This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഷായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഷായം

ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ ഒന്ന്‌. നിര്‍ദിഷ്ട അളവില്‍ മരുന്നുകള്‍ ഇടിച്ചു വെള്ളത്തില്‍ കലക്കി തിളപ്പിച്ചുവറ്റിച്ച്‌ അരിച്ചെടുത്താണ്‌ ഇതു തയ്യാറാക്കുന്നത്‌. ഇതിന്റെ രസം ചവര്‍പ്പായതിനാലാണ്‌ കണ്‌ഠത്തെ വെറുപ്പിക്കുന്നത്‌ എന്ന അര്‍ഥമുള്ള "കഷായം' എന്ന വാക്ക്‌ ഉപയോഗിക്കുന്നത്‌. കഷായം അഞ്ചു തരത്തിലുണ്ട്‌. സ്വരസം, കല്‌കം, ക്വാഥം (ശൃതം), ഹിമം (ശീതം), ഫാണ്ടം.

"രസഃ കല്‌കഃ ശൃതഃ ശീതഃ
ഫാണ്ട ശ്‌ചേതി പ്രകല്‌പതാ
പഞ്ച ധൈവ കഷായാണാം
പൂര്‍വം പൂര്‍വം ബലാധികാഃ'
			(അഷ്ടാംഗഹൃദയംകല്‌പസ്ഥാനം)
 

പച്ചയായ മരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞു നീരെടുക്കുന്നത്‌ രസം. മരുന്നുകള്‍ വെള്ളം ചേര്‍ത്തരച്ചു ചമ്മന്തിപ്രായമാക്കിയാല്‍ കല്‌കമായി. തിളപ്പിച്ചു വറ്റിച്ചെടുത്തുണ്ടാക്കുന്നതാണ്‌ ശൃതം അഥവാ ക്വാഥം. കഷായം എന്ന നിലയില്‍ പൊതുവേ അറിയപ്പെടുന്നത്‌ ശൃതം ആണ്‌. മരുന്നുകളുടെ അളവിന്റെ 16 ഇരട്ടി വെള്ളത്തില്‍ കഷായം വച്ച്‌ നാലില്‍ ഒരു ഭാഗമാക്കിയതാണ്‌ കഷായത്തിന്‍െറ ഒരു മധ്യമമാത്ര. ഇതു പിഴിഞ്ഞരിച്ച്‌ വീണ്ടും കുറുക്കി നാലില്‍ ഒരു ഭാഗം (90-120 മി.ലി.) ആക്കിയാണ്‌ ഉപയോഗിക്കുന്നത്‌.

തണുത്തവെള്ളത്തില്‍ മരുന്നുകള്‍ പറിച്ചിട്ട്‌ രാത്രി മുഴുവന്‍ വച്ചിരുന്ന്‌ അടുത്തദിവസം അരിച്ചെടുക്കുന്നതാണ്‌ ശീതക്കഷായം. ജ്വര ചികിത്സയില്‍ പ്രസിദ്ധമായ ഷഡംഗപാനീയം (മുത്തങ്ങ, ചന്ദനം, ചുക്ക്‌, ഇരുവേലി, പര്‍പ്പടകപ്പുല്ല്‌, രാമച്ചം ഇവ ചേര്‍ന്നതാണ്‌ ഷഡംഗം) ഇതിനൊരുദാഹരണമാണ്‌. മരുന്നുകള്‍ ചതച്ചു തിളച്ചവെള്ളം ഒഴിച്ച്‌ അടച്ചുവച്ച ശേഷം ചൂടാറുമ്പോള്‍ പിഴിഞ്ഞെടുക്കുന്നതാണ്‌ ഫാണ്ട കഷായം. ജ്വരചികിത്‌സയില്‍ "ഫാണ്ടോ ഹിമോവാ ദ്രാക്ഷാദിര്‍ ജാതീകുസുമവാസിത' മുതലായ യോഗങ്ങള്‍ ധാരാളമുണ്ട്‌. ദ്രാക്ഷാദി പോലുള്ള യോഗങ്ങള്‍ ഫാണ്ടമായും ശീതമായും ഉപയോഗിക്കാം. രസത്തിനും കല്‌കത്തിനുമാണ്‌ മറ്റുള്ളവയെ അപേക്ഷിച്ച്‌ വീര്യമുള്ളത്‌. മേല്‌പറഞ്ഞ രീതിയിലല്ലാതെയും ചില കഷായങ്ങള്‍ തയ്യാറാക്കാറുണ്ട്‌.

മരുന്നുകള്‍ പൊടിച്ചു പുതിയ മണ്‍പാത്രത്തിലിട്ട്‌ തണുത്ത വെള്ളം ഒഴിച്ചു നന്നായി കടഞ്ഞെടുക്കുന്നതാണ്‌ മന്ഥം. ജലത്തിനുപകരം മോര്‌, തൈര്‌ മുതലായവ ചേര്‍ത്തും മന്ഥകഷായം തയ്യാറാക്കാറുണ്ട്‌.

പ്രമന്ഥ്യാ, യൂഷം, യവാഗു, പാനീയം, പാല്‍ക്കഷായം മുതലായ ചില കല്‌പനാഭേദങ്ങളെയും ക്വാഥകല്‌പനയില്‍ ശാര്‍ങധരന്‍ എന്ന ആയുര്‍വേദാചാര്യന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രമന്ഥ്യയ്‌ക്ക്‌ മലയാളത്തില്‍ "മുക്കുടി' എന്നു പറഞ്ഞുവരുന്നു. ഒരു പലം (40 ഗ്രാം) മരുന്നരച്ച്‌ 8 പലം (320 ഗ്രാം) വെള്ളത്തില്‍ കലക്കി കുറുക്കി വറ്റിച്ച്‌ രണ്ടു പലം (80 ഗ്രാം) ആക്കി കുടിക്കുകയാണ്‌ വേണ്ടത്‌.

"മുസ്‌തകേന്ദ്രയവൈഃ സിദ്ധാ
പ്രമന്ഥ്യാ ദ്വിപലോന്വിതാ
സുശീതാ മധുസംയുക്താ
രക്താതിസാര നാശിനീ'.
 

മുത്തങ്ങാക്കിഴങ്ങ്‌, കുടകപ്പാലയരി ഇവ ആറു കഴഞ്ച്‌ (20 ഗ്രാം) വീതം എടുത്ത്‌ 8 പലം (16 ഔണ്‍സ്‌480 മി.ലി.) വെള്ളത്തില്‍ അരച്ച്‌ കലക്കി കുറുക്കി നാലിലൊന്നാക്കി, ആറുമ്പോള്‍ തേന്‍ മേമ്പൊടി ചേര്‍ത്ത്‌ സേവിക്കുന്നത്‌ രക്താതിസാരത്തിന്‌ നന്ന്‌. ക്വാഥങ്ങള്‍ സാധാരണയായി ചണ്ടി കളഞ്ഞാണ്‌ സേവിക്കുന്നത്‌. മുക്കുടിയില്‍ മരുന്നിന്റെ അംശം ഒട്ടും കളയാതെ കഴിക്കുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌.

കഷായക്കഞ്ഞിക്കാണ്‌ യവാഗു എന്നു പറയുന്നത്‌. മരുന്നുകള്‍ (4 പലം160 ഗ്രാം) പതിനാറിരട്ടി വെള്ളത്തില്‍ കലക്കി കഷായം വച്ച്‌ കുറുക്കി പകുതിയാക്കി (64 ഔണ്‍സ്‌1.920 ലി.) പിഴിഞ്ഞരിച്ച്‌ അതില്‍ 1/6 ഭാഗം പൊടിയരിയിട്ട്‌ വച്ചുണ്ടാക്കുന്നതാണ്‌ യവാഗു. അരിക്കുപകരം ചെറുപയറ്‌, മുതിര മുതലായവ കൊണ്ട്‌ തയ്യാറാക്കുന്ന കഷായമാണ്‌ "യൂഷം'. ഒരു പലം മരുന്ന്‌ രണ്ട്‌ ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച്‌ ഇടങ്ങഴിയാക്കി കുറുക്കി അരിച്ചു "പാനീയം' ഉണ്ടാക്കാം (1 ഇടങ്ങഴി 64 ഔണ്‍സ്‌ 1.920 ലി.). 30 ഗ്രാം മരുന്ന്‌ കഴുകി ചതച്ച്‌ തുണിയില്‍ കിഴികെട്ടി 240 മി.ലി. പാലും 960 മി.ലി. വെള്ളവും ചേര്‍ത്തു കുറുക്കി പാലോളമാക്കിയാല്‍ പാല്‍ക്കഷായമായി. പല രോഗങ്ങള്‍ക്കും വിശേഷിച്ച്‌ ഗര്‍ഭിണികള്‍ക്ക്‌, പാല്‍ക്കഷായം മുഖ്യമാണ്‌.

കഷായത്തിനു പ്രത്യേകം ദ്രവദ്രവ്യം വിധിച്ചിട്ടില്ലെങ്കില്‍ ജലമാണ്‌ സ്വീകരിക്കേണ്ടത്‌. പാല്‌, തൈരുവെള്ളം, മോര്‌, ഗോമൂത്രം, വെപ്പുകാടി മുതലായവയിലും കഷായങ്ങള്‍ ഉണ്ടാക്കാറുണ്ട്‌.

കഷായങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മാര്‍ഗം ഇന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ വളരെക്കാലം മുമ്പുതന്നെ കഷായം പരിരക്ഷിക്കുന്നതിന്‌ "വൃദ്ധവൈദ്യസമ്പ്രദായം' എന്നു പേരുള്ള ഒരു മാര്‍ഗം നിലവിലുണ്ടായിരുന്നു. മുത്തങ്ങ, കുടകപ്പാല മുതലായ മരുന്നുകള്‍ കൃത്യമായി അളന്നെടുത്ത്‌ എട്ടോ പതിനാറോ ഇരട്ടി മോര്‌, തൈരു വെള്ളം മുതലായ ദ്രവ്യങ്ങളില്‍ പുഴുങ്ങി വറ്റിച്ച്‌ അതുതന്നെ അരച്ച്‌ ഒരു പലമോ ആറു കഴഞ്ചോ തൂക്കമുള്ള വില്ലകളാക്കുന്നു. ഇത്‌ ശുചിയായ ഒരു പലകമേല്‍ പരത്തി പൂപ്പ്‌ മുതലായ കേടുകള്‍ വരാത്തവണ്ണം നിഴലിലുണക്കി സൂക്ഷിക്കുകയും അതില്‍നിന്ന്‌ ഒന്നോ രണ്ടോ വില്ലകളെടുത്ത്‌ ഔചിത്യംപോലെ മോര്‌ മുതലായ ദ്രവ്യങ്ങളില്‍ കലക്കി സേവിക്കുകയും ചെയ്യുകയാണ്‌ ഈ രീതി. കര്‍ക്കിടകമാസം ഒന്നിനു കുളി കഴിഞ്ഞുവന്ന്‌ അലക്കിയ വസ്‌ത്രമുടുത്ത്‌ കുടകപ്പാല മുക്കുടി കുടിക്കുക എന്നത്‌ കേരളത്തില്‍ പലേടത്തും ഇന്നും ഒരു ആചാരമാണ്‌. ആധുനികകാലത്ത്‌ കഷായത്തിന്റെ നിര്‍മാണരീതിയില്‍ പല പരിഷ്‌കാരങ്ങളും ഉണ്ടായിട്ടുണ്ട്‌. കഷായങ്ങള്‍ മുമ്പു കുടിക്കേണ്ടിയിരുന്നത്ര അളവില്‍ കുടിക്കേണ്ടതില്ലെന്ന നിലയിലും വന്നുകഴിഞ്ഞിട്ടുണ്ട്‌. തിളപ്പിച്ചു വറ്റിക്കുമ്പോള്‍ മരുന്നുകളില്‍ നിന്ന്‌ ആവിയായി പുറത്തുപോകുന്ന ഔഷധവീര്യത്തെ തിരികെ കൊണ്ടുവന്ന്‌ മരുന്നുകളിലേക്കു തന്നെ ലയിപ്പിക്കാനുള്ള മാര്‍ഗങ്ങളും പലേടത്തും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ടിങ്‌ചര്‍ രൂപത്തില്‍ ഇന്ന്‌ കഷായങ്ങള്‍ ലഭ്യമാണ്‌.

ആറുതരം രസങ്ങളില്‍ ഒന്നാണ്‌ കഷായരസം (ചവര്‍പ്പുരസം). ഇതു നാവിന്റെ രസഗ്രഹണശക്തിയെ നശിപ്പിക്കും. കണ്‌ഠസ്രാതസ്സിന്‌ അടവുണ്ടാക്കും. ഇത്‌ പിത്തകഫങ്ങളെ ശമിപ്പിക്കും; ഗുരുത്വമുള്ളതാണ്‌; രക്തശുദ്ധിയുണ്ടാവും; വീക്കത്തെയും വ്രണത്തെയും നശിപ്പിക്കും; മലബന്ധമുണ്ടാക്കും; ശരീരവര്‍ണത്തെ നല്ലവണ്ണം പ്രകാശിപ്പിക്കും. അധികമായി ശീലിച്ചാല്‍ വായുക്ഷോഭം, നെഞ്ചുവേദന, ദാഹം, ശരീരശോഷം, ശുക്ലനാശം, സ്രാതോരോധം എന്നിവ ഉണ്ടാകും.

പ്രയാസം, ബുദ്ധിമുട്ട്‌, ക്ലേശം, മാലിന്യം, മൗഢ്യം, കാവിനിറം എന്നീ അര്‍ഥങ്ങളില്‍ കഷായശബ്‌ദം ഉപയോഗിക്കാറുണ്ട്‌. ജൈനമതപ്രകാരമുള്ള നാലു "കഷായ'ങ്ങളാണ്‌ മാനം, മായ, ക്രാധം, ലോഭം എന്നീ വികാരങ്ങള്‍. മൂകാംബികാക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്കുള്ള പ്രത്യേക നിവേദ്യം കഷായതീര്‍ഥം എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ശര്‍ക്കരപാനകത്തില്‍ ചുക്കും കുരുമുളകും പൊടിച്ചുചേര്‍ത്താണ്‌ ഇതുണ്ടാക്കുന്നത്‌. നോ: വസ്‌തി; ശോധന ചികിത്സ; ഷഡ്‌രസങ്ങള്‍

(ഡോ. പി.ആര്‍. വാരിയര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B7%E0%B4%BE%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍