This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാകതീയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാകതീയര്‍

12-ാം ശ. മുതല്‍ 15-ാം ശ. വരെ വാറംഗല്‍ ഭരിച്ചിരുന്ന ഒരു രാജവംശം. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന രാഷ്‌ട്രീയ ശക്തിയായിരുന്ന കാകതീയരുടെ ഭരണം വ്യാപിച്ചിരുന്നത്‌ ഗോദാവരിക്കും കൃഷ്‌ണയ്‌ക്കും ഇടയ്‌ക്കുള്ള പ്രദേശത്തായിരുന്നു. ആദ്യത്തെ ഇവരുടെ രാജധാനി "അനുമക്കൊണ്ട' ആയിരുന്നു. ആദ്യകാലത്ത്‌ കല്യാണിയിലെ ചാലൂക്യന്മാരുടെ സാമന്തരായിക്കഴിഞ്ഞ ഇവര്‍ക്ക്‌ തെക്കുഭാഗത്ത്‌ കാഞ്ചീപുരം വരെ അധികാരമുണ്ടായിരുന്നു. ചാലൂക്യ വിക്രമാദിത്യന്‍ IVന്റെ സാമന്തനായിരുന്ന ബെതനാണ്‌ ഈ വംശത്തിലെ ആദ്യരാജാവ്‌. ഇദ്ദേഹം അയല്‍ രാജാക്കന്മാരുമായിപ്പോരാടി സ്വന്തരാജ്യം വിപുലമാക്കി. കാകതീയരില്‍ പ്രധാനിയായ പ്രതാപരുദ്രന്‍ I (1162-85) ആണ്‌ വാറംഗല്‍ നഗരത്തിന്റെ നിര്‍മാതാവ്‌. ഇദ്ദേഹം രാജ്യവിസ്‌തൃതിയിലും സാഹിത്യ പോഷണത്തിലും ക്ഷേത്രനിര്‍മാണത്തിലും ശ്രദ്ധ പതിപ്പിച്ചു.

പ്രതാപരുദ്രന്റെ പ്രാത്‌സാഹനത്തിന്‌ പാത്രമായ പണ്ഡിതനായിരുന്നു സോമനാഥന്‍. സംസ്‌കൃതത്തിലും തെലുഗുവിലും പ്രതാപന്‍ നീതിസാരം രചിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി ആയ ഗണപതി(1199-1262)യുടെ ഭരണം അറുപതില്‍പ്പരം സംവത്‌സരം നീണ്ടു നിന്നു. ആന്ധ്രപ്രദേശത്തെ വെലനാന്തി ചോഡരെ പരാജയപ്പെടുത്തി ഫലപുഷ്ടിയുള്ള ഭൂമിയും ഇരുമ്പുവജ്രഖനികളും തുറമുഖങ്ങളും കൈക്കലാക്കി. ഗണപതിയുടെ മേല്‍ക്കോയ്‌മ അംഗീകരിക്കാന്‍ നെല്ലൂരിലെ തെലുഗു ചോഡരും നിര്‍ബന്ധിതനായി. കാഞ്ചി പിടിച്ചടക്കിയ ശേഷം കുലോത്തുംഗന്‍ കകകമായി സമരം ചെയ്‌തു. വടക്കു നിന്നു മുസ്‌ലിം ആക്രമണകാരികളാലും തുമ്മാനയിലെ ഛേദിരാജാക്കന്മാരാലും ശക്തിയായി ഞെരുക്കപ്പെട്ട കലിംഗദേശത്തെ അനംഗഭീമന്‍ കകകമായി ഇദ്ദേഹം പോരാടി. യാദവസിംഘനന്‌ എതിരായ മറ്റൊരു സമരത്തിലും ഇദ്ദേഹത്തിന്‌ ഏര്‍പ്പെടേണ്ടി വന്നു. കടപ്പയിലെ ഗംഗയ സാഹിനിയും ഭാഗിനേയരായ ത്രിപുരാന്തകനും അംബദേവനും ഇദ്ദേഹത്തിന്റെ എതിര്‍പ്പിന്‌ പാത്രമായി. അതില്‍ നിര്‍ണായകമായ വിജയം നേടി. സാഹിത്യപ്രാത്‌സാഹനം, ക്ഷേത്രനിര്‍മാണം എന്നിവയിലും ഗണപതി തത്‌പരനായിരുന്നു. മോട്ടുപ്പള്ളിയില്‍ വ്യാപാരം നടത്തിയിരുന്ന വിദേശ വ്യാപാരികള്‍ക്കു പ്രത്യേകം സംരക്ഷണം നല്‌കിയതായി 1244ലെ മോട്ടുപ്പള്ളി സ്‌തംഭ ശാസനത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. അക്കാലത്ത്‌ ജടാവര്‍മന്‍ സുന്ദരപാണ്ഡ്യന്‍ ദക്ഷിണദേശത്തു നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പാണ്ഡ്യന്‍ പിന്‍വാങ്ങിയപ്പോള്‍, കവി തിക്കണന്റെ പ്രരണയാല്‍ ചോഡതിക്കന്റെ മകന്‍ മനുമാസിദ്ധിയെ ആഭ്യന്തര ശത്രുക്കള്‍ക്കെതിരായി സഹായിക്കുകയും അദ്ദേഹത്തെ നെല്ലൂര്‍ സിംഹാസനത്തില്‍ അവരോധിക്കുകയും ചെയ്‌തു. കലാപകാരിയായ യാദവനാടുവാഴി കോപ്പെരും ചിങ്കനും ഗണപതിയുടെ മേല്‍ക്കോയ്‌മ അംഗീകരിച്ചു. ഇത്രയും കഴിഞ്ഞ്‌ ഗണപതി തന്റെ പുത്രി രുദ്രാംബയെ (1261-76) കിരീടാവകാശിയായി പ്രഖ്യാപിക്കയും "രുദ്രദേവ മഹാരാജ' എന്ന പുരുഷനാമം അവര്‍ക്കു നല്‌കുകയും ചെയ്‌തു.

രുദ്രാംബയുടെ ഭരണാരംഭത്തില്‍ കലാപം നടത്തിയ കോപ്പെര്‍, ചിങ്കന്‍ മുതലായവരെ സാമന്തനായിരുന്ന അംബദേവന്‍ കീഴടക്കി. യാദവ മഹാദേവന്റെ കാലത്തും തുടര്‍ന്നും ഉണ്ടായ ആക്രമണങ്ങളെ നേരിട്ടത്‌ രുദ്രാംബയുടെ പൗത്രനായ പ്രതാപരുദ്രദേവന്‍ ആയിരുന്നു. 1280ല്‍ ഇദ്ദേഹം യുവരാജാവായി. എട്ടുവര്‍ഷം കഴിഞ്ഞ്‌, ഹോയ്‌സാലരുടെയും യാദവരുടെയും സഹായത്തോടുകൂടി അംബദേവന്‍ കലാപമുണ്ടാക്കി. 1291ല്‍ അതെല്ലാം അമര്‍ച്ച ചെയ്‌വാന്‍ യുവരാജാവിന്‌ സാധ്യമായി. രുദ്രാംബ റെയ്‌ച്ചൂരില്‍ നല്ലൊരു കോട്ടയുണ്ടാക്കി. അവരുടെ ഭരണശേഷിയെ മാര്‍ക്കോപോളോ വാഴ്‌ത്തിയിട്ടുണ്ട്‌.

രുദ്രാംബയുടെ കാലശേഷം പ്രതാപരുദ്രന്‍ II സിംഹാസനസ്ഥനായി. 1326 വരെ അദ്ദേഹം ഭരിച്ചു. ആരംഭകാലത്ത്‌ പ്രതാപരുദ്രന്റെ സേനാനിയായ ഒരു വീരന്‍ യാദവസേനയെ പലായനം ചെയ്യിച്ച്‌ അഡോണി, റെയ്‌ച്ചൂര്‍ മുതലായ കോട്ടകള്‍ വീണ്ടെടുത്തു. പ്രതാപരുദ്രന്‍ രാജ്യത്തെ എഴുപത്തിയേഴു മേഖലകളായി വിഭജിച്ച്‌ ഭരണരീതി പരിഷ്‌കരിക്കുകയുണ്ടായി.

അലാവുദീന്‍ കില്‍ജിയുടെ സേനാനിയായ മാലിക്‌ കഫൂര്‍ 1309ല്‍ പ്രതാപരുദ്രനെ യുദ്ധത്തില്‍ തോല്‌പിച്ചു ഡല്‍ഹി സുല്‍ത്താന്റെ മേല്‍ക്കോയ്‌മ സ്വീകരിപ്പിച്ചു. അവിടെ നിന്നു കൊള്ളയടിച്ച ദ്രവ്യം ആയിരം ഒട്ടകങ്ങളുടെ പുറത്തു കയറ്റിയാണ്‌ കൊണ്ടുപോയതെന്ന്‌ ഫിരിസ്‌ത രേഖപ്പെടുത്തിയിരിക്കുന്നു. 1318ല്‍ ഖുസ്രുഖാനും 1321ല്‍ ഉലൂക്‌ഖാനും വാറങ്‌ഗല്‍ ആക്രമിച്ചു പ്രതാപരുദ്രനെ കീഴടക്കി. 1327ല്‍ മുഹമ്മദ്‌ തുഗ്ലക്ക്‌ വാറങ്‌ഗലിനെ തന്റെ സാമ്രാജ്യത്തില്‍ ലയിപ്പിച്ചു. പ്രതാപരുദ്രന്റെ പിന്‍ഗാമിയായ കൃഷ്‌ണന്‍, സുല്‍ത്താനെ എതിര്‍ത്തു സ്വതന്ത്രനായി. 1424ല്‍ ബാഹ്‌മനി അധിപനായ അഹമ്മദ്‌ഷാ ഈ രാജ്യത്തിന്റെ സ്വതന്ത്രനില അവസാനിപ്പിച്ചു.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍