This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്കശ്ശേരി ഭട്ടതിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാക്കശ്ശേരി ഭട്ടതിരി

ഒരു മലയാള ബ്രാഹ്മണ പണ്ഡിതന്‍. ഉദ്ദണ്ഡശാസ്‌ത്രികളുടെ സമശീര്‍ഷനും പ്രതിദ്വന്ദിയുമായ കാക്കശ്ശേരിയുടെ യഥാര്‍ഥ നാമധേയം ദാമോദരന്‍ എന്നായിരുന്നുവെന്ന്‌ ഇദ്ദേഹത്തിന്റെ കൃതിയായ വസുമതീമാനവിക്രമത്തില്‍ നിന്നു മനസ്സിലാക്കാം. ജീവിതകാലം കൊ.വ. 600നും 700നും ഇടയ്‌ക്കാണെന്ന്‌ ഊഹിക്കപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഗുരു അശോകപുരത്തുകാരനായ ഒരു നാരായണാചാര്യനും പുരസ്‌കര്‍ത്താവ്‌ കോഴിക്കോട്ടു (മാനവിക്രമന്‍) ശക്തന്‍ തമ്പുരാനുമായിരുന്നു.

ചരിത്രരേഖകളിലൂടെ എന്നതിനെക്കാള്‍ ഐതിഹ്യങ്ങളിലൂടെയാണ്‌ കാക്കശ്ശേരി ഭട്ടതിരി അറിയപ്പെടുന്നത്‌. കോഴിക്കോട്ടു (മാനവിക്രമന്‍) ശക്തന്‍ തമ്പുരാന്റെ കാലത്ത്‌ തളിയില്‍ ക്ഷേത്രസങ്കേതത്തില്‍ ആണ്ടിലൊരിക്കല്‍ ബ്രാഹ്മണരുടെ ഒരു വിദ്വത്‌സദസ്സ്‌ കൂടുക പതിവായിരുന്നു. ഈ സദസ്സില്‍ വേദശാസ്‌ത്രപുരാണേതിഹാസങ്ങളെ ആസ്‌പദമാക്കി വാദം നടത്തുകയും വാദത്തില്‍ ജയിക്കുന്നവര്‍ക്ക്‌ രാജാവു ഓരോ പണക്കിഴി സമ്മാനിക്കുകയും ചെയ്‌തിരുന്നു. കാലക്രമത്തില്‍ മലയാള ബ്രാഹ്മണരില്‍ പണ്ഡിതന്മാരുടെ എണ്ണം കുറഞ്ഞുവന്നു. വിദ്വത്‌സദസ്സിലെ വിവാദത്തെപ്പറ്റി കേട്ടറിഞ്ഞ പരദേശി ബ്രാഹ്മണര്‍ യോഗത്തില്‍ പങ്കെടുത്ത്‌ മലയാളബ്രാഹ്മണരെ വാദത്തില്‍ തോല്‌പിച്ച്‌ പണക്കിഴികള്‍ വാങ്ങി വന്നു. അവരില്‍ പ്രമുഖനായിരുന്ന ഉദ്ദണ്ഡശാസ്‌ത്രികള്‍ കേരളത്തിലേക്ക്‌ വന്നതു തന്നെ

"പലായധ്വം പലായധ്വം രേ രേ ദുഷ്‌കവി കുഞ്‌ജരാഃ
വേദാന്ത വന സഞ്ചാരീഹ്യായാത്യുദ്ദണ്ഡ കേസരി'. 
 

എന്ന ശ്ലോകം ചൊല്ലിക്കൊണ്ടാണത്ര (ഹേ, ദുഷ്‌കവികളാകുന്ന ആനകളേ ഓടിക്കൊള്‍വിന്‍, ഓടിക്കൊള്‍വിന്‍. വേദാന്തമാകുന്ന വനത്തില്‍ സഞ്ചരിക്കുന്ന ഉദ്ദണ്ഡനെന്ന സിംഹം ഇതാ വരുന്നു).

വാദത്തില്‍ എല്ലാവരെയും തോല്‌പിച്ച ഉദ്ദണ്ഡന്റെ പാണ്‌ഡിത്യത്തില്‍ മതിപ്പു തോന്നിയ രാജാവ്‌ ശാസ്‌ത്രികളെ തന്റെ കൊട്ടാരത്തില്‍ താമസിപ്പിക്കുകയും ചെയ്‌തു.

അവമാനിതരായ മലയാള ബ്രാഹ്മണര്‍ ഉദ്ദണ്ഡനെ ജയിക്കാന്‍ തക്ക പാണ്ഡിത്യമുള്ള ഒരു മലയാള ബ്രാഹ്മണന്‍ ജനിക്കുന്നതിന്‌ ഒരു മാര്‍ഗം ആലോചിച്ചുറച്ചു. അവര്‍ അന്ന്‌ കാക്കശ്ശേരി ഇല്ലത്ത്‌ ഒരു അന്തര്‍ജനത്തിന്‌ ഗര്‍ഭശങ്കയുള്ള വിവരം അറിഞ്ഞ്‌ ഒരു ദിവ്യമന്ത്രം ഉരുവിട്ട്‌ വെണ്ണജപിച്ച്‌ ആ അന്തര്‍ജനത്തിന്‌ നല്‌കി. അവര്‍ പ്രസവിച്ച കുട്ടിയാണത്ര പില്‌ക്കാലത്ത്‌ കാക്കശ്ശേരി ഭട്ടതിരി എന്ന പേരില്‍ വിഖ്യാതനായിത്തീര്‍ന്നത്‌.

കാക്കശ്ശേരി ഭട്ടതിരി കുട്ടിക്കാലത്തു തന്നെ അത്യന്തം ബുദ്ധിമാനായിരുന്നു. ഭട്ടതിരിക്കു മൂന്നു വയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ്‌ അന്തരിച്ചു. അച്ഛന്റെ ബലിപിണ്ഡം കൊത്തിത്തിന്നാന്‍ വരുന്ന കാക്കകളുടെ കൂട്ടത്തില്‍ ദിവസവുംവരുന്നവയെ ഈ ബാലന്‍ തിരിച്ചറിയുമായിരുന്നതു കൊണ്ടാണ്‌ ഇദ്ദേഹത്തിന്‌ "കാക്കശ്ശേരി' എന്ന പേര്‌ സിദ്ധിച്ചത്‌ എന്നാണ്‌ ഐതിഹ്യം. സമാവര്‍ത്തനം കഴിയുന്നതിനു മുമ്പു തന്നെ കാക്കശ്ശേരി പണ്ഡിതനും വാഗ്‌മിയുമായിത്തീര്‍ന്നു. ശക്തന്‍ തമ്പുരാന്റെ വിദ്വത്‌സദസ്സില്‍ ഉദ്ദണ്ഡശാസ്‌ത്രികളോടു വാദിക്കാന്‍ ഭട്ടതിരി നിയോഗിക്കപ്പെട്ടു. കാക്കശ്ശേരി ഉദ്ദണ്ഡശാസ്‌ത്രികളുമായി വാദം നടത്തിയതിനെപ്പറ്റി പല കഥകളും പ്രചരിച്ചിട്ടുണ്ട്‌. വിദ്വത്‌സദസ്സിലേക്ക്‌ ആദ്യമായി കടന്നുചെന്ന ഭട്ടതിരിയെ കണ്ടപ്പോള്‍ തന്നെ "ആകാരോ ഹ്രസ്വഃ' എന്ന്‌ ഉദ്ദണ്ഡന്‍ പ്രസ്‌താവിച്ചു. ഉടന്‍തന്നെ "നഹി, നഹ്യാകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ' എന്നു ഭട്ടതിരി മറുപടികൊടുത്തു. ഭട്ടതിരി കുട്ടിയായിരുന്നതിനാല്‍ ആകാരം (ശരീരം) ഹ്രസ്വം (നീളം കുറഞ്ഞത്‌) ആയിരിക്കുന്നു എന്നാണ്‌ ശാസ്‌ത്രികള്‍ പറഞ്ഞത്‌. അതിനു മറുപടിയായി ആകാരം, "ആ' എന്ന അക്ഷരം, ദീര്‍ഘമാണ്‌; ഹ്രസ്വമല്ല എന്നാണ്‌ ഭട്ടതിരി പറഞ്ഞത്‌. പിന്നീട്‌ വാദം ആരംഭിക്കാറായപ്പോള്‍ ഉദ്ദണ്ഡന്‍ തന്റെ തത്തയെ മുന്നില്‍ വച്ചു; ഭട്ടതിരി പൂച്ചയെയും. പൂച്ചയെക്കണ്ട തത്ത ഭയന്നു ശബ്‌ദിച്ചതേയില്ല. ശാസ്‌ത്രി ഉന്നയിച്ച വാദങ്ങളെല്ലാം യുക്തികള്‍ കൊണ്ടും ദുരുക്തികള്‍ കൊണ്ടും ഭട്ടതിരി ഖണ്ഡിച്ചു. ആദ്യത്തെ ശ്ലോകത്തിന്‌ എട്ടു തരത്തില്‍ അര്‍ഥം പറഞ്ഞ്‌ രഘുവംശ വ്യാഖ്യാനത്തിലും കാക്കശ്ശേരി ശാസ്‌ത്രികളെ പരാജയപ്പെടുത്തി. "തവ മാതാ പതിവ്രതാ' എന്ന ശാസ്‌ത്രികളുടെ വാക്യത്തെപ്പോലും ഋഗ്വേദമന്ത്രം ഉപയോഗിച്ച്‌ എതിര്‍ത്തു; പണക്കിഴികളെല്ലാം ഭട്ടതിരി തന്നെ കരസ്ഥമാക്കി.

ഭട്ടതിരിയുടെ കൃതികളില്‍ മുഖ്യം വസുമതീമാനവിക്രമം എന്ന നാടകമാണ്‌. മന്ത്രിയായ മങ്ങാട്ടച്ചന്റെ പുത്രിയായ വസുമതിയെ മാനവവിക്രമന്‍ വേള്‍ക്കുന്നതാണ്‌ ഏഴങ്കങ്ങളുള്ള ഈ നാടകത്തിലെ ഇതിവൃത്തം. മുരാരിയെയും കാളിദാസനെയുമായിരുന്നു കാക്കശ്ശേരി അധികം ബഹുമാനിച്ചിരുന്നത്‌. ഇന്ദുമതീരാഘവം ഇദ്ദേഹത്തിന്റേതാണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ട്‌. തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങളില്‍ വിശ്വാസമില്ലായിരുന്ന ഭട്ടതിരിയെ സമുദായത്തില്‍ നിന്നു ബഹിഷ്‌കരിക്കുവാന്‍ യാഥാസ്ഥികന്മാര്‍ തീരുമാനിച്ചു. ഈ വിവരം മനസ്സിലാക്കിയ ഭട്ടതിരി ഒടുവില്‍ സ്വയം നാടുവിട്ടു പോവുകയാണത്ര ചെയ്‌തത്‌.

(അരുമാനൂര്‍ നിര്‍മലാനന്ദന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍