This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാകുത്‌സ്‌ഥവര്‍മന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാകുത്‌സ്‌ഥവര്‍മന്‍

കദംബരാജാവ്‌ (ഭ.കാ.സു.എ.ഡി. 430-50), പിതാവായ രഘുവിന്റെ മരണാനന്തരം ഇദ്ദേഹം രാജാവായി. കദംബസാമ്രാജ്യം അതിന്റെ പാരമ്യതയിലെത്തിയത്‌ കാകുത്‌സ്‌ഥവര്‍മന്റെ ഭരണകാലത്തായിരുന്നു. മികച്ച ഒരു ഭരണാധിപനായിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത്‌ രാജ്യം സമ്പത്‌സമൃദ്ധമായിരുന്നു.

വീരയോദ്ധാവായിരുന്ന ഇദ്ദേഹം ജനങ്ങളെ സ്‌നേഹിക്കുകയും അവരുടെ സ്‌നേഹാദരങ്ങള്‍ ആര്‍ജിക്കുകയും ചെയ്‌തിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ സഞ്ചാരികളുടെ ജീവനും സ്വത്തിനും സമ്പൂര്‍ണ സുരക്ഷിതത്വം ഉണ്ടായിരുന്നു. "കദംബകുലത്തിന്റെ ആഭരണം', "കീര്‍ത്തിമാന്മാരായ രാജാക്കന്മാര്‍ക്കിടയിലെ സൂര്യന്‍' എന്നിങ്ങനെ താലഗുണ്ഡലിഖിതത്തിലും "കദംബരുടെ യശസ്സ്‌' എന്ന്‌ ഹല്‍സി ശാസനങ്ങളിലും ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു. അയല്‍ രാജാക്കന്മാരും കാകുത്‌സ്‌ഥവര്‍മനെ ആദരിച്ചിരുന്നു.

കാകുത്‌സ്‌ഥവര്‍മന്‍ തന്റെ പുത്രിമാരെ വാകാടക ഗുപ്‌തരാജാക്കന്മാര്‍ക്കു വിവാഹം ചെയ്‌തു കൊടുത്തിരുന്നു. ഇദ്ദേഹത്തിന്റെ പുത്രിയെ വിവാഹം ചെയ്‌ത ഗുപ്‌തരാജാവ്‌ സ്‌കന്ദഗുപ്‌തനായിരിക്കാമെന്ന്‌ മൊറേയ്‌സ്‌ അഭ്യൂഹിക്കുന്നു. പ്രാമാണിക രാജകുടുംബങ്ങളുമായുള്ള ഈ വിവാഹബന്ധങ്ങള്‍ കാകുത്‌സ്‌ഥവര്‍മന്റെ അംഗീകാരത്തിനും ശക്തിക്കുമുള്ള നിദര്‍ശനങ്ങളായിക്കരുതാം.

കാകുത്‌സ്‌ഥവര്‍മന്റെ താലഗുണ്ഡലിഖിതം കദംബചരിത്രത്തിലേക്കു വെളിച്ചം വീശുന്നു. കദംബരാജാക്കന്മാര്‍ ബ്രാഹ്മണരായിരുന്നതായി ഈ ലിഖിതം വ്യക്തമാക്കുന്നുണ്ട്‌. മയൂരശര്‍മന്‍ എന്ന കദംബരാജാവ്‌ വേദപഠനാര്‍ഥം കാഞ്ചിയിലേക്കു തിരിച്ചതും അശ്വാരൂഢനായ ഒരു പല്ലവചാരനുമായുള്ള സംഘട്ടനത്തെത്തുടര്‍ന്ന്‌ ഇദ്ദേഹം ഒരു പോരാളിയുടെ ജീവിതം സ്വീകരിച്ചതും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട്‌ പല്ലവന്മാര്‍ക്ക്‌ അജയ്യനായ മയൂരശര്‍മനുമായി സന്ധി ചെയ്യേണ്ടിവന്നു. മയൂരശര്‍മന്റെ പിന്‍ഗാമികളെപ്പറ്റിയുള്ള വിവരങ്ങളും ഈ ലിഖിതം നല്‌കുന്നുണ്ട്‌. നോ: കദംബന്മാര്‍

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍