This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കശുമാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കശുമാവ്‌

Cashew Tree

അനാകാര്‍ഡിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു നാണ്യവിള. ശാ.നാ.: അനാകാര്‍ഡിയം ഓക്‌സിഡെന്റേല്‍ (Anacardium occidentale). പറങ്കിമാവ്‌, കപ്പല്‍മാവ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ പറങ്കികള്‍ (പോര്‍ച്ചുഗീസുകാര്‍) ആണ്‌ ഇന്ത്യയില്‍ ആദ്യമായി കശുമാവുകൊണ്ടെത്തിച്ച്‌ കൃഷിചെയ്‌തത്‌. കാജു എന്ന പോര്‍ച്ചുഗീസ്‌ പേരിലാണ്‌ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി ഭാഷകളില്‍ കശുമാവ്‌ അറിയപ്പെടുന്നത്‌.

കശുമാവ്‌

1012 മീ. ഉയരത്തില്‍, പടര്‍ന്നു പന്തലിച്ചു വളരുന്ന ഒരു വൃക്ഷമാണ്‌ കശുമാവ്‌. നിരവധി ചെറിയ ആണ്‍പൂക്കളും ദ്വിലിംഗപുഷ്‌പങ്ങളും ചേര്‍ന്നതാണ്‌ പൂങ്കുല. കശുമാവിന്‍െറ ഉത്‌പാദനശേഷി ദ്വിലിംഗ പുഷ്‌പങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്‌ മരങ്ങള്‍തോറും വ്യത്യസ്‌തമായിരിക്കും.

സസ്യശാസ്‌ത്രരംഗത്തെ ഒരപൂര്‍വ പ്രതിഭാസമാണ്‌ കശുമാമ്പഴം. പൂഞെട്ടു വികസിച്ചു രൂപം പ്രാപിക്കുന്ന കശുമാങ്ങ ഒരു യഥാര്‍ഥ ഫലമല്ല. എങ്കിലും മറ്റു പഴങ്ങളെപ്പോലെ മൂത്തുപഴുക്കുന്ന സ്വഭാവവും ഭക്ഷ്യാംശങ്ങളുമുള്ളതാണ്‌ രുചികരമായ കശുമാങ്ങ. കശുവണ്ടിയാണ്‌ ശരിയായ ഫലം. ഇതിന്‍െറ കട്ടിയുള്ള തോടിനുള്ളിലെ അത്യധികം സ്വാദിഷ്‌ടമായ പരിപ്പാണ്‌ ഭക്ഷ്യവസ്‌തുവായി ഉപയോഗിക്കുന്നത്‌.

കശുമാവ്‌ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്‌ 16-ാം നൂറ്റാണ്ടിലാണെന്ന്‌ കരുതപ്പെടുന്നു. മലബാര്‍ തീരപ്രദേശത്ത്‌ 1560 മുതല്‌ക്കു കശുമാവു കൃഷി ചെയ്‌തിരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന രേഖകളുണ്ട്‌. എങ്കിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ കശുമാവിന്‌ നിര്‍ണായകമായ സ്ഥാനം ലഭ്യമായത്‌ 1920ല്‍ ആദ്യമായി 10,160 ടണ്‍ അണ്ടിപ്പരിപ്പ്‌ യു.എസ്സിലേക്കു കയറ്റി അയച്ചതോടെയാണ്‌.

തെക്കേ അമേരിക്കയിലെ ബ്രസീലില്‍ ജന്മം കൊണ്ട കശുമാവ്‌ ഇന്ന്‌ ഇന്ത്യയിലും ആഫ്രിക്കയിലുമാണ്‌ മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത്‌. കശുവണ്ടിയുടെ ഉത്‌പാദനത്തിലും (5.7 ലക്ഷം ടണ്‍) ഉപഭോഗത്തിലും കയറ്റുമതിയിലും ലോകരാജ്യങ്ങളില്‍ മുന്‍പന്തിയിലാണ്‌ ഇന്ത്യ (2007). ശ്രീലങ്ക, ഫിലിപ്പീന്‍സ്‌, ബ്രസീല്‍ എന്നിവയാണ്‌ പറങ്കിമാവു കൃഷിയുള്ള ഇതര രാജ്യങ്ങള്‍. ബ്രസീലിലെ നതാലില്‍ (Natal) ഏതാണ്ട്‌ 500 മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന 122 വര്‍ഷം പ്രായമുള്ള കശുമാവാണ്‌ ലോകത്തിലെ ഏറ്റവും വലിയ കശുമാവ്‌. ജനിതകവ്യതിയാനം സംഭവിക്കുക മൂലം വളരെവേഗം വളര്‍ന്ന ശിഖരങ്ങള്‍ ഭാരംകൊണ്ട്‌ നിലംതൊടുകയും ദ്വിതീയ വേരുകള്‍ രൂപംകൊള്ളുകയും ചെയ്‌താണ്‌ ഈ മരം ഇന്നത്തെരൂപത്തില്‍ വളര്‍ന്ന്‌ പന്തലിച്ചത്‌.

ഇന്ത്യയില്‍ പ്രധാനമായി കശുമാവു കൃഷിചെയ്‌തുവരുന്ന സംസ്ഥാനങ്ങള്‍ കേരളം, കര്‍ണാടകം, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ഒറീസ, പശ്ചിമബംഗാള്‍, അസം, ആന്ധ്രപ്രദേശ്‌ എന്നിവയാണ്‌. 2007ലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ്‌ (1.8 ലക്ഷം ടണ്‍); ആന്ധ്രപ്രദേശ്‌ (92000 ടണ്‍), ഒറീസ (74,000 ടണ്‍), കേരളം (67,000 ടണ്‍) എന്നിവയാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ആഗോളതലത്തില്‍ കശുവണ്ടി ഉത്‌പാദിപ്പിക്കുന്ന പ്രദേശങ്ങളുടെ 24 ശ.മാ. ഇന്ത്യയിലാണെങ്കിലും ഉത്‌പാദനത്തിന്റെ 19 ശ.മാ. മാത്രമേ ഈ തോട്ടങ്ങളില്‍ നിന്നും ലഭിക്കുന്നുള്ളു. എന്നാല്‍ കശുമാവ്‌ കൃഷിയുടെ 10 ശ.മാ. മാത്രമുള്‍ക്കൊള്ളുന്ന വിയറ്റ്‌നാമിന്റെ ഉത്‌പാദനശേഷി വളരെ കൂടുതലായതിനാല്‍ ഈ മേഖലയില്‍ ഇന്ത്യ പ്രധാനമായും മത്സരം നേരിടുന്നത്‌ ഈ രാജ്യത്തില്‍ നിന്നാണ്‌. സംസ്‌കരണവ്യവസായത്തിനു വേണ്ടി വരുന്ന തോട്ടണ്ടിയുടെ ഏകദേശം 35 ശ.മാ. മാത്രമേ ഇവിടെ ഉദ്‌പാദിപ്പിക്കുന്നുള്ളു. ശേഷമുള്ളത്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു.

കേരളത്തിലെ കശുമാവുകൃഷിസ്ഥലത്തിന്‍െറ വിസ്‌തൃതിയും ഉത്‌പാദനവും ജില്ലാടിസ്ഥാനത്തില്‍

മണ്ണും കാലാവസ്‌ഥയും. ചൂടും ഈര്‍പ്പവുമുള്ള ഉഷ്‌ണമേഖലാകാലാവസ്ഥയാണ്‌ കശുമാവിന്‌ ഏറ്റവും അനുയോജ്യം. മണല്‍ കലര്‍ന്ന കടലോരപ്രദേശം മുതല്‍ ചെമ്മണ്ണു നിറഞ്ഞ കുന്നിന്‍ചരിവുകള്‍ വരെ ഏതുതരം മണ്ണിലും കശുമാവു വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ള ചരല്‍കലര്‍ന്ന വെട്ടുകല്‍മണ്ണാണ്‌ കശുമാവുകൃഷിക്ക്‌ ഏറ്റവും ഉത്തമം. മറ്റു കൃഷികള്‍ക്ക്‌ ഉപയുക്തമല്ലാത്ത കൃഷിഭൂമികളിലും കുന്നിന്‍ പ്രദേശങ്ങളിലും പ്രത്യേക പരിചരണമൊന്നും കൂടാതെ കശുമാവ്‌ നന്നായി വളരും. ധാരാളം മഴയും നല്ല ഉഷ്‌ണവുമുള്ള പശ്‌ചിമതീരപ്രദേശത്തെ കാലാവസ്ഥയാണ്‌ കശുമാവിന്‌ ഏറ്റവും അനുയോജ്യം. മഴ കുറവുള്ള പൂര്‍വതീരപ്രദേശങ്ങളിലും ഒരളവോളം കശുമാവ്‌ ലാഭകരമായി കൃഷിചെയ്‌തുവരുന്നുണ്ട്‌. കഠിനമായ തണുപ്പും ചൂടും ഇതിന്‌ യോജിച്ചതല്ല.

ഇനങ്ങള്‍. കശുമാവിന്‍െറ ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുവാനായി കൃത്രിമസങ്കരണവും നിര്‍ധാരണവും വഴി പുതിയ ഇനം തൈകള്‍ ഉത്‌പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. 1952ല്‍ ഇന്ത്യന്‍ കാര്‍ഷികഗവേഷണസമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ കൊട്ടാരക്കരയില്‍ ഒരു കശുമാവ്‌ ഗവേഷണകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഇത്‌ പിന്നീട്‌ മലപ്പുറം ജില്ലയില്‍ ആനക്കയത്തേക്ക്‌ മാറ്റി. ഇവിടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ബ്രസീല്‍, താന്‍സാനിയ, നൈജീരിയ, മലയ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച 47 ക്ലോണല്‍ ഇനങ്ങളും വിത്തുമുളപ്പിച്ചെടുത്ത 43 ഇനങ്ങളും 1963 മുതല്‍ക്ക്‌ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. ബി.എല്‍.എ. 1391, ബി.എല്‍.എ. 2731, എന്‍.ഡി.ആര്‍. 21, യു.എല്‍. 271, ബി.എല്‍.എ. 394 എന്നിവ അത്യുത്‌പാദന ശേഷിയുള്ളവയാണെന്ന്‌ കാണാന്‍ കഴിഞ്ഞു. കേരളത്തില്‍ വിപുലമായ തോതില്‍ ഇവ കൃഷിചെയ്യുവാന്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌. ഇവിടെ ഉരുത്തിരിച്ചെടുത്ത എച്ച്‌. 319, എച്ച്‌. 317, എച്ച്‌. 47 എന്നീ സങ്കരയിനങ്ങളും വളരെയധികം മെച്ചപ്പെട്ടവയാണ്‌.

ആന്ധ്രപ്രദേശിലെ ബാപട്‌ലാ കശുമാവു ഗവേഷണ കേന്ദ്രത്തില്‍ നിന്ന്‌ പുറത്തിറക്കിയ ടി. 1 എന്നയിനം കിഴക്കന്‍ തീരത്തെ ചെങ്കല്‍ മണ്ണില്‍ വളരാന്‍ യോജിച്ചതും അത്യുത്‌പാദന ശേഷിയുള്ളതുമാണ്‌. ടി. 56, ടി. 39, ടി. 273, ടി. 40, ടി. 135, 3/3 സൈമാചലം, 9/8 എപ്പുരുപ്പളം, 9/3 അംബുഗം എന്നീ ഇനങ്ങള്‍ മേന്മയേറിയ കാര്‍ഷികഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ടി. 273ഉം തോട്ടണ്ടിക്ക്‌ നല്ല വലുപ്പമുള്ള ടി. 1 എന്നയിനവും സങ്കരണം ചെയ്‌ത്‌ ഉദ്‌പാദിപ്പിച്ച എച്ച്‌. 2/11 അഭികാമ്യമായ നിരവധി സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ടി.1 മാതൃജനകത്തിന്‍െറയും ടി. 273 പിതൃജനകത്തിന്‍െറയും സങ്കരസന്തതിയായ എച്ച്‌. 2/12 എന്ന ഇനവും വിളപ്പൊലിമയുള്ളതാണ്‌. ഈ ഇനങ്ങളെല്ലാം തന്നെ കിഴക്കന്‍ തീരങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണുതാനും. 1975 മുതല്‍ ഇവയുടെ തൈകള്‍ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്‌തുവരുന്നു.

ലോകത്തിലെ ഏറ്റവും വലിയ കശുമാവ്‌ (നതാല്‍ - ബ്രസീല്‍)

പ്രവര്‍ധനമുറകള്‍. നമ്മുടെ നാട്ടില്‍ സാധാരണയായി വിത്തു മുളപ്പിച്ചു കിട്ടുന്ന തൈകളാണ്‌ നടാന്‍ ഉപയോഗിക്കുന്നത്‌. മികച്ച വിളവു തരുന്നതും മധ്യപ്രായത്തിലുള്ളതുമായ വൃക്ഷങ്ങളിലെ നന്നായി പഴുത്ത മാങ്ങയില്‍ നിന്നുള്ള ഇടത്തരം വലുപ്പമുള്ള അണ്ടികളാണ്‌ വിത്തിനായി തിരഞ്ഞെടുക്കുന്നത്‌. തടങ്ങളിലോ, മുളംകൂട, പോളിത്തീന്‍ സഞ്ചി എന്നിവയിലോ വിത്തുനട്ട്‌ മുളപ്പിക്കുന്നു. ഫെ. മാ. മാസങ്ങളില്‍ വിത്തുനട്ടാല്‍ ജൂണ്‍ജൂല. മാസങ്ങളില്‍ തൈകള്‍ പറിച്ചു നടാം. വരള്‍ച്ച കൂടിയ പ്രദേശങ്ങളില്‍ ഒരു വര്‍ഷം പ്രായംചെന്ന തൈകള്‍ നടാറുണ്ട്‌.

പരപരാഗണം അതിവിപുലമായി നടക്കുന്ന ഒരു വിളയായതിനാല്‍ ഇത്തരം തൈകള്‍ക്ക്‌ മിക്കപ്പോഴും മാതൃവൃക്ഷത്തിന്‍െറ എല്ലാ സ്വഭാവമേന്മകളും ഉണ്ടായെന്നുവരില്ല. അത്യുത്‌പാദനശേഷിയുള്ള വൃക്ഷങ്ങളില്‍ നിന്ന്‌ പതിവച്ച്‌ തൈകളുത്‌പാദിപ്പിച്ചാണ്‌ ഗുണമേന്മ നിലനിര്‍ത്തുന്നത്‌. കര്‍ണാടകയില്‍ മംഗലാപുരത്തും കേരളത്തില്‍ ആനക്കയത്തുമുള്ള ഗവേഷണകേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന്‌ പതിവയ്‌ക്കലിന്‍െറ മികച്ച പ്രായോഗിക സാധ്യത വെളിവാകുന്നു. ജനു.ഫെ. മാസങ്ങളാണ്‌ ഇതിന്‌ ഏറ്റവും ഉത്തമം. കൈവിരലിന്‍െറ വണ്ണമുള്ള, ലംബമായി വളരുന്ന ചില്ലകളുടെ അഗ്രമുകുളത്തില്‍ നിന്ന്‌ 2330 സെ.മീ. താഴെയായി 2 സെ.മീ. വീതിയില്‍ കേംബിയത്തിനു കേടുതട്ടാതെ വളയത്തിന്റെ ആകൃതിയില്‍ മരത്തൊലി നീക്കം ചെയ്‌ത്‌ മധ്യത്തായി ഒരു ചരടു കെട്ടുന്നു. തൊലി വീണ്ടും ഒന്നിച്ചുചേരാതിരിക്കാനാണ്‌ ചരടുകെട്ടുന്നത്‌. ഈ മുറിവിന്‍െറ ഭാഗത്ത്‌ മണലും അറുപ്പുപൊടിയും സമം ചേര്‍ത്തു കുഴച്ച മിശ്രിതം പൊതിഞ്ഞ്‌ ആല്‍ക്കത്തീന്‍ പേപ്പര്‍ കൊണ്ട്‌ ബലമായി കെട്ടുന്നു. ഉടച്ചെടുത്ത ചകിരിച്ചോറില്‍ മണലും ഉണക്കിപ്പൊടിച്ച ചാണകവും കുഴച്ചെടുത്ത മിശ്രിതം ഒരിഞ്ചുകനത്തില്‍ നിരത്തിയും മുറിവ്‌ പൊതിഞ്ഞുകെട്ടാറുണ്ട്‌. ചകിരി ഈര്‍പ്പം നിലനില്‌ക്കാന്‍ സഹായിക്കുന്നു. 4046 ദിവസം കൊണ്ട്‌ ഇതിനുള്ളില്‍ വേരുകള്‍ പ്രത്യക്ഷപ്പെടും. നല്ലതുപോലെ വേരുപിടിച്ചുകഴിയുമ്പോള്‍ പതിമുറിച്ചു മാറ്റാനായി പതിവച്ചതിനു താഴെയായി "V' ആകൃതിയില്‍ അല്‌പം താഴ്‌ത്തി മുറിപ്പെടുത്തണം. 15 ദിവസം കഴിഞ്ഞ്‌ ഇത്‌ കുറച്ചുകൂടി താഴ്‌ത്തിയിട്ട്‌ വീണ്ടും ഏഴ്‌ ദിവസം കഴിയുമ്പോള്‍ പതിവെട്ടിയെടുത്ത്‌ ഇലകള്‍ മുഴുവന്‍ നീക്കം ചെയ്‌ത ശേഷം വേരുകള്‍ക്ക്‌ കേടുസംഭവിക്കാതെ ആല്‍ക്കത്തീന്‍ കടലാസ്‌ അഴിച്ചെടുക്കാം. മണല്‍, കമ്പോസ്റ്റ്‌, അരിച്ചെടുത്ത മണ്ണ്‌ ഇവ 1:2:1 എന്ന അനുപാതത്തില്‍ നിറച്ച ആല്‍ക്കത്തീന്‍ കവറില്‍ ഇത്‌ നടുന്നു. പതിനഞ്ചു ദിവസത്തിനകം പുതിയ മുളകള്‍ കിളിര്‍ത്തുവരും. തളിരിലകള്‍ വിരിയാന്‍ തുടങ്ങുമ്പോഴാണ്‌ പതിവച്ച തൈകള്‍ കവറില്‍നിന്നു മാറ്റി നടാന്‍ പറ്റിയ സമയം. നടുന്ന കുഴിയില്‍ വെള്ളം കെട്ടി നില്‌ക്കാന്‍ ഇടയാകരുത്‌.

പതിവച്ച തൈകള്‍ ഇന്ത്യയില്‍ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്‌തിരിക്കുന്നത്‌ കാസര്‍കോട്ടുള്ള ഗവ. കശുമാവ്‌ പ്ലാന്‍േറഷനിലാണ്‌. പതിവച്ചുണ്ടായ തൈകള്‍ വളര്‍ന്നുവരുമ്പോള്‍ ആശാസ്യമായ പല മേന്മകളും പ്രകടിപ്പിക്കുന്നു. ആദ്യകാലങ്ങളില്‍ സശ്രദ്ധമായ പരിചരണം നല്‌കിയാല്‍ രണ്ടാം കൊല്ലത്തില്‍ പൂവണിയുകയും അഞ്ചാംകൊല്ലം മുതല്‍ സ്ഥിരമായി ഉയര്‍ന്ന വിളവ്‌ നല്‌കുകയും ചെയ്യും. രോഗപ്രതിരോധശക്തിയും താരതമ്യേന കൂടുതലാണ്‌. ഉത്‌പാദനക്ഷമത കൂടുതലുള്ള മരങ്ങള്‍ക്ക്‌ അധികം വലുപ്പമില്ലാത്തതിനാല്‍ തോട്ടണ്ടി ശേഖരണം അനായാസം നിര്‍വഹിക്കാം. പതിവച്ച മരങ്ങളില്‍ നിന്നുള്ള തോട്ടണ്ടിക്ക്‌ കച്ചവടക്കാരുടെ ഇടയില്‍ പ്രത്യേക പ്രിയമാണുതാനും.

ജൂണ്‍ജൂല. മാസങ്ങളാണ്‌ കശുമാവിന്‍ തൈകളും പതികളും നടാന്‍ പറ്റിയ സമയം. 75x75 സെ.മീ. വലുപ്പത്തില്‍ 810 മീ. അകലത്തില്‍ തയ്യാറാക്കിയ കുഴികളില്‍ നടുന്നതാണ്‌ ഉത്തമം. നട്ടുകഴിഞ്ഞാല്‍ പ്രത്യേകപരിചരണം ആവശ്യമില്ല. ഇടവിളയായി മരച്ചീനി കൃഷിചെയ്യാറുണ്ട്‌. വളര്‍ച്ച ആരംഭിക്കുമ്പോള്‍ തോട്ടങ്ങളില്‍ ഇടയിളക്കി കളകള്‍ നീക്കം ചെയ്യുകയും പ്രത്യേകം വളംനല്‍കി പരിരക്ഷിക്കുകയും ചെയ്‌താല്‍ കൂടുതല്‍ വിളവു ലഭിക്കും. 250 ഗ്രാം നൈട്രജന്‍, 125 ഗ്രാം ഫോസ്‌ഫറസ്‌, 125 ഗ്രാം പൊട്ടാസിയം എന്നിവയാണ്‌ പ്രായമെത്തിയ ഒരു കശുമാവിനു നല്‌കേണ്ട രാസവളങ്ങള്‍. കൂടാതെ ധാരാളം ജൈവവളങ്ങളും ആവശ്യമാണ്‌. 45 വര്‍ഷം പ്രായമെത്തുമ്പോള്‍ വൃക്ഷം കായ്‌ച്ചു തുടങ്ങുമെങ്കിലും 810 വര്‍ഷം പ്രായമാകുമ്പോള്‍ മാത്രമേ ശരിയായ വിളവു ലഭിച്ചു തുടങ്ങൂ. 40 വര്‍ഷം വരെ കശുമാവില്‍ നിന്ന്‌ തൃപ്‌തികരമായ ആദായം ലഭിക്കും.

കേരളത്തില്‍ പറങ്കിമാവു പൂക്കാന്‍ തുടങ്ങുന്നത്‌ നവംബര്‍ മാസം മുതല്‌ക്കാണ്‌. ഏകദേശം മൂന്നു മാസം കൊണ്ട്‌ പഴവും കശുവണ്ടിയും പാകമാകുന്നു. പാകമായ കശുവണ്ടിക്ക്‌ കറുപ്പുകലര്‍ന്ന ചാരനിറമാണ്‌; കശുമാങ്ങയ്‌ക്ക്‌ മഞ്ഞ നിറമോ കടുംചുവപ്പു നിറമോ ആയിരിക്കും. ഒരുമരത്തിലെ എല്ലാ അണ്ടികളും ഒരേ സമയത്ത്‌ വിളവെടുക്കാന്‍ പാകമാകുകയില്ല. കശുവണ്ടിയുടെ ഗുണമേന്മ പ്രാദേശികമായി വ്യത്യാസപ്പെടുന്നു. കണ്ണൂരിലാണ്‌ ലോകത്തിലേക്ക്‌ ഏറ്റവും നല്ല കശുവണ്ടി ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. നാടന്‍ കശുവണ്ടിക്ക്‌ ആഫ്രിക്കന്‍ തോട്ടണ്ടിയെക്കാള്‍ മേന്മ കൂടും.

വിപണനം. തോട്ടത്തില്‍ നിന്ന്‌ ശേഖരിക്കുന്ന കശുവണ്ടി രണ്ടോ മൂന്നോ ദിവസം വെയിലത്തിട്ടുണക്കിയ ശേഷം വിപണനത്തിനായി സൂക്ഷിക്കുന്നു. കശുവണ്ടിയുടെ സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ വിപണനത്തില്‍ ഗവണ്‍മെന്റ്‌ ഇപ്പോള്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കശുവണ്ടിവികസന കോര്‍പ്പറേഷന്‍െറ മേല്‍നോട്ടത്തില്‍ നടത്തുന്ന സഹകരണ വിപണന സൊസൈറ്റികള്‍ വഴി മാത്രമേ കശുവണ്ടി വ്യാപാരം പാടുള്ളുവെന്ന നിബന്ധന നിലവില്‍ വരുത്തിയിരിക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക്‌ ഇടനിലക്കാരായ കച്ചവടക്കാരുടെ ചൂക്ഷണത്തില്‍നിന്നും മുക്തിനേടാന്‍ ഇത്‌ ഒരു പരിധിവരെ സഹായകരമാണ്‌.

കീടങ്ങളും രോഗങ്ങളും. കശുമാവിനെ ബാധിക്കാറുള്ള കീടങ്ങള്‍ തേയിലക്കൊതുക്‌ (ഹീലിയോപെല്‍ട്ടിസ്‌), തണ്ടുതുരപ്പന്‍ മുതലായവയാണ്‌. ഇളം ശാഖകളും പൂങ്കുലകളും തേയിലക്കൊതുകിന്‍െറ ആക്രമണത്തിന്‌ വിധേയമായി കരിഞ്ഞുപോകുന്നു. 0.2 ശ.മാ. വീര്യമുള്ള ഡി.ഡി.റ്റി., 0.03 ശ.മാ. വീര്യമുള്ള ഡീല്‍ഡ്രിന്‍, 0.1 ശ.മാ. വീര്യമുള്ള സെവിന്‍ ഇവയിലേതെങ്കിലും തളിച്ച്‌ ഇവയെ നശിപ്പിക്കാം. തടിയും ശാഖകളും തുരന്നു നശിപ്പിക്കുന്ന തണ്ടുതുരപ്പന്‍ കീടങ്ങള്‍ ഏതു പ്രായത്തിലുള്ള കശുമാവിനെയും ബാധിക്കുന്നു. നീരൊലിപ്പുണ്ടാകുന്നതാണ്‌ രോഗലക്ഷണം. തടികള്‍ തുരന്ന്‌ ഇവയെ നീക്കം ചെയ്യാം. തുരന്ന തുളകളില്‍ കീടനാശിനികള്‍ പുരട്ടിയും ഇതിന്‍െറ ബാധ തടയാം. കശുമാവിന്‍െറ പൂങ്കുലകളെയും ഇളം തളിരുകളെയും ബാധിക്കുന്ന രോഗമാണ്‌ പൊടിക്കുമിള്‍. പൂങ്കുലകളും തളിരുകളും ഉണങ്ങിപ്പോകുന്നതാണ്‌ രോഗലക്ഷണം. ഹെക്‌ടറിന്‌ 10 ഗ്രാം എന്ന തോതില്‍ സള്‍ഫര്‍ ഉപയോഗിച്ച്‌ ഈ രോഗത്തെ നീക്കം ചെയ്യാം.

കശുവണ്ടിസംസ്‌കരണം. കശുവണ്ടി വറുത്ത്‌ പരിപ്പു വേര്‍പെടുത്തി പാത്രങ്ങളിലാക്കി വ്യാപാരയോഗ്യമാക്കുന്നതു വരെയുള്ള പ്രവൃത്തികള്‍ കശുവണ്ടി സംസ്‌കരണ പ്രക്രിയയുടെ ഭാഗങ്ങളാകുന്നു. കശുവണ്ടിത്തോടില്‍ നിന്നു ലഭിക്കുന്ന കശുവണ്ടിത്തോടെണ്ണ (കാഷ്യു ഷെല്‍ ലിക്വിഡ്‌)വ്യാവസായികമായി വിലപ്പെട്ട ഒരു അസംസ്‌കൃത വസ്‌തുവാണ്‌. നോ: കശുവണ്ടിവ്യവസായം

കശുമാങ്ങ. സ്വാദിഷ്‌ടമായ കശുമാങ്ങയുടെ പോഷകമൂല്യം ഇനി പറയും പ്രകാരമാണ്‌: ജലാംശം 82.2 ശ.മാ.; പ്രാട്ടീന്‍ 0.8 ശ.മാ.; കൊഴുപ്പ്‌ 0.6 ശ.മാ.; ധാതുലവണങ്ങള്‍ 0.4 ശ.മാ.; പഴനാര്‌ 0.9 ശ.മാ.; സ്റ്റാര്‍ച്ച്‌ 11.9 ശ.മാ.; വിറ്റാമിന്‍ എ. 39 ഐ.യു.; തയാമിന്‍ 0.02 മി.ഗ്രാം; റിബോഫ്‌ളേവിന്‍ 0.05 മി.ഗ്രാം; നിക്കോട്ടിനിക്‌ അമ്ലം 0.40 മി.ഗ്രാം, വിറ്റാമിന്‍ സി. 180 ഐ.യു. കേരളത്തില്‍ വര്‍ഷം തോറും ഉത്‌പാദിപ്പിക്കപ്പെടുന്ന ഏകദേശം 15 ലക്ഷം ടണ്‍ കശുമാങ്ങയില്‍ 95 ശ.മാ. ഉം ഉപയോഗിക്കാതെ കളയുകയാണ്‌ പതിവ്‌. പോഷകസമൃദ്ധമായ കശുമാങ്ങയില്‍ നിന്ന്‌ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്നതിനെപ്പറ്റി കര്‍ണാടകത്തിലെ സെന്‍ട്രല്‍ ഫുഡ്‌ ടെക്‌നോളജിയിലെ റിസര്‍ച്ച്‌ ലബോറട്ടറിയില്‍ നടത്തിയ പഠനങ്ങളുടെ ഫലമായി കാഷ്യു ആപ്പിള്‍ ജ്യൂസ്‌, കാഷ്യു ആപ്പിള്‍ കാന്‍ഡി, കാഷ്യു ആപ്പിള്‍ വൈന്‍, ജാം, സിറപ്പ്‌, അച്ചാറുകള്‍ എന്നീ രുചികരങ്ങളായ വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴിയുമെന്ന്‌ കണ്ടുപിടിക്കുകയുണ്ടായി. ഗോവയില്‍ കശുമാങ്ങയില്‍ നിന്ന്‌ "ഫെനി' എന്ന ലഹരിപാനീയം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുവരുന്നു. അവിടെ ഒരു വര്‍ഷത്തില്‍ കിട്ടുന്ന 73,000 ടണ്‍ കശുമാങ്ങയില്‍ 50,000 ടണ്ണും ഇതിലേക്ക്‌ ഉപയോഗിക്കുന്നു.

സാമ്പത്തിക പ്രാധാന്യം. വിദേശനാണ്യം സമ്പാദിച്ചു തരുന്ന മുഖ്യവിളകളിലൊന്നെന്ന നിലയ്‌ക്ക്‌ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ കശുമാവിന്‌ സുപ്രധാന സ്ഥാനമുണ്ട്‌. പോഷക സമ്പന്നവും സ്വാദിഷ്‌ടവുമായ കശുവണ്ടിപ്പരിപ്പ്‌ ഏവര്‍ക്കും പ്രിയംകരമായ ഭക്ഷണപദാര്‍ഥമാണ്‌. എ, ഡി, ഇ, കെ എന്നീ ജീവകങ്ങളും 20.80 ശ.മാ. പ്രാട്ടീനും ഇതിലുണ്ട്‌. കാല്‍സിയം, ഫോസ്‌ഫറസ്‌, ഇരുമ്പ്‌ എന്നിവ കശുവണ്ടിപ്പരിപ്പില്‍ ധാരാളമായുണ്ട്‌. കൂടാതെ 19.62 ശ.മാ. ലിനോലീക്‌ അമ്ലവും അപൂരിത കൊഴുപ്പമ്ലങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍