This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാകതാലീയന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാകതാലീയന്യായം

സംസ്‌കൃതത്തിലെ പ്രസിദ്ധമായ ഒരു ന്യായം. "ല'കാരത്തിന്റെ സ്ഥാനത്ത്‌ "ള'കാരം സ്വീകരിച്ചപ്പോള്‍ മലയാളത്തില്‍ ഇത്‌ "കാകതാളീയം' എന്നായി. "കാക്ക വന്നു പനമ്പഴവും വീണു' എന്നു മലയാളത്തില്‍ പറയാറുള്ള ശൈലിയാണിത്‌. യാദൃച്ഛികമായുണ്ടാകുന്ന സംഭവത്തിനാണ്‌ കാകതാളീയമെന്നു പറയുന്നത്‌. അപ്പയ്യദീക്ഷിതര്‍ ലുപ്‌തോപമയ്‌ക്ക്‌ ഉദാഹരണം പറയുമ്പോള്‍ ഈ ന്യായത്തെ കൂട്ടിനുപയോഗിക്കുന്നുണ്ട്‌. പ്രസ്‌തുത ഭാഗം താഴെച്ചേര്‍ക്കുന്നു:

"യത്തയാ മേലനം തത്ര ലാഭോ മേയച്ച തദ്രതേഃ
തദേതത്‌ കാകതാലീയമവിതര്‍ക്കിതസംഭവം' 
				    (കുവലയാനന്ദം 17)
  

(കാമുകിയെ ഒരു വിജന പ്രദേശത്തു വച്ചു കണ്ട്‌ ആലിംഗനം ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച കാമുകന്‍ സുഹൃത്തിനോട്‌ അക്കഥ ഇങ്ങനെ വിശദീകരിച്ചു: "അവളെ ഏകാന്തത്തില്‍ കണ്ടുമുട്ടാനും ആലിംഗനം ചെയ്യാനും ഇടയായത്‌ കാക്ക വന്നപ്പോള്‍ പനമ്പഴം വീണതും കാക്കയ്‌ക്കു പനമ്പഴം ആസ്വദിക്കാനിടയായതും പോലെയുള്ള ഒരു യദൃച്ഛാ സംഭവമത്ര'). ഇവിടെ കാക്കയ്‌ക്ക്‌ പനമ്പഴം ആസ്വദിക്കാനിടയായി എന്ന വസ്‌തുതയാണ്‌ ഉപമാനം. അക്കാര്യം മൂലപദ്യത്തില്‍ പ്രസ്‌താവിക്കാതിരുന്നതിനാല്‍ അലങ്കാരം ഉപമാനലുപ്‌തോപമ. "കാകാഗമനം പോലെയും താലപതനം പോലെയും' എന്ന അര്‍ഥത്തിലുള്ള സമസ്‌തപദമാണ്‌ കാകതാലം. പിന്നീട്‌ കാകതാലം പോലെ എന്ന അര്‍ഥത്തില്‍ കാകതാലീയം എന്ന സമസ്‌തപദമുണ്ടായി. നിനച്ചിരിക്കാതെ ഉണ്ടാകുന്ന ഒരു സംഭവത്തെ വര്‍ണിക്കുമ്പോള്‍ അതൊരു "കാകതാലീയ'മാണെന്നു പറയുന്ന രീതി സംസ്‌കൃതസാഹിത്യത്തില്‍ സുലഭമാണ്‌. മലയാളസാഹിത്യത്തിലും ഇത്‌ ധാരാളമായി പ്രയുക്തമായിട്ടുണ്ട്‌. "അച്ഛനിച്ഛിച്ചതും പാല്‌, വൈദ്യന്‍ കല്‌പിച്ചതും പാല്‌', "തേടിയ വള്ളി കാലില്‍ ചുറ്റി' ("മിളിതം പദയുഗളേ നിഗളതയാ മാര്‍ഗിതയാ ലതയാ' നളചരിതം ആട്ടക്കഥ) തുടങ്ങിയ ചൊല്ലുകളിലെ സാരാംശം ഈ ന്യായം ഉള്‍ക്കൊള്ളുന്നു.

"അപഥ്യവാന്റെയായുസ്സു യാതൊന്നുഖലവൃദ്ധിയും
അതത്ര കാകതാലീയമതു തന്നെ ഘുണാക്ഷരം'
				 (സുഭാഷിതരത്‌നാകരം)
എന്ന്‌ കെ.സി. കേശവപിള്ളയും,
"കാക്കയും വന്നു പനമ്പഴവും വീണു
ആക്കമാര്‍ന്നൂ ഭിക്ഷു ശുഷ്‌ക കണ്‌ഠന്‍'
				      (ചണ്ഡാലഭിക്ഷുകി)
എന്ന്‌ കുമാരനാശാനും,
"കാകതാലീയ മായത്ര പറ്റീ ഘോരമിതാശുമേ'
(വാല്‌മീകി രാമായണം ആരണ്യകാണ്ഡം തര്‍ജുമ) 
എന്ന്‌ വള്ളത്തോളും ഇത്‌ കവിതയിലും പ്രയോഗിച്ചിട്ടുണ്ട്‌. 
 

(പ്രാഫ. മാവേലിക്കര അച്യുതന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍