This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസിന്‍സ്‌, ജെയിംസ്‌ ഹെന്‌റി (1873-1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസിന്‍സ്‌, ജെയിംസ്‌ ഹെന്‌റി (1873-1956)

ഐറിഷ്‌ കവിയും വിദ്യാഭ്യാസപ്രവര്‍ത്തകനും കലാമര്‍മജ്ഞനും. ഇദ്ദേഹം 1873 ജൂല. 28ന്‌ അയര്‍ലണ്ടിലുള്ള ബല്‍ഫാസ്റ്റ്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. ഡബ്ലിന്‍ ട്രിനിറ്റി കോളജിലായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനിടയില്‍ യീറ്റ്‌സ്‌ മുതലായ പ്രമുഖ ഐറിഷ്‌ കവികളുമായി ബന്ധം പുലര്‍ത്തിയിരുന്നു.

ബല്‍ഫാസ്റ്റിലെ ലോര്‍ഡ്‌ മേയറുടെ പ്രവറ്റ്‌ സെക്രട്ടറിയായിട്ടാണ്‌ ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. 1897ല്‍ ഡബ്ലിനിലേക്ക്‌ താമസം മാറ്റിയ ഇദ്ദേഹം അവിടെ വില്യം ബട്ട്‌ലര്‍ യേറ്റ്‌സ്‌, ജോര്‍ജ്‌ വില്യം റസ്സല്‍, ജെയിംസ്‌ ജോയ്‌സ്‌ തുടങ്ങിയവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അതീന്ദ്രിയവാദത്തെ സാമൂഹ്യപരിഷ്‌കരണത്തിനുള്ള പ്രായോഗിക സമീപനവുമായി സമന്വയിപ്പിക്കുവാനുള്ള റസ്സലിന്റെ കഴിവ്‌ ഇദ്ദേഹത്തെ ഗണ്യമായി സ്വാധീനിച്ചു. മാഡം ബ്ലവട്‌സ്‌കിയുടെ വീക്ഷണങ്ങളിലും ഇദ്ദേഹം ആകൃഷ്‌ടനായി. ഇക്കാലത്തു തന്നെയാണ്‌ കസിന്‍സ്‌ കവിതാ രചനയിലും, നാടകാഭിനയത്തിലും വ്യാപൃതനായത്‌. 1915ല്‍ ഡോ. ആനി ബസന്റിന്റെ ക്ഷണമനുസരിച്ച്‌ ഇന്ത്യയില്‍ വരുകയും അവരുടെ നേതൃത്വത്തിലുള്ള ന്യൂ ഇന്ത്യാ പത്രത്തിന്റെ സഹപത്രാധിപരായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. 1916-21; 1933-37 എന്നീ വര്‍ഷങ്ങളില്‍ ഇദ്ദേഹം മദനപ്പള്ളിയിലെ തിയോസഫിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായി സേവനം അനുഷ്‌ഠിച്ചു.

1924ല്‍ കസിന്‍സ്‌ മൈസൂറില്‍ ഒരു ഇന്ത്യന്‍ ആര്‍ട്‌സ്‌ ഗ്യാലറിക്ക്‌ രൂപം നല്‌കി. 1928ല്‍ അഡയാര്‍ ബ്രഹ്മവിദ്യാശ്രമത്തിന്റെ പ്രിന്‍സിപ്പലായി നിയമിക്കപ്പെടുകയും 1931 വരെ ഇവിടെ സേവനം തുടരുകയും ചെയ്‌തു. 1931ല്‍ ന്യൂയോര്‍ക്ക്‌ സന്ദര്‍ശിച്ച കസിന്‍സ്‌ ഒരു വര്‍ഷം അവിടത്തെ കോളജ്‌ ഒഫ്‌ സിറ്റിയില്‍ പ്രാഫസറായി സേവനമനുഷ്‌ഠിച്ചു. 1935ല്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ഇദ്ദേഹത്തെ തിരുവനന്തപുരത്ത്‌ ഒരു ആര്‍ട്‌സ്‌ ഗ്യാലറി സംഘടിപ്പിക്കുന്നതിനായി നിയോഗിച്ചു; അതിന്റെ ഡയറക്ടറായി ഇദ്ദേഹത്തെത്തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തു. കൂടാതെ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ്‌ വിഭാഗത്തിന്റെ "ഡീന്‍' ആയും ഇദ്ദേഹം നിയമിക്കപ്പെട്ടു. സര്‍ക്കാരിന്റെ കലോപദേശകസമിതി അംഗമായിട്ടും കസിന്‍സ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഭാരതീയ ചിത്രകല, കൊത്തുപണി, വാസ്‌തുവിദ്യ എന്നിവയെക്കുറിച്ച്‌ കസിന്‍സ്‌ ഗവേഷണം നടത്തുകയും അവയെക്കുറിച്ച്‌ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്‌തു. കേരളത്തിലെ കലകള്‍, ലോഹപ്പണി, ദാരുദന്തശില്‌പകല, നൃത്തനൃത്യങ്ങള്‍, ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ്‌ എന്നിവയെ കുറിച്ചെല്ലാം ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്‌. തിരുവനന്തപുരം സന്ദര്‍ശിച്ച അവസരത്തില്‍ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിനുവേണ്ടി ഇദ്ദേഹം "ജയറാം' എന്ന പേര്‌ സ്വീകരിക്കുകയുണ്ടായി. രബീന്ദ്രനാഥ ടാഗൂര്‍, രുഗ്മിണിദേവിഅരുണ്‍ഡേല്‍, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുമായി ഇദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഒരു കലാദാര്‍ശനികനും സാഹിത്യകാരനുമായിരുന്ന കസിന്‍സിന്റെ പ്രധാനകൃതികളാണ്‌ ബെന്‍ മഡിഘന്‍ (Ben Madighan, 1894); ഇലെയ്‌ന്‍ ദ്‌ ബിലവഡ്‌ ആന്‍ഡ്‌ അദര്‍ പോയംസ്‌ (Illain the Beloved and Other Poems, 1912); ദ് റിനൈസ്സന്‍സ്‌ ഇന്‍ ഇന്ത്യ (1918); സൂര്യഗീത (1922); ദ്‌ ഫിലോസഫി ഒഫ്‌ ബ്യൂട്ടി (1925); ഫെയ്‌ത്‌ ഒഫ്‌ ആന്‍ ആര്‍ട്ടിസ്റ്റ്‌ (1941) തുടങ്ങിയവ.

ഇദ്ദേഹത്തിന്റെ സഹധര്‍മിണി മാര്‍ഗററ്റ്‌ കസിന്‍സ്‌ പ്രസിദ്ധയായ ഒരു സംഗീതവിദുഷിയാണ്‌. പിയാനോ വായനയില്‍ പ്രാവീണ്യം നേടിയിരുന്ന മാര്‍ഗററ്റ്‌ പൗരസ്‌ത്യ സംഗീതത്തിലും പാശ്‌ചാത്യ സംഗീതത്തിലും പ്രവീണയാണ്‌. മ്യൂസിക്‌ ഒഫ്‌ ഓറിയന്റ്‌ ആന്‍ഡ്‌ ഓക്‌സിഡന്റ്‌ എന്ന പുസ്‌തകത്തിന്റെ രചയിത്രി കൂടിയാണിവര്‍. 1956 ഫെ. 26നു ജെയിംസ്‌ കസിന്‍സ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍