This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌റ്റലോ ബ്രാങ്കോ, ഹ്യൂംബെര്‍ടൊ ദ അലെങ്കാര്‍ (1900-67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസ്‌റ്റലോ ബ്രാങ്കോ, ഹ്യൂംബെര്‍ടൊ ദ അലെങ്കാര്‍ (1900-67)

Castelo Branco, Humberto de Alencar

ഹ്യൂംബെര്‍ടൊ ദ അലെങ്കാര്‍ കസ്‌റ്റലോ ബ്രാങ്കോ

ബ്രസീലിയന്‍ സൈനിക മേധാവിയും രാജ്യതന്ത്രജ്ഞനും. 1964-67 കാലത്തെ ബ്രസീല്‍ പ്രസിഡന്റ്‌. 1900 സെപ്‌. 20നു ഫോര്‍ട്‌ലേസായില്‍ ജനിച്ചു. ബ്രസീലിയന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന്‌ ബിരുദം നേടി; 1921ല്‍ സൈന്യത്തില്‍ ചേര്‍ന്നു. 1920 കളിലെ സൈനിക കലാപങ്ങളിലൊന്നും ഇദ്ദേഹം പങ്കെടുത്തില്ല. 1943ല്‍ ഇദ്ദേഹത്തിനു ലെഫ്‌റ്റനന്റ്‌ കേണലായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ ഇറ്റലി ആക്രമിക്കുന്നതിന്‌ സഖ്യകക്ഷികളുടെ ഭാഗം ചേര്‍ന്ന ബ്രസീലിയന്‍ മുന്നേറ്റ സേനയുടെ മേധാവിയായിരുന്നു കസ്‌റ്റലോ ബ്രാങ്കോ. 1962ല്‍ സൈനിക ജനറലായി. 1964ല്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മോശമാവുകയും നാണയപ്പെരുപ്പം വര്‍ധിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ സൈനികത്തലവന്മാരും ദേശീയ നേതാക്കളും ചേര്‍ന്നു നടത്തിയ സൈനിക അട്ടിമറിയിലൂടെ ഇടതുപക്ഷ പ്രസിഡന്റായിരുന്ന ജോ ഗോലാര്‍ട്ടിനെ അധികാരഭ്രഷ്ടനാക്കി. ഗോലാര്‍ട്ടിന്റെ ശേഷിച്ച കാലാവധി പൂര്‍ത്തിയാക്കുവാന്‍ സിവിലിയന്‍ കോണ്‍ഗ്രസ്‌ കസ്റ്റലോ ബ്രാങ്കോയെ ചുമതലപ്പെടുത്തി (1964 ഏ. 15).

കസ്‌റ്റലോയുടെ ഭരണം നിയന്ത്രിത സൈനിക ഏകാധിപത്യമായിരുന്നു. 1965ല്‍ നടക്കേണ്ടിയിരുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍ ഇദ്ദേഹം തയ്യാറായി. എന്നാല്‍ ഭരണഘടനാഭേദഗതിയിലൂടെ ഇദ്ദേഹം അനേകമാളുകളുടെ പൗരാവകാശങ്ങള്‍ ഹനിച്ചു. ഒരു പുതിയ തെരഞ്ഞെടുപ്പ്‌ നിയമത്തിലൂടെ, 1965ലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ പലരുടെയും സ്ഥാനാര്‍ഥിത്വം അസാധുവാക്കുന്നതിനുള്ള അധികാരം ഇദ്ദേഹം സ്വയം ഏറ്റെടുത്തു. രാജ്യത്തിന്റെ സാമ്പത്തികസാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പര്യാപ്‌തമായ ഒരു പരിപാടി ആവിഷ്‌കരിച്ചു. നാണയപ്പെരുപ്പം തടയുന്നതിനുള്ള പദ്ധതി ഫലപ്രദമായി പ്രയോഗിച്ചു. വിലവര്‍ധന 1964ല്‍ 80 ശ.മാ. ആയിരുന്നത്‌ 1966ല്‍ 25 ശ.മാ. ആയി കുറഞ്ഞു. ഭൂപരിഷ്‌കരണനിയമങ്ങള്‍ നടപ്പില്‍ വരുത്തിയതുവഴി അവികസിത അതിര്‍ത്തി പ്രദേശങ്ങളിലെ വന്‍കിട ഭൂമികള്‍ കൃഷിയോഗ്യമാക്കാനും കഴിഞ്ഞു. ധനകാര്യമന്ത്രിയായിരുന്ന റോബര്‍ട്ടോ കാംപോസാണ്‌ കസ്‌റ്റലോ ബ്രാങ്കോയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു വലംകൈയായി പ്രവര്‍ത്തിച്ചത്‌.

1965ലെ സ്റ്റേറ്റ്‌ തെരഞ്ഞെടുപ്പു ഫലങ്ങള്‍ കസ്‌റ്റലോ ബ്രാങ്കോ ഗവണ്‍മെന്റിനെതിരായതോടെ ഭരണഘടന വീണ്ടും ഭേദഗതി ചെയ്യാന്‍ തീവ്രവാദിസൈനികവിഭാഗം കസ്‌റ്റലോ ബ്രാങ്കോയെ പ്രരിപ്പിച്ചു. ഈ ഭേദഗതിയനുസരിച്ച്‌ നിലവിലുള്ള രാഷ്‌ട്രീയകക്ഷികള്‍ പിരിച്ചുവിടപ്പെട്ടു; പ്രസിഡന്റിനെ ബ്രസീല്‍ കോണ്‍ഗ്രസ്‌ തെരഞ്ഞെടുക്കുന്നതിന്‌ വ്യവസ്ഥ ചെയ്‌തു. പ്രധാന ഗവണ്‍മെന്റുദ്യോഗസ്ഥരെ പിരിച്ചു വിടുന്നതിന്‌ പ്രസിഡന്റിന്‌ അധികാരം ലഭിച്ചു, പൗരാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു, സുപ്രീം കോടതി നിര്‍ത്തലാക്കുന്നതിന്‌ പ്രസിഡന്റിനു കഴിഞ്ഞു. സൈനിക അട്ടിമറിക്കു ശേഷം പലപ്പോഴായി പ്രയോഗിച്ച എല്ലാ സേച്ഛാധിപത്യ നടപടികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു പുതിയ ഭരണഘടന 1967 മാ.ല്‍ അംഗീകരിക്കപ്പെട്ടു. 1967 മാ. 15നു കസ്‌റ്റലോ ബ്രാങ്കോ അധികാരം വിട്ടൊഴിഞ്ഞു. യുദ്ധകാര്യമന്ത്രി ആര്‍തര്‍ ഡക്കോസ്റ്റ ഇസീല്‍വ പുതിയ പ്രസിഡന്റായി. എങ്കിലും കസ്‌റ്റലോ ബ്രാങ്കോ ദേശീയ രാഷ്‌ട്രീയത്തിലെ സുപ്രധാന ഘടകമായിതന്നെ നിന്നു. 1967 ജൂല. 18നു ഒരു വിമാനാപകടത്തില്‍പ്പെട്ട്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍