This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഹ്‌ഫ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഹ്‌ഫ്‌

Kahf

ഡെഷിയസ്‌ ചക്രവര്‍ത്തി(ഭ.കാ. 249-251)യുടെ മര്‍ദനത്തില്‍ നിന്നു മോചനം നേടാന്‍വേണ്ടി ഒരു ഗുഹയില്‍ അഭയം തേടുകയും അവിടെ വളരെനാള്‍ നിദ്രയിലാണ്ടു പോവുകയും ചെയ്‌ത ദൈവവിശ്വാസികളായ ചില യുവാക്കള്‍. ഇവര്‍ അസ്‌ഹാബുല്‍ കഹ്‌ഫ്‌ (ഗുഹയിലെ കൂട്ടുകാര്‍) എന്നാണറിയപ്പെടുന്നത്‌. ഖുര്‍ ആനില്‍ ഈ കഥ വിവരിച്ചിട്ടുണ്ട്‌ (സൂറാ XVIII 926). ഗിബണ്‍ (1737-94) ഡിക്‌ളൈന്‍ ആന്‍ഡ്‌ ഫാള്‍ ഒഫ്‌ റോമന്‍ എമ്പയര്‍ എന്ന തന്റെ കൃതിയിലും ഈ കഥ പ്രതിപാദിക്കുന്നുണ്ട്‌. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കേട്ടുകേള്‍വിയെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ക്രിസ്‌ത്യാനികളെ മര്‍ദിച്ചിരുന്ന ഡെഷിയസ്‌ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഇഫീസസിലെ ദൈവവിശ്വാസികളായ ഏഴു യുവാക്കള്‍ അടുത്തുള്ള മലയിലെ ഒരു ഗുഹയില്‍ അഭയം തേടുകയും നൂറ്റാണ്ടുകളോളം നിദ്രയിലാണ്ടു പോവുകയും ചെയ്‌തു. പിന്നീട്‌ തിയഡോഷ്യസ്‌ രണ്ടാമന്റെ കാലത്ത്‌ (408-450) ഗുഹയുടെ ചുവര്‌ പൊളിച്ചപ്പോള്‍ അവര്‍ ഉണര്‍ന്നെങ്കിലും കാലത്തെക്കുറിച്ച്‌ അവര്‍ ബോധവാന്മാരായിരുന്നില്ല. അവരിലൊരാള്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയപ്പോഴാണ്‌ ലോകമാകെ മാറിയിട്ടുണ്ടെന്നു ബോധ്യമായത്‌. അയാളുടെ വസ്‌ത്രധാരണരീതിയും സംസാരവും കൈയിലുള്ള നാണയവും ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി; തുടര്‍ന്ന്‌ സ്ഥലത്തെ പ്രധാനികള്‍ അവരെ ചോദ്യം ചെയ്‌തു.

ഈ സംഘത്തിലെ അംഗങ്ങളുടെ എണ്ണത്തെപ്പറ്റി വ്യത്യസ്‌താഭിപ്രായങ്ങളാണുള്ളത്‌: "മൂന്നു മുതല്‍ ഏഴു വരെ അംഗങ്ങളുണ്ടായിരുന്നു; കൂട്ടത്തില്‍ ഒരു നായയും. ഗുഹാമുഖത്ത്‌ കൈത്തണ്ട രണ്ടും നീട്ടിവച്ചു കിടക്കുന്ന നായയെ കാണുന്ന മാത്രയില്‍ ആരും ഭയവിഹ്വലരായി പിന്തിരിഞ്ഞോടും' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഖുര്‍ ആനില്‍ കാണുന്നു. അവര്‍ ഉറങ്ങിയ കാലത്തെക്കുറിച്ചും അഭിപ്രായ വ്യത്യാസമുണ്ട്‌. അവര്‍ ഉറങ്ങിയത്‌ 300 വര്‍ഷമാണെന്നും 309 വര്‍ഷമാണെന്നും പക്ഷാന്തരങ്ങളുണ്ട്‌. പക്ഷേ ഇതൊന്നും തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഈജിപ്‌ഷ്യന്‍ നാടകകൃത്തായ തൗഫീഖുല്‍ ഹക്കിം ഈ കഥ അവലംബമാക്കി അഹ്‌ലുല്‍ കഹ്‌ഫ്‌ എന്ന പേരില്‍ ഒരു നാടകവും രചിച്ചിട്ടുണ്ട്‌.

(ഡോ. കെ.എം. മുഹമ്മദ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AB%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍