This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാംബ്രിയന്‍ മഹായുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാംബ്രിയന്‍ മഹായുഗം

Cambrian Period

ആര്‍ക്കിയോസയാത്തിഡ്‌ ഫോസില്‍

പാലിയോസോയിക്‌ കല്‌പത്തിന്റെ പ്രാരംഭഘട്ടം. 57 കോടി ആണ്ടുകള്‍ക്കു മുമ്പാരംഭിച്ച്‌ 7 കോടിയോളം വര്‍ഷം നീണ്ടുനിന്ന കാംബ്രിയന്‍ മഹായുഗകാലത്താണ്‌ സുരക്ഷിതമായ ചുണ്ണാമ്പുമയമായ കവചങ്ങളോടുകൂടിയ ജീവികള്‍ സമുദ്രങ്ങളില്‍ ഉരുത്തിരിഞ്ഞത്‌. കാംബ്രിയന്‍ മഹായുഗത്തെത്തുടര്‍ന്നത്‌ ഓര്‍ഡോവിഷന്‍ മഹായുഗമാണ്‌ (നോ. ഓര്‍ഡോവിഷന്‍). തികച്ചും സംരക്ഷിതമായ ജീവാശ്‌മങ്ങളുള്‍ക്കൊള്ളുന്ന അവസാദശിലകളെന്നു നിസ്സംശയം പറയാവുന്ന പാറയടരുകള്‍ കാംബ്രിയന്‍ മഹായുഗത്തിന്റെ തുടക്കം മുതല്‌ക്കാണ്‌ കണ്ടുവരുന്നത്‌. സുരക്ഷയ്‌ക്കാവശ്യമായ കവചങ്ങളോടുകൂടിയ മെറ്റാസോവ ജീവാശ്‌മങ്ങളുടെ അഭൂതപൂര്‍വമായ സമൃദ്ധിയും കാംബ്രിയന്‍ മഹായുഗത്തിന്റെ സവിശേഷതയാണ്‌.

ഒട്ടോയിയ ഫോസില്‍
ഹയോലിത്ത്‌ ഫോസില്‍

1834ല്‍ ആഡം സെജ്‌വിക്‌ (Adam Sedgwick) എന്ന ഇംഗ്ലീഷ്‌ ഭൂവിജ്ഞാനിയാണ്‌ കാംബ്രിയന്‍ എന്ന പദം ആദ്യമായി അവതരിപ്പിച്ചത്‌. ബ്രിട്ടനില്‍ ഡെവോണിയന്‍ മഹായുഗത്തിലേതെന്ന്‌ തിരിച്ചറിയപ്പെട്ടുകഴിഞ്ഞ ചുവന്ന മണല്‍ക്കല്ലുകള്‍ക്ക്‌ കീഴിലായി അവസ്ഥിതമായിരുന്ന സ്ലേറ്റ്‌, ക്വാര്‍ട്ട്‌സൈറ്റ്‌, മണല്‍ക്കല്ല്‌ എന്നിവയുടെ ശിലാസഞ്ചയത്തെ ഗ്രവാക്‌ശ്രണി (Grawacke series)എന്ന്‌ വിശേഷിപ്പിച്ചിരുന്നു. ഉത്തരവെയ്‌ല്‍സിലെ കാംബ്രിയന്‍ മലകളിലുള്ള ഈ ശ്രണിയില്‍പ്പെട്ട ഏറ്റവും അധഃസ്ഥായി അവസാദസ്‌തരങ്ങളെക്കുറിച്ച്‌ പഠിച്ച സെജ്‌വിക്‌ ഈ ശിലാവിഭാഗത്തെ വിശേഷിപ്പിക്കാനായി പ്രാക്കാലം മുതല്‌ക്കേ പ്രചരിച്ചിരുന്ന വെയ്‌ല്‍സിന്റെ ലത്തീന്‍ നാമമായ കാംബ്രിയ (Cambria) എന്ന പദത്തിന്റെ വിശേഷണരൂപം സ്വീകരിച്ചു. പില്‌ക്കാലത്ത്‌ സുദീര്‍ഘമായൊരു കാലഘട്ടത്തെ ഉള്‍ക്കൊള്ളുന്ന, കാംബ്രിയന്‍ എന്ന പേരിലൊരു മഹായുഗം തന്നെ അംഗീകരിക്കപ്പെട്ടു. സാധാരണ കാണപ്പെടുന്ന ജീവാശ്‌മങ്ങളിലെ ചില പ്രത്യേക ജൈവരൂപങ്ങളുടെ പരിണാമഭേദങ്ങളെ അടിസ്ഥാനമാക്കിയാണ്‌ കാംബ്രിയന്‍ തൊട്ടിങ്ങോട്ടുള്ള എല്ലാ മഹായുഗങ്ങളുടെയും കാലപരിധി നിര്‍ണയിച്ചിട്ടുള്ളത്‌. കാംബ്രിയന്‍ മഹായുഗം മുതല്‍ രൂപംകൊണ്ടിട്ടുള്ള അവസാദശിലകളില്‍ കാണപ്പെടുന്ന ജീവാശ്‌മങ്ങളാണ്‌ ജൈവപരിണാമ ചരിത്രത്തെക്കുറിച്ചറിയാന്‍ ശാസ്‌ത്രകാരന്മാരെ സഹായിച്ചിട്ടുള്ളത്.

ബ്രാക്കിയോപോഡ്‌ ഫോസിലുകള്‍

കാംബ്രിയന്‍ മഹായുഗകാലത്തുണ്ടായ ഭൗമപ്രക്രിയകളുടെ കാലം കൃത്യമായി നിര്‍ണയിക്കാന്‍ പല കാരണങ്ങളാല്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രീകാംബ്രിയന്‍ ശിലാവ്യൂഹത്തിനുമേല്‍ തുടര്‍ച്ചയായി അവസ്ഥിതമായ നിലയില്‍ കാംബ്രിയന്‍ ശിലകള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇവയ്‌ക്കിടയില്‍ പ്രസക്തമായ ഒരു വിച്ഛിന്നതയെ എപ്പാര്‍ക്കിയന്‍ വിച്ഛിന്നത (Eparchaean Unconfirmity) എന്നു വിശേഷിപ്പിക്കുന്നു. കാംബ്രിയന്‍ ശിലാവ്യൂഹത്തിന്റെ ഏറ്റവും അധഃസ്ഥായി ശിലാപടലങ്ങള്‍ കണ്‍ഗ്ലോമെറേറ്റ്‌, പരുക്കന്‍ മണല്‍ക്കല്ല്‌ എന്നിവയാണ്‌; ഇവ പ്രാക്കാല ഭൂഖണ്ഡ(ക്രാട്ടണ്‍)ങ്ങളിലേക്കു അതിക്രമിച്ചു കയറിയ സമുദ്രങ്ങളിലുണ്ടായ കരയോഗ നിക്ഷേപങ്ങളാണ്‌. യു.എസ്‌., കാനഡ, സ്വീഡന്‍, ബ്രിട്ടന്‍, സ്‌പെയിന്‍, സ്‌കാന്‍ഡിനേവിയ, ഫ്രാന്‍സ്‌, ജര്‍മനി, പൂര്‍വചൈന, മൊറോക്കോ, സൈബീരിയ, ആസ്റ്റ്രലിയ, അര്‍ജന്റീന, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലും ഇന്ത്യയില്‍ ഹിമാലയമേഖലയിലും സ്‌പിതിയിലും ബൃഹത്തായ കാംബ്രിയന്‍ ശിലാവ്യൂഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവയില്‍ ഏറ്റവും ബൃഹത്തായ കാംബ്രിയന്‍ ശിലാസഞ്ചയം 12,000 മീ. കനത്തില്‍ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയയിലാണ്‌ അവസ്‌ഥിതമായിട്ടുള്ളത്‌.

കാംബ്രിയന്‍ ഭൂപ്രകൃതി. ഇപ്പോഴും പരിഷ്‌കരണ വിധേയമായിക്കൊണ്ടിരിക്കുന്ന പ്ലേറ്റ്‌ ടെക്‌റ്റോണിക്‌സ്‌ (ഫലകചലനസിദ്ധാന്തം) എന്ന ഭൗമതത്ത്വമനുസരിച്ച്‌ കാംബ്രിയന്‍ ഭൂപ്രകൃതിയെക്കുറിച്ച്‌ പല വിശദീകരണങ്ങളും നല്‌കാനാവും. ഇന്നത്തെ നിരക്കനുസരിച്ചുള്ള വന്‍കര വിസ്ഥാപനവും (Continental drift) സമുദ്രത്തറവികസനവും (Ocean floor -spreading) കണക്കിലെടുത്ത്‌ പിന്നോട്ടുപോയാല്‍, കാംബ്രിയനു നാലുമഹായുഗങ്ങള്‍ക്കു ശേഷമുള്ള പെര്‍മിയന്‍ (Permian) മഹായുഗകാലത്തു തന്നെ ഭൂമുഖത്ത്‌ ഒരൊറ്റ ബൃഹദ്‌ഭൂഖണ്ഡം (Pangaea) മാത്രമാണ്‌ ഉണ്ടായതെന്ന്‌ കരുതേണ്ടിവരും. അതിനുമുമ്പുള്ള ഭൂഖണ്ഡവിന്യാസത്തെക്കുറിച്ച്‌ അഭ്യൂഹങ്ങളാണ്‌ ഒട്ടേറെയുള്ളത്‌. കാംബ്രിയന്‍ മഹായുഗത്തിന്റെ ആരംഭത്തില്‍ നിലനിന്നിരുന്ന ഒരു സമുദ്രത്തിന്റെ അടിത്തറ രണ്ടു ഭൂഖണ്ഡങ്ങള്‍ കൂട്ടിമുട്ടിയതിന്റെ ഫലമായി ഒടിഞ്ഞുമടങ്ങിയുയര്‍ന്ന്‌ ഒരു വലിതപര്‍വതനിരയായിത്തീര്‍ന്നുവെന്ന്‌ കരുതപ്പെടുന്നു. ഇതിനൊരു മകുടോദാഹരണമാണ്‌ പ്രാട്ടോ അത്‌ലാന്തിക്‌ സമുദ്രത്തിന്റെ തിരോധാനം. ഇന്നത്തെ വടക്കേ അമേരിക്കയുടെ ആകൃതിയില്‍ വ്യാപിച്ചു കിടന്ന ഈ സമുദ്രം അപ്രത്യക്ഷമായതിലൂടെയാണ്‌ കാലിഡോണിയന്‍ പര്‍വതനം (Caledonian Orogeny) പൂര്‍ത്തീകരിക്കപ്പെട്ടത്‌. നോ. കാലിഡോണിയന്‍ പര്‍വതനം

ബര്‍ജസ്‌ ഷെയ്‌ല്‍ ഫോസിലുകള്‍ 1. വിവാക്‌സിയ 2. ഹലൂസിജീനിയ 3. അയ്‌ഷിയ 4. ഒപാബിനിയ 5. അനോമലോകാരിസ്‌ 6. ട്രലോബൈറ്റ്‌

കാംബ്രിയന്‍ കല്‌പകാലത്ത്‌ സ്ഥായിത്വമാര്‍ജിച്ചുകഴിഞ്ഞ ക്രാട്ടോണിക്‌ന്യൂക്ലിയസ്സുകള്‍ വടക്കേ അമേരിക്ക, സൈബീരിയ, സിനോകൊറിയന്‍ ഷീല്‍ഡ്‌, ബാള്‍ട്ടിക്‌ ഷീല്‍ഡ്‌ എന്നിവിടങ്ങളിലുണ്ട്‌. ദക്ഷിണാര്‍ധഗോളത്തില്‍ ഗോണ്ട്വാന ഒരൊറ്റ ഭൂഖണ്ഡമായിരുന്നില്ലെന്നും ചില ഭൂവിജ്ഞാനികള്‍ കരുതുന്നു. വന്‍കരയ്‌ക്കുള്ളിലെ ഒരു സമുദ്രം ആഫ്രിക്കതെക്കേ അമേരിക്കന്‍ ഭൂഖണ്ഡം, ആസ്റ്റ്രലിയഅന്റാര്‍ട്ടിക്ക ഭൂഖണ്ഡം എന്നിങ്ങനെ രണ്ടായി ഗോണ്ട്വാന വന്‍കരയെ വേര്‍തിരിച്ചിരുന്നുവത്ര. ഇതിനു മതിയാംവണ്ണം തെളിവുകള്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞിനടിയില്‍ കാണുമെന്നും ഇക്കൂട്ടര്‍ സൂചിപ്പിക്കുന്നു.

ചെങ്‌ജിയാങ്‌ ഫോസിലുകള്‍ 1. അനോമലോകാരിഡേ 2. ഒപാബിനിഡ്‌ ആര്‍ത്രാപോഡ്‌ 3. അക്കാന്തോമെറിഡിയോണ്‍ 4. ലോബോപോഡിയന്‍ കാര്‍ഡിയോ ഡിക്‌റ്റിയോണ്‍ 5. ഫൂക്‌സിയാന്യുയ പ്രാട്ടെന്‍സ, 6. ലുവോലിഷാനിയ ലോന്‍ജിക്രൂറിസ്‌
പല ഭൂവല്‍ക്ക ശല്‍ക്കങ്ങളുടെ ഒത്തുചേരല്‍ വഴി ഇന്നുള്ള ആഫ്രിക്കയെന്ന വന്‍കര രൂപം കൊണ്ടു തുടങ്ങിയതും കാംബ്രിയന്‍ മഹായുഗത്തിലാണത്ര.
കോണൊഡോണ്‍ടുകള്‍

കാംബ്രിയന്‍ കാലത്ത്‌ ത്രീവ്രമായ അപരദനത്തിന്റെ ഫലമായി വന്‍കരഭാഗങ്ങള്‍ ഒട്ടൊക്കെയും പെഡിപ്ലെയിനുകളായി മാറിക്കഴിഞ്ഞിരുന്നു. ഈ കാലത്തിലാകമാനവും തുടര്‍ന്ന സമുദ്രാതിക്രമണം ശരാശരി ഒരുലക്ഷം വര്‍ഷത്തില്‍ 1.6 കി. മീ. എന്ന തോതില്‍ കരയെ കാര്‍ന്നെടുത്തുകൊണ്ടിരുന്നു. തന്മൂലം മഹായുഗത്തിന്റെ മധ്യദശകങ്ങളില്‍ പരിമിതമായ കരഭാഗവും വിസ്‌തൃതങ്ങളായ ആഴം കുറഞ്ഞ, ഊഷ്‌മള സമുദ്രങ്ങളും ഉണ്ടായിരുന്നു. തദ്വാരാ സംജാതമായ പരിസ്ഥിതി വിശേഷമാണ്‌ കാംബ്രിയന്‍ മഹായുഗകാലത്ത്‌, പൊടുന്നനെ അഭൂതപൂര്‍വമായ ജീവിസമൃദ്ധിയുണ്ടാകാന്‍ കാരണമായിത്തീര്‍ന്നത്‌. മഹായുഗത്തിന്റെ മധ്യഘട്ടങ്ങളിലാണ്‌ സമുദ്രാതിക്രമണം അത്യുച്ചനിലയിലെത്തിയത്‌. തുടര്‍ന്ന്‌ സമുദ്രങ്ങള്‍ പിന്‍വാങ്ങിയതോടെ അവസാദനത്തിന്റെ നിരക്ക്‌ ഗണ്യമായി വര്‍ധിച്ചു. ഇത്‌ ജീവാശ്‌മ പരിരക്ഷണത്തിനു ഹേതുകമായി.

കാലിഡോണിയന്‍ ഭൂഅഭിനതി ഇന്നുള്ള, നോര്‍വെയിലെ പര്‍വതപ്രദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട്‌, ഗ്രീന്‍ലന്‍ഡിന്റെ പൂര്‍വതീരം വരെ നീണ്ടു കിടന്നിരുന്നു. ഭൂഅഭിനതികള്‍ ആഴം കുറഞ്ഞവയായിരുന്നുവെന്ന്‌ അവിടങ്ങളില്‍ രൂപംകൊണ്ട ശിലാസഞ്ചയത്തിന്റെ ഏറ്റവും അടിയറ്റത്തായുള്ള പരുക്കന്‍ ശിലാംശങ്ങള്‍ സൂചിപ്പിക്കുന്നു. വര്‍ധിച്ച സുദ്രാതിക്രമണംമൂലമാകാം അവയ്‌ക്ക്‌ പില്‌ക്കാലത്ത്‌ ആഴമേറിയതെന്ന്‌ തുടര്‍ന്നു രൂപംകൊണ്ട ജീവാശ്‌മസമൃദ്ധമായ ചുണ്ണാമ്പുകല്ല്‌ സൂചിപ്പിക്കുന്നു. കാംബ്രിയന്‍ കല്‌പകാലത്ത്‌ ടെഥിസ്‌ സമുദ്രം വടക്ക്‌ സൈബീരിയന്‍ കടലിനോടും കിഴക്ക്‌ പൂര്‍വേഷ്യന്‍ കടലിനോടും ബന്ധപ്പെട്ടിരുന്നതിനു പുറമേ പടിഞ്ഞാറ്‌ കാസ്‌കാഡിയ വരെയും വ്യാപിച്ചിരുന്നു.

ഒരു സിദ്ധാന്ത പ്രകാരം കാംബ്രിയന്‍ കല്‌പത്തിലുണ്ടായ ജീവവൃദ്ധിക്കു തന്നെ കാരണം ചില പ്രത്യേക ഭൂപ്രകൃതിപരമായ പരിണാമമാണ്‌. പ്രീകാംബ്രിയനില്‍ നിലനിന്നിരുന്ന ഒരു ബൃഹദ്‌വന്‍കര കാംബ്രിയന്‍ കല്‌പാരംഭത്തോടെ പൊട്ടിപ്പിളര്‍ന്നുവെന്നും സമാനമായി സമുദ്രമധ്യങ്ങളില്‍ വരമ്പുകള്‍ (Mid-oceanic ridges) രൂപം കൊണ്ടുവെന്നും അവര്‍ സിദ്ധാന്തിക്കുന്നു. സമുദ്രമധ്യവരമ്പുകളുടെ രൂപീകരണം വഴി ആദേശം ചെയ്യപ്പെട്ട സമുദ്രജലം പൊട്ടിപ്പിളര്‍ന്ന ഭൂഖണ്ഡ പ്രദേശങ്ങളില്‍ സമുദ്രാതിക്രമണം സൃഷ്‌ടിച്ചു. തദ്വാരാ സൃഷ്‌ടിക്കപ്പെട്ട പാരിസ്ഥിതികമേച്ചില്‍പ്പുറങ്ങളില്‍ ജന്തുജാലം പുഷ്‌കലമായി. പരിണമിച്ചുണ്ടായ ആകാരസൗഷ്‌ഠവമേറിയ മാംസഭോജികളില്‍ നിന്നുള്ള ആത്മരക്ഷയ്‌ക്കായാണ്‌ മറ്റു ജന്തുക്കളില്‍ കടുത്ത കവചങ്ങളും മറ്റും രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്‌.

ചില കാംബ്രിയന്‍ വന്‍കരകള്‍ക്കു ചുറ്റുമായി വിസ്‌തൃതമായ അവസാദന മേഖലകളുണ്ടായിരുന്നു. അവിടെ സൃഷ്‌ടിക്കപ്പെട്ട അവസാദശിലാശേഖരങ്ങള്‍, കരയോരത്തു കനം കുറഞ്ഞും കരയില്‍ നിന്നകലുംതോറും കനംകൂടിയും ക്രമവൃദ്ധമായ പരിണാമങ്ങള്‍ക്കു വിധേയമായും കാണപ്പെടുന്നു. വടക്കേ അമേരിക്കയില്‍ ഈ പ്രതിഭാസം വ്യക്തമായുണ്ട്‌. കരയോരത്തു ദ്രവണശിഷ്‌ട അവസാദവും തുടര്‍ന്ന്‌ ഡോളമൈറ്റ്‌, ചുണ്ണാമ്പുകല്ല്‌ എന്നിവയുടെ കാര്‍ബണേറ്റ്‌ വലയവും വീണ്ടും ചുണ്ണാമ്പും കല്ലും മറ്റുമുള്‍ക്കൊള്ളുന്ന ഒരു ദ്രവണശിഷ്‌ടശിലാവലയവും പിന്നീട്‌ കാര്‍ബണേറ്റ്‌ വലയവും ദൃശ്യമാണ്‌. ഈവിധ അടുക്കും ചിട്ടയും സൈബീരിയ, ചൈന, കൊറിയ എന്നിവിടങ്ങളിലുമുണ്ട്‌.

വിഭജനം. റേഡിയോമെട്രിക കാലഗണനയിലൂടെ കാംബ്രിയന്‍ മഹായുഗം ഏകദേശം 542 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാരംഭിച്ചു. 488 ദശലക്ഷം വര്‍ഷം മുമ്പുവരെ നീണ്ടുനിന്നുവെന്നു നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. ഏതാണ്ട്‌ ആഗോളവ്യാപകമായിത്തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കാലപരിധിയാണിത്‌. സൂചകജീവാശ്‌മങ്ങളെ അടിസ്ഥാനമാക്കി കാംബ്രിയന്‍ കാലത്തെ പൂര്‍വഉത്തരമധ്യഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. യൂറോപ്പിലെ ശിലാക്രമങ്ങളില്‍ കാംബ്രിയന്‍ കാലത്ത്‌ മൂന്നു ദശകളിലായുള്ള അവസാദനം പ്രസ്‌പഷ്‌ടമാണ്‌. പൂര്‍വകാംബ്രിയന്‍ മഹായുഗത്തെ സൂചിപ്പിക്കുന്നത്‌ ഒളിനെല്ലസ്‌ എന്ന ട്രലോബൈറ്റ്‌ ജീനസാണ്‌. മധ്യകാംബ്രിയനിലെ സൂചകജീവാശ്‌മം പാരഡോക്‌സൈഡ്‌ എന്ന ജീനസും ഉത്തര കാംബ്രിയനിലേത്‌ ഒളിനസ്‌ എന്ന ട്രലോബൈറ്റ്‌ ജീനസുമാണ്‌. വടക്കേ അമേരിക്കയിലും കാംബ്രിയന്‍ മഹായുഗം മൂന്നു ഘട്ടങ്ങളായി വിഭജിതമാണെങ്കിലും അവ യൂറോപ്പിലേതിനോട്‌ തികച്ചും സമകാലികമോ മേല്‌പറഞ്ഞ സുചക ജീവാശ്‌മങ്ങളുള്ളവയോ അല്ല. കാംബ്രിയന്‍ മഹായുഗത്തിന്‌ സാര്‍വലൗകികമായി ഒരു വിഭജനക്രമം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

കാലാവസ്ഥ. കാംബ്രിയന്‍ കാലത്ത്‌ കാലാവസ്ഥ ഒട്ടൊക്കെ സമപ്രകൃതി പരിപാലിച്ചിരുന്നെങ്കിലും ഇന്ത്യ, ചൈന, തെക്കേആസ്റ്റ്രലിയ, നോര്‍വെ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഹിമാനീഭവഘടനകള്‍ വളരെ തണുത്ത കാലാവസ്ഥ അവിടങ്ങളില്‍ അനുഭവപ്പെട്ടിരുന്നുവെന്ന്‌ വെളിവാക്കുന്നു. അഗ്നിപര്‍വതപ്രക്രിയയും പൊതുവില്‍ മന്ദീഭവിച്ച അവസ്ഥയിലായിരുന്നു. യൂറോപ്പ്‌ ആകമാനവും ഏഷ്യ, ആസ്റ്റ്രലിയ, വടക്കും തെക്കും അമേരിക്കകള്‍ എന്നീ വന്‍കരകള്‍ ഒട്ടുമുക്കാലും കടലിനടിയിലാകുമാറ്‌ തീവ്രമായ സമുദ്രാതിക്രമണം സംഭവിച്ചിട്ടുണ്ട്‌. കരഭാഗം തികച്ചും ജീവചൈതന്യ ഹീനമായിരുന്നെങ്കിലും സമുദ്രങ്ങളില്‍ മുഖ്യ അകശേരുകികളെല്ലാംതന്നെ സമൃദ്ധമായിരുന്നു. നിരവധി സൂചകജീവാംശങ്ങളടക്കം 0.1 മുതല്‍ 45 വരെ സെ.മീ. വലുപ്പമുള്ള ട്രലോബൈറ്റുകള്‍ കാംബ്രിയന്‍ കടലുകളില്‍ സര്‍വസാധാരണമായിരുന്നു.

പ്രീകാംബ്രിയന്റെ അന്ത്യത്തിലുണ്ടായ ഹിമാതിക്രമണം കാംബ്രിയന്‍ കാലാവസ്ഥയെയും മയപ്പെടുത്തിയിരിക്കണം. ഇവാപ്പൊറൈറ്റ്‌, കാര്‍ബണേറ്റുകള്‍ എന്നിവ വ്യാപകമായി കാണപ്പെടുന്നതിനാല്‍ കല്‌പത്തിന്റെ ചില ദശകളില്‍ ഭൗമാന്തരീക്ഷം ചൂടേറിയതായിരുന്നുവെന്ന്‌ അനുമാനിക്കാം. ആണ്ടില്‍ അധികകാലവും വന്‍കരകള്‍ വരണ്ടുണങ്ങിക്കിടന്നിരുന്നു. ധ്രുവങ്ങള്‍ രണ്ടും വിസ്‌തൃതമായ സമുദ്രങ്ങളുടെ മധ്യഭാഗങ്ങളിലായിരുന്നു. തന്മൂലം അക്ഷാംശീയ താപാന്തരം പ്രകടമായിരുന്നില്ല.

വന്‍കരയ്‌ക്കുള്ളിലും നിമ്‌നതടങ്ങളിലും നിക്ഷിപ്‌തമായ അവസാദം പ്രാദേശികമായുള്ള ഭൂപ്രകൃതിക്കുപുറമേ കാലാവസ്ഥയെയും പ്രതിഫലിപ്പിക്കാന്‍ പോന്നവയാണ്‌. സസ്യങ്ങളുടെ (സമുദ്രത്തില്‍ ആല്‍ഗകളുടെ) പ്രകാശസംശ്ലഷണം മൂലമാണ്‌ അന്തരീക്ഷത്തില്‍ ഇന്നുള്ള 21 ശതമാനം ഓക്‌സിജന്‍ (O2) നിലനിന്നു പോരുന്നത്‌. കരഭാഗം നിര്‍ജീവമായിരുന്ന കാംബ്രിയനില്‍ അന്തരീക്ഷം സ്വാഭാവികമായും ഇത്രത്തോളം ഓക്‌സിജന്‍ ഉള്‍ക്കൊണ്ടിരിക്കാന്‍ സാധ്യതയില്ല. കാംബ്രിയന്‍ ആരംഭദശയില്‍ ഭൗമാന്തരീക്ഷം കേവലം ഒരു ശതമാനം ഓക്‌സിജന്‍ മാത്രമേ ഉള്‍ക്കൊണ്ടിരുന്നുള്ളുവെന്നാണ്‌ കണക്കുകൂട്ടല്‍; ഇത്‌ ജൈവപരിണാമത്തിന്റെ ആക്കം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കരുതുന്നു. ജീവികളുടെ വലുപ്പം ക്രമത്തില്‍ കൂടിക്കൂടി വന്നതും ഓക്‌സിജന്റെ വര്‍ധനവു കാരണമാകാം. സൂര്യപ്രകാശത്തിലുള്ള അള്‍ട്രാ വയലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ ഭൂമണ്ഡലം ഇന്നത്തേതുപോലെ സംരക്ഷിതമായിരുന്നില്ല. അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ വര്‍ധിച്ചതോടെ ഓസോണ്‍ പടലം രൂപം കൊള്ളുകയും ഭൗമോപരിതലം ഇത്തരം പ്രസരണത്തില്‍ നിന്ന്‌ സംരക്ഷിക്കപ്പെട്ടു തുടങ്ങുകയുമുണ്ടായി.

പൂര്‍വമധ്യകല്‌പങ്ങളിലെ ആര്‍ക്കിയോസയാത്തയുടെ സമൃദ്ധിയും ചുണ്ണാമ്പുകല്ല്‌ നിക്ഷേപങ്ങളും ഈ ദശകങ്ങളില്‍ പ്രാദേശികമായിട്ടെങ്കിലും മിതോഷ്‌ണ കാലാവസ്ഥ അനുഭവപ്പെട്ടിരുന്നുവെന്ന്‌ സൂചിപ്പിക്കുമ്പോള്‍ ഉത്തരകാംബ്രിയനില്‍ അതിശൈത്യമായിരുന്നുവെന്ന്‌ ഹിമാനീഭവ നിക്ഷേപങ്ങള്‍ സൂചിപ്പിക്കുന്നു. കാംബ്രിയന്റെ പൂര്‍വാര്‍ധത്തില്‍ ഭൂമുഖത്ത്‌ അനേകം മരുപ്രദേശങ്ങളുണ്ടായിരുന്നുവെന്ന്‌, മൊറോക്കോ, ഇറാന്‍, സൈബീരിയ, ഇന്ത്യ, ആസ്റ്റ്രലിയ, വടക്കു പടിഞ്ഞാറന്‍ കാനഡ എന്നിവിടങ്ങളിലുള്ള ലവണങ്ങളുടെയും ജിപ്‌സത്തിന്റെയും നിക്ഷേപങ്ങള്‍ വെളിവാക്കുന്നു.

കാംബ്രിയന്‍ ജീവജാലം. ദൃഷ്‌ടിഗോചരമായ ജീവജാലങ്ങളുടെ സമാരംഭകല്‌പമായ കാംബ്രിയനില്‍ ഭൂഗോളം നാനാപ്രകാരത്തില്‍ സമൃദ്ധമായ ഒരു ജന്തുസസ്യ സമൂഹത്തിന്‌ അധിവാസ യോഗ്യമായിരുന്നു. ഇക്കാരണത്താല്‍ കാംബ്രിയന്‍ മുതല്‌ക്കിങ്ങോട്ടുള്ള സകലമാനമഹായുഗങ്ങളെയും കൂട്ടായി ഫാനറോസോയിക്‌ കാലഘട്ടമെന്ന്‌ വിശേഷിപ്പിക്കുന്നു (നോ. ഫാനറോസോയിക്‌). സ്വഭാവത്തിലും വികീര്‍ണനത്തിലും കൗതുകകരമായ വികാസപരിണാമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാംബ്രിയന്‍ജന്തുജാലം സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു. ആദ്യകാല കാംബ്രിയന്‍ ജീവികളില്‍ പലതും താരതമ്യേന അല്‌പകാലത്തെ പ്രഭാവത്തിനുശേഷം നാമാവശേഷമായെങ്കിലും സ്‌പീഷീസുകളുടെ വൈപുല്യത്തില്‍ ശ്രദ്ധേയമാണ്‌. താരതമ്യേന ദീര്‍ഘകാലം നിന്ന പില്‌ക്കാല ജൈവരൂപങ്ങള്‍ സാവധാനത്തിലുള്ള പരിണാമവികീര്‍ണനത്തിനാണ്‌ വിധേയമായിട്ടുള്ളത്‌. കാംബ്രിയന്‍ കല്‌പാന്ത്യമടുപ്പിച്ച്‌ ബ്രയോസോവ ഒഴികെ കട്ടിയേറിയ ശരീരഭാഗങ്ങളുള്ള എല്ലാ മെറ്റാസോവഫൈലങ്ങളുടെയും പ്രതിനിധികള്‍ ജന്മമെടുത്തു. കശേരുകികള്‍ കാംബ്രിയന്‍ കല്‌പത്തില്‍ ഉദയംകൊണ്ടിരുന്നില്ലെങ്കിലും പില്‌ക്കാലത്തവയുടെ പിറവിക്കു സഹായകമായ പരിണാമശാഖകള്‍ ഉറവെടുത്തത്‌ ഈ കാലത്താണ്‌. കാംബ്രിയന്‍ കല്‌പത്തില്‍ ഭൂമുഖത്തുദ്‌ഭവിച്ച ജീവിവിഭാഗങ്ങള്‍ ഇവയാണ്‌: (1) ആര്‍ക്കിയോസയാത്ത; (2) സ്‌പഞ്ച്‌; (3) ബ്രാക്കിയോപോഡ; (4) ഗ്രാപ്‌റ്റൊലൈറ്റ്‌; (5) ഫൊറാമിനിഫെറ (ഫൈലംപ്രാട്ടോസോവ); (6) ഹൈഡ്രാസോവ, കോണുലേറിയ (ഫൈലംസീലന്ററേ റ്റ); (7) പോളിക്കീറ്റ (ഫൈലംഅനലിഡ); (8) ട്രലോബൈറ്റ്‌, അഗ്‌ലാസ്‌പിഡ്‌, ഓസ്‌ട്രാക്കോഡ്‌, വികസിച്ച ക്രസ്റ്റേഷിയ (ഫൈലംആര്‍ത്രാപോഡ); (9) മൊളസ്‌ക; (10) എക്കൈനോഡെര്‍മേറ്റ.

കടല്‍ത്തറകളിലല്ലാതെ ശുദ്ധജലത്തിലോ, മറ്റ്‌ ഉഷ്‌ണജലാശയങ്ങളിലോ കാംബ്രിയന്‍ മഹായുഗത്തില്‍ ജീവജാലങ്ങളൊന്നുംതന്നെ ഉരുത്തിരിഞ്ഞിരുന്നില്ല. പരിണാമത്തെ സംബന്ധിച്ചിടത്തോളം ആഗോളവ്യാപകമായിത്തന്നെ മഹായുഗത്തിന്റെ ആദ്യദശ പ്രാധാന്യമര്‍ഹിക്കുന്നു. ഇക്കാലത്ത്‌ ജന്തുക്കളില്‍ ആന്തരികമായും ബാഹ്യമായും കഠിന ശരീരഭാഗങ്ങള്‍ രൂപംകൊണ്ടു. ഇതോടൊപ്പം ശരീരഘടനയിലും സങ്കീര്‍ണത വര്‍ധിച്ചു. ജന്തുക്കളില്‍ കൂടുതലുണ്ടായ സഞ്ചാരാവയവങ്ങള്‍ അവയുടെ വ്യാപനത്തിനു കാരണമായി.

കാംബ്രിയന്‍ ജീവജാലം പരിണാമപഥത്തിലെ ഒരു കുതിച്ചുചാട്ടത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. പില്‌ക്കാലത്ത്‌ കായാന്തരണത്തിനു വിധേയമായിട്ടില്ലാത്ത പ്രീകാംബ്രിയന്‍ ശിലകളും തികച്ചും ജീവാശ്‌മരഹിതമായിക്കാണുന്നതിനുകാരണം ഇനിയും വ്യക്തമായിട്ടറിയില്ല. കടല്‍ത്തറവാസികളായ കാംബ്രിയന്‍ ജീവികള്‍ക്ക്‌ കഠിനമായ പുറംചട്ടയുടെ ആവശ്യകതയ്‌ക്കു ഹേതുവെന്തായിരുന്നുവെന്നതിനെപ്പറ്റി അഭിപ്രായഭേദങ്ങളുണ്ട്‌. കാംബ്രിയന്‍ കല്‌പത്തിലെ ഏറ്റവും പ്രാചീന ട്രലോബൈറ്റുകള്‍ക്ക്‌ താരതമ്യേന നേര്‍ത്ത പുറംചട്ടയാണുണ്ടായിരുന്നത്‌. ഇവയുടെ മുന്‍ഗാമികള്‍ പ്രീകാംബ്രിയന്‍ കടലുകളിലുണ്ടായിരുന്നെങ്കിലും ജീവാശ്‌മ രൂപീകരണത്തിനു പര്യാപ്‌തമായ ശരീരഘടനകളൊന്നും തന്നെ അവ കരസ്ഥമാക്കിയിരുന്നില്ല എന്ന്‌ കരുതേണ്ടിയിരിക്കുന്നു. കാംബ്രിയന്‍ കല്‌പത്തിലെ പരിസ്ഥിതി വിശേഷവും പ്രീകാംബ്രിയന്റെ അന്ത്യത്തിലുണ്ടായ ഹിമയുഗവും കാരണമാകാം ജന്തുക്കളില്‍ കവചവും കഠിനശരീരഭാഗങ്ങളും ഉരുത്തിരിഞ്ഞത്‌.

അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ ശതമാനം വര്‍ദ്ധിച്ചതോടെ കടല്‍ത്തറവാസികളായ കാംബ്രിയന്‍ ജീവികള്‍ കൂടുതലായി കരയോരത്തേക്ക്‌ അടുത്തുതുടങ്ങി. കരയോരം, ജീവിസംപുഷ്‌ടമായതോടെ അവസാദത്തില്‍ അവയുടെ അവശിഷ്‌ടം ജീവാശ്‌മരൂപേണ പരിരക്ഷിക്കപ്പെടാനുള്ള സാധ്യതയും വര്‍ധിച്ചു; തദ്വാരാ കാംബ്രിയന്‍ ശിലകള്‍ ജീവാശ്‌മസമൃദ്ധമായിത്തീര്‍ന്നു. പ്രീകാംബ്രിയനില്‍ നിലനിന്ന ഒരു ബൃഹദ്‌വന്‍കര പൊട്ടിപ്പിളര്‍ന്നതും സമുദ്രമധ്യ വരമ്പുകള്‍ സംജാതമായതുംവഴിയുണ്ടായ സമുദ്രാതിക്രമണം സൃഷ്‌ടിച്ച പാരിസ്ഥിതികമേടുകളില്‍ ജന്തുജാലം പ്രവൃദ്ധമാവുകയും മറ്റു മാംസഭോജികളില്‍നിന്ന്‌ രക്ഷപ്രാപിക്കാനായി ജീവികളില്‍ കടുത്ത കവചം രൂപംകൊള്ളുകയും ചെയ്‌തുവെന്ന്‌ മറ്റൊരഭിപ്രായവും ഒരു വിഭാഗം ശാസ്‌ത്രജ്ഞര്‍ക്കിടയിലുണ്ട്‌. എന്നാല്‍ കാംബ്രിയനില്‍ ഇത്തരം മാംസഭോജികള്‍ നന്നെ കുറവായിരുന്നതിനാലും കവചവും കഠിനശരീരഭാഗങ്ങളും സഞ്ചാരാവയവങ്ങളും ആഹാരസമ്പാദനാവയവങ്ങളും ബന്ധപ്പെട്ടിരിക്കുന്നതിനാലും ഈ അഭിപ്രായത്തില്‍ വലിയ കഴമ്പില്ല എന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാംബ്രിയന്‍ ജന്തുജാലത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും നിര്‍ണായകമായ സംഭാവന നല്‌കിയിട്ടുള്ളത്‌ ബര്‍ജസ്‌ ഷെയ്‌ല്‍ (Burgess shales) നിക്ഷേപങ്ങളാണ്‌. തികച്ചും അപ്രതീക്ഷിതമായാണ്‌ സി.ഡി. വാല്‍ക്കോട്ട്‌ (C.D. Walcott)എന്ന യു.എസ്‌. ഭൂവിജ്ഞാനി, കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയയില്‍ അവസ്ഥിതമായിരിക്കുന്ന ഈ ഷെയ്‌ല്‍ നിക്ഷേപം കണ്ടെത്തിയത്‌. ഇവിടെനിന്ന്‌ ശേഖരിക്കപ്പെട്ട എണ്ണമറ്റ കാംബ്രിയന്‍ ജീവാശ്‌മങ്ങള്‍ കല്‌പത്തിന്റെ മധ്യദശകളെ സൂചിപ്പിക്കുന്നു. വിരകള്‍, അവയുടെ മാംസപേശികള്‍പോലും ജീവാശ്‌മരൂപേണ സംരക്ഷിക്കപ്പെട്ട നിലയില്‍ ഇവിടെ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇവിടെ കണ്ടെത്തിയ പ്രാകൃതകോര്‍ഡേറ്റുകളെപ്പോലുള്ള വിരയിനങ്ങളായിരിക്കാം ഓര്‍ഡോവിഷന്‍ മഹായുഗത്തില്‍ മത്സ്യങ്ങളായി പരിണമിച്ചതെന്ന്‌ ഊഹിക്കപ്പെടുന്നു. ബര്‍ജസ്‌ ഷെയ്‌ലില്‍ സ്‌പഞ്ചുകളും സീലന്ററേറ്റുകളും കാണപ്പെടുന്നു.

പ്രീകാംബ്രിയനില്‍ നിന്ന്‌ കാംബ്രിയനിലേക്കുള്ള പരിണാമം മുഖ്യമായും കടല്‍ ജീവികള്‍ക്ക്‌ കാല്‍സിയം കാര്‍ബണേറ്റ്‌ (calcareous) നിര്‍മിതഅസ്ഥികള്‍ നിര്‍മിക്കാന്‍ ശേഷിയാര്‍ജിച്ചതിലൂടെയും മനസ്സിലാക്കാം. കാംബ്രിയന്‍ കല്‌പകാലത്ത്‌ സമൃദ്ധമായിരുന്ന ഒരു ഫൈലം അപ്പാടെ നാമാവശേഷമായിത്തീര്‍ന്നതിനുള്ള ഏക ഉദാഹരണം ആര്‍ക്കിയോസയാത്ത (Archaeocyatha) യാണ്‌. വളരെ അപരിഷ്‌കൃതമായ സ്‌പഞ്ചുപോലുള്ള ഒരു അകശേരുകിയാണ്‌ ആര്‍ക്കിയോസയാത്ത. അല്‌പകാലചരിത്രം മാത്രം തനതായുള്ള ആര്‍ക്കിയോസയാത്തയാണ്‌ ആദ്യമായി കടല്‍ഭിത്തി നിര്‍മിക്കാനാരംഭിച്ച ജീവിവിഭാഗം (നോ. ആര്‍ക്കിയോസയാത്ത). പൂര്‍വ കാംബ്രിയനില്‍ ഉരുത്തിരിഞ്ഞ ഇവ ഉത്തര കാംബ്രിയനില്‍ നാമാവശേഷമായി. ആര്‍ക്കിയോസയാത്തയും സ്‌പഞ്ചും ഒരിക്കലും ഒരുമിച്ച്‌ വളര്‍ന്നിരുന്നില്ല. പൂര്‍വ കാംബ്രിയന്‍ കല്‌പകാലത്ത്‌ തഴച്ചുവളര്‍ന്ന ആര്‍ക്കിയോസയാത്ത സ്‌പഞ്ചുകളോട്‌ കിടപിടിക്കാനാവാത്തതിനാലാകാം ക്രമേണ അസ്‌തമിതമായത്‌. മുകള്‍ഭാഗം കൂര്‍ത്ത ഒരു കോണിന്റെ ആകൃതിയുണ്ടായിരുന്ന ഇവയ്‌ക്ക്‌ 1020 മില്ലിമീറ്റര്‍ വ്യാസവും 80200 മില്ലിമീറ്റര്‍ ഉയരവുമുണ്ടായിരുന്നു. സമൂഹവാസികളല്ലാതിരുന്ന ഇവ നന്നെ ചെറിയ കടല്‍ഭിത്തികളേ നിര്‍മിച്ചിരുന്നുള്ളൂ. ആര്‍ക്കിയോസയാത്ത നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കടല്‍ഭിത്തി (33 മീ. വ്യാസം) സൈബീരിയയിലാണുള്ളത്‌. കോറലുകള്‍ക്ക്‌ ഇവയോടു വളരെയധികം സാദൃശ്യമുണ്ടെങ്കിലും യഥാര്‍ഥ കോറല്‍ ഉരുത്തിരിഞ്ഞത്‌ ഓര്‍ഡോവിഷനിലാണ്‌. നോ. കോറല്‍

കാലിഫോര്‍ണിയ മുതല്‍ ലാബ്രഡോര്‍ വരെയും സ്‌കോട്ട്‌ലന്‍ഡ്‌, മധ്യഏഷ്യ, മധ്യയൂറോപ്പ്‌, സൈബീരിയ, വടക്കേ ആഫ്രിക്ക, ആസ്റ്റ്രലിയ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലുമായി ഏതാണ്ട്‌ ആഗോള വ്യാപകമായിത്തന്നെ കാണപ്പെടുന്ന ആ സവിശേഷയിനം (ആര്‍ക്കിയോസയാത്ത) ജീവാശ്‌മങ്ങള്‍, കാംബ്രിയനില്‍ ഇന്നത്തേതിലും തികച്ചും വ്യത്യസ്‌തമായ ഒരു കാലാവസ്ഥയാണ്‌ ഭൂമിയില്‍ നിലനിന്നിരുന്നതെന്ന്‌ വ്യക്തമാക്കുന്നു. കാംബ്രിയന്‍ മഹായുഗത്തിന്റെ ഉത്തരപാദങ്ങളില്‍ കടല്‍ഭിത്തിയുടെ നിര്‍മാണത്തില്‍ ആര്‍ക്കിയോസയാത്തയെ സഹായിച്ച മറ്റു ജീവികള്‍ സ്‌പഞ്ചുകളും സീലന്ററേറ്റുകളും, സ്റ്റോമറ്റോഫോറുകളും ആണ്‌.

ആഗോളവ്യാപകമായി, കാംബ്രിയന്‍ അവസാദശിലകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവാശ്‌മം ഗ്രാപ്‌റ്റൊലൈറ്റിന്റേതാണ്‌. ഓര്‍ഡോവിഷന്‍, സൈലൂറിയന്‍ എന്നീ കല്‌പങ്ങളില്‍ പരിണാമത്തിന്റെ ഉച്ചനിലകളിലായിരുന്ന ഗ്രാപ്‌റ്റൊലൈറ്റ്‌ മധ്യകാംബ്രിയനിലാണ്‌ ഉരുത്തിരിഞ്ഞത്‌. പില്‌ക്കാലത്ത്‌ ഒഴുകിനടക്കാന്‍ ശേഷിനേടിയിരുന്നെങ്കിലും കാംബ്രിയന്‍ കല്‌പത്തില്‍ ഇവ സ്ഥാവരജീവികളായിരുന്നു.

പുരാജീവശാസ്‌ത്രപരമായും സ്‌തരിതശിലാവിജ്ഞാനപരമായും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആര്‍ത്രാപോഡ്‌ ആണ്‌ ട്രലോബൈറ്റ്‌. കാംബ്രിയന്‍ മഹായുഗത്തിലെ പല ചെറിയ കാലയളവുകളെയും പ്രതിനിധീകരിക്കുന്ന സൂചകജീവാശ്‌മങ്ങളാണ്‌ ട്രലോബൈറ്റ്‌ ജീനസുകളില്‍ പലതും. പില്‌ക്കാല കല്‌പങ്ങളിലുള്ളവയെ അപേക്ഷിച്ച്‌ കാംബ്രിയന്‍ മഹായുഗത്തിലുള്ളവ തികച്ചും അപരിഷ്‌കൃതതരങ്ങളാണെങ്കിലും വലുപ്പത്തില്‍ 50 സെ.മീ. വരെ വരുന്ന ട്രലോബൈറ്റുകളും കാണപ്പെട്ടിട്ടുണ്ട്‌. കാംബ്രിയന്‍ കല്‌പത്തില്‍ ഇവയിലെ പിറകറ്റത്തുള്ള ശരീരഖണ്ഡങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഉറപ്പുള്ള ഒരൊറ്റപ്പാളി (pygidium) രൂപംകൊണ്ടു. കണ്ണുകള്‍ വശങ്ങളിലേക്കു കൂടുതല്‍ നീങ്ങി. ഈ മഹായുഗത്തില്‍ ട്രലോബൈറ്റിനങ്ങള്‍ക്കു മാത്രമായി ജന്തുമേഖലകള്‍ (faunal provinces) തിരിച്ചറിഞ്ഞിട്ടുണ്ട്‌. ട്രലോബൈറ്റ്‌ മേഖലകള്‍ നിര്‍വചിക്കുമ്പോള്‍ അഗ്നോസ്റ്റിഡ്‌ ട്രലോബൈറ്റ്‌ മാത്രം ഒരു പ്രവിശ്യയിലും ഒതുങ്ങിക്കാണുന്നില്ല. അവയ്‌ക്കുണ്ടായിരുന്ന വലുതായ സഞ്ചരണശേഷിയാണിതിനു കാരണം. പൂര്‍വകാംബ്രിയന്‍ ഘട്ടത്തില്‍ രണ്ട്‌ ട്രലോബൈറ്റ്‌ മേഖലകള്‍ നിര്‍വചിക്കാവുന്നതാണ്‌; (i) ഒളിനെല്ലിഡ്‌ മേഖല (Olenellid province); (ii) റെഡ്‌ ലിക്കൈഡ്‌ മേഖല (Red lichiid province). ആദ്യത്തേത്‌ വടക്കേ അമേരിക്ക കേന്ദ്രമായും മറ്റേത്‌ പശ്ചിമ യൂറോപ്പ്‌ കേന്ദ്രമായുമാണ്‌ വികസിച്ചിട്ടുള്ളത്‌. പസിഫിക്‌ പ്രവിശ്യ എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന ആദ്യമേഖലയിലെ സൂചക ജീവാശ്‌മങ്ങള്‍, പൂര്‍വ കാംബ്രിയന്‍ മഹായുഗകാലത്തെ സൂചകട്രലോബൈറ്റ്‌ ജീനസ്‌ ഒളിനോയ്‌ഡും ഉത്തര കാംബ്രിയന്‍ മഹായുഗകാലത്തെ സൂചകട്രലോബൈറ്റ്‌ ജീനസ്‌ ഡൈക്കലോസെഫാലസും (Dikelocephalus) ആണ്‌. അത്‌ലാന്തിക്‌ പ്രവിശ്യ അഥവാ അകാഡോബാള്‍ട്ടിക്‌ (Acadobaltic) പ്രവിശ്യ എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം മേഖലയിലെ സൂചകജീവാശ്‌മങ്ങള്‍ പൂര്‍വഘട്ടത്തിലേത്‌ പാരഡോക്‌സൈഡ്‌ ജീനസും ഉത്തരഘട്ടതിലേത്‌ ഒളിനസ്‌ ജീനസും ആണ്‌. അത്‌ലാന്തിക്‌ പ്രവിശ്യ പ്രാട്ടോടെഥിസ്‌ സമുദ്രംകൂടിയുള്‍ക്കൊണ്ട്‌ തെക്കു കിഴക്കേ ഏഷ്യവരെ നീണ്ടുകാണുന്നു. മധ്യയൂറോപ്പ്‌, സൈബീരിയ, ആഫ്രിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ആസ്റ്റ്രലിയ എന്നിവിടങ്ങളില്‍ ഇരുപ്രവിശ്യകളും കൂടിക്കലര്‍ന്നും കാണപ്പെടുന്നു. മധ്യഉത്തര കാംബ്രിയന്‍ മഹായുഗകാലത്തെ നാല്‌ ട്രലോബൈറ്റ്‌ മേഖലകള്‍ നിര്‍വചിച്ചിട്ടുണ്ട്‌; (i) സൈബീരിയ, (ii) വടക്കേ അമേരിക്ക, (iii) ചൈനആസ്റ്റ്രലിയ, (iv) മധ്യയൂറോപ്പ്‌.

പ്രീകാംബ്രിയന്റെ അന്ത്യത്തില്‍ ഉരുത്തിരിഞ്ഞ്‌ കാംബ്രിയന്‍ മഹായുഗകാലത്ത്‌ പലതായി പിരിഞ്ഞ്‌ അഭിവൃദ്ധിപ്രാപിച്ച മറ്റു രണ്ടിനം ജീവിവിഭാഗങ്ങളാണ്‌ റേഡിയോലേരിയയും ഫൊറാമിനിഫെറയും. സൂക്ഷ്‌മജീവികളുടെ കൂട്ടത്തില്‍ ലളിതരൂപങ്ങളുള്ള കോണോഡോണ്ട്‌ ജീവാശ്‌മങ്ങളും ഇക്കാലത്ത്‌ കാണപ്പെടുന്നു. പ്രീകാംബ്രിയന്റെ അവസാനത്തോടെ എക്കൈനോഡേമുകളുടെ ആദിമരൂപങ്ങള്‍ ഉരുത്തിരിഞ്ഞുകഴിഞ്ഞിരുന്നു; കാംബ്രിയനില്‍ ഇവയുടെ പല പരിഷ്‌കൃത രൂപങ്ങളുമുണ്ടായിരുന്നു. പില്‌ക്കാല എക്കൈനോഡേമുകളില്‍ സാര്‍വത്രികമായിരുന്ന പഞ്ചത്രിജ്യ സമമിതി (pentaradial symmetry) കാംബ്രിയന്‍ തരങ്ങളില്‍ വ്യാപകമായിരുന്നില്ല. എന്നാല്‍ സമമിതിയില്ലാത്തവയും ത്രിജ്യസമമിതി (radial symmetry) യുള്ളവയുമായി ധാരാളം ഇനങ്ങളുണ്ടായിരുന്നു. ഇത്തരം വിചിത്രഏക്കൈനോഡേമുകളെ പരീക്ഷണരൂപങ്ങള്‍ എന്നുവിശേഷിപ്പിക്കുന്നു. ഇവ, മറ്റ്‌ പരിഷ്‌കൃതരൂപങ്ങളോട്‌ കിടപിടിക്കാനാവാതെ നാമാവശേഷമായി.

കാംബ്രിയന്‍ശിലകളില്‍ പരിണാമത്തിന്റെ ആദ്യദശകളില്‍പ്പെടുന്നവയാണെങ്കിലും ബ്രാക്കിയോപോഡ ഫൈലത്തില്‍പ്പെടുന്ന ആര്‍ട്ടിക്കുലേറ്റ്‌ ജൈവരൂപങ്ങളുടെയും അനലിഡ്‌ ഫാലത്തിലെ പോളീക്കീറ്റയുടെയും ജീവാശ്‌മങ്ങള്‍ ധാരാളമായുണ്ട്‌; പ്രത്യേകിച്ച്‌ കനേഡിയന്‍ റോക്കി പര്‍വതപ്രദേശങ്ങളില്‍. കാംബ്രിയനില്‍ ഉരുത്തിരിഞ്ഞ സൂക്ഷ്‌മജീവിയായ ഓസ്റ്റ്രക്കോഡ്‌ ആണ്‌ യഥാര്‍ഥ ക്രസ്റ്റേഷ്യന്‍ ജീവി. മൊളസ്‌കഫൈലത്തിലെ യഥാര്‍ഥ ഒച്ചുകളും പൂര്‍വകാംബ്രിയന്‍ തൊട്ടുകണ്ടുവരുന്നു. ഇവയുടെ ശരീരം ദ്വിപാര്‍ശ്വസമമിത (bilaterally symmetrical) മാണ്‌. ബൈവാല്‍വ്‌, കെഫലപോഡ, ബ്രാക്കിയോപോഡ എന്നീ ഫൈലങ്ങളില്‍പ്പെടുന്ന ആദ്യകാല ജീവികളുടെയും കനത്ത ജീവാശ്‌മസഞ്ചയം കാംബ്രിയന്‍ ശിലാക്രമങ്ങളിലുണ്ട്‌.

സസ്യജാലങ്ങളെ സംബന്ധിച്ചിടത്തോളം കാംബ്രിയന്‍ കടലുകളിലുണ്ടായിരുന്ന, ഒരേയൊരിനമായ ആല്‍ഗ വര്‍ധിച്ച ഫലവൃദ്ധി ഉള്ളതായിരുന്നു. അവ കാത്സ്യം ഉത്‌പാദിപ്പിക്കാന്‍ കഴിവുള്ളവയുമായിരുന്നു. ആല്‍ഗകളുടെ സമൃദ്ധി, അവയെ ആഹരിച്ചിരുന്ന ജന്തുജാലത്തിന്റെയും അഭിവൃദ്ധിക്കു കാരണമായി.

ഇന്‍ആര്‍ട്ടിക്കുലേറ്റ്‌ ബ്രാക്കിയോപോഡ്‌, ഗാസ്റ്റ്രപോഡ്‌ തുടങ്ങിയ മൊളസ്‌കുകളും മോണോ പ്ലാക്കോ ഫോറ തുടങ്ങിയവയുടെ ആദ്യകാല ജൈവരൂപങ്ങളും ഫോസ്‌ഫേറ്റ്‌നിര്‍മിതമായ കഠിന ശരീരഭാഗങ്ങളോടു കൂടിയവയാണ്‌. കോണിന്റെ ആകൃതിയിലുള്ളതും കാത്സ്യം കാര്‍ബണേറ്റിനാല്‍ നിര്‍മിതമായ പുറന്തോടുകളുണ്ടായിരുന്നതുമായ യഥാര്‍ഥ ഹയോലിഥിഡ്‌സ്‌, കാംബ്രിയന്‍ കല്‌പത്തിലെ ഏറ്റവും ആദ്യദശകങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ആര്‍ക്കിയോസയാത്തയ്‌ക്കും കാത്സ്യം കാര്‍ബണേറ്റിനാല്‍ നിര്‍മിതമായ അസ്ഥികൂടമാണുണ്ടായിരുന്നത്‌. ആല്‍ഗകളുടെ സമൃദ്ധിയാകാം ഫോസ്‌ഫേറ്റ്‌അസ്ഥികൂടം ക്രമേണ നാമാവശേഷമാകാനിടയാക്കിയത്‌. സമുദ്രജലത്തില്‍ ക്രമേണ മഗ്നീഷ്യത്തിന്റെ അംശം കുറഞ്ഞതും കാത്സ്യത്തിന്റെ നിരക്ക്‌ വര്‍ധിച്ചതും, കാത്സ്യനിര്‍മിത അസ്ഥികള്‍ക്ക്‌ താരതമ്യേന ഉറപ്പേറിയിരുന്നതുംകൂടി ആയിരിക്കാം ഫോസ്‌ഫേറ്റ്‌അസ്ഥികൂടം വ്യാപകമായി കാത്സ്യം കാര്‍ബണേറ്റ്‌ നിര്‍മിത അസ്ഥികൂടത്തിനു വഴിമാറിയതിനു കാരണം. കാല്‍സിഫിക്കേഷനു വഴിതെളിച്ച കാംബ്രിയന്‍പരിസ്ഥിതികളിലെ ജൈവരാസിക ഘടകങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ തുടര്‍ന്നുവരുന്നു.

കാംബ്രിയന്‍ ശിലകള്‍. പ്രീകാംബ്രിയന്‍ ശിലകള്‍ക്കുമേല്‍ വ്യക്തമായൊരു വിച്ഛിന്നതയ്‌ക്കുശേഷം അവസ്ഥിതമായിട്ടുള്ള ആയിരക്കണക്കിനു മീറ്റര്‍ കനത്തിലുള്ള അവസാദശിലകള്‍ ലോകത്തെമ്പാടും കാണപ്പെടുന്നു. സുദീര്‍ഘമായൊരു ഇടവേളയ്‌ക്കുശേഷം പുനരാരംഭിച്ച അവസാദ പ്രക്രിയയെ ആണ്‌ കാംബ്രിയന്‍ ശിലാവ്യൂഹങ്ങളിലെ ഏറ്റവും അധഃസ്ഥായി കണ്‍ഗ്ലോമെറേറ്റുകള്‍ സൂചിപ്പിക്കുന്നത്‌. കായാന്തരണത്തിനു വിധേയമാകാതെ ശുദ്ധമായ അവസാദശിലകളായിത്തന്നെ പരിരക്ഷിക്കപ്പെട്ടുപോരുന്ന പാറകള്‍ കാംബ്രിയന്റെ തുടക്കം മുതലാണ്‌ കണ്ടുവരുന്നത്‌. ബിട്ടനില്‍ വെയ്‌ല്‍സിലുള്ള കാംബ്രിയന്‍ മലകളിലെ ഈ മഹായുഗത്തിലേതായ ശിലാവ്യൂഹം ആദ്യമായി പഠനവിധേയമായതിലൂടെയാണ്‌ മഹായുഗത്തിനു കാംബ്രിയന്‍ എന്ന പേരുണ്ടായത്‌. ഇവിടെ അവസാദശിലാസഞ്ചയത്തിനു 4,500 മീ. കനമുണ്ട്‌. ഇംഗ്ലണ്ടിലെ അവസാദശിലകള്‍ സൂചിപ്പിക്കുന്നത്‌ മധ്യകാംബ്രിയനില്‍ ഇവിടത്തെ കടല്‍ ഏറ്റവും താഴ്‌ചയേറിയതായിരുന്നുവെന്നും പൂര്‍വഉത്തര കല്‌പകാലങ്ങളില്‍ താരതമ്യേന ആഴം കുറഞ്ഞതായിരുന്നുവെന്നും ആണ്‌.

സാധാരണയായി അവസാദശിലാസ്‌തരങ്ങള്‍ ജീവാശ്‌മങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലൂടെയാണ്‌ പ്രീകാംബ്രിയന്‍ ശിലകളില്‍നിന്ന്‌ കാംബ്രിയന്‍ ശിലകള്‍ തിരിച്ചറിയപ്പെടുന്നത്‌. കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രാചീനമായ കാംബ്രിയന്‍ ജീവാശ്‌മം മൊറോക്കോയില്‍ ആര്‍ക്കിയോസയാത്തയും മറ്റിടങ്ങളിലെല്ലാം ട്രലോബൈറ്റ്‌ ജീനസുകളുമാണ്‌. ചിലയിടങ്ങളില്‍ വിച്ഛിന്നത കൂടാതെ തന്നെ ഈ കാലഘട്ടത്തിലും ഇതിനുമുമ്പും രൂപംകൊണ്ട അവസാദശിലാസ്‌തരങ്ങള്‍ കാംബ്രിയന്‍ ശിലാസ്‌തരങ്ങളോടൊപ്പം കാണപ്പെടുന്നുണ്ട്‌. മൊറോക്കോയില്‍, ഒളിനെല്ലോയ്‌ഡ്‌ട്രലോബൈറ്റ്‌ ഉള്‍ക്കൊള്ളുന്ന ഏറ്റവും പ്രായംകൂടിയ കാംബ്രിയന്‍ അധഃസ്‌തരങ്ങള്‍ക്കും കീഴിലായി വിച്ഛിന്നത കൂടാതെ വിന്യസ്ഥമായിട്ടുള്ള 4,250 മീറ്ററോളം കനം വരുന്ന അവസാദശിലാസ്‌തരങ്ങള്‍ കാണപ്പെടുന്നുണ്ട്‌. ഇതില്‍ 1,000 മീറ്ററോളം കനത്തിലുള്ള അവസാദശിലാസ്‌തരങ്ങള്‍ ആര്‍ക്കിയോസയാത്തയും ശേഷിച്ച 3,250 മീ. കനത്തിലുള്ള പാറയടരുകള്‍ സ്റ്റ്രാമറ്റൊലൈറ്റും ഉള്‍ക്കൊള്ളുന്നവയാണ്‌. നോര്‍വേയിലും ഈമാതിരി പ്രായമേറിയ 1,300 മീറ്ററോളം കനത്തിലുള്ള ജീവാശ്‌മരഹിതമായ ശിലാസ്‌തരങ്ങള്‍ കാംബ്രിയന്‍ ശിലാവ്യൂഹത്തോടൊപ്പം കണ്ടെത്തിയിട്ടുണ്ട്‌. യു.എസ്സില്‍ ഇത്തരം 1,500 മീറ്ററോളം കനത്തിലുള്ള ശിലാസ്‌തരങ്ങളുണ്ട്‌. ഇതേ സ്ഥിതിവിശേഷം ഏഷ്യ, ആസ്റ്റ്രലിയ എന്നീ വന്‍കരകളിലും ദൃശ്യമാണ്‌. വിസ്‌തൃത മേഖലകളിലുള്ള ഇത്തരം അടുക്കുപാറകള്‍ സമകാലത്തില്‍ രൂപംകൊണ്ടവ ആയിരിക്കാന്‍ സാധ്യതയില്ലെങ്കില്‍കൂടി ഇവയെ ഇയോകാംബ്രിയന്‍ (Eo-Cambrian) അഥവാ ഇന്‍ഫ്രാകാംബ്രിയന്‍ (Infra-Cambrian) എന്നു വിശേഷിപ്പിക്കാറുണ്ട്‌. മൊറോക്കോയുടെ തെക്കന്‍ ഭാഗങ്ങള്‍, സ്‌പാനിഷ്‌ മൗറിത്താനിയ, പശ്ചിമോത്തര ആഫ്രിക്ക, ഈജിപ്‌ത്‌ എന്നിവിടങ്ങളിലേതിനു പുറമേ അറേബ്യയിലെയും കാംബ്രിയന്‍ ശിലാസ്‌തരങ്ങള്‍ ജീവാശ്‌മസമ്പുഷ്‌ടമാണ്‌. മൊറോക്കോ, പടിഞ്ഞാറെ ആഫ്രിക്ക, ഭൂമധ്യരേഖാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ടില്ലൈറ്റ്‌ ഒരു പ്രധാന കാംബ്രിയന്‍ ശിലാസ്‌തരമാണ്‌.

കാംബ്രിയന്‍ മഹായുഗാരംഭത്തോടെ തന്നെ സൈബീരിയ, ഇന്ത്യ തുടങ്ങിയ പ്രാക്കാല ഭൂവല്‍ക്കമേഖലകളില്‍ സമുദ്രാതിക്രമണമുണ്ടായതിലൂടെയാണ്‌ കാംബ്രിയന്‍ ശിലാശേഖരങ്ങളില്‍ വ്യാപകമായി ചുണ്ണാമ്പുകല്ല്‌ കാണപ്പെടുന്നത്‌. ദക്ഷിണാര്‍ധ ഭൂഗോളത്തില്‍ ടാസ്‌മേനിയയിലും ആസ്റ്റ്രലിയയുടെ മധ്യകിഴക്കന്‍ മേഖലകളിലും മാത്രമാണ്‌ കാംബ്രിയന്‍ ശിലകള്‍ കാണപ്പെടുന്നത്‌.

കാംബ്രിയന്‍ ശിലകള്‍, ഇന്ത്യയില്‍. ഇന്ത്യയില്‍ ഹിമാലയ മേഖലയിലാണ്‌ കാംബ്രിയന്‍ ശിലാവ്യൂഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്‌. പഞ്ചാബിന്റെ പശ്ചിമോത്തരഭാഗത്ത്‌ സാള്‍ട്ട്‌ നിരകളിലും (Salt ranges) ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലയിലും കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലുമായി മൂന്നു മേഖലകളില്‍ ബൃഹത്തായ കാംബ്രിയന്‍ ശിലാസ്‌തരങ്ങള്‍ അവസ്ഥിതമായിരിക്കുന്നു. ഈ ശിലാവ്യൂഹങ്ങളിലൊക്കെ തികച്ചും സംരക്ഷിതമായ ജീവാശ്‌മങ്ങള്‍ ധാരാളമായുള്ളതിനാല്‍ ശിലാസ്‌തരങ്ങളുടെ കാലനിര്‍ണയനം ഒരു പ്രശ്‌നമല്ല. പ്രാക്കാലത്ത്‌ നിലനിന്നിരുന്ന ടെഥിസ്‌ സമുദ്രത്തില്‍ അവസ്ഥിതമായ അവസാദമാണ്‌ ഈ ഭാഗങ്ങളിലുള്ള ശിലകളായി അവശേഷിക്കുന്നത്‌.

ഇന്ത്യയില്‍ ഭൂവിജ്ഞാനപരമായി ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ്‌ സാള്‍ട്ട്‌ നിരകള്‍. പഞ്ചാബ്‌ സമതലത്തില്‍ പൊടുന്നനെ എഴുന്നുനില്‍ക്കുന്ന, പരന്ന തലപ്പുകളുള്ള മലനിരകളാണ്‌ സാള്‍ട്ട്‌ നിരകള്‍. മലയടിവാരത്ത്‌ ധാരാളമായി കറിയുപ്പുപാറകളുടെ നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെയാണ്‌ ഇതിനു സാള്‍ട്ട്‌ നിരകള്‍ എന്നു പേരുണ്ടായത്‌. സാള്‍ട്ട്‌ നിരകളുടെ കിഴക്കേയറ്റത്ത്‌ കാംബ്രിയന്‍ ശിലാക്രമം വ്യക്തമായി അനാച്ഛാദിതമായിക്കാണുന്നുണ്ട്‌. ഇവിടെ അട്ടിയിട്ടിരിക്കുന്ന പാറയടരുകളെ പ്രായാധിക്യത്തിനനുസരിച്ച്‌ അഞ്ചായി വിഭജിച്ചിരിക്കുന്നു; (i) ലവണശ്രണി (saline series)457 മീ.കനം; (ii) ഊത മണല്‍ക്കല്ല് 37മീ.; (iii) നിയോബോലസ്‌ഷെയ്‌ല്‍30മീ.; (iv) മഗ്‌നീഷ്യന്‍ മണല്‍ക്കല്ല്‌76 മീ.; (v) സാള്‍ട്ട്‌സ്യൂഡോമോര്‍ഫ്‌ ഷെയ്‌ല്‍137 മീ. മൊത്തം 837 മീ. കനത്തില്‍ സാള്‍ട്ട്‌ നിരകളില്‍ കാണപ്പെടുന്ന കാംബ്രിയന്‍ ശിലാക്രമത്തിലെ ഏറ്റവും പ്രായാധിക്യമുള്ള ലവണശ്രണിയുടെ പ്രായം തിട്ടമായി ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സാള്‍ട്ട്‌മാള്‍, ജിപ്‌സംമാള്‍, ലവണം (salt), ജിപ്‌സം, ഡോളമൈറ്റ്‌ എന്നിവയുള്‍ക്കൊള്ളുന്ന ഈ ശിലാശ്രണി വലുതായ വിവര്‍ത്തനിക പ്രക്രിയകള്‍ക്കു വിധേയമായതിനാല്‍ ഇതിന്റെ യഥാര്‍ഥ സ്ഥാനം നഷ്‌ടപ്പെട്ടിരിക്കാനു ഇടയുണ്ട്‌.

ഇതിനുമേലുള്ള ജീവാശ്‌മരഹിതമായ ഊതമണല്‍ക്കല്‍പ്പടലങ്ങള്‍ ആഴംകുറഞ്ഞ സമുദ്രഭാഗത്ത്‌ നിക്ഷിപ്‌തമായവയാണ്‌. ഇതിനു മേലുള്ള സവിശേഷ ശിലാവിഭാഗം നിയോബോലസ്‌ എന്ന ബ്രാക്കിയോപോഡ്‌ ഉള്‍ക്കൊള്ളുന്നു. ഈ സ്‌തരത്തിലെ മറ്റ്‌ ബ്രാക്കിയോപോഡുകള്‍ യൂറോപ്പിലെ കാംബ്രിയന്‍ സ്‌തരങ്ങളോടു സാദൃശ്യം പുലര്‍ത്തുന്നുണ്ട്‌. നിയോബോലസ്‌ ഷെയ്‌ലിനു മുകളിലായി സ്ഥിതിചെയ്യുന്ന മഗ്നീഷ്യന്‍ മണല്‍ക്കല്ലുപടലത്തിലെ ഏകയിനം ജീവാശ്‌മം സ്റ്റീനോത്തീക്ക (Stenotheca) എന്ന മൊളസ്‌ക്‌സ്‌പീഷിസിന്റേതാണ്‌. മുകളറ്റത്തെ ഷെയ്‌ല്‍ പാളികള്‍ക്ക്‌ ചുവന്ന നിറമാണ്‌.

ഇന്ത്യയില്‍ ഭൂവിജ്ഞാനപരമായി അതീവ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു മേഖലയാണ്‌ സ്‌പിതി താഴ്‌വര. കാംഗ്ര ജില്ലയില്‍(ഹിമാചല്‍പ്രദേശ്‌ സംസ്ഥാനം) സ്‌പിതി നദിയുടെ തടത്തില്‍, കാംബ്രിയന്‍ മുതല്‍ മീസോസോയിക്‌ മഹാകല്‌പത്തിലെ ഇയോസീന്‍ യുഗംവരെ അഥവാ 488 ദശലക്ഷം ആണ്ടുകള്‍ക്കു മുമ്പുമുതല്‍ ഏകദേശം 542 ദശലക്ഷം വര്‍ഷം മുമ്പുവരെയുള്ള ഭൗമായുസ്സിലെ ഏതാണ്ട്‌ എല്ലാക്കാലത്തും രൂപംകൊണ്ട അവസാദശിലകള്‍ അവസ്ഥിതമായിരിക്കുന്നു. സ്‌പിതിയില്‍ കാംബ്രിയന്‍ ശിലകള്‍ പ്രീകാംബ്രിയനിലെ വൈകൃതശ്രണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഷിസ്റ്റുകള്‍ക്കുപരി അവസ്ഥിതമായിരിക്കുന്നു. പൂര്‍വമധ്യഉത്തര കാംബ്രിയന്‍ കല്‌പകാലങ്ങളില്‍ രൂപംകൊണ്ട വളരെ കനത്തിലുള്ള അവസാദശിലകള്‍ ഇവിടെ തീവ്രമായ വിവര്‍ത്തനിക പ്രക്രിയകള്‍ക്കും വിധേയമായിക്കാണുന്നു. സ്‌പിതിയിലെ കാംബ്രിയന്‍ ശിലാവ്യൂഹത്തെ ഹൈമന്തശിലാക്രമം എന്ന്‌ വിശേഷിപ്പിക്കുന്നു. ഇവിടത്തെ മുഖ്യയിനം ശിലകള്‍ സ്ലേറ്റും ക്വാര്‍ട്ട്‌സൈറ്റുമാണ്‌.

കാശ്‌മീരില്‍ ഝലം നദിക്ക്‌ വടക്കായി ബാരാമുള്ള ജില്ലയില്‍ ജീവാശ്‌മ സംപുഷ്‌ടമായ കാംബ്രിയന്‍ ശിലകള്‍ നല്ല കനത്തില്‍ അവസ്ഥിതമായിരിക്കുന്നു. കാശ്‌മീര്‍താഴ്‌വരയുടെ വടക്കുപടിഞ്ഞാറേ അറ്റത്ത്‌ ഹുന്‌ദാവര്‍ എന്ന സ്ഥലത്തു വളരെ ദൂരത്തില്‍ കാംബ്രിയന്‍ ശിലകള്‍ അനാച്ഛാദിതമായിട്ടുണ്ട്‌. ഇവിടെനിന്ന്‌ മധ്യഉത്തര കാംബ്രിയന്‍ മഹായുഗങ്ങളിലേതായ ധാരാളം ജീവാശ്‌മങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌; ജീവാശ്‌മസഞ്ചയത്തില്‍ അഗ്നോസ്വറ്റസ്‌, മൈക്രാഡിസ്‌കസ്‌ തുടങ്ങി 16 ട്രലോബൈറ്റ്‌ജീനസുകളും ഒബോലസ്‌, ലിംഗുലെല്ല തുടങ്ങി അഞ്ച്‌ ബ്രാക്കിയോപോഡ്‌ ജീനസുകളും ഒരിനം റ്റീറോപോഡും ക്രനോയ്‌ഡിലെ ഒരു ജീനസും സ്‌പഞ്ചും ഉള്‍പ്പെടുന്നു. ഇവിടെയുള്ള ട്രലോബൈറ്റ്‌ ഇനങ്ങള്‍ മറ്റെങ്ങും കാണപ്പെടുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍