുള്ള ജന്തുജാലങ്ങളോട്‌ സംബന്ധമുണ്ട്‌. അര്‍മീനിയന്‍ പീഠപ്രദേശങ്ങളിലെ ജന്തുവര്‍ഗങ്ങള്‍ക്ക്‌ അനത്തോലിയന്‍ ജന്തുവര്‍ഗത്തോടാണ്‌ സാജാത്യമുള്ളത്‌.

ചരിത്രം

പ്രാചീനകാലം

ശിലായുഗാരംഭകാലം മുതല്‌ക്കേ അര്‍മീനിയന്‍ മേഖലയില്‍ മനുഷ്യാധിവാസമുണ്ടായിരുന്നു. ബി.സി. 10 മുതല്‍ 5 വരെയുള്ള ശതകങ്ങളിലാണ്‌ കാക്കേഷ്യയില്‍ അടിമപ്പണി വ്യവസ്ഥാപിതമായത്‌. യൂറാള്‍ ഗിരിനിരകളും കാസ്‌പിയന്‍ കടല്‍, കരിങ്കടല്‍ എന്നിവയും ചേര്‍ന്ന്‌ പ്രാക്കാലം മുതല്‌ക്കേ വേര്‍തിരിച്ചിട്ട ഏഷ്യന്‍, യൂറോപ്യന്‍ സംസ്‌കാരങ്ങളെ കൂട്ടിയിണക്കിയ ഭൂസന്ധിയാണ്‌ കാക്കേഷ്യ. മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരം ഇവിടം വഴിയാണ്‌ വടക്കോട്ട്‌ പടര്‍ന്നത്‌. ബി.സി. 15-ാം ശ.ത്തിനു മുമ്പുതന്നെ ഇവിടം, പുഷ്‌കലമായ വെങ്കലയുഗ സംസ്‌കാരത്തിന്റെ സങ്കേതങ്ങളിലൊന്നായിരുന്നു. ഹെറഡൊട്ടസ്‌ തുടങ്ങിയ ആദ്യകാല ഗ്രീക്ക്‌ ചരിത്രകാരന്മാര്‍ കാക്കേഷ്യയിലെ സാംസ്‌കാരിക വ്യവഹാരങ്ങളെ പരാമര്‍ശിച്ചിരുന്നു.

സെവാന്‍ തടാകം. (Lake Sevan) അര്‍മേനിയയിലെ ഏറ്റവും വലിയ തടാകമായ ഇത്‌സമുദ്രനിരപ്പില്‍നിന്ന്‌ ഏറ്റവും ഉന്നതിയില്‍ (സു. 1,900 മീറ്റര്‍) കാണപ്പെടുന്ന തടാകങ്ങളിലൊന്നാണ്‌.

ബി.സി. 5-ാം ശ.ത്തില്‍ കോല്‍ചിയന്‍ രാജാക്കന്മാരും പിന്‍ നൂറ്റാണ്ടില്‍ അയ്‌രാതിയന്‍ രാജാക്കന്മാരും ഈ മേഖലയില്‍ തങ്ങളുടേതായ നാട്ടുരാജ്യങ്ങള്‍ പ്രബലപ്പെടുത്തുകയുണ്ടായി. ബി.സി. 4-ാം ശ.ത്തില്‍ തന്നെ ഐബീരിയന്‍ രാജ്യവും സുസ്ഥാപിതമായിരുന്നു. (നോ: ഐബീരിയ) ബി.സി. 2-ാം ശ.ത്തില്‍ കാക്കേഷ്യന്‍അല്‍ബേനിയ, അര്‍മീനിയ എന്നീ നാട്ടുരാജ്യങ്ങളും പ്രബലപ്പെട്ടു. കാക്കസസ്‌ മേഖലയിലെ നാട്ടുരാജ്യങ്ങളൊക്കെത്തന്നെ നാടോടി ജനവര്‍ഗങ്ങളില്‍ നിന്നുള്ള നിരന്തരമായ ആക്രമണങ്ങള്‍ക്കു വിധേയമായിരുന്നു.

കാക്കേഷ്യയുടെ ചരിത്രം, പ്രാക്കാലം മുതല്‌ക്കേ പ്രക്ഷുബ്‌ധമായിരുന്നു. ആദ്യകാലങ്ങളില്‍ തികച്ചും സംക്ഷുബ്‌ധാന്തരീക്ഷം നിലനിന്നത്‌ ദക്ഷിണ കാക്കസസ്‌ മേഖലയിലായിരുന്നു; മുന്‍കാലത്ത്‌ റോമാസാമ്രാജ്യവും പേര്‍ഷ്യയുമായിരുന്നു ഈ മേഖലയില്‍ അധീശാവകാശങ്ങള്‍ മാറിമാറി അനുഭവിച്ചു പോന്നത്‌. കാക്കേഷ്യന്‍ നാട്ടുരാജ്യങ്ങളില്‍ ജോര്‍ജിയ തുടങ്ങിയവയ്‌ക്ക്‌ ഒട്ടൊക്കെ സ്വയംഭരണാവകാശം ഉണ്ടായിരുന്നു. മധ്യകാക്കസസ്‌ മേഖലയിലും വടക്കന്‍ മേഖലയിലും ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങള്‍ പ്രായേണ കൂടുതല്‍ സുരക്ഷിതമായിരുന്നു. പ്രകൃതി സൃഷ്ടിച്ചു നല്‌കിയ സുരക്ഷിതസങ്കേതങ്ങളില്‍ തങ്ങളുടേതായ താവളങ്ങള്‍ കണ്ടെത്തിയ വൈവിധ്യമാര്‍ന്ന ജനവര്‍ഗങ്ങള്‍, ചെറിയ ചെറിയ നാട്ടുരാജ്യങ്ങളില്‍ നൂറോളം വ്യത്യസ്‌ത ഭാഷകളും കലാസാഹിത്യാദികളും വളര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ സാമ്രാജ്യത്വശക്തികളുടെയും നാടോടി ജനവര്‍ഗങ്ങളുടെയും പുറത്തുനിന്നുള്ള നിരന്തരമായ ആക്രമണഭീഷണികള്‍ക്കു വിധേയമായതിലൂടെ കാലക്രമേണ ഇവയില്‍ പല ജനവര്‍ഗങ്ങളും അവരുടെ തനതായ ഭാഷാസംസ്‌കാരാദികളും ഭൂമുഖത്തുനിന്ന്‌ ഉന്മൂലനം ചെയ്യപ്പെട്ടു. കാക്കസസ്‌ മേഖലയുടെ പല ഭാഗങ്ങളിലും അധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞ ബാഹ്യശക്തികള്‍ പ്രാചീനകാലത്ത്‌ സിതിയ, പേര്‍ഷ്യ, മാസിഡോണിയ (മഹാനായ അലക്‌സാണ്ടര്‍), റോമാസാമ്രാജ്യം, പാര്‍ഥിയ എന്നിവയും അര്‍വാചീനകാലത്ത്‌ അറബികള്‍, ബൈസാന്തിയര്‍, ഖസാര്‍ (Khazar), കൂമര്‍ (Kumans), മംഗോളിയര്‍, തുര്‍ക്കികള്‍, സാര്‍ ചക്രവര്‍ത്തി (റഷ്യ) എന്നിവരുമാണ്‌.

പ്രാചീനമധ്യ കാലഘട്ടങ്ങള്‍

എ.ഡി. 5-ാം ശ.ത്തില്‍ത്തന്നെ കാക്കസസ്‌ മേഖലയിലും ക്രിസ്‌തു മതം വ്യാപിച്ചിരുന്നു. 7, 8 ശ.ങ്ങളില്‍ ദക്ഷിണ കാക്കേഷ്യ അറബികളുടെ കീഴിലായി. അറബികള്‍, സെല്‍ജൂക്‌തുര്‍ക്കികള്‍, ബൈസാന്തിയര്‍ എന്നിവരുടെ നിരന്തരമായ ആക്രമണങ്ങളെ നേരിടാനായി കാക്കേഷ്യയില്‍ നാട്ടുരാജ്യങ്ങള്‍ പലതും സംഘടിച്ച്‌ വിസ്‌തൃത രാഷ്‌ട്രങ്ങള്‍ക്ക്‌ രൂപം നല്‌കി. 1213 ശ.ങ്ങളില്‍ ജോര്‍ജിയ ഇവിടത്തെ ഏറ്റവും വലിയ രാജ്യമായിത്തീര്‍ന്നു. 13-ാം ശ.ത്തില്‍ മംഗോള്‍താര്‍ത്തരിക (Mongol Tartars)ളുടെ പടയോട്ടത്തില്‍ ഇവിടത്തെ നാട്ടുരാജ്യങ്ങളൊക്കെത്തന്നെ നിലംപരിശായി. 14, 15 ശ.ങ്ങളിലും അര്‍മീനിയയും ജോര്‍ജിയയും വിദേശികളുടെ വിനാശകരങ്ങളായ സൈനിക നീക്കങ്ങള്‍ക്ക്‌ വിധേയമായിരുന്നു. 15-ാം ശ.ത്തില്‍ അസെര്‍ബൈജാന്‍ മേഖലയില്‍ തുര്‍ക്കിനാട്ടുരാജ്യങ്ങള്‍ രൂപം കൊണ്ടിരുന്നു. ഉത്തര കാക്കേഷ്യ ദീര്‍ഘകാലം മംഗോള്‍ താര്‍ത്തരികളുടെ അധീനതയില്‍ തുടര്‍ന്നതുമൂലം ആ ഭാഗങ്ങളില്‍ കാര്യമായ യാതൊരു പുരോഗതിയുമുണ്ടായില്ല. 16-ാം ശ.ത്തില്‍ ജോര്‍ജിയഅര്‍മീനിയന്‍ മേഖലയ്‌ക്കു വേണ്ടി തുര്‍ക്കിയും പേര്‍ഷ്യയും തമ്മില്‍ രക്തരൂഷിതമായ കലാപങ്ങളിലേര്‍പ്പെട്ടിരുന്നു.

16-ാം ശ.ത്തോടെ ഉത്തര കാക്കേഷ്യയില്‍ റഷ്യന്‍ അധിവാസകേന്ദ്രങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങി. പില്‌ക്കാലത്ത്‌ ഈ ഭാഗങ്ങളിലെ ഖാന്‍മാരില്‍ ഏറിയപങ്കും റഷ്യയുടെ മേല്‍ക്കോയ്‌മ സ്വീകരിക്കുകയോ സാര്‍ ചക്രവര്‍ത്തിക്കു കീഴടങ്ങുകയോ ചെയ്‌തു. റഷ്യയില്‍ നിന്ന്‌ തെക്കോട്ടുള്ള തന്ത്രപ്രധാനങ്ങളായ പല വര്‍ത്തകപ്പാതകളുടെയും കേന്ദ്രമായ കാക്കേഷ്യയെ ഒരു പുത്രികാരാജ്യമെന്നവണ്ണം നിലനിര്‍ത്താനായിരുന്നു സാര്‍ ഭരണകൂടത്തിന്റെ താത്‌പര്യം. പേര്‍ഷ്യയുമായി സൗഹൃദം സ്ഥാപിക്കാനായുണ്ടാക്കിയ ഉടമ്പടികളിലൂടെ (1722-23) പൂര്‍വോത്തര കാക്കേഷ്യയില്‍, റ്റെരെക്‌ നദിക്കു തെക്കുള്ള കാസ്‌പിയന്‍ തീരം സാര്‍ചക്രവര്‍ത്തി പേര്‍ഷ്യയ്‌ക്കു നല്‌കുകയുണ്ടായി. 1768-74 കാലത്തെ റഷ്യാതുര്‍ക്കി യുദ്ധാനന്തരം കൂടുതല്‍ കാക്കസസ്‌ പ്രദേശങ്ങള്‍ റഷ്യയ്‌ക്കധീനമായി. റഷ്യന്‍ സൈനികരുടെ തെക്കോട്ടുള്ള മുന്നേറ്റം തദ്ദേശീയ ജനവര്‍ഗങ്ങളെ പ്രകോപിപ്പിക്കുകയും തുര്‍ക്കിയുമായി കൂട്ടുചേര്‍ന്ന്‌ റഷ്യയോടു പോരാടാന്‍ അവരെ പ്രരിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ തുര്‍ക്കിയുമായുള്ള കൂട്ടുകെട്ട്‌ അധികനാള്‍ നീണ്ടുനിന്നില്ല.

കാക്കേഷ്യന്‍ യുദ്ധം

സാര്‍ ചക്രവര്‍ത്തിയുടെ കൊളോണിയല്‍ രാഷ്‌ട്രതന്ത്രത്തിനെതിരെ കാക്കേഷ്യന്‍ഗിരിവര്‍ഗജനത സംയുക്തമായി നടത്തിയ, അര നൂറ്റാണ്ടു കാലത്തോളം നീണ്ടുനിന്ന ഐതിഹാസിക സമരമാണ്‌ കാക്കേഷ്യന്‍ യുദ്ധം. യുദ്ധാവസാനത്തില്‍ ജനവര്‍ഗങ്ങള്‍ക്ക്‌ റഷ്യന്‍സേനയുടെ ഉരുക്കു മുഷ്ടിക്കടിപ്പെടുകയോ, സാര്‍ ചക്രവര്‍ത്തിയുടെ മേല്‍ക്കോയ്‌മ അംഗീകരിക്കുകയോ ചെയ്യേണ്ടിവന്നു. 1801-10 കാലത്ത്‌ ജോര്‍ജിയയും 1813 കാലത്ത്‌ അസെര്‍ബൈജാന്‍, അര്‍മീനിയ എന്നിവയും റഷ്യയോടു ചേര്‍ക്കപ്പെട്ടു. എന്നാല്‍ ഇവയ്‌ക്കും റഷ്യയ്‌ക്കും ഇടയ്‌ക്ക്‌ ചെച്‌നിയ (Chechnia), ഗോര്‍നൈയ്‌ദാഗസ്‌താന്‍ (Gornyi-Dagestan) തുടങ്ങി, രണോത്സുകരായിരുന്ന ഗിരിവര്‍ഗങ്ങളുടെ നാട്ടുരാജ്യങ്ങളായിരുന്നു. ആദ്യകാലത്ത്‌ ഒറ്റയ്‌ക്കൊറ്റയ്‌ക്കു സാര്‍ ചക്രവര്‍ത്തിയുടെ സേനയെ ആക്രമിച്ചിരുന്ന ഇക്കൂട്ടര്‍ പിന്നീട്‌ സ്വന്തം രാജ്യങ്ങള്‍ കോട്ടകെട്ടി സംരക്ഷിക്കാന്‍ തുടങ്ങി. അതിനു ശേഷമാണ്‌ തനതായ ശേഷിക്കുറവ്‌ മനസ്സിലാക്കിയ നാട്ടുരാജ്യങ്ങള്‍ സംഘടിക്കാന്‍ തുടങ്ങിയത്‌. അന്‍പതോളം വര്‍ഷം നീണ്ടുനിന്ന ആക്രമണങ്ങളുടെയും പ്രതിരോധത്തിന്റെയും അവസാനത്തില്‍, കാക്കേഷ്യയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ പര്യാപ്‌തമാകും വിധം ഇവിടമാകെ റഷ്യന്‍ സാമ്രാജ്യത്തില്‍ ലയിച്ചു.

റഷ്യയുടെ കീഴില്‍ കാക്കസസ്‌ മേഖലയില്‍ ആദ്യമായി സ്ഥാപിതമായ രാഷ്‌ട്രീയ ഘടകങ്ങള്‍ ജോര്‍ജിയ, ഐമെരിറ്റി എന്നീ പ്രവിശ്യകളാണ്‌. 1865ഓടെ കാക്കസസ്‌ മേഖല പൂര്‍ണമായും റഷ്യന്‍ ഭരണസംവിധാനത്തിനു കീഴിലായി.

ഇരുപതാം ശതകം

19-ാം ശത്തിന്റെ അന്ത്യദശകങ്ങളില്‍ കാക്കേഷ്യയില്‍ അടിമസമ്പ്രദായം അവസാനിച്ചിരുന്നു. റെയില്‍പ്പാതകളുടെ നിര്‍മാണവും പര്‍വതമേഖലയില്‍ കല്‍ക്കരി, എണ്ണ, ലോഹഅയിരുകള്‍ തുടങ്ങിയവ കണ്ടെത്തിയതും ഈ മേഖലയുടെ വലുതായ പുരോഗതിക്കു കളമൊരുക്കി. ഒന്നാംലോകയുദ്ധകാലത്ത്‌ ഇവിടം തന്ത്രപ്രധാനങ്ങളായ പല യുദ്ധങ്ങളുടെയും വേദിയായിരുന്നു. 1914ല്‍ തുര്‍ക്കിജര്‍മന്‍ സംയുക്താക്രമണത്തില്‍, ഇക്കൂട്ടരെ പിന്തിരിപ്പിക്കാനും തുടര്‍ന്നുള്ള വര്‍ഷങ്ങളിലായി അവര്‍ക്ക്‌ കനത്ത തിരിച്ചടി ഏല്‌പിക്കാനും റഷ്യയ്‌ക്കു കഴിഞ്ഞു. തത്‌ഫലമായി ബോള്‍ഷെവിക്‌ സംഘടനകള്‍ ക്ഷയോന്മുഖമാവുകയും 1917ല്‍ മെന്‍ഷെവിക്കുകളും കൂട്ടുകക്ഷികളും കാക്കേഷ്യയുടെ പല ഭാഗങ്ങളിലും അധികാരം കൈക്കലാക്കുകയും ചെയ്‌തു.

7-ാം ശതകത്തില്‍ നിര്‍മിക്കപ്പെട്ടതും 10-ാം ശതകത്തില്‍ നശിപ്പിക്കപ്പെട്ടതുമായ അര്‍മേനിയയിലെ സ്വാര്‍ട്ട്‌നോട്ട്‌സ്‌ ദേവാലയത്തിന്റെ ഭഗ്നാവശിഷ്‌ടങ്ങള്‍.ഇവിടം യുണെസ്‌കോ 2000-ല്‍ ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു.

ഒക്‌ടോബര്‍ വിപ്ലവാനന്തരം റെഡ്‌ ഗാര്‍ഡുകളും വൈറ്റ്‌ ഗാര്‍ഡുകളും തമ്മില്‍ ഇവിടെ രക്തരൂഷിതമായ പല സംഘട്ടനങ്ങളിലുമേര്‍പ്പെട്ടിരുന്നു. സോവിയറ്റ്‌ ശക്തി ക്രമേണ ഇവിടമാകെ പരന്നു. 1921ല്‍ ഉത്തര കാക്കേഷ്യയില്‍, റഷ്യന്‍ എസ്‌.എഫ്‌.എസ്‌.ആറിന്റെ ഭാഗമായി ദാഗസ്‌താന്‍, അഡിഗി തുടങ്ങിയ ഭാഷാടിസ്ഥാനത്തിലുള്ള റിപ്പബ്ലിക്കുകള്‍ (Autonomous Soviet Socialist Republics) രൂപം കൊണ്ടു. 1922ല്‍ "ട്രാന്‍സ്‌ കാക്കേഷ്യന്‍ ഫെഡറേഷന്‍' രൂപവത്‌കൃതമായി; 1936ല്‍ ഫെഡറേഷന്‍ ജോര്‍ജിയ, അസെര്‍ബൈജാന്‍, അര്‍മീനിയ എന്നീ മൂന്നു സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കുകളായി പുനഃസംഘടിക്കപ്പെട്ടു. സോവിയറ്റധീനതയില്‍ ഇവിടത്തെ ഒബ്‌ളാസ്റ്റ്‌ (oblast), ഓക്‌റഗ്‌ (okrug), റയോണ്‍ (raeon) തുടങ്ങിയ ചെറുഭരണഘടകങ്ങളും പലവിധ പുനഃസംഘടനകള്‍ക്കു വിധേയമായി. 1929-40 കാലത്ത്‌ കാക്കസസ്‌ പ്രദേശം അഭൂതപൂര്‍വമായ പുരോഗതിയാര്‍ജിച്ചു. വ്യാവസായിക പുരോഗതി, കാര്‍ഷിക മേഖലയിലെ യന്ത്രവത്‌കരണം, സാംസ്‌കാരിക വിപ്ലവം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടായി.

രണ്ടാം ലോകയുദ്ധകാലം

12-ാം ശതകത്തില്‍ ജോര്‍ജിയയിലെ വര്‍ദ്‌സിയയില്‍ സ്ഥാപിതമായശിലാനഗരിയുടെ അവശിഷ്‌ടം

കാക്കസസ്‌ മേഖലയില്‍ ഏറ്റവും കടുത്ത യുദ്ധം നടന്നത്‌ രണ്ടാം ലോകയുദ്ധാവസരത്തിലെ 15 മാസക്കാലത്താണ്‌ (The Great Patriotic War for Caucasus, 1942-43). ജര്‍മന്‍ ഫാഷിസ്റ്റ്‌ സേനയുമായി സോവിയറ്റ്‌ സേന നടത്തിയ ധീരോദാത്ത സമരമാണിത്‌. 1942 ജൂല. 25 മുതല്‍ 1943 ഒ. ഒന്‍പത്‌ വരെ സോവിയറ്റ്‌ സേന നടത്തിയ പ്രതിരോധ, പ്രത്യാക്രമണതന്ത്രപ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ഇവര്‍ വിജയം വരിച്ചത്‌. 1942 ജൂല. മുതല്‍ 1943 ജനു. വരെ സോവിയറ്റ്‌ സേനയുടെ പ്രതിരോധകാലമായിരുന്നു; തുടര്‍ന്നുള്ള എട്ട്‌ മാസം പ്രത്യാക്രമണകാലവും.

7-ാം ശതകത്തില്‍ നിര്‍മിതമായ അംബെര്‍ട്ട്‌ കോട്ട (അര്‍മീനിയ)

ജര്‍മന്‍ സൈന്യം അംഗസംഖ്യയിലും പടക്കോപ്പുകളുടെ കാര്യത്തിലും സോവിയറ്റ്‌ സേനയെക്കാള്‍ വിപുലമായിരുന്നു. അക്കാരണത്താലാണ്‌ യുദ്ധാരംഭകാലങ്ങളില്‍ ഇവര്‍ തന്ത്രപ്രധാനമായ പിന്മാറ്റങ്ങളിലൂടെയും മറ്റും പ്രതിരോധം മാത്രം അനുവര്‍ത്തിച്ചുപോന്നത്‌. 1943 ജനു. 3നു സോവിയറ്റ്‌ സേന ജര്‍മന്‍ സേനയെ കീഴ്‌പ്പെടുത്താനാരംഭിച്ചു; പിന്നീട്‌ എല്ലാ ഭാഗങ്ങളിലും സോവിയറ്റ്‌ സേനയുടെ ജൈത്രയാത്രയായിരുന്നു. യുദ്ധത്തില്‍ ജര്‍മനിയോടു കൂറു പുലര്‍ത്തിയെന്ന ആരോപണത്തിനു വിധേയരായ പല ജനവര്‍ഗങ്ങളും ഇവിടെ നിന്ന്‌ നിഷ്‌കാസിതരായി; അക്കൂട്ടര്‍ മധ്യേഷ്യയില്‍ അഭയം പ്രാപിച്ചിരുന്നെങ്കിലും 1957ല്‍ അവരെ കാക്കസസ്‌ മേഖലയില്‍ത്തന്നെ, സോവിയറ്റ്‌ നിയന്ത്രണത്തില്‍ പുനരധിവസിപ്പിക്കുകയുണ്ടായി.

ജനങ്ങള്‍

ജനവിതരണം

കാക്കസസ്‌ മേഖലയില്‍ ഏറ്റവും ജനസാന്ദ്രമായ പ്രദേശം കരിങ്കടല്‍ത്തീരമാണ്‌. റിയോണി താഴ്‌വരയും കടുംകൃഷി മേഖലകളായ ദക്ഷിണ കാക്കേഷ്യന്‍ താഴ്‌വാരങ്ങളും ജനനിബിഡമാണ്‌. എന്നാല്‍ വരണ്ട സ്റ്റെപ് പ്രദേശങ്ങളും കാസ്‌പിയന്‍ തീരത്തെ അധഃസ്ഥലങ്ങളും കാക്കസസ്‌ പര്‍വതത്തിലെ ഹിമാവൃതമേഖലകളും പ്രായേണ വിജനമാണ്‌. ജനസംഖ്യയുടെ പകുതിയോളം പട്ടണവാസികളാണ്‌. കാക്കസസ്‌ മേഖലയിലെ ജനസാന്ദ്രമായ പട്ടണങ്ങള്‍ ബാക്കു (Baku), ത്‌ബിലിസി (Tbilisi), യരിവാന്‍ (Yerevan), ക്രാസ്‌ നോദര്‍ (Krasnodar) ഗ്രാസ്‌നി (Grozny), ഓര്‍ദോനികിഡ്‌സ്‌ (Ordzhonikidze) എന്നിവയാണ്‌.

ജനവര്‍ഗങ്ങള്‍

ഭാഷാടിസ്ഥാനത്തിലാണ്‌ ജനങ്ങളെ വര്‍ഗങ്ങളായി തിരിച്ചിട്ടുള്ളത്‌. നാലു ഭാഷാവിഭാഗങ്ങളില്‍പ്പെടുന്ന വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്ന അമ്പതിലധികം ജനവര്‍ഗങ്ങള്‍ ഇവിടെയുണ്ട്‌. ഇതില്‍ തദ്ദേശീയരാണ്‌ "കാക്കേഷ്യന്‍ ജനവര്‍ഗങ്ങള്‍' എന്നറിയപ്പെടുന്നത്‌. ഇന്തോയൂറോപ്യന്‍ ഭാഷാവിഭാഗത്തിലെ സ്ലാവിക്‌ ഭാഷകളായ റഷ്യനും ഉക്രനിയനും സംസാരിക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ 80 ശ.മാ. വരും. മറ്റൊരു പ്രമുഖ ജനവിഭാഗം അര്‍മീനിയാണ്‌, ഇവരുടെ പൂര്‍വികര്‍ അനത്തോലിയയില്‍ നിന്ന്‌ ഇവിടേക്കു കുടിയേറിയവരാണ്‌. ഇന്തോയൂറോപ്യന്‍ ഭാഷാവിഭാഗത്തിലെ തന്നെ ഇറാനിയന്‍ ശാഖയില്‍പ്പെടുന്ന ഭാഷകള്‍ സംസാരിക്കുന്ന ജനവര്‍ഗങ്ങള്‍ കുര്‍ദ്‌, ഒസ്‌സെറ്റ്‌, ടാറ്റ്‌, താലിഷ്‌ എന്നിവയാണ്‌. തുര്‍ക്കി ജനവിഭാഗങ്ങളില്‍ പ്രമുഖര്‍ അസെര്‍ബൈജാനി യാണ്‌. കിപ്‌ചാക്‌ തുര്‍ക്കി വിഭാഗത്തിലെ ജനവര്‍ഗങ്ങള്‍ കൂമിക്‌, നോഗേയ്‌, കരാചെയ്‌, താര്‍ത്തരി ബാള്‍ക്കാര്‍, ട്രഖ്‌മെന്‍ എന്നിവയുമാണ്‌.

കാക്കസസ്‌ മേഖലയിലെ ഏക സെമിറ്റിക്‌ ജനവര്‍ഗം അസീരി (Assyrian) ആണ്‌. ഒന്നാംലോകയുദ്ധകാലത്ത്‌ തുര്‍ക്കികളുടെ പീഡനം ഭയന്ന്‌ റഷ്യന്‍ പ്രവിശ്യകളില്‍ അഭയം തേടിയ ഇക്കൂട്ടര്‍ പട്ടണവാസികളാണ്‌. ഗ്രീക്ക്‌ മോള്‍ഡാവിയന്‍, എസ്‌തോണിയന്‍, കൊറിയന്‍ തുടങ്ങിയ ജനതകളും ജിപ്‌സികളും കാക്കേഷ്യയിലുണ്ട്‌.

കാക്കേഷ്യന്‍ ജനവര്‍ഗങ്ങള്‍. കാക്കേഷ്യന്‍ ഭാഷകളെയെന്നപോലെ ജനവര്‍ഗങ്ങളെയും ദക്ഷിണശാഖ, ഉത്തരശാഖ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. തെക്കുള്ള ജനവര്‍ഗങ്ങളില്‍ പ്രമുഖം ജോര്‍ജിയന്‍ ആണ്‌. ഇവരുടെ അടുത്ത ഗോത്രക്കാര്‍ മിന്‍ഗ്രലിയന്‍, ലാസ്‌, സ്‌വാന്‍ എന്നീ ജനവര്‍ഗങ്ങളാണ്‌. ഇവര്‍ പ്രധാനമായും ദക്ഷിണ കാക്കേഷ്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വസിക്കുന്നു. ഉത്തര ശാഖയിലാണ്‌ ജനവര്‍ഗങ്ങള്‍ അനേകമുള്ളത്‌. ഇവയില്‍ ഏറ്റവും പ്രബലജനവര്‍ഗം കൂബന്‍, റ്റെരെക്‌ നദീതടങ്ങളില്‍ വസിക്കുന്ന കബോര്‍ഡിയന്‍ ആണ്‌. ചെചന്‍, ഇംഗുഷ്‌, ബാറ്റ്‌സ്‌ എന്നീ ജനവര്‍ഗങ്ങളെ കൂട്ടായി വെയ്‌നാഖ്‌ (Veinakh) എന്നു വിശേഷിപ്പിക്കുന്നു. മധ്യകാക്കേഷ്യന്‍ ഉന്നതമേഖലകളെ അധിവസിക്കുന്നത്‌ വെയ്‌നാഖ്‌ ജനതയാണ്‌. കാക്കേഷ്യന്‍ ജനവര്‍ഗങ്ങളില്‍പ്പെട്ടവര്‍ ഇറാന്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളിലും മറ്റു പ്രദേശങ്ങളിലും വസിക്കുന്നുണ്ട്‌.

സാമൂഹികരംഗം

കാക്കേഷ്യയിലെ ജനസാന്ദ്രമായ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചുറ്റിലും വേലികെട്ടിയ ചെറുവീടുകളുള്‍ക്കൊള്ളുന്ന ധാരാളം ഗ്രാമങ്ങളുണ്ട്‌; ചുള്ളിക്കമ്പുകളോ തടിയോ കൊണ്ടുണ്ടാക്കി, കളിമണ്ണ്‌ പൂശിയതാണ്‌ ഇവിടത്തെ വീടുകള്‍. വൃക്ഷരഹിതമായ ഉന്നതമേഖലകളിലും മലഞ്ചരിവുകളിലും കരിങ്കല്ലു കൊണ്ടുണ്ടാക്കിയ വീടുകളാണുള്ളത്‌. ദക്ഷിണ കാക്കേഷ്യയിലെ വീടുകളുടെ മേല്‍ക്കൂര, തൂണുകള്‍ക്കു മേലെ അര്‍ധകുംഭാകൃതിയില്‍ തീര്‍ത്തിരിക്കുന്നു; മേല്‍ക്കൂരയില്‍ വായുസഞ്ചരണത്തിനായി ദ്വാരങ്ങളുമുണ്ടായിരിക്കും.

ഗോത്രപിതാവിനെ അനുസരിച്ചു പോരുന്ന പ്രാചീന സാമൂഹിക വ്യവസ്ഥിതിയും വര്‍ഗീയമായി സംഘടിക്കുന്നതിനുള്ള പ്രവണ തയും ആധുനിക സമൂഹത്തിലും അവശേഷിക്കുന്നുണ്ട്‌; പര്‍വതമേഖലയില്‍ ഇതു കൂടുതല്‍ പ്രകടമാണ്‌.

കാക്കേഷ്യന്‍ ഭാഷകള്‍

പരിമിത വിസ്‌തൃതിയുള്ള ഭൂപ്രദേശത്ത്‌ വളരെയധികം ഭാഷകള്‍ സംസാരിക്കപ്പെടുന്നതിന്‌ കാക്കേഷ്യയിലെപ്പോലെ മറ്റൊരുദാഹരണം ഭൂമുഖത്തു വേറെങ്ങും കാണുകില്ല. കാക്കേഷ്യന്‍, ഇന്തോയൂറോപ്യന്‍, ടര്‍ക്കിക്‌, സെമിറ്റിക്‌ എന്നീ ഭാഷാവിഭാഗങ്ങളില്‍പ്പെടുന്ന നൂറോളം ഭാഷകളും ഭാഷാഭേദങ്ങളും കാക്കേഷ്യയില്‍ പ്രചാരത്തിലുണ്ട്‌. കാക്കസസ്‌ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ റഷ്യനാണ്‌; കൂടാതെ രാജ്യത്തെ ഔദോഗിക ഭാഷയെന്ന നിലയ്‌ക്ക്‌ അഭ്യസ്‌തവിദ്യര്‍ക്കെല്ലാം അറിയാവുന്ന ഭാഷ കൂടിയാണിത്‌. ഉക്രനിയന്‍, അര്‍മീനി എന്നിവയാണ്‌ മറ്റു പ്രമുഖ ഇന്തോയൂറോപ്യന്‍ ഭാഷകള്‍. ഒസ്‌സെറ്റിക്‌, കുര്‍ദിഷ്‌, ടാറ്റ്‌ (Tat), താലിഷ്‌ (Talysh) എന്നിവയാണ്‌ ഇവിടത്തെ ഇറാനിയന്‍ ഭാഷകള്‍. ആള്‍ട്ടായിക്‌ ഭാഷാവിഭാഗത്തിലെ ടര്‍ക്കിക്‌ ഭാഷകള്‍ അസെര്‍ബൈജാനി, കാരാചായ്‌ (Karachai), ബാള്‍ക്കാര്‍ (Balkar), കൂമിക്‌ (Kumyk), നാഗേയ്‌ (Nogai), താര്‍ത്തരി (Tartar) ട്രഖ്‌മെന്‍ (Trukhmen) എന്നിവയുമാണ്‌. ഗ്രീക്‌, സിറിയക്‌, എസ്‌തോണിയന്‍, കസാഖ്‌ തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും ഇവിടെയുണ്ട്‌. കാക്കേഷ്യയില്‍ വിവിധ ഭാഷക്കാര്‍ പരസ്‌പരം ആശയവിനിമയം നടത്തുന്നത്‌ റഷ്യനിലാണ്‌. ഇവയ്‌ക്കെല്ലാം പുറമേ കാക്കസസ്‌ മേഖലയില്‍ത്തന്നെ രൂപം കൊണ്ടതും ഭാഷാശാസ്‌ത്രപരമായി അതീവ പ്രാധാന്യമുള്ളതുമാണ്‌ കാക്കേഷ്യന്‍ ഭാഷകള്‍.

കാക്കസസ്‌ മേഖലയിലെ 50 ലക്ഷത്തോളം വരുന്ന തദ്ദേശീയ ജനവര്‍ഗങ്ങളുടേതായി ഇന്നുള്ള നാല്‌പതിലധികം സ്വതന്ത്രഭാഷകളാണ്‌ കാക്കേഷ്യന്‍ അഥവാ ഐബീരോകാക്കേഷ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഇവയെ പാലിയോകാക്കേഷ്യന്‍ (Palaeo-Caucasian) എന്നും വിശേഷിപ്പിക്കാറുണ്ട്‌. ഇന്തോയൂറോപ്യന്‍, സെമിറ്റിക്‌, യൂറാള്‍ആള്‍ട്ടായിക്‌ തുടങ്ങിയ ഭാഷാവിഭാഗങ്ങളോടു ബന്ധപ്പെടാതെ നിമ്‌നോന്നതമായ കാക്കസസ്‌ഭൂസന്ധിയില്‍ ചരിത്രാതീതകാലത്ത്‌ രൂപം കൊണ്ട്‌ മൂലഭാഷയില്‍ നിന്ന്‌ സ്വതന്ത്രമായി വികസിച്ച്‌ ശാഖോപശാഖകളായി പിരിഞ്ഞുണ്ടായ വ്യത്യസ്‌ത ഭാഷകളാണ്‌ ഇവയില്‍ ഏറിയ പങ്കും. ഭൂമിശാസ്‌ത്രപരമായ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയ ജനവര്‍ഗങ്ങളുടേതായി ഉരുത്തിരിഞ്ഞ്‌ ചിത്രലിപികളിലൂടെയും മറ്റും പരിണമിച്ച്‌, വിദേശഭാഷകളില്‍ നിന്നുപോലും വാക്കുകള്‍ കടംകൊണ്ട്‌ തനതായ പദസമ്പത്തു വര്‍ധിപ്പിച്ച്‌, വ്യത്യസ്‌ത ഭാഷാസ്വരൂപങ്ങളാര്‍ജിച്ചവയും സ്വന്തമായി ലിപിമാലയോ സാഹിത്യസമ്പത്തോ ഇല്ലാത്തവയുമായ കാക്കേഷ്യന്‍ ഭാഷകളുണ്ട്‌. കാക്കേഷ്യയിലെ ജനങ്ങള്‍ക്കിടയില്‍ പ്രചാരം സിദ്ധിച്ച അര്‍മീനി, കുര്‍ദിഷ്‌, ഒസ്‌സെറ്റിക്‌ തുടങ്ങിയ ഇന്തോയൂറോപ്യന്‍ ഭാഷകളും അസെര്‍ബൈജാനി, കൂമിക്‌, ബാള്‍ക്കാര്‍ തുടങ്ങിയ ടര്‍ക്കിക്‌ (Turkic) ഭാഷകളും ചരിത്രാതീതകാലത്ത്‌ ഇവിടേക്കു കുടിയേറിയ ജനവര്‍ഗങ്ങളുടേതായ വിദേശഭാഷകളും ഒഴികെ നൂറോളം (കാക്കേഷ്യന്‍) ഭാഷകള്‍ ഇവിടെ സംസാരിക്കപ്പെട്ടിരുന്നു. (നോ: അര്‍മീനിയന്‍ സാഹിത്യം) കാക്കസസ്‌ മേഖലയില്‍ കച്ചവടത്തിനായെത്തിയിരുന്ന റോമന്‍ വര്‍ത്തകര്‍ക്ക്‌ 80 വ്യത്യസ്‌ത ദ്വിഭാഷികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടി വന്നിരുന്നുവെന്ന്‌ പ്ലിനി (Pliny the Elder എ.ഡി. 29-73) രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്ന്‌ ക്രിസ്‌ത്വബ്‌ദത്തിന്റെ ആരംഭകാലത്ത്‌ 80 തദ്ദേശീയ ഭാഷകള്‍ ഇവിടെ പ്രചാരത്തിലിരുന്നുവെന്ന്‌ വ്യക്തമാകുന്നു. അറബി ഭൂമിശാസ്‌ത്രകാരന്മാര്‍ കാക്കസസ്‌ മേഖലയെ "ഭാഷകളുടെ പര്‍വതം' (Jabal-al Alsine) എന്നാണ്‌ വിളിച്ചിരുന്നത്‌. ആധുനിക ഭാഷാശാസ്‌ത്രകാരന്മാര്‍ ഈ മേഖലയെ ലോകത്തിലെ ഏറ്റവും വലിയ "ലിംഗ്വിസ്‌റ്റിക്‌ മ്യൂസിയ'മെന്നു വിശേഷിപ്പിക്കുന്നു.

കാക്കേഷ്യന്‍ ഭാഷകളെ കാര്‍ട്വീലിയന്‍ (Kartvelian), അബ്‌ഖാസോഅഡിഗ്‌ (Abkhazo-Adigh), നാഖോദാഗസ്‌താന്‍ (Nakho-Dagestan) എന്നീ മൂന്നു മാതൃകാഗോത്രങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ദാഗസ്‌താന്‍ മേഖലയില്‍ അഥവാ ദാഗസ്‌താന്‍ ഉപഗോത്രത്തിലാണ്‌ ഏറ്റവും കൂടുതല്‍ കാക്കേഷ്യന്‍ ഭാഷകള്‍ നിലനില്‌ക്കുന്നത്‌. ഭൂമിശാസ്‌ത്രപരമായി ഇവയെ യഥാക്രമം ദക്ഷിണ കാക്കേഷ്യന്‍ അഥവാ ഐബീരിയന്‍ ഭാഷാഗോത്രം, പശ്ചിമോത്തര കാക്കേഷ്യന്‍ ഭാഷാഗോത്രം, പൂര്‍വോത്തര കാക്കേഷ്യന്‍ ഭാഷാഗോത്രം എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. ഉത്‌പത്തിപരമായ സാജാത്യം ഭാഷാ ഗോത്രങ്ങളിലെ ഭാഷകള്‍ക്കിടയില്‍ പ്രകടമാണെങ്കിലും നാഖോദാഗസ്‌താന്‍ ഭാഷാഗോത്രത്തെ നാഖ്‌, ദാഗസ്‌താന്‍ എന്നിങ്ങനെ വെവ്വേറെ രണ്ടു ഗോത്രങ്ങളായും ചില ഭാഷാ ശാസ്‌ത്രകാരന്മാര്‍ വ്യവഹരിക്കാറുണ്ട്‌. അബ്‌ഖാസോഅഡിഗ്‌, നാഖോദാഗസ്‌താന്‍ എന്നീ മാതൃകാ ഭാഷാഗോത്രങ്ങളെ കൂട്ടായി കാക്കേഷ്യന്‍ഗിരിവര്‍ഗഭാഷകള്‍ അഥവാ ഉത്തര കാക്കേഷ്യന്‍ ഭാഷകള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്‌. പത്തുലക്ഷത്തിലധികം ജനങ്ങള്‍ സംസാരിക്കുന്നതും പ്രാചീനകാലം മുതല്‌ക്കേ തനതായ ലിപിമാലയും സാഹിത്യസമ്പത്തും കൈമുതലായുള്ളതുമായ ഏക കാക്കേഷ്യന്‍ ഭാഷ കാര്‍ട്വീലിയന്‍ ഗോത്രത്തില്‍പ്പെടുന്ന ജോര്‍ജിയന്‍ ആണ്. നോ: ജോര്‍ജിയ

കാക്കേഷ്യന്‍ ഭാഷകള്‍ക്കിടയില്‍ ഘടനാപരമായ സമാന്തരത്വം പ്രസ്‌പഷ്‌ടമാണ്‌. ഇവയില്‍ പലതും ഒരൊറ്റ ആദിഭാഷയില്‍ നിന്നുള്ള വികീര്‍ണിത രൂപങ്ങളാണെന്നതും അസന്ദിഗ്‌ധമാണ്‌. സ്വരാക്ഷരങ്ങളുടെ ലാളിത്യവും വ്യഞ്‌ജനാക്ഷരങ്ങളുടെ സങ്കീര്‍ണതയും കാക്കേഷ്യന്‍ ഭാഷകള്‍ക്കു പൊതുവായുള്ള സവിശേഷതകളാണ്‌. വിരാമങ്ങളും (stops), മൃദുതാലവ്യവും (uvular) ഗളീയവും (pharyngeal) ആയ വ്യഞ്‌ജനങ്ങളുമുള്‍ക്കൊള്ളുന്ന അതിസങ്കീര്‍ണമായ വ്യഞ്‌ജന വ്യവസ്ഥകളാണ്‌ കാക്കേഷ്യന്‍ ഭാഷകള്‍ക്കെല്ലാമുള്ളത്‌. അബ്‌ഖാസോഅഡിഗ്‌ ഭാഷാഗോത്രത്തില്‍പ്പെട്ട അബാസ ഭാഷയില്‍ 70 വ്യഞ്‌ജനങ്ങളുള്ളത്‌ ഒരു ഭാഷാശാസ്‌ത്രകൗതുകമാണ്‌. അനുച്ചരിതമോ (unvoiced), ഉച്ചരിതമോ, ഘോഷിതമോ (aspirated) ആയ വിരാമങ്ങളും; സ്‌പര്‍ശമായി ആരംഭിച്ച്‌ ഊഷ്‌മാവായി അവസാനിക്കുന്ന വ്യഞ്‌ജനധ്വനികളും (affricates) മാത്രമല്ല കാക്കേഷ്യന്‍ ഭാഷകളിലെല്ലാം തന്നെ കണ്‌ഠമൂലീകൃത (glottalized) വിരാമങ്ങളും സര്‍വസാധാരണമാണ്‌. (നോ: ഉച്ചാരണശാസ്‌ത്രം)

കാക്കേഷ്യന്‍ ഗിരിവര്‍ഗഭാഷകള്‍ക്കു പൊതുവായി പല വ്യഞ്‌ജനങ്ങളുമുണ്ട്‌; സങ്കീര്‍ണമായ ദന്തോഷ്‌ഠുവിരാമങ്ങളും ഓഷ്‌ഠ്യമായ "സ്‌' ശബ്‌ദങ്ങളും, ശൂത്‌കാരവും (whistling) സീത്‌കാരവും (hissing) ആയ ഘര്‍ഷങ്ങളും (fricatives) ഇക്കൂട്ടത്തില്‍പ്പെടുന്നു. ഉത്തര കാക്കേഷ്യന്‍ ഭാഷകളില്‍ സ്വരൈക്യം പുലര്‍ത്തിപ്പോരുന്ന സങ്കീര്‍ണമായ വ്യഞ്‌ജനസഞ്ചയങ്ങളും (consonant clusters) സാധാരണമാണ്‌. ലളിതമാണെങ്കിലും കാക്കേഷ്യന്‍ ഭാഷകള്‍ക്കിടയില്‍ സ്വരാക്ഷരങ്ങളെ സംബന്ധിച്ച്‌ പ്രകടമായ വൈവിധ്യം ദൃശ്യമാണ്‌. അബ്‌ഖാസോഅഡിഗ്‌ ഗോത്രത്തിലെ ഭാഷകളില്‍ രണ്ടോ മൂന്നോ സ്വനിമങ്ങള്‍ (phonemes) മാത്രമുള്ളപ്പോള്‍ നാഖോദാഗസ്‌താന്‍ ഭാഷകളില്‍ 15 മുതല്‍ 20ലധികം വരെ സ്വനിമങ്ങളുണ്ട്‌.

ശബ്‌ദരൂപശാസ്‌ത്ര (Morphology) പ്രകാരം കാക്കേഷ്യന്‍ ഭാഷകളെല്ലാം യോഗാത്‌മകം (agglutinative) ആണ്‌. അബ്‌ഖാസോഅഡിഗ്‌ ഭാഷകള്‍ക്കാണ്‌ സങ്കീര്‍ണമായ ക്രിയാരൂപാഖ്യാനവും (conjugation) മൗലികമായിത്തന്നെ സങ്കീര്‍ണമായ വിഭക്തി പ്രത്യയങ്ങളും (declensions) ഉള്ളത്‌. നമ്മുടെ ഭാഷയ്‌ക്ക്‌ നിര്‍ദേശിക, പ്രതിഗ്രാഹിക തുടങ്ങി വിഭക്തി പ്രത്യയങ്ങള്‍ ഏഴാണ്‌. വിഭക്തി രൂപമാലയില്‍, ഇംഗ്ലീഷിലാകട്ടെ മൂന്നും (3 Nouncases) ക്ലാസ്സിക്കല്‍ ലാറ്റിനില്‍ ആറും ഹംഗേറിയന്‍ ഭാഷയില്‍ 21ഉം പ്രത്യയങ്ങളാണുള്ളത്‌. എന്നാല്‍ ഇക്കാര്യത്തില്‍ ലോകഭാഷകളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനത്തിനര്‍ഹതയുള്ള തബാസരന്‍ ഭാഷയില്‍ (ലസ്‌ഗിയന്‍ കുടുംബം) 50 വിഭക്തി പ്രത്യയങ്ങളുണ്ട്‌. ഇന്തോയൂറോപ്യന്‍ ഭാഷകളില്‍ നാമത്തെ ലിംഗഭേദമനുസരിച്ച്‌ വേര്‍തിരിച്ചിരിക്കുന്നതുപോലെ മിക്ക ഉത്തരകാക്കേഷ്യന്‍ ഭാഷകളിലെയും നാമരൂപങ്ങളെ വിവിധ ക്ലാസ്സുകളിലായി തിരിച്ചിരിക്കുന്നു: ജീവനുള്ളവയും ഇല്ലാത്തവയും, മാനുഷികവും അമാനുഷികവും, സ്‌ത്രണവും പൗരുഷവും, ലിംഗപരമായി പക്വവും അപക്വവും. എല്ലാറ്റിനുമുപരി ഇവയുടെ സങ്കീര്‍ണസംയോജനവും സാധാരണമാണ്‌.

വ്യാകരണശാസ്‌ത്രത്തില്‍ ഏറ്റവും വിഷമകരമായ ഭാഗം ഉത്തര കാക്കേഷ്യന്‍ ഭാഷകളിലെ ക്രിയാപദങ്ങളോടു ബന്ധപ്പെട്ടതാണ്‌. ക്രിയാപദങ്ങള്‍ക്ക്‌ കാലം, കര്‍ത്താവ്‌ ഏകവചനമോ ബഹുവചനമോ എന്നത്‌, കര്‍ത്താവ്‌ ഞാന്‍, നീ, അവന്‍ തുടങ്ങിയവയിലേതാണ്‌ എന്നു തുടങ്ങി പലതും പ്രതിഫലിപ്പിക്കാന്‍ പോന്ന രൂപഭേദങ്ങളുണ്ട്‌. വാചകങ്ങളില്‍ സ്വതന്ത്രമായ പദക്രമമാണുള്ളത്‌. മലയാളത്തിലെന്നതുപോലെ കാക്കേഷ്യന്‍ ഭാഷകളിലെല്ലാം വാചകത്തില്‍, കര്‍ത്താവും കര്‍മവും ക്രിയാപദത്തിനു മുമ്പാണ്‌ വരുന്നത്‌. ഭാഷകളുടെയെല്ലാം പദസമ്പത്ത്‌ ശബ്‌ദാനുകരണാലങ്കാരമുള്ള (onomatopoetic) വാക്കുകളാല്‍ പുഷ്‌കലമാണ്‌. റഷ്യന്‍, അറബി, പേര്‍ഷ്യന്‍, തുര്‍ക്കി എന്നീ ഭാഷകളിലെ പദങ്ങള്‍ കാക്കേഷ്യന്‍ ഭാഷകള്‍ നിര്‍ലോഭമായി സ്വാംശീകരിച്ചിട്ടുണ്ട്‌. കാര്‍ട്വീലിയന്‍, അബ്‌ഖാസോഅഡിഗ്‌ എന്നീ ഗോത്രങ്ങളിലേതായ കാക്കേഷ്യന്‍ ഭാഷകള്‍ക്ക്‌ വളരെയധികം സാജാത്യം കാണുന്നുണ്ട്‌.

ഉത്തര കാക്കേഷ്യന്‍ ഭാഷകള്‍

ഭാഷാശാസ്‌ത്രപരമായി, രണ്ടു ഗോത്രങ്ങളില്‍ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നു. അബ്‌ഖാസോഅഡിഗ്‌ ഗോത്രം അബ്‌ഖാസ്‌ (Abkhas), അബാസ (Abaza), അഡിഗിയന്‍ (Adyghian), കബാര്‍ഡിയന്‍ (Kabardian) അഥവാ സിര്‍ക്കാസിയന്‍ (Circassian), ഉബിഖ്‌ (Ubikh) എന്നീ ഭാഷകളുള്‍ക്കൊള്ളുന്നു. 1864ല്‍ ഉബിഖ്‌ ഭാഷ സംസാരിക്കുന്നവര്‍ കൂട്ടത്തോടെ തുര്‍ക്കിയിലേക്കു കുടിയേറി. ഈ ഗോത്രത്തിലെ അക്ഷരമാലയില്ലാത്ത ഏകഭാഷയാണ്‌ ഉബിഖ്‌.

ജോര്‍ജിയയിലെ ഉഷ്‌ഗുലി ഗ്രാമം. യൂറോപ്പില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രാമമാണിത്‌

നാഖോദാഗസ്‌താന്‍ ഗോത്രത്തെ നാഖ്‌ (Nakh), ദാഗസ്‌താന്‍ (Dagestan) എന്നിങ്ങനെ രണ്ട്‌ ഉപഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു. നാഖ്‌ ഉപഗോത്രത്തില്‍ ചെചന്‍ (Chechan), ഇംഗുഷ്‌ (Ingush), ബാറ്റ്‌സ്‌ (Bats)എന്നീ ഭാഷകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബാറ്റ്‌സ്‌ ഭാഷയ്‌ക്ക്‌ ലിപിമാലയില്ല. ദാഗസ്‌താന്‍ ഉപഗോത്രത്തെ അവാരോആന്‍ഡോഡിഡോ കുടുംബം, ലാക്ക്‌ഡാര്‍ഗ്വാ കുടുംബം, ലസ്‌ഗിയന്‍ ഭാഷാകുടുംബം എന്നിങ്ങനെ മൂന്നായി പുനര്‍വിഭജനം ചെയ്‌തിരിക്കുന്നു. ആദ്യകുടുംബത്തില്‍ തനതായി ലിപിമാലയുള്ള ഭാഷ അവാര്‍ (Avar) മാത്രമാണ്‌; ആന്‍ഡിയന്‍, കരാറ്റ തുടങ്ങി 13 ഭാഷകള്‍ കൂടി ഈ കുടുംബത്തിലുണ്ട്‌; ലാക്ക്‌ (Lakk) ഭാഷയ്‌ക്കു സ്വന്തമായി അക്ഷരമാലയുണ്ട്‌. ഇതിന്‌ പല ഭാഷാഭേദങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ ഏകാത്‌മകമാണ്‌. ഡാര്‍ഗ്വാ (Dargwa) ഭാഷയില്‍ വൈരുധ്യപൂര്‍ണമായ പല ഭാഷാഭേദങ്ങളുണ്ട്‌. ലസ്‌ഗിയന്‍ ഭാഷാകുടുംബത്തില്‍ ലസ്‌ഗി അഥവാ കൂറി (Lezgi or Kuri), തബാസരന്‍ (Tabasaran), ആഗുല്‍ (Agul), രുതുല്‍ (Rutul), സാഖുര്‍ (Tsakhur), അര്‍ചി (Archi), ക്രസ (Kryz), ബുഡുഖ്‌ (Budukh), ഖിനലുഗ്‌ (Khinalug), ഊദി (Udi) എന്നിങ്ങനെ 10 സജീവ ഭാഷകളുണ്ട്‌. ഇന്നു നാമാവശേഷമായിക്കഴിഞ്ഞ കാക്കേഷ്യന്‍അല്‍ബേനിഭാഷയില്‍ നിന്നാണ്‌ ഊദി ഭാഷ നിഷ്‌പന്നമായിട്ടുള്ളത്‌. 15-ാം ശ.ത്തില്‍ രചിക്കപ്പെട്ട അര്‍മീനി ഭാഷയിലുള്ള ചില കൈയെഴുത്തു പ്രതികളില്‍ നിന്നാണ്‌ 1937ല്‍ ഗവേഷകര്‍ കാക്കേഷ്യന്‍അല്‍ബേനി ഭാഷയുടേതായ ലിപികള്‍ കണ്ടെത്തിയത്‌.

ദക്ഷിണ കാക്കേഷ്യന്‍ ഭാഷകള്‍

ജോര്‍ജിയന്‍ (Georgian), മിങ്‌ഗ്രലിയന്‍ (Mingrelian), ലാസ്‌ അഥവാ ചാന്‍ (Laz or Chan), സ്വാന്‍ (Svan) എന്നീ ഭാഷകളുള്‍ക്കൊള്ളുന്നതാണ്‌ കാര്‍ട്വീലിയന്‍ അഥവാ ദക്ഷിണ കാക്കേഷ്യന്‍ ഭാഷാഗോത്രം. ജോര്‍ജിയയിലെ ജനങ്ങളുടെ സംസാരഭാഷയും, സാഹിത്യഭാഷയെന്ന പദവിയുള്ള ഏക കാക്കേഷ്യന്‍ ഭാഷയും ജോര്‍ജിയന്‍ ആണ്‌; ജോര്‍ജിയ റിപ്പബ്ലിക്കിലെ ഔദ്യോഗിക ഭാഷകൂടിയാണിത്.നോ: ജോര്‍ജിയ

കാര്‍ട്വീലിയന്‍ ഭാഷകളുടെ താരതമ്യ പഠനത്തിലൂടെ ഇവയുടെ പിതൃഭാഷയുടെ പൊതുഘടന വെളിച്ചത്തു കൊണ്ടുവരാന്‍ ഭാഷാശാസ്‌ത്രകാരന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. പ്രാട്ടോകാര്‍ട്വീലിയന്‍ എന്നു വിശേഷിപ്പിക്കുന്ന ഈ മൂലഭാഷയില്‍ നിന്നാണ്‌ ആധുനിക ദക്ഷിണകാക്കേഷ്യന്‍ ഭാഷകള്‍ ഉരുത്തിരിഞ്ഞത്‌.

വിസ്‌തൃതമായ ഭൂവിഭാഗങ്ങളില്‍ ലക്ഷക്കണക്കായ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷകളും, ചില ഗ്രാമങ്ങളിലായുള്ള ഏതാനും ചിലര്‍ക്കുമാത്രം പരിചിതമായ ഭാഷാഭേദങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍, പുസ്‌തകങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളില്‍ തദ്ദേശീയ ഭാഷകള്‍ ഉപയോഗിക്കുന്നുണ്ട്‌. പ്രമറി സ്‌കൂളുകളില്‍ അധ്യയന മാധ്യമം മാതൃഭാഷയാണ്‌. കാര്‍ഷികവ്യാവസായിക മേഖലയില്‍ കാക്കസസ്‌ മേഖല ആര്‍ജിച്ചു വരുന്ന പുരോഗതിയോടൊപ്പം രാഷ്‌ട്രഭാഷയായ റഷ്യനും ഇവിടമാകെ പ്രചരിച്ചു വരുന്നു.

മതം

വളരെ മുന്‍പു മുതല്‌ക്കേ കാക്കേഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത്‌ ഇസ്‌ലാം മതത്തിനാണ്‌. മുസ്‌ലിങ്ങളില്‍ ത്തന്നെ തുര്‍ക്കി വിഭാഗത്തിനാണ്‌ പ്രാമുഖ്യം. അസെര്‍ബൈജാനി, താലിഷ്‌, താറ്റ്‌, ലസ്‌ഗിയനില്‍ ഒരു വിഭാഗം എന്നിവ ഷിയാ മുസ്‌ലിം വിഭാഗങ്ങളാണ്‌. ജോര്‍ജിയന്‍, അബ്‌ഖാസിയന്‍, ഒസ്‌സെറ്റിയന്‍ എന്നീ ജനവിഭാഗങ്ങളില്‍ നല്ലൊരു പങ്ക്‌ സുന്നി മുസ്‌ലിങ്ങളും. ക്രിസ്‌ത്വബ്‌ദാരംഭം മുതല്‍തന്നെ ക്രിസ്‌തുമതം ഇവിടേക്കു വ്യാപിക്കുവാന്‍ തുടങ്ങിയിരുന്നു. ഇന്ന്‌ റഷ്യന്‍, ഉക്രനിയന്‍, ഒസ്‌സെറ്റിയന്‍, ജോര്‍ജിയന്‍, അബ്‌ഖാസിയന്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ ഒരു പങ്ക്‌ ക്രിസ്‌തുമതാനുയായികളാണ്‌. ക്രിസ്‌ത്യാനികളില്‍ ഒരു ഘടകം ഓര്‍ത്തഡോക്‌സ്‌ സഭയുടെയും (Eastern Orthodox Church) ഒരു ഘടകം ജോര്‍ജിയന്‍ സഭയുടെയും, മോണോഫിസൈറ്റ്‌ (mon-ophysite) അര്‍മീനി ജനത അപ്പോസ്‌തലിക സഭയുടെയും (Armenian Apostolic Church) കീഴിലാണ്‌.കാക്കേഷ്യയില്‍ ഈ മതക്കാര്‍ക്കെല്ലാം പുറമേ ജൂതന്മാര്‍ തുടങ്ങിയ ന്യൂനപക്ഷമുള്ള മറ്റനേകം മതവിഭാഗങ്ങളും നിവസിച്ചുപോരുന്നു.

സമ്പദ്‌വ്യവസ്ഥ

കാക്കസസ്‌ മേഖലയിലെ ജനങ്ങളുടെ പരമ്പരാഗത ഉപജീവന മാര്‍ഗങ്ങള്‍ കൃഷിയും കാലിമേയ്‌ക്കലും കരകൗശല വിദ്യയുമാണ്‌. മുഖ്യ കാര്‍ഷിക വിളകള്‍ ഗോതമ്പ്‌, ബാര്‍ലി, മില്ലെറ്റ്‌, ചോളം എന്നിവയാണ്‌. ജോര്‍ജിയയിലും മറ്റു തെക്കന്‍ പ്രദേശങ്ങളിലും വീഞ്ഞുത്‌പാദന മേഖലയും നന്നേ വികസിച്ചിരിക്കുന്നു. ദാഗസ്‌താന്‍, അര്‍മീനിയ, അസെര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ റഗ്‌ഗ്‌, പരവതാനി തുടങ്ങിയവയുടെ നിര്‍മാണം ഒരു കുടില്‍ വ്യവസായമായി തുടരുന്നു.

പ്രകൃതിസമ്പത്തിന്റെ കാര്യത്തിലും കാക്കസസ്‌ മേഖല സമ്പന്നമാണ്‌. ദാഗസ്‌താനില്‍ നിന്ന്‌ എണ്ണ, പ്രകൃതിവാതകങ്ങള്‍, കല്‍ക്കരി എന്നീ നൈസര്‍ഗിക ഇന്ധനങ്ങള്‍ ശേഖരിക്കപ്പെടുന്നു. മാഗ്‌നടൈറ്റ്‌ തുടങ്ങിയ ലോഹ അയിരുകളും ചെമ്പ്‌, മോളിബ്‌ഡനം തുടങ്ങിയവയും തെക്കന്‍ ഭാഗങ്ങളില്‍ നിന്ന്‌ ഉത്ഖനനം ചെയ്യപ്പെടുന്നുണ്ട്‌. ഉയര്‍ന്നതരം മാങ്‌ഗനീസിന്റെ, ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപം ജോര്‍ജിയയിലെ ചിയാതുരയിലാണ്‌. ഇവയെ അടിസ്ഥാനമാക്കിയുള്ള ധാരാളം വ്യവസായങ്ങളും കാക്കേഷ്യയില്‍ വികസിച്ചു കൊണ്ടിരിക്കുന്നു.

കാക്കേഷ്യയില്‍ ധാരാളം പ്രകൃതിസംരക്ഷണ കേന്ദ്രങ്ങള്‍ ഉണ്ട്‌. വിശ്വപ്രസിദ്ധവും വളരെ പഴക്കമുള്ളതുമായ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രം (Health resort) ആണ്‌ കാക്കേഷ്യന്‍ ധാതുജല മേഖല (Caucasian Mineral Water Region). സ്റ്റാവ്‌റോപോള്‍ ഉന്നത മേഖലയുടെ സീമാന്ത ഭാഗത്താണ്‌ ധാരാളമായി ധാതുജല സ്രാവമുള്ളത്‌. സ്‌നാന ചികിത്സയ്‌ക്കും, അതു സംബന്ധിച്ച ഗവേഷണ പഠനങ്ങള്‍ക്കുമായി ഇവിടെ സ്ഥാപിതമായ "ബാല്‍നിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌' (Balneological Institute) ലോകപ്രശസ്‌തമാണ്‌ ഇവിടെത്തെ ഉറവകളില്‍ ആണ്ടുതോറും ലക്ഷക്കണക്കിനു ജനങ്ങള്‍ സ്‌നാനത്തിനായി എത്തുന്നു. ഇതിനു പുറമേ സമീകൃത കാലാവസ്ഥയുള്ള കരിങ്കടല്‍ത്തീരത്ത്‌ സോചി, കബര്‍ഡിങ്ക തുടങ്ങിയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുമുണ്ട്‌. വിനോദ സഞ്ചാരികളും പര്‍വതാരോഹണ കുതുകികളും ധാരാളമായി കാക്കസസ്‌ മേഖലയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു വരുന്നു. നോ: അര്‍മീനിയ; അസെര്‍ബൈജാന്‍; ജോര്‍ജിയ; റഷ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍