This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌തൂരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസ്‌തൂരി

Musk

കസ്‌തൂരിമാന്‍

ആണ്‍ കസ്‌തൂരിമാനിന്‍െറ നാഭിക്കു സമീപമുള്ള ഗ്രന്ഥിയില്‍ നിന്നൂറിവരുന്ന ഒരു സുഗന്ധവസ്‌തു. ഇണയെ ആകര്‍ഷിക്കുന്നതിന്‌ പ്രകൃതി നല്‌കിയിട്ടുള്ള ഒരു ഉപാധിയാണ്‌ കസ്‌തൂരിയുടെ ഗന്ധം എന്നു വിശ്വസിക്കപ്പെടുന്നു. തവിട്ടുനിറമുള്ളതും കൈയില്‍ ഒട്ടുന്ന സ്വഭാവമുള്ളതുമായ ഒരു അര്‍ധദ്രവവസ്‌തുവായാണ്‌ ഗ്രന്ഥിയില്‍ കസ്‌തൂരി കാണപ്പെടുന്നത്‌. ഇതിന്റെ ഗന്ധത്തിന്‌ രൂക്ഷതയും നീണ്ടു നില്‌ക്കുന്ന സ്വഭാവവുമുണ്ട്‌. "മസ്‌കോണ്‍' എന്ന കാര്‍ബണിക വസ്‌തുവാണ്‌ ഈ ഗന്ധത്തിനു കാരണം. 15 മുതല്‍ 17 വരെ കാര്‍ബണ്‍ ആറ്റങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കാര്‍ബൊണൈല്‍ യൗഗികമാണ്‌ കസ്‌തൂരി.

മാനിനെ വളര്‍ത്തിയെടുത്ത്‌ കൊല്ലാതെ തന്നെ കസ്‌തൂരിഗ്രന്ഥി നീക്കം ചെയ്യാമെന്നിരിക്കിലും സാധാരണയായി മാനിനെ കൊല്ലുകയാണ്‌ പതിവ്‌. മുതിര്‍ന്ന ഒരു മാനിന്റെ കസ്‌തൂരിപുടത്തിന്‌ 60 ഗ്രാം വരെ ഭാരം ഉണ്ടായിരിക്കും. ഏകദേശം 3.5 സെ.മീ. വ്യാസം വരുന്ന ഉരുണ്ട ഒരു വസ്‌തുവാണ്‌ കസ്‌തൂരിപുടം. ഒരു ഭാഗത്ത്‌ രോമമുണ്ടായിരിക്കും; മറുഭാഗം മൃദുവാണ്‌. പുടം പുറത്തെടുത്ത്‌ ഉണക്കി സൂക്ഷിക്കുന്നു. ആവശ്യമുള്ളപ്പോള്‍ രോമാവരണം നീക്കി കസ്‌തൂരിത്തരികള്‍ എടുക്കാം. തിബത്തില്‍ നിന്ന്‌ ലഭിക്കുന്ന "ടോങ്ക്വിന്‍' കസ്‌തൂരിയാണ്‌ ഏറ്റവും മേന്മയേറിയത്‌. അസം, ഭൂട്ടാന്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന ഇനവും ശ്രഷ്‌ഠമാണ്‌; നേപ്പാളില്‍ നിന്നു ലഭിക്കുന്നത്‌ മധ്യമവും കാശ്‌മീരില്‍ നിന്നു ലഭിക്കുന്നത്‌ ഏറ്റവും താണതരവുമാണ്‌. കപിലാ, പിംഗലാ, കൃഷ്‌ണാ എന്നീ മൂന്നുതരം കസ്‌തൂരിയുണ്ട്‌. കൃത്രിമമായും കസ്‌തൂരി നിര്‍മിച്ചുവരുന്നു. ടോളുയീന്‍ മസ്‌ക്‌, മസ്‌ക്‌ അംബ്രട്ടേ, മസ്‌ക്‌ കീറ്റോണ്‍, മസ്‌ക്‌ സൈലീന്‍ എന്നിവ കൃത്രിമ കസ്‌തൂരികളാണ്‌.

സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്നതിനും ആയുര്‍വേദ ഔഷധങ്ങള്‍ തയ്യാറാക്കുന്നതിനും കസ്‌തൂരി ഉപയോഗപ്പെടുത്തുന്നു. വയമ്പും മുളകും കസ്‌തൂരിയും കൂടി ആട്ടിന്‍മൂത്രത്തില്‍ അരച്ച്‌ കുരുമുളകിന്റെ വലുപ്പത്തില്‍ ഉരുട്ടിക്കൊടുക്കുന്നത്‌ അപസ്‌മാരത്തിന്‌ ഒരു പ്രതിവിധിയാണെന്ന്‌ ഉന്മാദചികിത്സ എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. പുരാതനകാലം മുതല്‍ ഒരു അംഗരാഗവസ്‌തു എന്ന നിലയിലും ഭാരതീയര്‍ കസ്‌തൂരി ഉപയോഗിച്ചിരുന്നു.

ഗിരിജാകല്യാണത്തില്‍ പാര്‍വതിയുടെ മംഗളാലങ്കാര വര്‍ണനയില്‍ കസ്‌തൂരിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം.

മൃഗനാഭി, മൃഗമദം എന്നിവ കസ്‌തൂരിയുടെ പര്യായങ്ങളാണ്‌. മറ്റു ചില മൃഗങ്ങളില്‍ നിന്നും ഒരുതരം കസ്‌തൂരി ലഭിക്കുന്നുണ്ട്‌. മുതലയില്‍ നിന്ന്‌ എടുക്കുന്ന മുതലക്കസ്‌തൂരിയും ഒരുതരം പൂച്ചയില്‍ നിന്നു കിട്ടുന്ന മാര്‍ജാരക്കസ്‌തൂരിയും ഇതിനുദാഹരണങ്ങളാണ്‌. നോ: അംഗരാഗങ്ങള്‍; അംഗസംസ്‌കാരം; മാന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍