This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാംബോജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാംബോജി

കര്‍ണാടക സംഗീതത്തില്‍ പ്രചരിച്ചിട്ടുള്ള ഒരു ഭാഷാംഗജന്യരാഗം. 28-ാമത്തെ മേളമായ ഹരികാംബോജിയുടെ ജന്യമാണ്‌ ഈ രാഗം.

ആരോഹണംസരിഗമപധസ
അവരോഹണംസനിധപമഗരിസ

ഒരു ഷാഡവ സമ്പൂര്‍ണരാഗമായ കാംബോജിയില്‍ ഷഡ്‌ജം, പഞ്ചമം, ചതുഃശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതിധൈവതം, കൈശികി നിഷാദം എന്നിവയാണ്‌ സ്വരങ്ങള്‍. അന്യസ്വരമായി വരുന്ന കാകലിനിഷാദം സനിപധസ, സനിനിധധപ തുടങ്ങിയ സഞ്ചാരങ്ങളില്‍ പ്രയോഗിക്കുന്നു. മ,ധ,നി എന്നിവ രാഗച്ഛായാസ്വരങ്ങളാണ്‌. രിപമഗസ, രിമഗസ, ധഗരിസ തുടങ്ങിയ ദാട്ടു സ്വരപ്രയോഗങ്ങളും മഗസ, പധമ, സരിഗസ, മഗപധസ തുടങ്ങിയ സ്വരപ്രയോഗങ്ങളും ഈ രാഗത്തിന്റെ ഭാവത്തെയും രഞ്‌ജകത്വത്തെയും വര്‍ധിപ്പിക്കുന്നു. "പാധമാഗ' എന്നത്‌ വിശേഷ പ്രയോഗമാണ്‌. ത്രിശ്രുതി ധൈവതവും ചതുഃശ്രുതിധൈവതവും ചേര്‍ന്നുവരുന്നത്‌ ഈ രാഗത്തിന്റെ സവിശേഷതയാണ്‌. വിസ്‌തൃതമായ ആലാപനത്തിനും സ്വരപ്രസ്‌താരത്തിനും സൗകര്യം നല്‌കുന്ന ഈ രാഗത്തെ അതിപ്രധാനമായ രാഗങ്ങളുടെ കൂട്ടത്തിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ശൃംഗാരം, ഭക്തി എന്നീ രസങ്ങള്‍ സ്‌ഫുരിപ്പിക്കുന്ന ഈ രാഗം കച്ചേരികള്‍ക്കു മേളക്കൊഴുപ്പു നല്‌കുവാന്‍ പര്യാപ്‌തമാണ്‌.

പുരാതനരാഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ കാംബോജി. സംഗീതരത്‌നാകരം (ശാര്‍ങദേവന്‍), സംഗീതമകരന്ദം (നാരദന്‍), സംഗീത സമയസാരം( പാര്‍ശ്വദേവന്‍) എന്നീ സംഗീത ഗ്രന്ഥങ്ങളില്‍ കാംബോജി രാഗത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. തേവാരം കൃതികളില്‍ ഭാഷാംഗരാഗമായും ഉപാംഗരാഗമായും ഇതു പ്രയോഗിച്ചിട്ടുണ്ട്‌. കഥകളിയില്‍ "കാമോദരി' എന്നും തമിഴ്‌ പണ്ണുകളില്‍ "തക്കേശി' എന്നുമാണ്‌ കാംബോജിയുടെ പേര്‍. വര്‍ണനയ്‌ക്ക്‌ ഏറ്റവും ഉചിതമായിട്ടുള്ള ഒരു രാഗമാണ്‌ ഇത്‌. ശ്ലോകം, പദ്യം, വിരുത്തം എന്നിവയുടെ ആലാപനം ഈ രാഗത്തില്‍ ചെയ്യാറുണ്ട്‌. സംഗീതികളിലും നൃത്തനാടകങ്ങളിലും ഈ രാഗത്തിലുള്ള രചനകള്‍ ഉള്‍പ്പെടുത്താറുണ്ട്‌.

"ഇന്തചലമു' (ആദിതാളം, വര്‍ണംപല്ലവി ഗോപാലയ്യര്‍), "സരസിജനാഭ' (അടതാളം, വര്‍ണംസ്വാതിതിരുനാള്‍), "ഓ രംഗശായി', "എവരിമാട', "മാജാനകി' (ത്യാഗരാജസ്വാമികള്‍), "ശ്രീ സുബ്രഹ്മണ്യായ നമസ്‌തേ', "കാശിവിശ്വേശ്വര' (മുത്തുസ്വാമി ദീക്ഷിതര്‍), "പദസാനതി', "കാരണം വിനാ കാര്യം' (സ്വാതിതിരുനാള്‍), "കൊനിയാഡിന' (വീണ കുപ്പയ്യര്‍), "ഹരിണാക്ഷി', "കമലാദികളാം' (ഇരയിമ്മന്‍ തമ്പി), "കാര്‍ത്യായനീമാം' (കുഞ്ഞിക്കുട്ടി തങ്കച്ചി), "തിരുവടി ശരണം' (ഗോപാല കൃഷ്‌ണഭാരതി), "ദേവീ നീ പാദ' (ശ്യാമാശാസ്‌ത്രി), "യാലനേ വാനിപൈ', "വരദകപോവേ' (പദംക്ഷേത്രജ്ഞന്‍) തുടങ്ങി ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുള്ള അനേകം കൃതികള്‍ ഇന്ന്‌ പ്രചാരത്തിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%82%E0%B4%AC%E0%B5%8B%E0%B4%9C%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍