This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാംബീസസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാംബീസസ്‌

Cambyses

കാംബീസസ്‌, സാമെന്തിക്കസ്‌ IIIനെ കീഴടക്കുന്നു-ചിത്രീകരണം

പുരാതന പേര്‍ഷ്യയിലെ അക്കമീനിയന്‍ വംശത്തിലെ രണ്ടു രാജാക്കന്മാരുടെ പേര്‌. കാംബീസസ്‌ I : അക്കമീനിയന്‍ രാജാക്കന്മാരുടെ ജന്മസ്ഥലമായ ആന്‍ഷാനിലെ രാജാവ്‌. (ഭ.കാ. സു.ബി.സി. 602-559). മീഡിയയിലെ സാമന്തരാജാവായിരുന്ന ഇദ്ദേഹം അവിടത്തെ രാജാവായ അസ്റ്റിയാഗസിന്റെ പുത്രിയെയാണ്‌ വിവാഹം ചെയ്‌തത്‌. മഹാനായ സൈറസ്‌ ഇവരുടെ പുത്രനാണ്‌.

കാംബീസസ്‌ II: ബി.സി. 529 മുതല്‍ 522 വരെ പേര്‍ഷ്യ ഭരിച്ച രാജാവ്‌. മഹാനായ സൈറസിന്റെ പുത്രനായ കാംബീസസ്‌ പിതാവിന്റെ ഭരണകാലത്തുതന്നെ ബാബിലോണിലെ ഭരണകര്‍ത്താവായിരുന്നു. പിതാവിനുശേഷം ഭരണമേറ്റെടുത്ത കാംബീസസ്‌ 525ല്‍ ഈജിപ്‌ത്‌ ആക്രമിച്ച്‌ സാമെത്തിക്കസ്‌ കകകനെ പരാജയപ്പെടുത്തി. മെംഫിസും ഹിലിയൊ പൊലിസും കീഴടക്കി. സാമെത്തിക്കസിനോട്‌ ആദ്യം അല്‌പം അനുഭാവപൂര്‍ണമായ സമീപനമാണ്‌ സ്വീകരിച്ചതെങ്കിലും പിന്നീട്‌ വിപ്ലവത്തിനൊരുമ്പെട്ടപ്പോള്‍ അദ്ദേഹത്തെ വധിച്ചു. തുടര്‍ന്ന്‌, കാംബീസസ്‌ നിരവധി സൈനിക മുന്നേറ്റങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കിലും ഒന്നും പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിച്ചില്ല. എത്യോപ്യ ആക്രമിച്ച്‌ വിവിധ ഭാഗങ്ങള്‍ കീഴടക്കിയ ഇദ്ദേഹത്തിന്‌ ആയുധങ്ങളുടെ അഭാവംമൂലം പിന്തിരിയേണ്ടിവന്നു. ആമണ്‍ മരുപ്പച്ച പിടിച്ചടക്കാനായി അയച്ച സൈന്യം മരുഭൂമിയില്‍ മണല്‍ക്കാറ്റടിച്ച്‌ നശിപ്പിക്കപ്പെട്ടു. ചില ചരിത്രപണ്ഡിതന്മാര്‍ ഇക്കാര്യം കെട്ടുകഥയായി തള്ളിക്കളയുന്നുണ്ടെങ്കിലും "കാംബീസസിന്റെ നഷ്‌ടസൈന്യം' നിരവധി പര്യവേക്ഷണങ്ങള്‍ക്കും സാഹിത്യകൃതികള്‍ക്കും പ്രചോദനമായിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഫിനീഷ്യന്‍ നാവികര്‍ തങ്ങളുടെ ഗോത്രക്കാരായ കാര്‍ത്തേജുകാരെ എതിരിടാന്‍ വിസമ്മതിച്ചതുമൂലം കാര്‍ത്തേജ്‌ ആക്രമിക്കാന്‍ നടത്തിയ തയ്യാറെടുപ്പും പരാജയത്തില്‍ കലാശിച്ചു.

കാംബീസസ്‌ മനോരോഗിയായിരുന്നെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈജിപ്‌തില്‍ കൊടുംക്രൂരതകള്‍ നടന്നിട്ടുണ്ടെന്നും ചരിത്രകാരനായ ഹിറോഡോട്ടസ്‌ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഹിറോഡോട്ടസിന്റെ വാദം പൂര്‍ണമായി ശരിയല്ലെന്ന്‌ മറ്റൊരു വിഭാഗം ചരിത്രപണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ആരംഭത്തില്‍ ഈജിപ്‌തുകാരെയും അവരുടെ ദൈവങ്ങളെയും പ്രീണിപ്പിക്കുവാന്‍ ശ്രമിച്ച കാംബീസസ്‌, ക്രമേണ അസഹിഷ്‌ണുത പ്രകടിപ്പിച്ചു തുടങ്ങി. ഇദ്ദേഹം അഹങ്കാരിയും ക്രൂരഌം ആക്രമണോത്സുകനുമായിരുന്നിരിക്കാം എന്നും അവര്‍ വിലയിരുത്തുന്നു. ഈജിപ്‌തിലേക്ക്‌ പുറപ്പെടുന്നതിനു മുമ്പുതന്നെ കാംബീസസ്‌ തന്റെ സഹോദരനായ ബാര്‍ഡിസ്‌ (സ്‌മെര്‍ഡിസ്‌)നെ രഹസ്യമായി കൊലപ്പെടുത്തി എന്ന്‌ ഇദ്ദേഹത്തിന്റെ സഹചാരിയും പിന്‍ഗാമിയുമായ ദാരിയൂസ്‌ സൂചിപ്പിക്കുന്നു. കാംബീസസിന്റെ ഈജിപ്‌തിലെ ദീര്‍ഘകാലത്തെ താമസത്തിനിടയ്‌ക്ക്‌ 522ല്‍ ഗൗമാറ്റ (gaumata) എന്നൊരു മാഗിയന്‍ പുരോഹിതന്‍ ബാര്‍ഡിസ്‌ ആണെന്നവകാശപ്പെട്ടുകൊണ്ട്‌ പേര്‍ഷ്യന്‍ സിംഹാസനം കൈയടക്കി. വിവരമറിഞ്ഞ്‌ പേര്‍ഷ്യയിലേക്ക്‌ തിരിച്ച കാംബീസസ്‌ സിറിയയില്‍ വച്ച്‌ മരണപ്പെട്ടു. കാംബീസസിന്റെ മരണം ആത്മഹത്യയായിരുന്നോ, അതോ കൊലപാതകമോ അപകടമരണമോ ആയിരുന്നോ എന്ന തര്‍ക്കം ഇന്നും നിലനില്‍ക്കുന്നു. കാംബീസസിന്റെ മരണശേഷം ദാരിയൂസിന്റെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ പ്രഭുക്കന്മാര്‍ ഗൗമാറ്റയെ പരാജയപ്പെടുത്തുകയും ദാരിയൂസ്‌ അധികാരമേല്‍ക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍