This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസിമിര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസിമിര്‍

Casimir

പോളണ്ടിലെ ഒരു രാജപരമ്പരയില്‍പ്പെട്ട രാജാക്കന്മാര്‍ക്കുള്ള പൊതുവായ പേര്‌. അവരില്‍ പ്രധാനികള്‍ താഴെപ്പറയുന്നവരാണ്‌.

കസിമിര്‍ I (1016-58). പോളിഷ്‌ രാജാവായ മിസ്‌കോ കകന്റെയും ലൊറേനിലെ റൈക്‌സാ(Ryksa)യുടെയും പുത്രനായ കസിമിര്‍ I സന്ന്യാസജീവിതം സ്വീകരിച്ചിരുന്നു.പുനഃസ്ഥാപകനായ (Restorer) കസിമിര്‍ എന്നാണിദ്ദേഹം അറിയപ്പെട്ടത്‌. 1034ല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന്‌ പോപ്പിന്റെ അനുമതിയോടെ ഇദ്ദേഹം രാജ്യഭരണം ഏറ്റെടുത്തു. രാജകീയാധികാരത്തിനെതിരെ അഭിജാതവര്‍ഗം നയിച്ച കലാപത്തിന്റെയും പ്രാകൃതഗോത്രക്കാര്‍ നടത്തിയ ക്രസ്‌തവ വിരുദ്ധപ്രക്ഷോഭത്തോടനുബന്ധിച്ച ജനകീയ മുന്നേറ്റത്തിന്റെയും ഫലമായി ഇദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ജര്‍മനിയിലേക്കു പലായനം ചെയ്‌ത കസിമിര്‍ ജര്‍മന്‍ രാജാക്കന്മാരായ കോണ്‍റാഡ്‌ IIന്റെയും ഹെന്‌റി IIIന്റെയും സൈനികസഹായത്താല്‍ 1040ല്‍ തന്റെ രാജ്യം ഭാഗികമായി വീണ്ടെടുത്തു. റഷ്യന്‍ രാജകുമാരിയായ ദൊ ബ്രാനേഗയായിരുന്നു ഇദ്ദേഹത്തിന്റെ പത്‌നി. ഇവരുടെ സഹോദരനായ കീവിലെ യാറോസ്ലാവിന്റെ (മഹാനായ) പിന്തുണയോടെ പിതാവിന്റെ കാലത്ത്‌ അന്യാധീനപ്പെട്ട മാസോവിയയും പോമറേനിയയും തിരിച്ചുപിടിച്ചു (1047). 1050ല്‍ ബൊഹീമിയയെ ആക്രമിച്ച്‌ സൈലേഷ്യയും വീണ്ടെടുക്കുകയുണ്ടായി. എന്നാല്‍ ഉടമ്പടിപ്രകാരം ബൊഹീമിയര്‍ക്കു നഷ്ടപരിഹാരമായി വാര്‍ഷിക പാരിതോഷികം നല്‌കേണ്ടിവന്നു. ഇദ്ദേഹം റോമന്‍ കത്തോലിക്കാസഭയെ നവീകരിക്കുകയും അക്രസ്‌തവ ഗോത്രങ്ങളെ അമര്‍ച്ച ചെയ്യുകയും ചെയ്‌തു. കസിമിര്‍ രാജാവായി ഒരിക്കലും അഭിഷിക്തനായിട്ടില്ല. ഇദ്ദേഹത്തിന്റെ കാലത്ത്‌ പോളണ്ടിന്റെ മേല്‍ ജര്‍മന്‍ മേല്‍ക്കോയ്‌മ പുനഃസ്ഥാപിതമായി.

കസിമിര്‍ II (1138-94). "നീതിമാനായ കസിമിര്‍' എന്ന പേരിലിദ്ദേഹം അറിയപ്പെട്ടിരുന്നു. ഭ.കാ. 1177 മുതല്‍ 1194 വരെ. 1177ല്‍ ഇദ്ദേഹം തന്റെ സഹോദരനായ മീയ്‌സ്‌കോ കകകനെ ആട്ടിപ്പായിച്ചു പോളണ്ടിലെ പ്രധാന ഡ്യൂക്കായി. 1180ല്‍ ലസിക്കാ കോണ്‍ഗ്രസ്സില്‍ വച്ച്‌ അഭിജാതരും പുരോഹിതന്മാരും ചേര്‍ന്ന്‌ ഇദ്ദേഹത്തെ കസിമിര്‍ പരമ്പരയിലെ ക്രാക്കോ ഭരണാധികാരിയായി വാഴിച്ച്‌ പരമ്പരാഗത അവകാശങ്ങള്‍ നല്‌കി. ഇദ്ദേഹം സ്വയം രാജാവായി അഭിഷിക്തനായില്ല.

കസിമിര്‍ III (1310-70). ഇദ്ദേഹം "മഹാനായ കസിമിര്‍' എന്ന പേരിലറിയപ്പെടുന്നു. ഭ.കാ. 1333 മുതല്‍ 1370 വരെ. സമാധാനപരമായ മാര്‍ഗത്തിലൂടെ ഇദ്ദേഹം രാജ്യവിസ്‌തൃതി വര്‍ധിപ്പിക്കുകയും പോളിഷ്‌ സാമ്രാജ്യത്തെ ഏകീകരിക്കുകയും ചെയ്‌തു. വിദേശ രാജ്യങ്ങളുമായുള്ള സഖ്യങ്ങളിലൂടെയാണ്‌ ഇദ്ദേഹം തന്റെ പ്രാദേശിക സ്വാധീനം ഉറപ്പിച്ചെടുത്തത്‌. 1335ലെ വിസിഗ്രാഡ്‌ കോണ്‍ഗ്രസ്സില്‍ വച്ചു കസിമിര്‍, സൈലേഷ്യയുടെ മേല്‍ ബൊഹീമിയന്‍ രാജാവായ ജോണ്‍ ലക്‌സംബര്‍ഗിന്റെ പരമാധികാരം അംഗീകരിച്ചു. ഇതിനു പകരമായി ജോണ്‍ പോളണ്ടിനുമേല്‍ ബൊഹീമിയയുടെ അവകാശവാദം ഉപേക്ഷിച്ചു. നയതന്ത്രബന്ധങ്ങളിലൂടെ ഇദ്ദേഹം പശ്‌ചിമേഷ്യയില്‍ നിന്നും പൂര്‍വ ജര്‍മനിയില്‍ നിന്നും ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്തു. ജര്‍മന്‍ ചക്രവര്‍ത്തിയായ ചാള്‍സ്‌ കഢന്റെ ഉപദേഷ്ടാവായും ഇദ്ദേഹം വര്‍ത്തിച്ചു. ട്യൂട്ടോണിക്‌ പ്രഭുക്കളുമായി 1343ല്‍ ഒപ്പുവച്ച കാലിസ്‌ സന്ധിയിലൂടെ കസിമിര്‍ തന്റെ രാജ്യത്തെ ഏകീകരിച്ചു. പോളണ്ടിന്റെ അലിഖിത നിയമങ്ങളെ ഇദ്ദേഹം ക്രാഡീകരിച്ചു. ഇത്‌ "സ്റ്റാറ്റ്യൂട്ട്‌ ഒഫ്‌ വിസിലിക്ക' എന്ന്‌ അറിയപ്പെടുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച കസിമിര്‍ കര്‍ഷകരുടെ രാജാവ്‌ എന്നറിയപ്പെട്ടു. ഇദ്ദേഹം യഹൂദരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വ്യവസായവും വാണിജ്യവും കൃഷിയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്‌തു. നഗരങ്ങള്‍ക്ക്‌ ഇദ്ദേഹം സ്വയംഭരണാവകാശം നല്‌കി. പോളണ്ടില്‍ ആദ്യത്തെ സര്‍വകലാശാല സ്ഥാപിച്ചത്‌ (ക്രാക്കോ യൂണിവേഴ്‌സിറ്റി1364) ഇദ്ദേഹമാണ്‌.

കസിമിര്‍ IV (കസിമിര്‍, ജാഗില്ലോ; 1427-92). ലിത്വാനിയയിലെ ഗ്രാന്‍ഡ്‌ ഡ്യൂക്കും (1140-92) പോളണ്ടിലെ രാജാവും (1447-92) ആയിരുന്ന ഇദ്ദേഹം 1454ല്‍ ഹാബ്‌സ്‌ബര്‍ഗിലെ എലിസബത്തിനെ വിവാഹം കഴിച്ചു. ഇതോടെ ജര്‍മനിയും, ബൊഹീമിയയും ഹംഗറിയുമായി സൗഹൃദസഖ്യങ്ങളുണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1466ലെ "സെക്കന്‍ഡ്‌ പീസ്‌ ഒഫ്‌ തോണ്‍' അനുസരിച്ച്‌ ഇദ്ദേഹം ട്യൂട്ടോണിക്‌ പ്രഭുക്കളുമായി 13 വര്‍ഷക്കാലം നീണ്ടുനിന്നിരുന്ന യുദ്ധം അവസാനിപ്പിച്ചു. 1467ല്‍ ആദ്യമായി പോളണ്ടില്‍ നിയമസഭ (Diet) വിളിച്ചുകൂട്ടി; അഭിജാതവര്‍ഗത്തിന്റെ സവിശേഷാവകാശങ്ങളും ഇദ്ദേഹം അംഗീകരിച്ചു. തന്റെ ആറു പുത്രന്മാരുടെയും ഏഴു പുത്രിമാരുടെയും വിവാഹത്തോടെ യൂറോപ്പിലുടനീളം കുടുംബബന്ധം സൃഷ്ടിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. അലസനായ കസിമിര്‍ വിദ്യാഭ്യാസം, നയതന്ത്രപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കാള്‍ വേട്ടയാടലും സുഖഭോഗജീവിതവും ഇഷ്ടപ്പെട്ടിരുന്നു. പോപ്പുമായുള്ള ബന്ധം നല്ല രീതിയില്‍ തുടരാന്‍ സാധിച്ചതുകാരണം പാശ്ചാത്യലോകത്ത്‌ പോളണ്ടിന്റെ പ്രശസ്‌തി നിലനിര്‍ത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍