This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസിയോഡോറസ്‌, മാഗ്‌ന ഔറേലിയസ്‌ (സു.480-575)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസിയോഡോറസ്‌, മാഗ്‌ന ഔറേലിയസ്‌ (സു.480-575)

Cassiodorus, Magnus Aurelius

റോമന്‍ ഭരണതന്ത്രജ്ഞനും പണ്ഡിതനും. തെ.കിഴക്കന്‍ ഇറ്റലിയിലെ കലാബ്രിയയിലെ സ്‌കൈലേഷ്യത്തില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ്‌ ഗോഥിക്‌ ആക്രമണകാരിയായ തിയോഡോറിക്കിന്റെ പ്രിറ്റോറിയന്‍ പ്രീഫെക്‌ട്‌ ആയിരുന്നു. കഷ്ടിച്ചു 20 വയസ്സുള്ളപ്പോള്‍ത്തന്നെ ഇദ്ദേഹം തിയോഡോറിക്കിന്റെ സെക്രട്ടറി (quaestor) ആയി. തുടര്‍ച്ചയായി പ്രിറ്റോറിയന്‍ പ്രിഫെക്‌ടും പെട്രീഷ്യനും ആയിരുന്ന കസിയോഡോറസിന്‌ 514ല്‍ കോണ്‍സല്‍ സ്ഥാനം ലഭിച്ചു. ഇദ്ദേഹം ചക്രവര്‍ത്തിയുടെ മന്ത്രിസഭയില്‍ തുടര്‍ന്നു. പ്രാകൃതരുടെ ആക്രമണമുണ്ടായപ്പോള്‍ റോമിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിനും വിവിധ വിഭാഗംജനങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കുന്നതിനും കസിയോഡോറസ്‌ വഹിച്ച പങ്ക്‌ ശ്രദ്ധേയമാണ്‌. തിയോഡോറിക്കിന്റെ ഭരണകാലത്ത്‌ ഇദ്ദേഹം പൊതുജീവിതത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം വഹിച്ചു. സിവില്‍ സര്‍വീസിന്റെ തലവന്‍ (magister officiorum) കൂടിയായിരുന്നു ഇദ്ദേഹം.

540ല്‍ പൊതുജീവിതത്തില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന്‌ സ്‌ക്വില്ലാസ്‌ ഉള്‍ക്കടല്‍ തീരത്തു സന്ന്യാസാശ്രമം(vivarium) സ്ഥാപിച്ചു. ക്രസ്‌തവസഭയുടെ വികാസത്തില്‍ ഗ്രീക്കു വിഗ്രഹാരാധകരുടെ വിജ്ഞാനം കൂടി സംയോജിപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആശയം. ഇതിനായി, പ്രാചീന കൈയെഴുത്തുപ്രതികള്‍ പകര്‍ത്തുന്നതിനും, പഠിക്കുന്നതിനും ഇദ്ദേഹം തന്റെ അനുയായികളായ സന്ന്യാസിമാരെ പ്രാത്‌സാഹിപ്പിച്ചു. സ്വന്തം ജീവിതത്തിലും കൃതികളിലും കൂടി വിദ്യാഭ്യാസപരവും വിജ്ഞേയവുമായ ആദര്‍ശം ഇദ്ദേഹം സന്ന്യാസജീവിതത്തിനു നല്‌കി. അങ്ങനെ അപൂര്‍ണമായിട്ടെങ്കിലും പ്രാചീനവിജ്ഞാനം ആധുനിക യുഗത്തിലേക്കു പ്രഷണം ചെയ്യപ്പെട്ടു. തന്റെ സമകാലികനും പണ്ഡിതനുമായ ബോഥിയസിനെ (സു. 475-525) അപേക്ഷിച്ച്‌ വിജ്ഞാനത്തെ വിശുദ്ധലക്ഷ്യത്തിനു വിധേയമാക്കുന്നതില്‍ കസിയോഡോറസ്‌ ഒരു വിജയമായിരുന്നു.

സന്ന്യാസാശ്രമത്തില്‍ കഴിച്ചുകൂട്ടിയ കസിയോഡോറസ്‌ സന്ന്യാസിമാര്‍ക്കായുള്ള പുസ്‌തകങ്ങളുടെ ഒരു പരമ്പര തന്നെ രചിക്കുകയുണ്ടായി. മൗലികതയെക്കാള്‍, വിജ്ഞാനസമാഹാരത്തിന്റെ സ്വഭാവമുണ്ടായിരുന്ന ഈ ഗ്രന്ഥപരമ്പരയില്‍ മതപ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിതരായവര്‍ക്കാവശ്യമായ പാഠ്യപദ്ധതി മുഴുവന്‍ ഉള്‍ക്കൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ ഡിവൈന്‍ ആന്‍ഡ്‌ സേക്രഡ്‌ ലിറ്ററേച്ചര്‍ (543) എന്ന ഗ്രന്ഥം വേദവചനപഠനത്തിന്‌ ഒരു മുഖവുരയും അതോടൊപ്പം അതു പൂര്‍ണമായി മനസ്സിലാക്കുന്നതിനുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും അടങ്ങിയതുമാണ്‌. ഈ ഗ്രന്ഥത്തിന്റെ രണ്ടാംഭാഗം സെവന്‍ ലിബറല്‍ ആര്‍ട്ടുകളുടെ ധഗ്രാമര്‍, ലോജിക്‌, റിട്ടോറിക്‌ (ട്രിവിയം); അരിത്ത്‌മെറ്റിക്‌, ജ്യോമെട്രി, അസ്‌റ്റ്രാണമി, മ്യൂസിക്‌ (ക്വാട്രീവിയം) രൂപരേഖ ഉള്‍ക്കൊള്ളുന്നു. ഉന്നത വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ നിരവധി ഗ്രന്ഥങ്ങളും, ലത്തീന്‍ വ്യാകരണഗ്രന്ഥങ്ങളെ ആധാരമാക്കി ഭാഷാവര്‍ണവിന്യാസത്തെ സംബന്ധിച്ചുള്ള ഒരു ഗ്രന്ഥവും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്‌. മധ്യകാല ക്രസ്‌തവ വിജ്ഞാന സ്‌ഫോടനത്തില്‍ കസിയോഡോറസിന്റെ ഗ്രന്ഥങ്ങള്‍ മഹത്തായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. എന്നാല്‍ ഇദ്ദേഹത്തിന്റെ കീര്‍ത്തിക്കാധാരമായിരിക്കുന്നത്‌ തന്റെ ഔദ്യോഗിക ജീവിതത്തില്‍ താന്‍ നല്‌കിയ കല്‌പനകള്‍, ശാസനകള്‍, വിളംബരങ്ങള്‍, മറ്റ്‌ ഔദ്യോഗിക രേഖകള്‍ എന്നിവയുടെ സമാഹാരമായ പന്ത്രണ്ടു വാല്യങ്ങളുള്ള വേറിയേ (Variae 53438) എന്ന കൃതിയാണ്‌. ഓസ്‌റ്റ്രഗോത്ത്‌ രാജ്യഭരണത്തെ സംബന്ധിച്ച സമഗ്രവിവരം ഈ ഗ്രന്ഥസമുച്ചയത്തില്‍ നിന്നു ലഭിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍