This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌തൂര്‍ബാ ഗാന്ധി (1869-1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസ്‌തൂര്‍ബാ ഗാന്ധി (1869-1944)

കസ്‌തൂർബാ ഗാന്ധി

മഹാത്‌മാഗാന്ധിയുടെ സഹധര്‍മിണി. സൗരാഷ്‌ട്രത്തില്‍ സുദാമാപുരിയിലെ ഒരു വ്യാപാരിയായിരുന്ന ഗോകുലദാസ്‌ നകാന്‍ജിയുടെ പുത്രിയായി 1869ല്‍ ജനിച്ചു. കസ്‌തൂര്‍ബാ സ്‌കൂളില്‍ പോവുകയോ എഴുത്തും വായനയും അഭ്യസിക്കുകയോ ചെയ്‌തിട്ടില്ല. വളരെ ചെറുപ്പത്തിലേ കസ്‌തൂര്‍ബായുടെ വിവാഹനിശ്ചയം കഴിഞ്ഞു (1877 ജനു. 1നു). 13 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മോഹന്‍ദാസ്‌ ഗാന്ധിയുമായി 1882ല്‍ കസ്‌തൂര്‍ബായുടെ വിവാഹം നടന്നു. സുഖസമൃദ്ധിയില്‍ കഴിഞ്ഞിരുന്ന കസ്‌തൂര്‍ബാ വളരെപ്പെട്ടെന്ന്‌ ഗാന്ധിജിയുടെ ലളിതജീവിതവുമായി ഇഴുകിച്ചേരാന്‍ പഠിച്ചു. 1885ല്‍ ഗാന്ധിദമ്പതികള്‍ക്ക്‌ ജനിച്ച ആണ്‍കുഞ്ഞ്‌ അല്‌പദിവസത്തിനുള്ളില്‍ അന്തരിച്ചുപോയി. പിന്നീട്‌ ഈ ദമ്പതികള്‍ക്കു ഹീരാലാല്‍, മണിലാല്‍, രാമദാസ്‌, ദേവദാസ്‌ എന്നീ നാലു പുത്രന്മാരുണ്ടായി. 1897ലായിരുന്നു ഗാന്ധിജിയും കസ്‌തൂര്‍ബായും ദക്ഷിണാഫ്രിക്കയിലെത്തിയത്‌. അധഃകൃതക്രിസ്‌ത്യാനിയായ ഒരു ഗുമസ്‌തന്‍ ഉപയോഗിച്ച കക്കൂസ്‌ വൃത്തിയാക്കുന്നതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്‌ കസ്‌തൂര്‍ബായും ഗാന്ധിജിയും തമ്മില്‍ പിണങ്ങിയ സംഭവം കസ്‌തൂര്‍ബായുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ആഫ്രിക്കയില്‍ ഗാന്ധിജി സ്ഥാപിച്ച ഫീനിക്‌സ്‌ ആശ്രമത്തിലെ താമസത്തിനിടയില്‍ (1904-13) കസ്‌തൂര്‍ബാ അവരുടെ കഴിവില്‍പ്പെട്ട എല്ലാ ജോലികളും ചെയ്‌തിരുന്നു. 1906ല്‍ ഗാന്ധിജി ബ്രഹ്മചര്യവ്രതം സ്വീകരിച്ചതോടെ ഗാന്ധിദമ്പതികളുടെ ശ്രദ്ധ പൊതുജനസേവനത്തിലേക്കു തിരിഞ്ഞു.

ആഫ്രിക്കയില്‍ വച്ചു നടന്ന ഹിന്ദുപാര്‍സിവിവാഹങ്ങള്‍ അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി (1913) യ്‌ക്കെതിരായി നയിച്ച സമരത്തില്‍ ഗാന്ധിജിയോടൊപ്പം കസ്‌തൂര്‍ബായും നിലകൊണ്ടു. അങ്ങനെ കസ്‌തൂര്‍ബാ ജയിലിലായി. പിന്നീട്‌ ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ഗാന്ധിജി 1916ല്‍ അഹമ്മദാബാദില്‍ സത്യഗ്രഹാശ്രമം സ്ഥാപിച്ചു. ആശ്രമവാസികളെല്ലാം കസ്‌തൂര്‍ബായെ സ്വന്തം അമ്മയായി കരുതി. പിന്നീട്‌ സബര്‍മതി ആശ്രമത്തിലും വാര്‍ധയിലും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. 1922ല്‍ ഗാന്ധിജിയെ അറസ്റ്റ്‌ ചെയ്‌തു തടവിലാക്കിയപ്പോള്‍ വിദേശവസ്‌ത്രബഹിഷ്‌കരണ പരിപാടിക്ക്‌ നേതൃത്വം നല്‌കിയത്‌ കസ്‌തൂര്‍ബായായിരുന്നു. കസ്‌തൂര്‍ബാ അനവധി പ്രാവശ്യം അറസ്റ്റ്‌ വരിച്ചിട്ടുണ്ട്‌. 1932 ജനു. 15നും മാര്‍ച്ച്‌ 15നും 1933 ആഗ. 1നും വിവിധ കാലത്തേക്ക്‌ അവര്‍ തടവുശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. 1939ല്‍ രാജ്‌കോട്ടിലെ സത്യഗ്രഹസമരത്തില്‍ പങ്കെടുത്തതിനും ബാ അറസ്റ്റ്‌ ചെയ്യപ്പെട്ടു. പല തവണ ജയില്‍ ശിക്ഷ അനുഭവിച്ചതിനെത്തുടര്‍ന്ന്‌ അവര്‍ രോഗിണിയായി. 1942ല്‍ ബോംബെയില്‍ വച്ചാണ്‌ കസ്‌തൂര്‍ബായെ അവസാനമായി അറസ്റ്റ്‌ ചെയ്‌തത്‌. ആഗാഖാന്‍ കൊട്ടാരത്തില്‍ തടങ്കലില്‍ വയ്‌ക്കപ്പെട്ട കസ്‌തൂര്‍ബാ അവിടെ വച്ച്‌ 1944 ഫെ. 22നു അന്തരിച്ചു. നോ: ഗാന്ധി, മോഹന്‍ദാസ്‌ കരംചന്ദ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍