This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസാന്‍ഡ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസാന്‍ഡ്ര

Cassandra

ഗ്രീക്കുപുരാണ കഥാപാത്രം; ട്രായിയിലെ രാജാവായ പ്രിയാമിന്റെയും ഹെക്കുബയുടെയും പുത്രിയായ കസാന്‍ഡ്രയ്‌ക്ക്‌ അപ്പോളോ ദേവന്‍ പ്രവചനം നടത്താനുള്ള വരം നല്‌കി. ദേവന്റെ സ്‌നേഹത്തിനു പാത്രമായെങ്കിലും അപ്പോളോയുടെ ഇംഗിതത്തിനു വഴിപ്പെടാന്‍ വിസമ്മതിച്ചതുമൂലം കസാന്‍ഡ്രയുടെ പ്രവചനങ്ങള്‍ ആരും വിശ്വസിക്കാതെ പോകട്ടെ എന്ന്‌ അപ്പോളോ ശപിച്ചു. ട്രായിയുടെ പതനത്തെപ്പറ്റിയും ട്രാജന്‍ കുതിരയുടെ അപകടസാധ്യതയെപ്പറ്റിയും അവള്‍ നടത്തിയ പ്രവചനം ശ്രദ്ധിക്കപ്പെട്ടില്ല. കസാന്‍ഡ്ര പ്രവചിച്ചതുപോലെ തന്നെ ഗ്രീക്കുകാര്‍ ട്രായി പിടിച്ചടക്കി. കസാന്‍ഡ്ര അഥീനയിലെ മിനര്‍വാ ദേവാലയത്തില്‍ അഭയം പ്രാപിച്ചു. അവിടെവച്ച്‌ ഗ്രീക്കുസൈനികനായ അജാക്‌സ്‌ അവളെ ബലാല്‍സംഗം ചെയ്‌തു. യുദ്ധത്തില്‍ ലഭിച്ച വസ്‌തുക്കള്‍ പങ്കിട്ടപ്പോള്‍ കസാന്‍ഡ്രയെ അഗമെമ്‌നന്‌ ആണ്‌ ലഭിച്ചത്‌. അഗമെമ്‌നന്‍ അവളെ അടിമയാക്കി മൈസിനേയിലേക്കു കൊണ്ടുപോയി. അഗമെമ്‌നന്റെ അസാന്നിധ്യത്തില്‍ ഭാര്യയായ ക്ലിറ്റംനെസ്റ്റ്ര തന്റെ കമിതാവായ ഈജിസ്‌തസ്സുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുകയും അഗമെമ്‌നന്‍ മടങ്ങിവരുമ്പോള്‍ വധിക്കണമെന്ന്‌ അവര്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു. അഗമെമ്‌നന്‍ ക്ലിറ്റംനെസ്റ്റ്രയാല്‍ വധിക്കപ്പെടുമെന്ന്‌ കസാന്‍ഡ്ര പ്രവചിച്ചെങ്കിലും അതും പതിവുപോലെ ശ്രദ്ധിക്കപ്പെടാതെ പോയി. ട്രാജന്‍ യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ അഗമെമ്‌നന്‍ യുദ്ധവിജയമാഘോഷിക്കുന്നതിനുമുമ്പ്‌ വധിക്കപ്പെട്ടു. തുടര്‍ന്ന്‌ ക്ലിറ്റംനെസ്റ്റ്ര കസാന്‍ഡ്രയെയും വധിച്ചു.

ഈസ്‌കിലസിന്റെ അഗമെമ്‌നന്‍, യൂറിപ്പിഡീസിന്റെ ട്രാജന്‍ വിമന്‍, സെനേക്കായുടെ അഗമെമ്‌നന്‍ എന്നീ നാടകങ്ങളില്‍ കസാന്‍ഡ്രയുടെ കഥ വിവരിച്ചിട്ടുണ്ട്‌. ഹോമറിന്റെ ഇലിയഡിലും, വെര്‍ജിലിന്‍െറ ഏനീഡിലും കസാന്‍ഡ്ര ഒരു കഥാപാത്രമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍