This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസാവുബു, ജോസഫ്‌ (1910-69)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസാവുബു, ജോസഫ്‌ (1910-69)

Kasavubu,Joseph

ജോസഫ്‌ കസാവുബു

സ്വതന്ത്ര കോംഗോ റിപ്പബ്ലിക്കിന്റെ (ഇപ്പോള്‍ സെയര്‍) ആദ്യത്തെ പ്രസിഡന്റ്‌. ബെല്‍ജിയന്‍ കോംഗോയിലെ ട്‌സേലായില്‍ ജനിച്ചു. റോമന്‍ കത്തോലിക്കാ പുരോഹിത വിദ്യാര്‍ഥികളോടൊപ്പം വിദ്യാഭ്യാസം ചെയ്‌തെങ്കിലും പിന്നീട്‌ അധ്യാപകനായിത്തീരുകയാണുണ്ടായത്‌. 1942ല്‍ ബെല്‍ജിയന്‍ കോളനിഭരണത്തില്‍ നാട്ടുകാര്‍ക്കു ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ (ചീഫ്‌ ക്ലാര്‍ക്ക്‌) ആയി നിയമിതനായി.

കോംഗോ സ്വാതന്ത്യ്രപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവെന്ന നിലയില്‍ 1940കളില്‍ ഇദ്ദേഹം കോംഗോയിലെ അനേകം സാംസ്‌കാരിക സമിതികളിലും സംഘടനകളിലും പ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. ഈ സാമ്രാജ്യത്വ വിരുദ്ധ രാഷ്‌ട്രീയ സംഘടനകള്‍ വേദിയാക്കിക്കൊണ്ട്‌ കസാവുബു, "കോംഗോ കോംഗോ ജനതയ്‌ക്ക്‌'; "ലോവര്‍ കോംഗോ ബക്കാംഗോ ജനതയ്‌ക്ക്‌' എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചു. ശക്തമായ ബക്കാംഗോ ഗോത്രവിഭാഗത്തിലെ അംഗമായ കസാവുബു, ബക്കാംഗോയ്‌ക്ക്‌ ഒരു പരിധിവരെ സ്വയംഭരണം ലഭ്യമാകുന്ന ഫെഡറല്‍ സംവിധാനത്തിലുള്ള സ്വതന്ത്ര കോംഗോയ്‌ക്കുവേണ്ടി നിലകൊണ്ടു. 1955ല്‍ ഇദ്ദേഹം ബക്കാംഗോ രാഷ്‌ട്രീയ സാംസ്‌കാരിക സംഘടനയായ "അബാക്കോ'യുടെ പ്രസിഡന്റായി. ബെല്‍ജിയന്‍ അധികൃതര്‍ ലിയോപോള്‍ഡ്‌വില്ലെ (ഇപ്പോള്‍ കിന്‍ഷാസാ)യില്‍ ആദ്യമായി നടത്തിയ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ (1957) അബാക്കോ സ്ഥാനാര്‍ഥികള്‍ വമ്പിച്ച വിജയം നേടി. ലിയോപ്പോള്‍ഡ്‌ വില്ലെയിലെ ഡെന്‍ഡേല്‍ ജില്ലയുടെ മേയറായി കസാവുബു തെരഞ്ഞെടുക്കപ്പെട്ടു. 1960ല്‍ ബെല്‍ജിയന്‍ അധികാരികള്‍ ബ്രസല്‍സില്‍ വച്ചു നടത്തിയ വട്ടമേശസമ്മേളനത്തില്‍ കസാവുബു നിര്‍ണായകമായ പങ്കുവഹിച്ചു. എന്നാല്‍ ഫെഡറല്‍ സംവിധാനത്തിനുള്ള തന്റെ പദ്ധതി ബെല്‍ജിയന്‍ അധികാരികളും കോംഗോയിലെ നേതാക്കളും അംഗീകരിച്ചില്ല; ശക്തമായ കേന്ദ്രീകൃത റിപ്പബ്ലിക്‌ രൂപവത്‌കരിക്കുന്നതിനുള്ള ലുമുംബയുടെ പദ്ധതി അംഗീകരിക്കപ്പെട്ടു.

1960ലെ ആദ്യത്തെ ദേശീയ തെരഞ്ഞെടുപ്പില്‍ ലുമുംബയുടെ "മൂവ്‌മെന്റ്‌ നാഷണല്‍ കോംഗോളോയ്‌സ്‌' (എം.എന്‍.സി.) കസാവുബുവിന്റെ അബാക്കോയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി. എന്നാല്‍ ഒരു കക്ഷിക്കും ഒറ്റയ്‌ക്കു ഗവണ്‍മെന്റുണ്ടാക്കാന്‍ കഴിയാതെവന്നു. തുടര്‍ന്നുണ്ടാക്കിയ കരാറനുസരിച്ച്‌ കസാവുബു കോംഗോയുടെ പ്രസിഡന്റും ലുമുംബ പ്രധാനമന്ത്രിയുമായി.

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം കോംഗോയിലുള്ള യു.എന്‍. സൈന്യത്തോടുള്ള ഗവണ്‍മെന്റിന്റെ ബന്ധം, കടാംഗ (ഇപ്പോള്‍ ഷാബാ പ്രവിശ്യ)വിഘടിത സംസ്ഥാനത്തോടും അവിടത്തെ മോയിസ്‌ ഷോംബേയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനോടുമുള്ള നയം, പ്രധാനമന്ത്രി സോവിയറ്റ്‌ സൈനികസഹായം സ്വീകരിച്ചുവോയെന്ന വിവാദം ഇത്യാദി പ്രശ്‌നങ്ങളില്‍ കസാവുബുവും ലുമുംബയുമായി അഭിപ്രായസംഘര്‍ഷമുണ്ടായി. കേണല്‍ ജോസഫ്‌ മൊബുട്ടുവിന്റെ നേതൃത്വത്തിലുള്ള സൈനിക പിന്തുണയോടെ കസാവുബു, ലുമുംബാ ഗവണ്‍മെന്റിനെ പിരിച്ചുവിട്ടു. പുതിയ കസാവുബുഗവണ്‍മെന്റിന്‌ യു.എന്‍. അംഗീകാരം ലഭിച്ചുവെങ്കിലും ലുമുംബയുടെ അറസ്റ്റും, കടാംഗയില്‍ വച്ച്‌ ലുമുംബയുടെ മരണവും വിവിധ ആഫ്രിക്കന്‍ രാഷ്‌ട്രത്തലവന്മാരുടെ എതിര്‍പ്പിനു കാരണമായി. 1965ല്‍ മൊബുട്ടു, ഒരു രക്തരഹിതസൈനിക അട്ടിമറിയിലൂടെ കസാവുബുവിനെ പുറത്താക്കി. മരണം വരെ ഇദ്ദേഹം ലോവര്‍ കോംഗോയിലെ ബോമായില്‍ കഴിച്ചു കൂട്ടി. 1969 മാ. 24നു കസാവുബു അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍