This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാകളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാകളി

ഒരു മലയാള ഭാഷാവൃത്തം. കിളിപ്പാട്ട്‌ എന്ന പ്രഖ്യാതമായ പാട്ടുപ്രസ്ഥാനത്തിലെ മുഖ്യ വൃത്തങ്ങളിലൊന്നാണിത്‌. കോവുണ്ണി നെടുങ്ങാടിയും, അദ്ദേഹത്തെ അനുസരിച്ചു കൊണ്ട്‌ "പ്രായേണ ഭാഷാ വൃത്തങ്ങള്‍ തമിഴിന്റെ വഴിക്കു താന്‍' എന്ന്‌ ഏ.ആര്‍. രാജരാജവര്‍മയും, "തമിഴിലെ കലിവൃത്തത്തിന്റെ ഒരു വകഭേദമാണ്‌ കാകളി' എന്ന്‌ എന്‍.വി. കൃഷ്‌ണവാരിയരും അഭിപ്രായപ്പെടുമ്പോള്‍, അപ്പന്‍ തമ്പുരാന്‍, കെ.കെ. വാധ്യാര്‍, ഡോ. എസ്‌.കെ. നായര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ തെലുഗിനോടോ, കന്നഡയോടോ, തമിഴിനോടോ മലയാളത്തിനു ഛന്ദസ്സിന്റെ കാര്യത്തില്‍ പറയത്തക്ക ആധമര്‍ണ്യമൊന്നുമില്ല എന്നു തീര്‍ത്തു പറയുന്നു. കാകളി വൃത്തത്തെ ആദ്യമായി നിര്‍വചിച്ചിട്ടുള്ളത്‌,

"ഗണമെട്ടയ്യശച്ചീരോ
പിണയുന്നടി രണ്ടിലെ
കാണെഴുത്തറുനാങ്കെന്നാ
ലിണങ്ങും ശീലു കാകളി' 
 

എന്നിങ്ങനെ കേരളകൗമുദി എന്ന വ്യാകരണ വൃത്താലങ്കാര ലക്ഷണ ഗ്രന്ഥത്തിലാണ്‌. അതിനെ പിന്തുടര്‍ന്നു വൃത്തമഞ്‌ജരിയില്‍ "മാത്രയഞ്ചക്ഷരം മൂന്നില്‍

വരുന്നോരു ഗണങ്ങളെ
എട്ടുചേര്‍ത്തുള്ളീരടിക്കു
ചൊല്ലാം കാകളിയെന്നുപേര്‍' 
 

എന്ന്‌ ഇതിനു ലക്ഷണം കല്‌പിക്കപ്പെട്ടിരിക്കുന്നു. താളസങ്കേതത്തെ ആസ്‌പദമാക്കിയുള്ള വൃത്തശില്‌പത്തില്‍ "തര ഗണങ്ങളെ തരംപോലെ ഇട കലര്‍ത്തിയതാണ്‌ കാകളി എന്നായാല്‍ ലക്ഷണം കുറേക്കൂടി നിഷ്‌കൃഷ്ടമാകും' എന്നു രേഖപ്പെടുത്തിക്കാണുന്നു. പൂര്‍വസൂരികളുടെ അഭിപ്രായങ്ങളെ വിലയിരുത്തിക്കൊണ്ട്‌ വൃത്തവിചാരത്തില്‍, "കാകളിയുടെ പൂര്‍ണവും നിഷ്‌കൃഷ്ടവുമായ ലക്ഷണം, മുന്‍കാരിക,ഐമാത്രമൂവക്ഷരത്തിലൊക്കുമാറുള്ളതാംഗണംപാദത്തില്‍ നാ, ലാദ്യഗണം ഗുര്‍വാദിയിതു കാകളി ഇവ്വിധം മാറ്റിയാല്‍ ലഭിക്കും' എന്ന്‌ കെ.കെ. വാധ്യാരും പ്രതിപാദിക്കുന്നു. ഈ വൃത്തത്തിന്‌ അഞ്ചുമാത്രയുള്ള മൂന്നക്ഷരം ചേരുന്ന നാലു ഗണങ്ങള്‍ ഓരോ അടിയിലും വേണം. "ആദിഗണം അക്ഷരസ്വരൂപത്തില്‍ തന്നെ ഗുര്‍വാദി'യായിരിക്കണമെന്നു കൂടി നിഷ്‌കര്‍ഷയുണ്ട്‌ വൃത്തവിചാര ലക്ഷണത്തില്‍.

അധ്യാത്മരാമായണത്തിലെ,
"ശാരികപ്പൈതലേ ചാരുശീലേ വരി
കാരോമലേ കഥാശേഷവും ചൊല്ലു നീ'
 

എന്ന ഭാഗം കാകളി വൃത്തത്തിലാണു നിബന്ധിക്കപ്പെട്ടിരിക്കുന്നത്‌. പഞ്ചമാത്രാഗണങ്ങളില്‍ രഗണവും തഗണവും യഗണവും ആണ്‌ അധികവും ഉപയോഗിക്കപ്പെടുന്നതെങ്കിലും "പാടി നീട്ടാം ലഘുക്കളെ' എന്ന തത്ത്വമനുസരിച്ച്‌ നഗണം, ഭഗണം, സഗണം, ജഗണം എന്നീ നാലു ഗണങ്ങളും പ്രയോഗിക്കാറുണ്ട്‌. അപൂര്‍വമായി ആറു മാത്രയുള്ള മഗണവും (പാടിക്കുറുക്കി ഐമാത്രാഗണമാക്കി) കാകളി ശീലില്‍ ഉപയോഗിക്കാറുണ്ട്‌.

ഉദാ. സൂക്ഷിച്ചുമായമറിഞ്ഞിട്ടിരാവാനും.

അധ്യാത്മരാമായണംഅയോധ്യാകാണ്ഡം, മഹാഭാരതംസഭാപര്‍വം, ചാണക്യസൂത്രം രണ്ടാം പാദം മുതലായവ ലക്ഷണമൊത്ത കാകളി വൃത്തത്തിലാണ്‌ നിബന്ധിക്കപ്പെട്ടിട്ടുള്ളത്‌.

കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, മഞ്‌ജരി തുടങ്ങിയ വൃത്തങ്ങള്‍ കാകളിയുടെ വകഭേദങ്ങളാണ്‌. കാകളിയും കളകാഞ്ചിയും തുള്ളല്‍പ്പാട്ടുകളില്‍ (ശീതങ്കന്‍) പ്രയോഗിച്ചിട്ടുണ്ട്‌; മഞ്‌ജരി വളരെ പ്രസിദ്ധമായ കൃഷ്‌ണഗാഥയിലും. വൃത്തവിചാരത്തില്‍ കാകളിയെത്തന്നെ, ഗണത്തിന്‌ മൂന്നക്ഷരത്തില്‍ ആറുമാത്രയുള്ള കാകളി, ഗണത്തിന്‌ മൂന്നക്ഷരത്തില്‍, അധികം വരുന്ന അധികാകളികള്‍ (കളകാഞ്ചി, മണികാഞ്ചി, അതിസമ്മത, മിശ്രകാകളി, കലേന്ദുവദന, സ്‌തിമിത, അതിസ്‌തിമിത); ഊനത വരുന്ന ഊനകാകളികള്‍ (ഊനകാകളി, ദ്രുതകാകളി, കല്യാണി, സമ്പുടിതം); ഗണത്തിനു മൂന്നക്ഷരമെങ്കിലും ആറാറുമാത്ര വരുന്ന ശ്ലഥകാകളികള്‍; ഏതെങ്കിലും ഗണത്തിന്‌ ആറുമാത്രയ്‌ക്കു വേണ്ടത്ര വര്‍ണം തികയാത്ത ഊനശ്ലഥകാകളികള്‍ (മഞ്‌ ജരി, സര്‍പ്പിണി, ഉപസര്‍പ്പിണി, സമാസമം) എന്നിങ്ങനെ വിഭജിച്ച്‌ ഇരുപത്തിനാലുവൃത്തത്തിലെയും നിരണം കൃതികളിലെയും പല വൃത്തങ്ങളും കാകളീജന്യമാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും തന്മയത്വപൂര്‍വം കൈകാര്യം ചെയ്‌ത ഈ വൃത്തം ചങ്ങമ്പുഴയെപ്പോലുള്ള ആധുനികരും പ്രയോഗിച്ചു ഫലിപ്പിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%95%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍