This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌തൂരിമഞ്ഞള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസ്‌തൂരിമഞ്ഞള്‍

Wild turmeric

കസ്‌തൂരിമഞ്ഞള്‍ ചെടി - ഉള്‍ച്ചിത്രം: മഞ്ഞള്‍

സിഞ്ചിബെറേസീ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: കുര്‍കുമ ആരോമാറ്റിക്ക (Curcuma aromatica). ഒരു ഓഷധിയായ കസ്‌തൂരിമഞ്ഞളിന്റെ മൂലകന്ദം (root stock) വലുതും, ഹസ്‌താകാരത്തില്‍ ശാഖിതവുമായിരിക്കുന്നു. 3860 സെ.മീ. നീളമുള്ള ഇലകള്‍ക്ക്‌ ആയതാ (oblong) കാരമാണുള്ളത്‌. പത്രവൃന്ത(petiole)ത്തിന്‌ ഇലകളുടെയത്രയോ, അതിലധികമോ നീളം ഉണ്ട്‌. ഇലകള്‍ ഉണ്ടാകുന്നതിനുമുന്‍പുതന്നെ പുഷ്‌പങ്ങള്‍ വിരിയാറുണ്ട്‌. സുഗന്ധമുള്ള പുഷ്‌പങ്ങള്‍, 1530 സെ.മീ. നീളമുള്ള നാരാചമഞ്‌ജരി (spike) പൂങ്കുലയായാണ്‌ കാണപ്പെടുന്നത്‌. 2.5 സെ.മീ. നീളമുള്ള ദളപുടക്കുഴലിന്റെ ആദ്യപകുതി ചോര്‍പ്പിന്റെ (funnel) ആകൃതിയിലും, ബാക്കിഭാഗം ആയതാ കൃതിയിലും കാണപ്പെടുന്നു. ദളങ്ങള്‍ക്ക്‌ ഇളം റോസ്‌ നിറമാണുള്ളത്‌.

എരിവും സുഗന്ധവുമുള്ള ഇതിന്റെ കിഴങ്ങിനും കസ്‌തൂരിമഞ്ഞള്‍ എന്നുതന്നെയാണു പേര്‌. മഞ്ഞള്‍ കൃമിനാശകവും വിശപ്പുണ്ടാക്കുന്നതും ശ്വാസദുര്‍ഗന്ധത്തെ അകറ്റുന്നതുമാണ്‌. അര്‍ശസ്‌, ബ്രാങ്കൈറ്റിസ്‌, ആസ്‌ത്‌മ, കരള്‍വീക്കം, പനി, മഞ്ഞപ്പിത്തം, വൃക്കരോഗങ്ങള്‍ എന്നിവയില്‍ നിന്ന്‌ ആശ്വാസം ലഭിക്കാന്‍ ഇതു നല്ലതാണ്‌. കഫനിവാരണശക്തിയുള്ള കസ്‌തൂരിമഞ്ഞള്‍ ഒരു വാജീകരണൗഷധം കൂടിയാണ്‌. ത്വഗ്രാഗങ്ങള്‍ക്ക്‌ മഞ്ഞള്‍ച്ചാറു പുരട്ടാറുണ്ട്‌. തൊണ്ട ശുദ്ധീകരിക്കാനായി ഗായകരും ഇതുപയോഗിക്കുക പതിവാണ്‌. ചര്‍മത്തിന്റെ മൃദുത്വവും സ്‌നിഗ്‌ധതയും വര്‍ധിപ്പിക്കാനായി സ്‌ത്രീകള്‍ ഇത്‌ അരച്ചു പുരട്ടാറുണ്ട്‌.

ഒരു സൗന്ദര്യവര്‍ധക വസ്‌തുവെന്ന നിലയില്‍ കസ്‌തൂരിമഞ്ഞളിന്റെ പ്രാധാന്യത്തെപ്പറ്റി സാഹിത്യകൃതികളില്‍ പരാമര്‍ശമുണ്ട്‌. ഉണ്ണിയച്ചീചരിതത്തിലെ "കാച്ചെരുപ്പിട്ടു കസ്‌തൂരികാമഞ്ഞളും തേച്ചു' എന്ന പ്രയോഗം ഇതിനുദാഹരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍