This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാക്കത്തൊണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാക്കത്തൊണ്ടി

കുക്കുര്‍ബിറ്റേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു സസ്യം. ശാ.നാ.: ട്രക്കോസാന്തസ്‌ പാമേറ്റ (Trichosanthes palmata). ബംഗാളിലും ദക്ഷിണേന്ത്യയിലും കാട്ടുചെടിയായി വളരുന്നു. പടര്‍ന്നു വളരുന്ന ഒരു വള്ളിച്ചെടിയാണിത്‌. രണ്ടോ മൂന്നോ പ്രതാനങ്ങളുടെ സഹായത്തോടെയാണ്‌ ഇവ പടര്‍ന്നു കയറുന്നത്‌. 713 സെ.മീ. നീളമുളള ഇലകള്‍ തിളക്കമുള്ളവയാണ്‌. ഇവ ഹസ്‌താകാരത്തിലാണ്‌ കാണപ്പെടുന്നത്‌. പത്രവൃന്തത്തിന്‌ 2.57.5 സെ.മീ. നീളം കാണും. ആഗ.സെപ്‌. മാസമാണ്‌ പുഷ്‌പകാലം. 510 ആണ്‍പുഷ്‌പങ്ങള്‍ ഒരുമിച്ച്‌ സ്‌തൂപമഞ്‌ജരി (raceme) ആയാണ്‌ കാണപ്പെടുന്നത്‌. എന്നാല്‍ പെണ്‍പുഷ്‌പങ്ങള്‍ ഏകാകി(solitary)യായാണ്‌ കാണപ്പെടുന്നത്‌. ദളങ്ങള്‍ക്ക്‌ 2.5 സെ.മീ. നീളം ഉണ്ടായിരിക്കും. ഊനഗോളാകാര(globose)മുള്ള കായയ്‌ക്ക്‌ പാകമാകുമ്പോള്‍ ചുവപ്പ്‌ നിറമാണുള്ളത്‌. കായയുടെ ബാഹ്യഭാഗത്ത്‌ 10ഓളം ഓറഞ്ച്‌ നിറത്തിലുള്ള വരകള്‍ കാണാം. കായയ്‌ക്കുള്ളില്‍ ധാരാളം വിത്തുകള്‍ ഉണ്ട്‌.

കാക്കത്തൊണ്ടിയുടെ കായ്‌, വേര്‌, എന്നിവയ്‌ക്ക്‌ നിരവധി ഔഷധഗുണങ്ങളുണ്ട്‌. ഇതിന്റെ ചുനയുള്ള കായ്‌, കഠിനവിരേചന ഔഷധമാണ്‌. കായയ്‌ക്കുള്ളിലെ കഴമ്പില്‍ ഒരു അക്രിസ്റ്റലീയ (amorphous) പദാര്‍ഥവും ട്രക്കോസാന്തിനും അടങ്ങിയിരിക്കുന്നു. കായുടെ ഏറ്റവും ഉള്ളിലെ പച്ചനിറമുള്ള മാംസളഭാഗത്ത്‌ ഒരു വര്‍ണക വസ്‌തുവുണ്ട്‌. കായ്‌ക്ക്‌ വിഷാംശമുള്ളതുകൊണ്ട്‌ ചോറുമായി കുഴച്ച്‌ കാക്കകളെ കൊല്ലാന്‍ ഇതുപയോഗിക്കുന്നു. എലിക്കെണിയിലും ഉപയോഗിക്കാം. ആസ്‌ത്‌മയ്‌ക്കും മറ്റു ശ്വാസകോശരോഗങ്ങള്‍ക്കും കായ്‌ ചേര്‍ത്ത്‌ പുകവലിക്കുന്നത്‌ ആശ്വാസപ്രദമാണ്‌. ഇതിന്റെ വേര്‌ "ത്രിഫല'യും മഞ്ഞളും ചേര്‍ത്ത്‌ കഷായം വച്ചു കുടിക്കുന്നത്‌ ഗൊണോറിയയ്‌ക്ക്‌ ഫലപ്രദമാകുന്നു. ചെവിവേദന, ചെവിയിലും മൂക്കിലുമുണ്ടാകുന്ന ചെറുവ്രണങ്ങള്‍ എന്നിവയ്‌ക്ക്‌ കായ്‌ പൊടിച്ച്‌ വെളിച്ചെണ്ണയില്‍ ചേര്‍ത്ത്‌ കാച്ചിത്തേക്കുന്നത്‌ ഉത്തമമാണ്‌. പീനസത്തിന്‌ തുള്ളിയായി ഈ മരുന്ന്‌ ഇറ്റിച്ചുകൊടുക്കാം. കായുടെയും പട്ടയുടെയും നീര്‌ എള്ളെണ്ണയുമായി തിളപ്പിച്ച്‌ തലയില്‍ നല്ലവണ്ണം തേച്ചു പിടിപ്പിച്ചശേഷം കുളിക്കുന്നത്‌ ഇടവിട്ടുള്ള തലവേദന, അര്‍ധശിരോവേദന (hemicrania) എന്നിവയ്‌ക്ക്‌ നല്ലതാണ്‌. കര്‍ണസ്രവ (Otorrhoea)ത്തിന്‌ ചെവിയില്‍ ഒഴിക്കാനുള്ള ഒരു തുള്ളിമരുന്നു കൂടിയാണ്‌ ഈ എണ്ണ. വേര്‌ അരച്ച്‌ കുഴമ്പാക്കി പ്രമേഹക്കുരുക്കള്‍ക്ക്‌ പുരട്ടാറുണ്ട്‌. കന്നുകാലികള്‍ക്കുണ്ടാകുന്ന ന്യൂമോണിയാ രോഗത്തിനും ഇതിന്റെ വേര്‌ ഫലപ്രദമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍