This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാകാക്ഷി (ഗോളക) ന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാകാക്ഷി (ഗോളക) ന്യായം

കാക്കയുടെ നേത്ര(ഗോള)ത്തിന്റെ സ്വഭാവത്തെ ആസ്‌പദിച്ചുള്ള ഒരു സംസ്‌കൃതമൊഴി. കാകാക്ഷി എന്ന വാക്കിന്‌ കാക്കക്കണ്ണ്‌ എന്നും കാക്കക്കണ്ണി എന്നും അര്‍ഥമുണ്ട്‌. ഒരു കണ്ണിനു മാത്രം കാഴ്‌ചയുള്ള സ്‌ത്രീയെ കാകാക്ഷി എന്നു കളിയാക്കി പറയാറുണ്ട്‌. കാക്കയ്‌ക്ക്‌ രണ്ടു കണ്ണുകളുണ്ടെങ്കിലും ഒരു സമയത്ത്‌ ഒന്നിനു മാത്രമേ കാഴ്‌ചയുണ്ടാകൂ എന്ന വിശ്വാസത്തെ ആസ്‌പദമാക്കിയുള്ള അര്‍ഥകല്‌പനയാണ്‌ ഈ ന്യായത്തില്‍ പ്രവര്‍ത്തിക്കുന്നത്‌.

ഇന്ദ്രന്റെ മകനായ ജയന്തന്‍ കാക്കയുടെ വേഷത്തില്‍ വന്ന്‌ സീതയുടെ മാറിടം കൊത്തിമുറിച്ചതു കണ്ട്‌ കോപിഷ്‌ഠനായ ശ്രീരാമന്‍ എയ്‌തു വിട്ട അമ്പു കൊണ്ടതു മുതല്‍ കാക്ക ഒറ്റക്കണ്ണനായി എന്ന രാമായണ (വാല്‌മീകിരാമായണംസുന്ദരകാണ്ഡം) കഥയാവാം ഈ വിശ്വാസത്തിന്നവലംബം; കാക്ക തല തിരിച്ച്‌ ഒരു പ്രത്യേക തരത്തില്‍ നോക്കുന്നതുകൊണ്ട്‌ ഒരു സമയത്ത്‌ അതിന്റെ ഒരു കണ്ണിനേ കാഴ്‌ചയുള്ളു എന്ന്‌ പഴമക്കാര്‍ ഊഹിച്ചതുമാവാം. ഏതായാലും ഈ പ്രാചീന വിശ്വാസത്തെ ആധാരമാക്കി സംസ്‌കൃതഭാഷയില്‍ കാകാക്ഷി (ഗോളക) ന്യായം എന്ന പേരില്‍ ഒരു ന്യായം തന്നെയുണ്ടായി. ഈ ന്യായത്തിന്‌ "ഒരേ കാര്യത്തില്‍ മാത്രം ഉത്സാഹമുണ്ടായിരിക്കുക' എന്ന അര്‍ഥമാണുള്ളത്‌. ഒരു സമയത്ത്‌ മറ്റൊന്നിലും ശ്രദ്ധിക്കാതെ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുക; ആവശ്യത്തിനനുസരിച്ച്‌ ഒരു വസ്‌തു ഇടവും വലവുമുള്ള രണ്ടു പദാര്‍ഥങ്ങളില്‍ ചേരുക എന്നൊക്കെയാണ്‌ ഇതിന്റെ താത്‌പര്യാര്‍ഥം. ഒരു പദം, മുമ്പിലും പിമ്പിലുമിരിക്കുന്ന പദങ്ങളുമായി ആവശ്യാനുസരണം ചേര്‍ക്കുന്നിടത്ത്‌ ഈ ന്യായം പ്രയോഗിക്കുന്നു.

(പ്രാഫ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍