This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാംബോജം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാംബോജം

പ്രാചീന ഭാരതത്തിലെ പുരാണപ്രസിദ്ധമായ ഒരു രാജ്യം. ആദ്യകാല ബുദ്ധമതഗ്രന്ഥങ്ങളില്‍ പ്രസ്‌താവിച്ചിട്ടുള്ള പതിനാറു മഹാജനപദങ്ങളില്‍ ഒന്ന്‌ കാംബോജമാണ്‌. കാശ്‌മീരിന്റെ വടക്കു പടിഞ്ഞാറ്‌ ഭാഗവും കാഫിരിസ്ഥാന്റെ ഏതാ ഭാഗവും ചേര്‍ന്ന ഈ രാജ്യം ആദ്യം ഭരിച്ച രാജാവിന്റെ പേര്‍ "കാംബോജന്‍' എന്നായിരിക്കാമെന്നും അതില്‍ നിന്നാവാം കാംബോജന്‍ എന്ന രാജ്യനാമം ഉണ്ടായതെന്നും ഊഹിക്കപ്പെടുന്നു.

മഹാഭാരതത്തില്‍ പലേടത്തും ഈ രാജ്യത്തെപ്പറ്റി പരാമര്‍ശം ഉണ്ട്‌. ഭാരതയുദ്ധകാലത്ത്‌ ഈ രാജ്യം ഭരിച്ചിരുന്നത്‌ സുദക്ഷിണന്‍ എന്ന രാജാവാണ്‌. ദ്രൗപദിയുടെ സ്വയംവരത്തില്‍ ഈ രാജാവ്‌ സന്നിഹിതനായിരുന്നു. അര്‍ജുനന്‍ തന്റെ ദ്വിഗ്വിജയയാത്രയില്‍ കീഴടക്കിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ കാംബോജവും ഉള്‍പ്പെടുന്നു. കുരുപാണ്ഡവയുദ്ധത്തില്‍ സുദക്ഷിണന്‍ കൗരവ പക്ഷത്തുചേര്‍ന്നു. സുദക്ഷിണന്‍ അര്‍ജുനനുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ടും സുദക്ഷിണന്റെ സഹോദരന്‍ അര്‍ജുനന്റെ അസ്‌ത്രങ്ങളേറ്റും ആണ്‌ മരിച്ചത്‌. കാംബോജ സഹായത്തെ ഭീഷ്‌മര്‍ വളരെ വിലമതിച്ചിരുന്നു. അദ്ദേഹം ദുര്യോധനനോടു പറയുന്ന ഭാഗമാണ്‌ ഇവിടെ ചേര്‍ത്തിരിക്കുന്നത്‌;

""രഥിയേക ഗുണന്‍ ബോധ്യം
കാംബോജേന്ദ്രന്‍ സുദക്ഷിണന്‍
നിന്‍ കാര്യസിദ്ധി കരുതി
പ്പരന്മാരോടു പോരിടും
ഈ രാജസിംഹന്‍ നിന്‍കാര്യ
ത്തിനായി നൃപസത്തമ
ഇന്ദ്രതുല്യം വിക്രമിക്കു
ന്നതു കൗരവര്‍ കണ്ടിടും
ഇവന്റെ രഥവംശത്തി
ലൂക്കേറിടും പ്രഹാരികള്‍
ശലഭങ്ങള്‍ കണക്കിനെ''
          (മഹാഭാരതം ഉദ്യോഗപര്‍വം അധ്യായം 166, പദ്യം 13)
 

ഋഗ്വേദത്തില്‍ കാംബോജന്മാരെക്കുറിച്ച്‌ പരാമര്‍ശമില്ലെങ്കിലും മനു ശൂദ്രരുടെ കൂട്ടത്തില്‍ ഇവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മഹാഭാരതത്തിലെ പരാമര്‍ശമനുസരിച്ച്‌ ഇവര്‍ "മ്ലേച്ഛന്മാര്‍' (താണവര്‍ഗക്കാര്‍) ആണെങ്കിലും യുദ്ധവീരന്മാരാണ്‌. "കാംബോജബഡവാഢ്യം' എന്നു തന്റെ സേനയെപ്പറ്റി ദുര്യോധനന്‍ അഭിമാനിക്കുന്നുണ്ട്‌. ഇവര്‍ "ഗരുഡവ്യൂഹ'ത്തില്‍ സ്ഥാനമുറപ്പിച്ചുനിന്നാണ്‌ യുദ്ധം ചെയ്‌തത്‌.

പടക്കുതിരകള്‍ക്കു പ്രസിദ്ധിപെറ്റ കാംബോജത്തില്‍ നിന്നുള്ള കുതിരകളെയാണ്‌ യുധിഷ്‌ഠിരന്റെയും നകുലന്റെയും രഥത്തില്‍ പൂട്ടിയിട്ടിരുന്നത്‌. അഴകും തത്തയുടെ നിറവും ഉള്ള ഈ കുതിരകള്‍ ഓടുമ്പോള്‍ അവയുടെ ചെവികളും വാലും നിഷ്‌പന്ദമായിരിക്കുമത്ര (മഹാഭാരതം ദ്രാണപര്‍വം). സോമദേവന്റെ യശസ്‌തിലകം (എ.ഡി. 959) എന്ന ചമ്പുകാവ്യത്തില്‍ യൗധേയരാജ്യത്തെ മാരദത്തന്‍ എന്ന രാജാവ്‌ കാംബോജം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്‌ ക്രീഡാനാരിമാരെ വരുത്തിയിരുന്നതായി പറഞ്ഞിരിക്കുന്നു. "ബൃഹന്മുണ്‌ഡ' (വലിയ തലയുള്ള)കളായ "കമനീയ കാമിനികള്‍' എന്നാണ്‌ കാംബോജി സ്‌ത്രീകളെപ്പറ്റി സോമദേവന്‍ വര്‍ണിച്ചിട്ടുള്ളത്‌.

അശോകന്റെ കാലത്ത്‌ മൗര്യസാമ്രാജ്യം വടക്ക്‌ കാബൂള്‍ പ്രസ്ഥലത്തിലുള്ള യോനകാംബോജഗാന്ധാര രാജ്യങ്ങള്‍ മുതല്‍ തെക്ക്‌ ആന്ധ്രപ്രദേശ്‌ വരെ വ്യാപിച്ചുകിടന്നിരുന്നുവെന്നും ബംഗാളിലെ പാലരാജാവായ ദേവപാലന്റെ അധീശത്വം തെക്കു വിന്ധ്യാപര്‍വതം മുതല്‍ വടക്കു കാംബോജം വരെ എത്തിയിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു. ഈ പരാമര്‍ശങ്ങളെല്ലാം കാംബോജത്തിന്റെ പ്രാധാന്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. നോ. കാബൂള്‍

(എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%82%E0%B4%AC%E0%B5%8B%E0%B4%9C%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍