This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കശ്യപന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കശ്യപന്‍

രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രജാപതികളില്‍ മുഖ്യന്‍. ബ്രഹ്മാവിന്റെ ആറു മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ്‌ കശ്യപന്‍ എന്ന്‌ മഹാഭാരതത്തിലും (ആദിപര്‍വം; അധ്യായം 65) ബ്രഹ്മാവിന്റെ പുത്രനും മരീചിയുടെ സഹോദരഗണങ്ങളില്‍പ്പെടുന്ന ഒരാളുമാണെന്ന്‌ വാല്‌മീകി രാമായണത്തിലും (ആരണ്യകാണ്ഡം, സര്‍ഗം14) വിവരിക്കുന്നു. കശ്യപന്റെ ഭാര്യമാരില്‍ നിന്ന്‌ ബ്രഹ്മാണ്ഡത്തിലെ സകല ചരാചരങ്ങളും ജന്മം പൂണ്ടുവെന്ന്‌ വാല്‌മീകിരാമായണവും (ബാലകാണ്ഡം) മഹാഭാരതവും (ആദിപര്‍വം) അഗ്‌നിപുരാണവും (അധ്യായം 18) വിഷ്‌ണുപുരാണവും (ഒന്നാമംശം, അധ്യായം 15, 21) വിവരിക്കുന്നു.

കശ്യപന്‌ 21 പത്‌നിമാരുണ്ടായിരുന്നതില്‍ 13 പേരും ദക്ഷപുത്രിമാരായിരുന്നു. ഇവരില്‍ അദിതിയില്‍ ജനിച്ചവരാണ്‌ ദ്വാദശാദിത്യന്മാര്‍. മുപ്പത്തി മുക്കോടി ദേവന്മാരുടെയും ജനനം ഈ ആദിത്യന്മാരില്‍ നിന്നാണ്‌. ദിതി ഹിരണ്യകശിപു, ഹിരണാക്ഷ്യന്‍, സിംഹിക എന്നീ ദൈത്യത്രയത്തെ പ്രസവിച്ചു. ദൈത്യവര്‍ഗത്തിന്റെ മൂലകാരകരാണിവര്‍. ദനു ദാനവവര്‍ഗത്തിന്‍െറ ആദിമാതാവായി. ഏകാദശ രുദ്രന്മാരുടെ മാതാവാണ്‌ സുരഭി. കദ്രുവിന്റെ സന്തതികള്‍ നാഗങ്ങളായി. വിനതയുടെ പുത്രരാണ്‌ ഗരുഡനും സൂര്യന്റെ സാരഥിയായ അരുണനും.

മഹാബലിയെ ഭൂമിയില്‍നിന്ന്‌ നിഷ്‌കാസനം ചെയ്യാന്‍ മഹാവിഷ്‌ണു സ്വീകരിച്ച അഞ്ചാമത്തെ അവതാരരൂപമായ വാമനന്‍ കശ്യപന്റെയും അദിതിയുടെയും പുത്രനായാണ്‌ ജനിച്ചത്‌. ചാക്ഷുഷമന്വന്തരത്തിലെ സുതപസ്സ്‌ എന്നും പൃശ്‌നി എന്നും പേരുള്ള ഋഷിദമ്പതികളാണ്‌ വൈവസ്വതമന്വന്തരത്തില്‍ കശ്യപനായും അദിതിയായും പുനര്‍ജന്മം കൊണ്ടതെന്നും അവര്‍ ത്രതായുഗത്തില്‍ ദശരഥനും കൗസല്യയുമായും, ദ്വാപരയുഗത്തില്‍ വസുദേവനും ദേവകിയും മനുഷ്യജന്മങ്ങള്‍ സ്വീകരിച്ച മഹാവിഷ്‌ണുവിന്റെ മറ്റുരണ്ട്‌ പ്രമുഖാവതാരങ്ങള്‍ക്കുകൂടി (രാമന്‍, കൃഷ്‌ണന്‍) ജന്മകാരകത്വം വഹിച്ചിട്ടുണ്ടെന്നും വിവിധ പുരാണങ്ങളില്‍ കാണുന്നു.

ക്ഷത്രിയരാജാക്കന്മാരെ നിഗ്രഹിച്ച്‌ കൈവശപ്പെടുത്തിയ ഭൂമി മുഴുവന്‍ പരശുരാമന്‍ കശ്യപന്‌ ദാനം ചെയ്‌തതായും അതിനുശേഷം കശ്യപന്‍ ദാതാവിനെ ദക്ഷിണദിക്കിലേക്ക്‌ ഓടിച്ചതായും അപ്പോള്‍ രാമന്‌ വസിക്കാന്‍ ഒഴിഞ്ഞുമാറിക്കൊടുത്ത സ്ഥലം ശൂര്‍പ്പാരകം എന്ന പേരില്‍ അറിയപ്പെടുന്നതായും മഹാഭാരത(ശാന്തിപര്‍വം) ത്തില്‍ പ്രസ്‌താവിക്കുന്നു. കേരളത്തിന്റെ ഉത്‌പത്തി ഈ ശൂര്‍പ്പാരക സംഭവകഥയില്‍ കണ്ടെത്താന്‍ പുരാണപഠിതാക്കള്‍ തത്‌പരരാണ്‌.

ദ്വാരകയിലെത്തിയ കശ്യപനെയും മറ്റു മുനികളെയും ശ്രീകൃഷ്‌ണപുത്രനായ സാംബന്‍ നിന്ദിച്ചതിന്റെ ഫലമായാണ്‌ മുനിശാപംമൂലം യാദവകുലം ഒടുങ്ങിയതെന്ന്‌ ഭാഗവതത്തിലുണ്ട്‌. കൗരവപാണ്ഡവകഥയില്‍ പല സന്ദര്‍ഭങ്ങളിലും കശ്യപന്‍ സന്നിഹിതനായിരുന്നതായി ധാരാളം സൂചനകള്‍ വ്യാസന്‍ തരുന്നു. കശ്യപന്‌ അരിഷ്ടനേമി എന്നൊരു പേരുകൂടി ഉണ്ടായിരുന്നു. കശ്യപന്‍ എന്ന പേരിലുള്ള ഒരു സര്‍പ്പത്തെക്കുറിച്ചും പരാമര്‍ശം മഹാഭാരതത്തിലുണ്ട്‌ (ആദിപര്‍വം). കശ്യപനെന്നും കാശ്യപനെന്നും ഉള്ള പേരുകള്‍ പുരാണസാഹിത്യത്തില്‍ പലയിടത്തും വ്യക്തമായ അര്‍ഥസൂചന ഇല്ലാതെ ഇടകലര്‍ത്തി ഉപയോഗിച്ചു കാണാറുണ്ട്‌. കാശ്യപന്‍ എന്ന പേര്‌ യഥാര്‍ഥത്തില്‍ ശകുന്തളോപാഖ്യാനത്തിലെ കണ്വന്റേതാണ്‌. നോ: കണ്വന്‍, കാശ്യപന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍