This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാകാപോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാകാപോ

Kakapo

കാകാപോ

തിളങ്ങുന്ന നിറങ്ങളോടു കൂടിയ ഒരിനം തത്ത. "തത്ത' എന്നര്‍ഥം വരുന്ന "കാകാ', "രാത്രി' എന്നര്‍ഥമുള്ള "പോ' എന്നീ മാവോറി പദങ്ങളില്‍ നിന്നാണ്‌ "കാകാപോ' നിഷ്‌പന്നമായത്‌. ശാ.നാ.: സ്‌റ്റ്രഗപ്‌സ്‌ ഹാബ്രാറ്റൈലസ്‌ (Strigops habroptilus). മനോഹരമായ തളിരിലപ്പച്ചനിറമുള്ള ഇതിന്റെ ശരീരത്തില്‍ തിളങ്ങുന്ന മഞ്ഞനിറത്തിലും മറ്റു കടുത്ത നിറങ്ങളിലുമുള്ള പട്ടകളും പൊട്ടുകളുമുണ്ടാവും. ശരീരത്തിന്‌ 60 സെ.മീ. മീറ്ററോളം നീളം ഉണ്ടായിരിക്കും.

പറക്കാന്‍ വേണ്ടി ദീര്‍ഘകാലം ചിറകുകള്‍ ഉപയോഗപ്പെടുത്താതിരുന്നതിന്റെ ഫലമായി ഇതിന്റെ ചിറകിലെ പേശികള്‍ വളരെയധികം ലഘൂകരണവിധേയമായിരിക്കുന്നു. സാധാരണ പക്ഷികളില്‍ ഈ പേശികളെ ബന്ധിപ്പിക്കുന്ന വക്ഷാസ്ഥിയിലെ "കീല്‍' എന്ന ഭാഗം കാകാപോയില്‍ കാണാനില്ല എന്നു തന്നെ പറയാം. പറക്കാനിഷ്ടപ്പെടാത്ത ഈ പക്ഷികള്‍ തറയില്‍ത്തന്നെ കഴിയുന്നതിനാല്‍ പട്ടി, പൂച്ച തുടങ്ങിയ മാംസഭുക്കുകള്‍ക്ക്‌ നിഷ്‌പ്രയാസം ഇരയായിത്തീരുന്നു. ഇവയുടെ സ്വാദിഷ്‌ഠമായ മാംസത്തിനുവേണ്ടി യാതൊരു വിവേചനവുമില്ലാതെ ഇവയെ നശിപ്പിക്കുന്നതില്‍ മനുഷ്യന്റെ പങ്കും അപ്രധാനമല്ല.

താടിരോമങ്ങള്‍ പോലെയുള്ള തൂവലുകളും, തവിട്ടു വരകളുള്ള തൂവല്‍ക്കൂട്ടവും കൂടി കാകാപോയ്‌ക്ക്‌ ഏതാണ്ടൊരു മൂങ്ങയുടെ ആകാരസാദൃശ്യം നല്‌കുന്നതിനാല്‍ ഇതിനെ "കൂമന്‍ തത്ത' (owl parrot)എന്നും വിളിക്കാറുണ്ട്‌. പകല്‍ സമയങ്ങളില്‍ തറയില്‍ കുഴിച്ചുണ്ടാക്കുന്ന ചെറു പൊത്തുകളില്‍ പതുങ്ങിക്കഴിയാനാണ്‌ ഇതിനിഷ്ടം. ഇക്കാരണത്താല്‍ "നിലം തത്ത' (ground parrot)എന്നും ഇതിനു പേരുണ്ട്‌. പഴങ്ങള്‍, ഇലകള്‍, തേന്‍ തുടങ്ങിയവയാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. പ്രകൃതിജന്യമായ കുഴികള്‍, മാളങ്ങള്‍ എന്നിവയിലാണ്‌ ഇവ മുട്ടയിടുന്നത്‌. എന്നാല്‍ ചില സമയങ്ങളില്‍ ഇവ സ്വയം തുരങ്കങ്ങള്‍ നിര്‍മിക്കുകയും ചെയ്യാറുണ്ട്‌. ഒരു പ്രാവശ്യം 24 മുട്ടകള്‍ വരെ ഇടാറുണ്ട്‌.

ഇപ്പോള്‍ ന്യൂസിലന്‍ഡില്‍ അപൂര്‍വമിടങ്ങളില്‍ മാത്രം (Fiordl-and and Stewart Is.) കാണപ്പെടുന്ന ഈ തത്തകള്‍ അതിവേഗം വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%95%E0%B4%BE%E0%B4%AA%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍