This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌തൂരിക്കാള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസ്‌തൂരിക്കാള

Musk ox

കസ്‌തൂരിക്കാള

ഒരു അയവിറക്കുമൃഗം (Ruminant). വളരെ വലുതും രോമമേറെയുള്ളതുമായ ഒരു മുട്ടനാടിനോട്‌ ഇതിന്‌ സാദൃശ്യമുണ്ട്‌. പരിണാമപരമായി ആടിനും കാളയ്‌ക്കുമിടയിലാണ്‌ കസ്‌തൂരിക്കാളയുടെ സ്ഥാനം. ശാ.നാ.: ഓവിബസ്‌ മസ്‌കാറ്റസ്‌ (Ovibos Moschatus). കാളയുടെയും ആടിന്റെയും സ്വഭാവങ്ങള്‍ സമ്മിശ്രമായി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ഓവിബസ്‌ എന്ന പേരു ലഭിച്ചു. കസ്‌തൂരിയുടെ ഗന്ധമുള്ളതാണ്‌ മസ്‌കാറ്റസ്‌ എന്ന പേരിനു കാരണം. തോളിന്റെ ഭാഗത്ത്‌ ഇതിന്‌ 1.5 മീ. വരെ ഉയരമുണ്ടാവും. തവിട്ടുനിറത്തില്‍, വളരെ നീളമുള്ള രോമങ്ങളാല്‍ കസ്‌തൂരിക്കാളയുടെ ശരീരം ആവൃതമായിരിക്കുന്നു. ഈ രോമം അവിടവിടെ കട്ടയായി കാണപ്പെടാറുണ്ട്‌. കഴുത്തിലും തോളുകളിലും കാണുന്ന മുടിയുടെ കട്ടികാരണം കസ്‌തൂരിക്കാളയ്‌ക്ക്‌ പൂഞ്ഞ്‌ ഉള്ളതായി തോന്നിപ്പോകും. ദേഹത്തിന്റെ ബാക്കി എല്ലാ ഭാഗങ്ങളിലും രോമം നീണ്ടുമിനുത്ത്‌ കാണപ്പെടുന്നു. നെറ്റിയും ശിരസ്സും മറയ്‌ക്കുന്നവിധം വീതിയേറിയതാണ്‌ ഇതിന്റെ കൊമ്പുകള്‍. കണ്ണിനും ചെവിക്കുമിടയിലേക്ക്‌ ഇതു വളഞ്ഞിറങ്ങിയശേഷം കുറച്ചു പിന്നിലേക്കായി മുകളിലേക്കു തിരിയുന്നു. എന്നാല്‍ കണ്ണിന്റെ നിരപ്പു വരെ മാത്രമേ ഇതു വളരുന്നുള്ളു. തല വലുതും പരന്നതുമാണ്‌. ചെവി നീളം കുറഞ്ഞിരിക്കുന്നു. മുഖത്തിന്റെ മുന്‍ഭാഗവും പരന്നാണ്‌ കാണപ്പെടുന്നത്‌. ഉയരം കുറഞ്ഞ്‌ ദൃഢമായ കാലുകള്‍ക്ക്‌ വെളുത്ത നിറമാണ്‌. 200 കി.ഗ്രാം മുതല്‍ 300 കി.ഗ്രാം വരെയാണ്‌ ഒരു കസ്‌തൂരിക്കാളയുടെ ശരാശരി തൂക്കം. മഞ്ഞുമൂടിക്കിടക്കുന്ന പുല്ലും ലൈക്കനും (ഒരിനം ഫങ്‌ഗസ്‌ സസ്യം) ആണ്‌ പ്രധാന ഭക്ഷണ പദാര്‍ഥങ്ങള്‍. ഐകമത്യമാണ്‌ ഇവയുടെ ശക്തി. നൂറോ അതിലധികമോ അംഗങ്ങളുള്ള കൂട്ടമായാണ്‌ ഇവ കാണപ്പെടുന്നത്‌. കനത്ത ഹിമപാതത്തില്‍ നിന്നു രക്ഷ നേടുന്നതിന്‌ യാതൊരു തരത്തിലുള്ള അഭയസങ്കേതങ്ങളും, മരങ്ങള്‍പോലും, ഇവയ്‌ക്ക്‌ ലഭ്യമല്ലാത്തതിനാല്‍ മുട്ടിയുരുമ്മിയിരുന്ന്‌ തങ്ങളുടെ ശരീരത്തിന്റെ ചൂടു പങ്കിട്ടാണ്‌ ഇവ ശൈത്യകാലത്ത്‌ കഴിഞ്ഞുകൂടുന്നത്‌. ഇരതേടി നടക്കുന്ന ചെന്നായ്‌ക്കളോടു പൊരുതുന്നതിനും ഇവയ്‌ക്ക്‌ പ്രത്യേകിച്ചു കഴിവില്ലെങ്കിലും ചെന്നായ്‌ക്കള്‍ക്കെതിരെ, ഒരണിയായി തങ്ങളുടെ കൊമ്പുകള്‍ നിരത്തി, ഇവ രക്ഷപ്പെടുന്നു.

64º അക്ഷാംശത്തിന്‌ വടക്കായുള്ള അമേരിക്കന്‍ ആര്‍ട്ടിക്‌ പ്രദേശമാണ്‌ കസ്‌തൂരിക്കാളയുടെ ആവാസസ്ഥാനം. ഇതിന്റെ ശരീരത്തിനുള്ള "കസ്‌തൂരി'ഗന്ധം കുറേ ദൂരത്തു നിന്നു മനസ്സിലാകുന്നതാണെങ്കിലും മാംസത്തിന്‌ അതിന്റെ മണമോ, രുചിയോ ഇല്ല. ആര്‍ട്ടിക്‌ യാത്രികരുടെ പ്രധാന ഭക്ഷ്യസാധനങ്ങളില്‍ ഒന്നായ ഇതിന്റെ മാംസം വളരെ സ്വാദിഷ്ടമായി കരുതപ്പെടുന്നു.

46 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കസ്‌തൂരിക്കാളകള്‍ ലൈംഗിക വളര്‍ച്ച പൂര്‍ത്തിയാക്കുന്നു. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കുഞ്ഞിന്‌ അര മീറ്ററോളം ഉയരം ഉണ്ടായിരിക്കും. ഒന്നിടവിട്ടുള്ള വര്‍ഷങ്ങളിലാണ്‌ ഇവ പ്രസവിക്കാറുള്ളത്‌. 20 വര്‍ഷമാണ്‌ ഇവയുടെ ശ.ശ. ആയുര്‍ദൈര്‍ഘ്യം.

മൃദു രോമത്തിനുവേണ്ടി എസ്‌കിമോകളാല്‍ വേട്ടയാടപ്പെട്ട്‌ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഇവയെ രക്ഷിക്കുന്നതിനായി കനേഡിയന്‍ഡാനിഷ്‌ ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ ഇവയെ സംരക്ഷിതവര്‍ഗമായി പ്രഖ്യാപിച്ച്‌ നിയമം മൂലം ആവശ്യമായ സംരക്ഷണം നല്‌കിവരികയാണ്‌. ഗ്രീന്‍ലന്‍ഡിലും ഹഡ്‌സണ്‍ ഉള്‍ക്കടലിനും ഗ്രറ്റ്‌ സ്ലേവ്‌ തടാകത്തിനും ഇടയിലായും രണ്ട്‌ "റിസര്‍വുകള്‍' കസ്‌തൂരിക്കാളയുടെ രക്ഷയ്‌ക്കായി ഇപ്പോഴുമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍