This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഷായവസ്‌തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഷായവസ്‌തി

ആയുര്‍വേദശാസ്‌ത്രപ്രകാരമുള്ള ഒരു ശോധന ചികിത്സാസമ്പ്രദായം. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള ദോഷമലങ്ങളെ "ഉത്‌ക്ലേശിച്ച്‌' പുറന്തള്ളുകയാണ്‌ ശോധനചികിത്സ ചെയ്യുന്നത്‌. സൂക്ഷ്‌മ ശരീരഘടകങ്ങളായ കോശങ്ങള്‍ (ശരീരപരമാണു) വരെ രോഗവിമുക്തങ്ങളും നിര്‍മലങ്ങളുമാവാന്‍ ശോധനചികിത്സ ഉപകരിക്കുമെന്ന്‌ ചരകന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

ശോധനചികിത്സയിലെ പഞ്ചകര്‍മങ്ങളില്‍ വസ്‌തി ഉള്‍പ്പെടുന്നു. നിരൂഹം (വസ്‌തി), വമനം (ഛര്‍ദിപ്പിക്കല്‍), കായരേകം (വിരേചനം), ശിരോരേകം (നസ്യം), അസ്രവിസ്‌തൃതി (രക്തമോക്ഷം) ഇവയാണ്‌ പഞ്ചകര്‍മങ്ങള്‍. വസ്‌തിയെത്തന്നെ കഷായവസ്‌തി, സ്‌നേഹവസ്‌തി എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്‌. ഫലം ഊഹിക്കാന്‍ കഴിയാത്തത്ര ഉള്ളതുകൊണ്ട്‌ കഷായവസ്‌തിക്ക്‌ "നിരൂഹം' എന്നു പേരു തന്നെയുണ്ട്‌.

ഗുന്മം, ആനാഹം, രക്തവാതം, പ്ലീഹരോഗം, പക്വാതിസാരം, ശൂലം, മലബന്ധം, കൃമിരോഗം, ശുക്ലഗ്രഹം, പ്രതിശ്യായം, ജീര്‍ണജ്വരം, വൃദ്ധി, അശ്‌മരി, ആര്‍ത്തവവിബന്ധം, വാതവ്യാധികള്‍ തുടങ്ങിയവയിലും വായുവികാരം ശക്തമായുണ്ടാകുന്ന മറ്റവസ്ഥകളിലും കഷായവസ്‌തി ഫലപ്രദമാണ്‌.

രീതി. ആടിന്റെയോ മറ്റോ മൂത്രാശയം (വസ്‌തി) സംസ്‌കരിച്ചെടുത്ത്‌ അതില്‍ നിര്‍ദിഷ്ടരീതിയില്‍ തയ്യാറാക്കിയ കഷായം നിറച്ച്‌ മരം കൊണ്ടോ, കൊമ്പു കൊണ്ടോ, ഓടു കൊണ്ടോ ഉണ്ടാക്കിയ "നേത്രം' (nozzle) വസ്‌തിയുടെ തുറന്ന ഭാഗത്തു പിടിപ്പിച്ച്‌ അതിലൂടെയാണ്‌ ഔഷധദ്രവ്യം രോഗിയുടെ ഗുദത്തിലൂടെ അകത്തേക്കു കയറ്റിവിടുന്നത്‌. കഷായത്തിന്റെ നിര്‍ദിഷ്ടമായ മരുന്നുകള്‍ മൊത്തം ഇരുപതു പലവും എട്ടു മലങ്കാരയ്‌ക്കായും (ഒരു പലം) പത്തരയിടങ്ങഴി വെള്ളത്തില്‍ കഷായം വച്ചു പത്തര നാഴിയാക്കി അരിക്കണം. രോഗിയുടെയും രോഗത്തിന്റെയും അവസ്ഥകള്‍ക്കനുസരിച്ച്‌ ഇതില്‍നിന്ന്‌ ആവശ്യമായത്ര കഷായം എടുക്കണം. രോഗം വാതാധികമാണെങ്കില്‍ കഷായത്തിന്റെ നാലിലൊന്നു സ്‌നേഹം ചേര്‍ക്കണം. പിത്താധിക രോഗത്തിലും സ്വസ്ഥന്നു ചെയ്യുമ്പോഴും 1/6 ഭാഗം ചേര്‍ത്താല്‍ മതി; കഫാധികത്തില്‍ 1/8 ഭാഗവും കഷായത്തിന്റെ 1/8 ഭാഗം കല്‍ക്കവും ഒരു പലം ശര്‍ക്കരയും ചേര്‍ക്കണം. തേന്‍, ഇന്തുപ്പ്‌ മുതലായവ രോഗാവസ്ഥയ്‌ക്കനുസരിച്ച്‌ യുക്തം പോലെ ചേര്‍ക്കാറുണ്ട്‌. ഇവ ചേര്‍ക്കുന്നതും നിര്‍ദിഷ്ടരീതിയിലാണ്‌. ആദ്യം ഇന്തുപ്പുപൊടിയും തേനും കൂടി ഒരു പാത്രത്തിലിട്ട്‌ കടഞ്ഞുചേര്‍ത്തിട്ട്‌ അതില്‍ തൈലം കുറേശ്ശെയായി കടഞ്ഞുചേര്‍ക്കണം. പിന്നീട്‌ കല്‌കം ചേര്‍ത്ത്‌ വീണ്ടും കടയണം. അതു നന്നായി യോജിച്ചു കഴിഞ്ഞാല്‍ അല്‌പാല്‌പമായി കഷായം ചേര്‍ത്തു കടയണം. എല്ലാം നന്നായി കലര്‍ന്നു കഴിയുമ്പോള്‍ വേറൊരു പാത്രത്തിലാക്കി ചൂടുവെള്ളത്തില്‍ വച്ച്‌ ചൂടാക്കുക. അപ്പോഴും ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട്‌ മാറ്റിവച്ചു ചൂടു പാകമായാല്‍ വസ്‌തി യന്ത്രത്തില്‍ നിറച്ച്‌ രോഗിയില്‍ പ്രയോഗിക്കണം. രണ്ടുനാഴിക സമയം വരെ കഴിഞ്ഞിട്ടും വസ്‌തിദ്രവ്യം പുറത്തുപോകുന്നില്ലെങ്കില്‍ അതു പുറത്തുകളയാനുള്ള മാര്‍ഗങ്ങള്‍ പ്രയോഗിക്കേണ്ടതാണ്‌.

ആദ്യം മൂന്നോ നാലോ സ്‌നേഹവസ്‌തി നടത്തി സ്‌നിഗ്‌ധത വരുത്തിയശേഷമാണ്‌ സാധാരണ കഷായവസ്‌തി തുടങ്ങുക. ചിലപ്പോള്‍ സ്‌നേഹവസ്‌തിയും കഷായവസ്‌തിയും ഇടകലര്‍ത്തി ചെയ്യേണ്ടിവരും. ഈ തത്ത്വത്തെ മുന്‍നിര്‍ത്തി കര്‍മവസ്‌തി, കാലവസ്‌തി, യോഗവസ്‌തി എന്നിങ്ങനെ വസ്‌തിയെ മൂന്നായി വിഭജിച്ചിട്ടുണ്ട്‌. ആദ്യം ഒരു സ്‌നേഹവസ്‌തി, പിന്നീട്‌ സ്‌നേഹവും കഷായവും ഇടകലര്‍ത്തിക്കൊണ്ടുള്ള 12 വസ്‌തിവീതംഈ ക്രമത്തില്‍ 30 വസ്‌തികള്‍ തുടര്‍ച്ചയായി ചെയ്യുന്നതാണ്‌ കര്‍മവസ്‌തി. ആദ്യം ഒരു സ്‌നേഹവസ്‌തി പിന്നെ അഞ്ചു കഷായവസ്‌തിയുമായി ഇടകലര്‍ത്തിക്കൊണ്ട്‌ ആറു സ്‌നേഹവസ്‌തി, അവസാനം മൂന്നു സ്‌നേഹവസ്‌തിഇങ്ങനെ പതിനഞ്ചു വസ്‌തി തുടര്‍ന്നു ചെയ്യുന്നത്‌ "കാലവസ്‌തി'. ആദ്യം ഒരു സ്‌നേഹവസ്‌തി പിന്നീട്‌ സ്‌നേഹവും കഷായവും ഇടകലര്‍ത്തിക്കൊണ്ട്‌ ആറു വസ്‌തി, അവസാനം ഒരു സ്‌നേഹവസ്‌തി ഇങ്ങനെ എട്ടു വസ്‌തി തുടര്‍ച്ചയായി ചെയ്യുന്നത്‌ യോഗവസ്‌തി. നോ: ശോധനചികിത്സ

(ഡോ. പി.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍