This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കസാന്‍

Kazan

റഷ്യന്‍ ഫെഡറേഷനിലെ ഒരു റിപ്പബ്ലിക്കായ ടാട്ടര്‍സ്ഥാന്റെ തലസ്ഥാനം. വോള്‍ഗാ നദിയുടെ പൂര്‍വതീരത്ത്‌ മോസ്‌കോയില്‍ നിന്ന്‌ 720 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു. 13-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ വോള്‍ഗാതടത്തില്‍ ടാട്ടര്‍ ജനത സ്ഥാപിച്ച കസാന്‍ (Iske Kazan) പട്ടണം രണ്ടു നൂറ്റാണ്ടുകള്‍ക്കുശേഷം ഒരു സ്വതന്ത്ര നാട്ടുരാജ്യ(Khanate)ത്തിന്റെ ആസ്ഥാനമായി. 20-ാം ശ.ത്തോടെ റഷ്യയിലെ ഒരു പ്രമുഖ വ്യാവസായികവാണിജ്യകേന്ദ്രമായി വികസിച്ച ഈ നഗരം ഒക്‌ടോബര്‍ വിപ്ലവാനന്തരം ഉത്തരോത്തരം വികാസം പ്രാപിച്ചു. സാംസ്‌കാരികവിദ്യാഭ്യാസമേഖലകളിലും ഉന്നതസ്ഥാനം കൈവരിച്ചിട്ടുള്ള കസാന്‍ ഇന്ന്‌ റഷ്യയിലെ ഒരു പ്രമുഖ നഗരമാണ്‌. പടിഞ്ഞാറു നിന്നെത്തുന്ന വോള്‍ഗാനദിയോട്‌ വ. കിഴക്കു നിന്നുള്ള കസാങ്കാനദി സംഗമിക്കുന്ന ഭാഗത്തിനു കിഴക്കാണ്‌ കസാന്‍ വികസിച്ചിരിക്കുന്നത്‌. 13-ാം ശ.ത്തില്‍ സ്ഥാപിതമായ പ്രാചീനപട്ടണം ഈ സ്ഥാനത്തിനു 45 കി.മീ. മുകളില്‍ കസാങ്കയുടെ കിഴക്കേ തീരത്തായിരുന്നു. 14-ാം ശ.ത്തിന്റെ പൂര്‍വാര്‍ധത്തിലാണ്‌ പട്ടണം ഇവിടേക്കു മാറ്റപ്പെട്ടത്‌. 16-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഒരു വ്യാവസായിക വിപണനകേന്ദ്രമായി മാറിയ കസാന്‍ 19-ാ-ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജനകീയ പ്രക്ഷോഭണങ്ങളുടെയും വിപ്ലവങ്ങളുടെയും സിരാകേന്ദ്രമായിത്തീര്‍ന്നു. കസാന്‍ സര്‍കലാശാലയിലെ നിയമവിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്‌, വി.ഐ. ലെനിന്‍ രാഷ്‌ട്രീയവിപ്ലവരംഗത്തേക്കു പ്രവേശിച്ചത്‌ (1887). പല രൂക്ഷ സംഘട്ടനങ്ങളുടെയും രംഗവേദിയായിരുന്ന ഈ പട്ടണത്തെ 1918 സെപ്‌. 10നു ചെമ്പട സ്വാധീനതയിലാക്കി. സോവിയറ്റ്‌ ചരിത്രത്തില്‍ ചിരസ്‌മരണീയമായ ഒരു സ്ഥാനം നേടിയിട്ടുള്ള കസന്‍ 1920 മേയ്‌ 27നു ടാട്ടര്‍ എ.എസ്‌.എസ്‌.ആര്‍.ന്‍െറ തലസ്ഥാനമായിത്തീര്‍ന്നു.

കസാന്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍പ്പാതകളിലൊന്നായ മോസ്‌കോവ്‌ലാദിവസ്‌തോക്കിലെ ഒരു പ്രമുഖ സ്റ്റേഷനാണ്‌ കസാന്‍. സൈബീരിയ വികസ്വരമാവാന്‍ തുടങ്ങിയതോടെ റെയില്‍പ്പാതയുടെയും തദ്വാരാ ഈ നഗരത്തിന്റെയും പ്രാധാന്യം പതിന്മടങ്ങു വര്‍ധിച്ചു. തുകല്‍, കമ്പിളി ഉത്‌പന്നങ്ങള്‍, സോപ്പ്‌, യന്ത്രാപകരണങ്ങള്‍, ചെറുകിട കപ്പലുകള്‍ എന്നിവയാണ്‌ കസാനിലെ മുഖ്യ വ്യാവസായികോത്‌പന്നങ്ങള്‍. ടാട്ടര്‍ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഈ നഗരം കസാന്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി, സോവിയറ്റ്‌ സയന്‍സ്‌ അക്കാദമിയുടെ ഒരു ശാഖ എന്നിവയുടെയും ആസ്ഥാനമാണ്‌. ഓപ്പറ, ബാലേ, നാടകം, സിനിമ, സര്‍ക്കസ്‌ എന്നിവയ്‌ക്കായുള്ള വിശാലവും അത്യാധുനികവുമായ ശാലകള്‍, മ്യൂസിയം തുടങ്ങിയവയും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. വോള്‍ഗാതീരത്തെ ഒരു ചെറുകിട തുറമുഖം കൂടിയായ കസാനില്‍ ഒരു ദേശീയ വിമാനത്താവളവും ഉണ്ട്‌. കാനഡയിലെ ഒരു നദിക്കും കസാന്‍ എന്നു പേരുണ്ട്‌. 730 കി.മീ. ദൈര്‍ഘ്യമുള്ള ഈ നദി തെലോണ്‍ നദിയുടെ ഒരു പോഷക ഘടകമാണ്‌. കസാന്‍ എന്ന പദത്തിന്‌ അമേരിന്ത്യന്‍ ഭാഷയില്‍ വെളുത്ത തിത്തിരിപ്പുള്ള്‌ (White Partridge) എന്നാണര്‍ഥം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B8%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍